Image

മുത്തലാഖിന്റെ രാഷ്ട്രീയം (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്, ന്യൂജേഴ്‌സി)

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്, ന്യൂജേഴ്‌സി Published on 31 July, 2019
മുത്തലാഖിന്റെ രാഷ്ട്രീയം (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്, ന്യൂജേഴ്‌സി)
എന്റെ ബാപ്പ മൂന്നു കല്യാണം കഴിച്ചതാണ്. ഞാന്‍ ഏഴില്‍ പടിക്കുമ്പോഴോ  മറ്റോ ആയിരുന്നു അത്. കുറെ നാള്‍ വീട്ടില്‍ നടന്നു വന്നിരുന്ന കുടുംബ വഴക്കിന്റെ ബാക്കി പത്രം ആയിരുന്നു ബാപ്പയുടെ മറ്റു വിവാഹങ്ങള്‍. വേറെ കല്യാണം കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം ആയിരുന്നു ബാപ്പ വീട്ടില്‍ വന്നിരുന്നത്. ബാക്കി ദിവസങ്ങളില്‍ മറ്റു ഭാര്യമാരുടെ വീടുകളില്‍ ആയിരുന്നു. 

ഞാന്‍,  ഉമ്മ, എനിക്ക് രണ്ടു വയസിനു മൂത്ത ഇത്തയും, ഏഴു വയസിനു ഇളയ അനിയനും ആയിരുന്നു അന്ന് വീട്ടില്‍. രാത്രി കുറെ നേരം മംഗളവും മനോരമയും തുടങ്ങിയ വാരികകള്‍ വായിച്ചു ഉമ്മ ഉറങ്ങാതെ ഇരിക്കും. തലയിണയുടെ അടുത്തോ അടിയിലോ ഒരു വെട്ടുകത്തി ഉണ്ടാവും. പകല്‍ മാന്യന്മാരെ കുറിച്ച് അന്നെനിക്ക് വല്യ പിടി ഉണ്ടായിരുന്നില്ല. 

വീട്ടില്‍ ചില ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ അടുത്തുള്ള കടയില്‍ ബാപ്പ ഏര്‍പ്പാട് ചെയ്തിട്ടുണ്ടായിരുന്നു. പെരുന്നാള്‍ വരുന്‌പോള്‍ ഉടുപ്പ് എടുത്തു തരുകയും ചെയ്തു , അത് കൊണ്ട് പൂര്‍ണമായും ഒരു ഉപേക്ഷിച്ചു പോകല്‍ ആയിരുന്നില്ല അത്. 

പക്ഷെ ഒരു സ്ത്രീ എന്ന നിലയില്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ടുന്നതിന്റെ ആവശ്യകത ഉമ്മയ്ക്ക്  അറിയാമായിരുന്നു. വീട്ടില്‍ കോഴി ആട് മുതലായവയെ വളര്‍ത്തിയും അച്ചാറുണ്ടാക്കി വിറ്റും കുറച്ചു വരുമാനം സ്വന്തമായി ഉമ്മ ഉണ്ടാക്കി. അത് പോരാതെ വന്നപ്പോള്‍, വെളുപ്പിനെ നാലു മണിക്ക് ഞാനുമായി ബസ് കയറി എറണാകുളം ചന്തയില്‍ പോയി സെക്കന്റ് ഹാന്‍ഡ് വസ്ത്രങ്ങള്‍ വാങ്ങി, അലക്കി തേച്ചു ചില തയ്യല്‍ പണികളെല്ലാം ചെയ്തു അടുത്തുള്ള വീടുകളില്‍ വിറ്റു കുറച്ചു പൈസ ഉണ്ടാക്കി. രാവിലെ ഒന്‍പതു മണിക്ക് എന്റെ സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് എറണാകുളത്തു നിന്ന് തിരിച്ചു വരുന്ന സ്ത്രീയെയും മകനെയും നോക്കി അപവാദം പറയാന്‍ ആരെങ്കിലും നോക്കിയാല്‍ കണ്ണ് പൊട്ടുന്ന ചീത്ത പറയാന്‍ ഉമ്മയ്ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.

ഒരു ദിവസം പള്ളികമ്മിറ്റിയില്‍ ഞങ്ങള്‍ പരാതി പറയാന്‍ പോയിരുന്നു. വേറൊരു മഹല്ലില്‍ നിന്ന് രണ്ടാമത് കെട്ടിയ ഒരാളെ ചിലവിനു കൊടുക്കാന്‍ നിര്‍ബന്ധിക്കാനോ മറ്റോ അവര്‍ക്കു അധികാരം ഇല്ലെന്നും, വേറെ വിവാഹം ഇസ്ലാമില്‍ നിഷിദ്ധമല്ലെന്നും മറ്റും അവര്‍ പറഞ്ഞു. ഒരൊറ്റ സ്ത്രീ പോലും ഇല്ലാത്ത പള്ളികമ്മിറ്റികള്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഭൂലോക തമാശയാണ്.

അങ്ങിനെ പോകെ ഒരു ദിവസം രാത്രി ഒരു മണിയോടടുത്ത് വീടിന്റെ കോലായില്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ടു. അന്ന് ബാപ്പ വരുന്ന ദിവസം ആയിരുന്നില്ല. കയ്യില്‍ വെട്ടുകത്തി എടുത്തു ഉമ്മ എഴുന്നേറ്റു. വാതില്‍ തുറന്നു നോക്കിയപ്പോള്‍ അത് അന്ന് അവിചാരിതമായി  വീട്ടില്‍ വന്ന ബാപ്പ ആയിരുന്നു. ഭാഗ്യത്തിന് ആളെ മനസിലായത് കൊണ്ട് അനിഷ്ടസംഭവം ഒന്നുമുണ്ടായില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഭാര്യ മരിക്കുകയും, മറ്റൊരു ഭാര്യ വേറെ ഒരു ബന്ധത്തിന്റെ പുറത്തു പോവുകയും ചെയ്തപ്പോള്‍, ബാപ്പ തിരിച്ചു വന്നു. അപ്പോഴേക്കും ഞാന്‍ പ്രീ ഡിഗ്രി ഒന്നാം വര്‍ഷം ആയിരുന്നു. 

ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഇപ്പോഴുള്ള മുത്തലാഖ് വാര്‍ത്തകള്‍ വായിക്കുന്‌പോള്‍ മനസിലാകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനം എന്റെ ഉമ്മയുടേത് ഉള്‍പ്പെടെയുള്ള ലക്ഷകണക്കിന് പേരുടെ കാര്യം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നുള്ളതാണ്. കാരണം ഇവര്‍ തലാഖ് ചൊല്ലപ്പെട്ടവര്‍ , വിവാഹമോചിതര്‍, വിധവകള്‍  എന്നീ സെന്‍സസ് കണക്കില്‍ ഒന്നും പെടുന്നില്ല. ഇവര്‍ എല്ലാവരും ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകള്‍ ആണ്. സെന്‍സസ് അനുസരിച്ചു ഇന്ത്യയില്‍ എല്ലാ മത വിഭാഗങ്ങളിലും പെട്ട 23 ലക്ഷം ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ ഉണ്ടെന്നാണ് കണക്ക്. ഇത് മുതാലാഖ് ചെയ്യപ്പെട്ട മുസ്ലിം സ്ത്രീകളുടെ അനേകം ഇരട്ടി ആണ്. 

എന്റെ ഉമ്മയുടെ അതെ അനുഭവത്തിലൂടെ കടന്നു പോയ മറ്റൊരു സ്ത്രീയെ ഇവിടെ ഓര്‍ക്കേണ്ടതാണ്. അത് ഗുജറാത്തിലെ യശോദ ബെന്‍ ആണ്, നരേന്ദ്ര മോദിയുടെ ഭാര്യ. ഭര്‍ത്താവു ഉപേക്ഷിച്ചു പോയ അവര്‍ എത്ര മാത്രം സാന്പത്തികവും, സാമൂഹികവും ആയ പ്രശ്‌നങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവണം? എത്ര പ്രാവശ്യം അവര്‍ വെട്ടുകത്തി എടുത്തിട്ടുണ്ടാവണം? അവസാനം പാസ്‌പോര്‍ട്ട് കിട്ടാന്‍ ഞഠക അപേക്ഷ വരെ കൊടുക്കേണ്ടി വന്നു ആ പാവത്തിന്.

ഒരാള്‍ ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലുന്നത് ആണ് ഇസ്ലാമിലെ മുതാലാഖ് എന്ന് ചിലര്‍ വിചാരിക്കുന്നുണ്ട്. അത് ഇസ്ലാമികം അല്ല, മറിച്ച് മൂന്ന് മാസത്തെ (മൂന്ന് ആര്‍ത്തവ വേളകള്‍ ആണ്, കലണ്ടര്‍ മാസമേ ആവണം എന്നില്ല) ഇടവേളകള്‍ വച്ച് തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുന്നതിന് ആണ് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിലെ മുതാലാഖ്. ഇത്രയും നാള്‍ ഇടവേള കൊടുത്തു മൊഴി ചൊല്ലുമ്പോള്‍  ആണ് 'മൂന്ന് മൊഴി ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുന്നു' എന്ന് മഹല്ലില്‍ നിന്ന് എഴുതി കൊടുക്കുന്നത്. 

ഇസ്ലാമിലെ യഥാര്‍ത്ഥ പ്രശ്‌നം മൊഴി ചൊല്ലല്‍ അല്ല, മറിച്ച് ജീവനാംശം കൊടുക്കാത്തതു ആണ്. പ്രശസ്തമായ ഷബാനു കേസില്‍ സുപ്രീം കോടതി വരെ പോയി അവര്‍ നേടിയെടുത്ത ജീവനാംശ വിധി പാര്‍ലിമെന്റ് ഭൂരിപക്ഷം ഉപയോഗിച്ച് ഇല്ലാതാക്കിയ രാജീവ് ഗാന്ധി ഗവന്മേന്റും ഓള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡും മറ്റും ആണ് ഇന്ത്യയിലെ മുസ്ലിം സ്ത്രീകളോട് ഏറ്റവും വലിയ തെറ്റ് ചെയ്തത്. മുത്തലാഖ് നിര്‍ത്തലാക്കാന്‍ വേണ്ടി സമയം ചിലവഴിക്ക്ന്നതിനു പകരം വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാന്യമായി ജീവിക്കാനുള്ള ജീവനാംശം ഉറപ്പു വരുത്തുന്ന നിയമം കൊണ്ട് വരികയാണ് ഗവണ്മെന്റ് ചെയ്യേണ്ടത്. 

ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള പല മതക്കാര്‍ക്ക് പല സിവില്‍ നിയമങ്ങള്‍ എന്നത് എടുത്തുകളയേണ്ടതാണ്. അത് ചില മതക്കാര്‍ക്ക് ചില നിയമം എന്നത് മാറ്റി ഒരു പൊതു നിയമം കൊണ്ട് വരുന്നതാണ് ഏറ്റവും അഭികാമ്യം. ഇത് കേള്‍ക്കുമ്പോള്‍ തന്നെ ബിജെപിക്കാര്‍ ചാടിവീഴും എന്നെനിക്കറിയാം, പക്ഷെ പൊതു നിയമം ഒരു മതവും ആയി ബന്ധമില്ലാത്തത് ആകണം. എല്ലാവര്ക്കും ബീഫ് ഉള്‍പ്പെടെ ഉള്ള ആഹാര സാധനങ്ങള്‍ കഴിക്കാനും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഇഷ്ടമുള്ള ആളുകളെ വിവാഹം ചെയ്യാനും ഉള്ള സ്വാതന്ത്ര്യം കൊടുക്കുന്ന പൊതുനിയമം അല്ല ബിജെപി പറയുന്ന പൊതു സിവില്‍ കോഡ്, അവരുടെ പൊതു നിയമ സങ്കല്പ്പം  ഹിന്ദു മതത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്.   

രണ്ടു പേര്‍ക്ക് യോജിച്ചു പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ സമാധാനപൂര്‍വം വേര്‍പിരിയുന്നതാണ് നല്ലതു എന്ന അഭിപ്രായക്കാരാണ് ആണ് ഞാന്‍. കുട്ടികള്‍ ഉണ്ടെങ്കില്‍ യോജിച്ചു പോകാനുള്ള എല്ലാ വഴികളും നോക്കിയതിനു ശേഷം മാത്രം എടുക്കേണ്ട തീരുമാനം, പക്ഷെ കുട്ടികള്‍ക്ക് വേണ്ടി മാത്രം സ്ഥിരം വഴക്കിട്ടു കൊണ്ട് ഒരു വീട്ടില്‍ താമസിക്കുന്നത് ഒരു പക്ഷെ കുട്ടികള്‍ക്ക് കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയെ ചെയ്യൂ. 

എന്ത് കൊണ്ടാണ് സ്ത്രീകള്‍ വിവാഹമോചനത്തിന്റെയും ഇരയായി തീരുന്നതു എന്ന് നോക്കിയാല്‍ കാണാവുന്ന കാര്യം ഇന്ത്യന്‍ സമൂഹം പരമ്പരാഗതമായി  സ്ത്രീ വിരുദ്ധമാണ് എന്നുള്ളതാണ്. പലപ്പോഴും ഇങ്ങിനെ ഉപേക്ഷിക്കപ്പെടുന്ന ഭാര്യമാര്‍ , ജോലി ഇല്ലാത്ത , അധികം വിദ്യാഭ്യാസമില്ലാത്ത, ഭര്‍ത്താവിനും കുട്ടികള്‍ക്ക് പാചകം ചെയ്തും വീട് നോക്കിയും കഴിഞ്ഞിരുന്നവരാണ്. ഒരു സുപ്രഭാതത്തില്‍ ഭര്‍ത്താവു ഇട്ടിട്ടു പോവുന്‌പോള്‍ അവര്‍ എന്ത് ചെയ്യാനാണ്. ഇവിടെയാണ് നമുക്ക് മുതലാഖിന്റെ രാഷ്ട്രീയം കാണാന്‍ കഴിയുക, കാരണം ഇന്ത്യയില്‍ അത്യാവശ്യം ആയി ശരിയാക്കേണ്ട കാര്യങ്ങള്‍ വേറെ പലതുമാണ്.

സ്ത്രീകളുടെ സാക്ഷരത : ഇന്ത്യയില്‍ ആണുങ്ങളുടെ സാക്ഷരതാ 82 ശതമാനം ആണെങ്കില്‍ പെണ്ണുങ്ങളുടേതു 65 ശതമാനം മാത്രം ആണ്. എന്ന് വച്ചാല്‍ ഇരുപതു കോടി സ്ത്രീകളെ നമ്മുക്കു എഴുതാനും വായിക്കാനും പഠിപ്പിക്കാനുണ്ട്.

കൊല്ലപ്പെടുന്ന പെണ്‍കുട്ടികള്‍  : ഇന്ത്യയില്‍ 1000 ആണുങ്ങള്‍ക്കു 940 പെണ്ണുങ്ങള്‍ മാത്രമാണുള്ളത്. സ്ത്രീകള്‍ ആണുങ്ങളേക്കാള്‍ കൂടുതല്‍ നാള്‍ ജീവിച്ചിരിക്കുന്നത് കൊണ്ട് സ്ത്രീകളുടെ എണ്ണം ആയിരത്തിനും മുകളില്‍ വരേണ്ടതാണ്. ചെറിയ കണക്കു കൂട്ടിയാല്‍ ഇന്ത്യയില്‍ 44 കോടി പെണ്‍കുട്ടികള്‍ ഗര്‍ഭവസ്ഥയിലോ, അഞ്ചു വയസു തികയുന്നതിനു മുന്‍പോ കൊല്ലപ്പെടുന്നു എന്ന് കാണാന്‍ കഴിയും. ഇവരെ നമുക്ക് രക്ഷിക്കേണ്ടേ?

സ്ത്രീകളുടെ ജോലി : ഗ്രാമപ്രദേശങ്ങളില്‍ നൂറില്‍ ഇരുപത്തിനാലു സ്ത്രീകളും പേരും, നഗരങ്ങളില്‍ നൂറില്‍ പതിനഞ്ചു സ്ത്രീകളും ആണ് ജോലി ചെയ്യുന്നത്. ഇതും വര്‍ഷം തോറും കുറഞ്ഞു വരികയാണ്. വിവാഹ മോചന കേസുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ആണ് സ്ത്രീക്ക് സാമ്പത്തിക  സ്വാതന്ത്ര്യം ഉണ്ടാവുക എന്നത്. എന്ന് വച്ചാല്‍ ഏതാണ്ട് അമ്പത് കോടി സ്ത്രീകള്‍ക്ക് ജോലി നല്‍കേണ്ടതുണ്ട്. സാമ്പത്തിക സാമൂഹിക സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് വിവാഹം മോചനം ഒരു ജീവിത പ്രശ്‌നം ആയി മാറില്ല.

ഇത്രയും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കിടക്കുന്‌പോള്‍ മുത്തലാഖ്  ചെയ്യപ്പെടുന്ന 0.3 ശതമാനം മുസ്ലിം സ്ത്രീകളുടെ പ്രശ്‌നം ആണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്ന പേരില്‍ അവതരിപ്പിക്കുന്നത് വെറും രാഷ്ട്രീയം മാത്രമാണ്. 

തെക്കിലെ  ശ്രീധരനുണ്ണി എഴുതിയത് പോലെ  'ഇതര മതസ്ഥരുടെ ഇടയിലുള്ള പുരുഷന്മാര്‍ നിയമപരമായി വിവാഹമോചനം നേടാതിരുന്നാല്‍ എന്ത് ശിക്ഷയാണോ കിട്ടേണ്ടത് അതുമാത്രം കിട്ടേണ്ടിയിരുന്ന മുസ്‌ലിം പുരുഷന്മാരെ ക്രിമിനല്‍ വകുപ്പില്‍ ജയിലിലടയ്ക്കാനാണ് പുതിയ ബില്ല്, തുല്യ നീതിയുടെ നഗ്‌നമായ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണിത്.' 

ഇതിന്റെ തമാശ മൂന്നു പ്രാവശ്യം തലാഖ് എന്ന് പറയാതെ ഭാര്യയെ ഉപേക്ഷിച്ചു പോയാല്‍ സിവിലും, അല്ലെങ്കില്‍ ക്രിമിനലും ആണ് കുറ്റം എന്നതാണ്.   

മുത്തലാഖ് തികച്ചും മാനവിക വിരുദ്ധമാണ്, പക്ഷെ മുത്തലാഖോ , വേറെ ഒരു വാക്കുമോ പറയാതെ സ്ത്രീകളെ ഉപേക്ഷിച്ചു പോകുന്നത് തെണ്ടിത്തരമാണ്, അത് പ്രധാനമന്തി ചെയ്താലും എന്റെ ബാപ്പ ചെയ്താലും..

മുത്തലാഖിന്റെ രാഷ്ട്രീയം (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്, ന്യൂജേഴ്‌സി)
Join WhatsApp News
JOHN 2019-07-31 16:36:15
ശ്രി നസീർ  താങ്കളുടെ  ബാല്യത്തെ കുറിച്ച് ഉള്ള പ്രതിപാദം കണ്ണ് നനയിച്ചു. മുതലാക് ബി ജെ പി കൊണ്ടുവന്നത് മുസ്ലിങ്ങളുടെ നൻമ മാത്രം കണക്കാക്കി അല്ല എന്ന് എല്ലാവര്ക്കും അറിയാം. തികച്ചും രാഷ്ട്രീയം തന്നെ ആണ്. 1985 ഇൽ കോൺഗ്രസ് കളിച്ച അതെ നാടകം. 
2014 എലെക്ഷൻ സമയത്തു കോൺഗ്രെസും ലീഗും കേരളത്തിൽ അങ്ങോളമിങ്ങോളം പറഞ്ഞു ബി ജെ പി വന്നാൽ ഹജ്ജ് സബ്സിഡി നിര്ത്തുമെന്നു. ബി ജെ പി അണികൾ വരെ അത് പ്രതീക്ഷിച്ചു എന്നാൽ മോഡി സൗദിയിൽ  പോയി രാജാവിന്റെ കണ്ടു ഹജ്ജ് കോട്ട വര്ധിപ്പിക്കുകയാണുണ്ടായത്. ബി ജെ പി ആയാലും ന്യൂനപക്ഷ പ്രീണനം നടത്തി വോട്ടു തട്ടുന്നതിൽ പിറകിൽ അല്ല.
ലേഖകന്റെ ബി ജി പി വിരോധം (മോദിവിരോധം) ശരിക്കും നിഴലിക്കുന്നു എന്നതൊഴിച്ചാൽ നല്ലൊരു ലേഖനം. അഭിനന്ദനങ്ങൾ. മോദിയുടെ ബാല്യ വിവാഹത്തിലെ ഭാര്യയും തങ്ങളുടെ മാതാവിനെയും ഒരു പോലെ കാണാൻ ശ്രമിക്കുന്നത് അതിന്റെ പ്രതിഫലനം ആണ്. ഒന്നുമറിയാത്ത പ്രായതിൽ മാതാ പിതാക്കൾ ഒരു ഒത്തു കല്യാണം നടത്തി എന്നതൊഴിച്ചാൽ അവർ തമ്മിൽ നിയമപരമായി വിവാഹം കഴിക്കുകയോ വിവാഹ ബന്ധത്തിൽ ഏർപെടുകയോ കുട്ടികൾ ഉണ്ടാവുകയോ ചെയ്തിട്ടില്ല എന്നതാണ് വ്യത്യാസം. താങ്കളുടെ സമുദായത്തിൽ സുന്നത്തു കർമം നടത്തുന്ന പോലൊരു ആചാരം മാത്രമേ ആ ഒത്തു കല്യാണത്തിനുള്ളു. മോദിയെ എതിർക്കാൻ അതിപ്രാധാന്യമുള്ള  ധാരാളം വിഷയങ്ങൾ അദ്ദേഹവും ആ പാർട്ടിയും നമുക്ക് തരുന്നുണ്ട്. അതിനെ എതിർക്കുക അടുത്ത എലെക്ഷൻ എങ്കിലും മോഡി അധികാരത്തിൽ എത്താതെ നോക്കുക 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക