Image

ഉഷാ കൃഷ്‌ണകുമാറിനെ ജെഎഫ്‌കെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു

Emalayalee exclusive Published on 02 May, 2012
ഉഷാ കൃഷ്‌ണകുമാറിനെ ജെഎഫ്‌കെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു
ന്യൂയോര്‍ക്ക്‌: ഷാരൂഖ്‌ ഖാനെ വൈറ്റ്‌ പ്ലെയിന്‍സ്‌ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചതിനെതിരായ പ്രതിഷേധം കെട്ടടങ്ങും മുമ്പെ ഉഷാ കൃഷ്‌ണകുമാറിനെയും ജെഎഫ്‌ കെന്നഡി എയര്‍പോര്‍ട്ടില്‍ രണ്ടര മണിക്കൂറോളം തടഞ്ഞു ചോദ്യം ചെയ്‌തു.

പലവട്ടം അമേരിക്ക സന്ദര്‍ശിച്ചിട്ടുള്ള തനിക്കിത്‌ പുതിയൊരു അനുഭവമാണെന്ന്‌ ഫിലാഡല്‍ഫിയയിലെ പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ ഓര്‍ഗനൈസേഷന്‍ (പിയാനോ) സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അവര്‍ പറഞ്ഞു. പതിവുപോലെ പ്രവേശന സ്റ്റാമ്പ്‌ പതിക്കുന്നതിനു പകരം മാറ്റി നിര്‍ത്തിയപ്പോഴേ പന്തികേട്‌ തോന്നി. ഏതൊക്കെ രീതിയില്‍ നോക്കിയിട്ടും ഭീകരരുടെ പട്ടികയില്‍ തന്റെ പേര്‌ വരാന്‍ സാധ്യത കാണുന്നില്ല. പ്രായമോ, വനിതയാണെന്നതോ ഒന്നും അവര്‍ പരിഗണിച്ചില്ല.

എന്തിനു വന്നുവെന്ന്‌ ചോദിച്ചപ്പോള്‍ `പിയാനോ' സമ്മേളനത്തിന്‌ വന്നതാണെന്ന്‌ പറഞ്ഞപ്പോള്‍ അത്തരമൊരു സംഘടനയെപ്പറ്റി തങ്ങള്‍ കേട്ടിട്ടില്ലെന്നായി ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥന്‍. ചെറിയൊരു വിഭാഗം ജനങ്ങള്‍ക്കായുള്ള ഒരു പ്രാദേശിക സംഘടനയെപ്പറ്റി ഹോംലാന്റ്‌ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അറിയണമെന്ന്‌ വിചാരിച്ചാലും ബുദ്ധിമുട്ട്‌ തന്നെ.

എന്നാല്‍ പഴയകാല റിക്കാര്‍ഡുകളും
രേഖകളും പരിശോധിച്ചശേഷം മുന്‍ കേന്ദ്രമന്ത്രിയുടെ ഭാര്യയായ അവരെ പോകാന്‍ അനുവദിച്ചു.

ഷാരൂഖ്‌ ഖാന്റെ കാര്യത്തില്‍ രണ്ടാംവട്ടമാണ്‌ ചോദ്യം ചെയ്യലുണ്ടായത്‌. ആദ്യം ചോദ്യം ചെയ്‌ത വിവരം, ശേഖരിച്ച കാര്യങ്ങള്‍ എന്നിവ കംപ്യൂട്ടറിലോ പാസ്‌പോര്‍ട്ടിലോ രേഖപ്പെടുത്തിയാല്‍ പിന്നീടത്‌ ഒഴിവാക്കാവുന്നതേയുള്ളൂ. പക്ഷെ അത്രയൊന്നും അധികൃതര്‍ ചിന്തിക്കുന്നില്ലായിരിക്കാം. ഉഷാ കൃഷ്‌ണകുമാറിന്റെ കാര്യത്തില്‍ മുസ്ലീം വിരോധം കൊണ്ടാണ്‌ തടഞ്ഞതെന്നൊന്നും ആര്‍ക്കും പറയാനാവില്ല.

ശനിയാഴ്ച  നടക്കുന്ന `പിയാനോ'യുടെ നഴ്‌സസ്‌ ദിനത്തില്‍ വെച്ച്‌ അവര്‍ പെന്‍സില്‍വേനിയ ഫ്രീഡം അവാര്‍ഡ്‌ സ്വീകരിക്കും. പെന്‍സില്‍വേനിയ ഗവര്‍ണര്‍ ടോം കോര്‍ബെറ്റും ചടങ്ങിനെത്തും.

നഴ്‌സിംഗുമായി നേരിട്ട്‌ ബന്ധമില്ലെങ്കിലും ഇന്ത്യയിലെ നഴ്‌സസ്‌
വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റാണ്‌ ഉഷാ കൃഷ്‌ണകുമാര്‍. നഴ്‌സുമാര്‍ക്ക്‌ പ്രശ്‌നങ്ങള്‍ വരുമ്പോഴൊക്കെ അവര്‍ക്ക്‌ സഹായഹസ്‌തവുമായെത്തുന്ന അവരെ തങ്ങളുടെ രക്ഷകയയാണ്‌ നഴ്‌സുമാര്‍ കാണുന്നത്‌. സമരം നടക്കുമ്പോഴും ഒത്തുതീര്‍പ്പ്‌ ചര്‍ച്ച നടക്കുമ്പോഴുമൊക്കെ നഴ്‌സുമാരുടെ പ്രതിനിധിയാണവര്‍.

ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ഒരു ഡോക്‌ടര്‍ മലയാളി നഴ്‌സിനെ നിരന്തരം ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവമാണ്‌ അവരെ നഴ്‌സുമാരുടെ വക്താവാക്കിയത്‌. അന്ന്‌ ഡല്‍ഹിയിലായിരുന്ന ഉഷാ കൃഷ്‌ണകുമാര്‍ വിവിരം അറിഞ്ഞ്‌ ആശുപത്രി ഉടമയുടെ ഭാര്യയായ മലയാളി ഐഎഎസ്‌ ഉദ്യോഗസ്ഥയുമായി ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന്‌ ആശുപത്രി ഡോക്‌ടറെ പിരിച്ചുവിട്ടു. ഇത്തരം കുറ്റം ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന്‌ ആശുപത്രി കര്‍ശനമായി തീരുമാനിക്കുകയായിരുന്നു.

പിന്നീട്‌ നഴ്‌സുമാര്‍ ഓരോ പ്രശ്‌നങ്ങള്‍ വരുമ്പോഴും ഉഷാ കൃഷ്‌ണകുമാറിന്റെ സഹായം തേടിയെത്തി. ക്രമേണ ഉഷാ കൃഷ്‌ണകുമാര്‍ മാനസികമായെങ്കിലും അവരിലൊരാളായി.
Photo: Muthoot George, Usha Krishnakumar, and Vincent Emmanuel.
ഉഷാ കൃഷ്‌ണകുമാറിനെ ജെഎഫ്‌കെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക