Image

കപ്പലുകള്‍ക്ക് യൂറോപ്യന്‍ സംരക്ഷണം വേണം: ബ്രിട്ടന്‍

Published on 29 July, 2019
കപ്പലുകള്‍ക്ക് യൂറോപ്യന്‍ സംരക്ഷണം വേണം: ബ്രിട്ടന്‍


ലണ്ടന്‍: പേര്‍ഷ്യന്‍ ഉള്‍ക്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ സംരക്ഷണം നല്‍കണമെന്ന് ബ്രിട്ടന്‍. എന്നാല്‍, നിര്‍ദേശം പ്രകോപനപരമാണെന്ന പ്രതികരണവുമായി ഇറാനും രംഗത്തെത്തി. 

ഇരുരാജ്യങ്ങളും പരസ്പരം കപ്പലുകള്‍ പിടിച്ചെടുത്ത സംഭവം അന്താരാഷ്ട്രതലത്തില്‍ ആശങ്കയുയര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളുടെയും പ്രതികരണം. പേര്‍ഷ്യന്‍ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തിലുള്ള നാവികസംഘം അകന്പടി പോകണമെന്നാണ് ബ്രിട്ടന്‍ ആവശ്യപ്പെടുന്നത്. ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്ക് തങ്ങളുടെ നാവികസേന അകന്പടി പോകുമെന്നും ബ്രിട്ടന്‍ പ്രഖ്യാപിച്ചു. 

ജൂലൈ 19ന് ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടന്റെ എണ്ണക്കപ്പലായ 'സ്‌റ്റെന ഇംപെരോ’ ഇറാന്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്നാണിത്. ഇറാന്റെ 'ഗ്രെയ്‌സ്‌വണ്‍’ കപ്പല്‍ ബ്രിട്ടന്‍ ജൂലൈ ആദ്യവാരം കസ്റ്റഡിയിലെടുത്തിരുന്നു.

പുതിയ നീക്കം സ്വാഭാവികമായും ശത്രുതാപരമായ സന്ദേശമാണ് നല്‍കുന്നതെന്നാണ് ഇറാന്‍ സര്‍ക്കാര്‍ വക്താവ് അല്‍ റബീബി പറയുന്നു. ഇത് പ്രകോപനം നിറഞ്ഞതും മേഖലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതുമാണ്. പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം ആ മേഖലയിലുള്ള രാജ്യങ്ങള്‍ക്കാണ്. ഇറാനാണ് അവിടത്തെ സമുദ്രാനന്തര ഗതാഗതസുരക്ഷ നിലനിര്‍ത്തുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള രാജ്യമെന്നും അല്‍ റബീബി കൂട്ടിചേര്‍ത്തു.

അതേസമയം, ബ്രിട്ടന്റെ നിര്‍ദേശത്തെ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ അനുകൂലിച്ചിട്ടില്ല. മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കാനാവില്ലെന്ന് ഫ്രാന്‍സ് പ്രതികരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക