Image

ഓഗസ്റ്റ് ഒന്ന് :കമല നെഹ്‌റുവിന്റെ നൂറ്റിയിരുപതാം ജന്മവാര്‍ഷികം

Published on 01 August, 2019
ഓഗസ്റ്റ് ഒന്ന് :കമല നെഹ്‌റുവിന്റെ നൂറ്റിയിരുപതാം  ജന്മവാര്‍ഷികം
ഇന്ത്യ കണ്ട ഏറ്റവും ശക്തയായ സ്ത്രീ എന്ന് പറയുമ്പോള്‍ ഉരുക്കുവനിത എന്ന വിശേഷണത്തിന് ഉടമയായ ഇന്ദിരാഗാന്ധിയാണ് മനസ്സില്‍ വരുന്നത്. പിതാവ് ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഇന്ദിരയുടെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തി എന്ന് വിലയിരുത്തപ്പെടുമ്പോഴും അവരുടെ വ്യക്തിത്വത്തിന് അടിത്തറ രൂപപ്പെട്ടതില്‍     നിര്‍ണായക പങ്കുവഹിച്ചത് അമ്മയായ കമല നെഹ്‌റു ആണെന്നതിന് രണ്ടഭിപ്രായമില്ല. സത്യത്തില്‍ , ഭാരതത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയുടെ പത്‌നിയായും ആദ്യവനിത പ്രധാനമന്ത്രിയുടെ അമ്മയായും മാത്രം അറിയപ്പെടാനുള്ള വ്യക്തിത്വമല്ല കമലയുടേത്.

1899 ഓഗസ്റ്റ് ഒന്നിന് ദില്ലിയിലെ ഇടത്തരം കാശ്മീരി  ബ്രാഹ്മണ കുടുംബത്തില്‍ ജവഹര്‍ലാല്‍മല്‍  രാജ്പതി കൗള്‍ ദമ്പതികളുടെ മൂത്തമകളായി ജനിച്ച കമല , നെഹ്‌റു കുടുംബത്തിലേക്ക് മരുമകളായി എത്തിയത് അവരുടെ സൗന്ദര്യത്തിന്റെ മാറ്റ് കൊണ്ടായിരുന്നു. പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാതെ 17 വയസ്സിലായിരുന്നു വിവാഹം. പാശ്ചാത്യ ശൈലിയോട്  ആഭിമുഖ്യമുണ്ടായിരുന്ന   നെഹ്‌റു കുടുംബവുമായി നാടന്‍ പെണ്‍കൊടിയായ  കമലയ്ക്ക് ആദ്യകാലങ്ങളില്‍ ഒത്തുചേരാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ദിരയുടെ ജനനശേഷവും നെഹ്‌റുവിന്‍റെ  സഹോദരിമാരും അമ്മ സ്വരൂപ്‌റാണിയും  കമലയുടെ  വ്യത്യസ്തമായ  സംസ്കാരം ചൂണ്ടിക്കാട്ടി  അപമാനിച്ചിരുന്നു.

 വിജയലക്ഷ്മി പണ്ഡിറ്റുമായി (നെഹ്‌റുവിന്‍റെ  സഹോദരി) ഇന്ദിരാഗാന്ധിക്ക് ദീര്‍ഘനാള്‍ ഉണ്ടായിരുന്ന വഴക്കിന്‍റെ  ഉറവിടവും ഇതുതന്നെയാണ്.

ഭാരതത്തിന്‍റെ തനത് സംസ്കാരം നെഹ്‌റു മനസ്സിലാക്കിയത് പോലും കമലയിലൂടെയാണ് സ്യൂട്ട്  ധരിച്ചിരുന്ന അദ്ദേഹത്തെ ഖാദിയുടെ മഹത്വം  ബോധ്യപ്പെടുത്തി ആ വഴിക്ക് തിരിച്ചതും ഭാര്യ തന്നെ. കസ്തൂര്‍ബ ഗാന്ധി യുമായുള്ള സൗഹൃദവും  സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശനവും  കമലയെ  ഗാന്ധിയന്‍  തത്വങ്ങളോട്    കൂടുതല്‍ ചേര്‍ത്തുനിര്‍ത്തി.

ഇന്ദിരയ്ക്ക് ഒരു അനിയന്‍ ജനിച്ചെങ്കിലും ഒരാഴ്ചത്തെ ആയുസ്സ് മാത്രമേ ആ കുഞ്ഞിന് ഉണ്ടായിരുന്നുള്ളൂ എന്നത് കമലയെ ദുഃഖത്തിലാഴ്ത്തി. എങ്കിലും ആണ്‍കുഞ്ഞിനു നേടാന്‍ കഴിയാത്തത്ര കീര്‍ത്തി തന്റെ  മകള്‍ കൊണ്ടുവരുമെന്ന് തന്നെ ആ അമ്മ വാശിയോടെ പ്രത്യാശിച്ചു. മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ വകവെക്കാതെ കമല ഭാരതത്തിന്റെ  സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചു.

സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി നെഹ്‌റു ജയില്‍ വാസം അനുഭവിച്ച സമയത്ത് കമല എഴുതിയ കത്തുകളില്‍ അവരും ജയിലില്‍ ആയിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു എന്ന് കാണാം . ഭര്‍തൃഗൃഹത്തിലെ യാതനകളുടെ തീവ്രതയാണ് ഓരോ വരിയിലും. 1921 നിസ്സഹകരണ പ്രസ്ഥാനത്തിന്റെ    ഭാഗമായി ഒരു സംഘം സ്ത്രീകളെ സംഘടിപ്പിച്ച് വിദേശ തുണിത്തരങ്ങളും വിദേശമദ്യവും വില്‍ക്കുന്ന കടകള്‍ ഉപരോധിക്കാന്‍ നേതൃത്വം നല്‍കിയത് കമലയ്ക്കു ചുറ്റും ഒരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു. സ്വവസതിയില്‍, മുറിവേറ്റ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് വേണ്ടി ഡിസ്‌പെന്‍സറി  തുടങ്ങിയതും കമലയുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ  ഉദാഹരണങ്ങളിലൊന്നാണ്.   

ക്ഷയം ബാധിച്ച്   ശയ്യാവലംബയായി തീര്‍ന്ന കമലയെ കാണാന്‍  നെഹ്‌റുവിന് ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയപ്പോള്‍,  സ്വാതന്ത്ര്യത്തിനുള്ള  മുറവിളികൂട്ടാതെ പിന്മാറിയാല്‍ സ്വസ്ഥമായി ജീവിക്കാമെന്ന ഉപദേശവും നല്‍കിയിരുന്നു.  ഇതറിയുന്ന ഏത് ഭാര്യയെയും പോലെ  കുടുംബത്തിന് ഊന്നല്‍ നല്‍കി  ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ കമല ശ്രമിച്ചില്ല . "ഈ  രോഗാവസ്ഥ മറന്നേക്കു, ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിലാണെന്റെ    ആനന്ദം " എന്നാണ് അവര്‍ പറഞ്ഞത്.

വിദേശ വസ്തുക്കള്‍ ബഹിഷ്കരിക്കുന്നതിന്റെ ആഹ്വാനത്തിനിടയില്‍ കമലയെ പരിചയപ്പെടുന്നതിലൂടെയാണ് ഫിറോസ് എന്ന പാഴ്‌സി യുവാവ്  അലഹബാദിലുള്ള നെഹ്‌റുവിന്‍റെ വീട്ടില്‍  ആദ്യമായി എത്തുന്നതും പിന്നീട് സ്ഥിരം സന്ദര്‍ശകനായി മാറുന്നതും.  പരിചരിക്കാന്‍ ആരും ഇല്ലാതിരുന്ന അവസ്ഥയില്‍  മകനു    സമാനമായി  കമലയെ ശുശ്രൂഷിച്ചത്  ഫിറോസ് ആയിരുന്നു.   ശാന്തിനികേതനിലെ    പഠനത്തിന് ശേഷം എത്തിയ ഇന്ദിര, തന്‍റെ അമ്മയെ ഇത്രമാത്രം സ്‌നേഹിക്കുന്ന വ്യക്തി എന്നതുകൊണ്ടാണ് ഫിറോസിനെ പ്രണയിച്ചതും.

രോഗം മൂര്‍ച്ഛിച്ച ശേഷം തുടര്‍ചികിത്സയ്ക്കായി സ്വിറ്റ്‌സര്‍ലന്‍ഡ്  കൊണ്ടുപോകുമ്പോള്‍ 19കാരിയായ മകള്‍ ഇന്ദിരയായിരുന്നു കമലയ്ക്ക് കൂട്ട്. അമ്മയുടെ അവസാന സമയം ഒപ്പം ഉണ്ടാകാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം എന്ന് ഇന്ദിര പലപ്പോഴും ഓര്‍മ്മ പങ്കുവെച്ചിട്ടുണ്ട്.

   താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച കമല,  മുപ്പത്തിയാറാം വയസ്സില്‍ ലോകത്തോട് വിട പറയുമ്പോള്‍ ഭാരതം സ്വതന്ത്രമായിരുന്നില്ല. ഇന്ത്യയും പാകിസ്താനുമായി വിഭജിക്കപ്പെ ട്ടിരുന്നുമില്ല. അവരുടെ സ്‌നേഹത്തിന്റെ പങ്ക് കൈപറ്റിയവര്‍ ഇരുരാജ്യങ്ങളിലുമുണ്ട് .അതുകൊണ്ടാകാം ഇരുരാജ്യങ്ങളിലും ഇന്നും കമലയ്ക്ക് സ്വീകാര്യതയുണ്ട്. പാക്കിസ്ഥാനിലെ കറാച്ചിയില്‍ മുഹമ്മദാലി ജിന്ന അന്ത്യവിശ്രമം കൊള്ളുന്നതിന് തൊട്ടരികില്‍,' കമലാ നെഹ്‌റു ' എന്ന പേരില്‍ ഒരു റോഡ് കാണാം. ഇന്ത്യയില്‍ അലഹബാദിലും ആ  മഹതിയുടെ പേരില്‍ റോഡ് ഉണ്ട്. അങ്ങനെ ചുരുങ്ങിയ ജീവിതം കൊണ്ടുതന്നെ ഇരുരാജ്യങ്ങളുടെയും എഴുതിയതും എഴുതപ്പെടാത്തതുമായ  ചരിത്രങ്ങളില്‍ കമല, ഇതള്‍ വിരിച്ചു നില്‍ക്കുന്നു.



ഓഗസ്റ്റ് ഒന്ന് :കമല നെഹ്‌റുവിന്റെ നൂറ്റിയിരുപതാം  ജന്മവാര്‍ഷികം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക