Image

വാല്മീകി രാമായണം ഇരുപത്തിയഞ്ചാം ദിനം (ദുര്‍ഗ മനോജ്)

Published on 10 August, 2019
വാല്മീകി രാമായണം ഇരുപത്തിയഞ്ചാം ദിനം (ദുര്‍ഗ മനോജ്)
യുദ്ധകാണ്ഡം
നൂറ്റിപ്പന്ത്രണ്ടാം സര്‍ഗ്ഗം മുതല്‍ നൂറ്റിഇരുപത്തിയെട്ടുവരെ

രാവണവധം കഴിഞ്ഞിരിക്കുന്നു. ഇനി വിഭീഷണന്റെ അഭിഷേകമാണ് നടത്തേണ്ടത്. ഇന്ദ്രരഥവുമായി സാരഥി മാതലി മടങ്ങി. രാമന്‍ സുഗ്രീവനെ അതിപ്രീതിയോടെ ആലിംഗനം ചെയ്തതിന് ശേഷം സൗമിത്രിയോട് വേഗം തന്നെ വിഭീഷണ അഭിഷേകത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ പറഞ്ഞു. അതിന്‍പ്രകാരം സൗമിത്രി കൊണ്ടുവന്ന കടല്‍ ജലത്താല്‍ അഭിഷേകം ചെയ്ത് വിഭീഷണനെ ലങ്കാധിപതിയാക്കി വാഴിച്ചു.

തുടര്‍ന്നു രാമവിജയത്തിന്റെ കഥ സീതയെ അറിയിക്കുവാനായി രാമാനുവാദത്തോടെ മാരുതി അശോകവനികയിലേക്ക് നീങ്ങി. ലങ്കാധിപതി വിഭീഷണനോടും അനുവാദം വാങ്ങി മാരുതി സീതാസമീപം എത്തി. പിന്നെ രാമജയ വൃത്താന്തമത്രയും വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. സീത നല്‍കിയ പ്രതിസന്ദേശവുമായി ഹനുമാന്‍ മടങ്ങി രാമ സവിധത്തിലെത്തി.

അപ്പോഴേക്കും വിഭീഷണന്‍ പരിവാരസമേതം അശോകവനികയിലെത്തി, കൂപ്പിയ കൈ തലയില്‍ വച്ച് സവിനയം സീതയെ കുമ്പിട്ടു. പിന്നെ ദിവ്യാഭരണങ്ങളുമണിഞ്ഞ് രാമനടുത്തേക്ക് പോകുവാന്‍ പല്ലക്കേറുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യമത് കൂട്ടാക്കാതിരുന്ന സീത രാമാജ്ഞയാണതെന്നറിഞ്ഞ്, കുളിച്ച് ആടയാഭരണങ്ങള്‍ ചാര്‍ത്തി പല്ലക്കിലേറി.

ഈ സമയം രാമന്‍ ചിന്തയിലാണ്ടിരിക്കുകയായിരുന്നു. സീത വരുന്ന വഴിയാകെ തടിച്ചുകൂടിയ പുരുഷാരത്തെ ശകാരിച്ചും വടികൊണ്ട് തല്ലിയും വിഭീഷണ കിങ്കരന്മാര്‍ വഴിയൊരുക്കി. അതുകണ്ട് രാമന്‍ കോപം കൊണ്ട് ഇങ്ങനെ പറഞ്ഞു,
'എന്തിനാണിങ്ങനെ ആളുകളെ ക്ലേശിപ്പിക്കുന്നത്? ഈ പേടിപ്പിക്കല്‍ നിര്‍ത്തുക. ഇവരെന്റെ സ്വന്തം ആളുകളാണ്. വീടോ, വസ്ത്രമോ, മതിലോ അല്ല സ്ത്രീക്ക് ആവരണം, മറിച്ച് സദാചാരമാണ്. വ്യസന കാലത്തോ, ആപത്ക്കാലത്തോ, യുദ്ധത്തിലോ, യാഗത്തിലോ, വിവാഹ വേളയിലോ സ്ത്രീയെ കാണുന്നതതുകൊണ്ട് ദോഷമേതുമില്ല. അതിനാല്‍ സീത പല്ലക്കില്‍ നിന്നിറങ്ങി നടന്ന് വരട്ടെ, വാനരന്മാര്‍ സീതയെ കണ്ടുകൊള്ളട്ടെ.'

സുഗ്രീവനും സൗമിത്രിയും ഹനുമാനുമെല്ലാം രാമവാക്യം കേട്ട് ദുഃഖിതരായി. മെല്ലെ, സീത വീഭീഷണനാല്‍ അനുഗതയായി രാമസവിധത്തിലെത്തി ഏറെ സ്‌നേഹത്തോടെ ഭര്‍ത്താവിന്റെ മുഖത്തേക്ക് നോക്കി. സീത എത്തിയപ്പോള്‍ രാമന്‍ ഇപ്രകാരം പറഞ്ഞു തുടങ്ങി, 'ഭദ്രേ പോരില്‍ ഞാന്‍ വൈരിയെ കൊന്നിരിക്കുന്നു, നിന്നെ വീണ്ടെടുക്കുകയും ചെയ്തു. നീ അപഹരിക്കപ്പെട്ടതിലൂടെ എനിക്കേറ്റ അപമാനവും ഇല്ലാതായി. പക്ഷേ ഇതൊക്കെ ഞാന്‍ ചെയ്തത് നിനക്ക് വേണ്ടി അല്ലെന്നറിയുക. എന്റെ വംശത്തിനേറ്റ അപമാനം മാറ്റുവാനാണ് ഞാനിത് ചെയ്തത്. അതിനാല്‍ ഇപ്പോള്‍ മുതല്‍ നീ സ്വതന്ത്ര. നിന്നെ എനിക്ക് സ്വീകരിക്കാന്‍ നിവര്‍ത്തിയില്ല. പത്തു ദിക്കുകളില്‍ എവിടേക്കും നിനക്ക് പോകാം. ആരേയും ഭര്‍ത്താവായി സ്വീകരിക്കാം. സ്വഗൃഹത്തില്‍ പാര്‍പ്പിച്ച്, കാമാതുരനായിക്കഴിഞ്ഞ രാവണന്‍, സുന്ദരിയായ നിന്നെക്കണ്ട് നെടുനാള്‍ ക്ഷമയോടെ പൊറുത്തിരിക്കുകയില്ല തന്നെ.'

രാമനില്‍ നിന്ന് വന്ന അത്യന്തം ക്രൂരമായ വാക്കുകള്‍ കേട്ട് സീത തീവ്ര ദുഃഖിതയായി. അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു, 'പ്രാകൃത സ്ത്രീകളുടെ നടപ്പു കണ്ട് സ്ത്രീജാതിയെ തന്നെ സംശയിച്ചുകൊണ്ട് അങ്ങെന്നോട് ഈ വിധം പറയുന്നു. അങ്ങ് എന്റെ ചാരിത്രത്തെ സംശയിക്കരുത്. എന്റെ ഇച്ഛയാലല്ല എനിക്ക് ഗാത്ര സ്പര്‍ശമേറ്റത്. ഇത്രകാലം ഒരുമിച്ചു ജീവിച്ചിട്ടും അങ്ങേക്ക് എന്നെ മനസിലാക്കാനായിട്ടില്ല. ലങ്കയില്‍ വാഴുന്ന എന്നെക്കാണാന്‍ ഹനുമാനേ അയച്ച സമയം ഇത് അറിയിച്ചിരുന്നുവെങ്കില്‍ ഞാന്‍ അന്നേ ജീവന്‍ വെടിഞ്ഞേനെ. അങ്ങനെയെങ്കില്‍ അങ്ങയുടെ സുഹൃത്തുക്കളുടെ അധ്വാനം ഇങ്ങനെ പാഴാവില്ലായിരുന്നു. കോപത്തിന് പിന്നാലെ പോയ അങ്ങ് സാധാരണ മനുഷ്യനെപ്പോലെ വെറും സ്ത്രീയായി മാത്രം എന്നെ കണ്ടല്ലോ. ഞാന്‍ ജനകപുത്രിയാണെന്നും വസുധയില്‍ നിന്നാണ് ഉണ്ടായതെന്നും അങ്ങ് മറന്നു. ബാല്യത്തില്‍ തന്നെ എന്നെ പാണിഗ്രഹണം ചെയ്തതും അങ്ങ് വിസ്മരിച്ചു.'

പിന്നെ സീത തൊണ്ട ഇടറിക്കൊണ്ട് ലക്ഷ്മണനോട് ചിത ചമക്കുവാന്‍ ആവശ്യപ്പെട്ടു. രാമന്റെ മൗനാനുവാദത്തോടെ ലക്ഷ്മണന്‍ ചിത ചമച്ചു. ആളിയ അഗ്‌നിയിലേക്ക് കൂപ്പുകൈകളോടെ സീത കടന്നു, 'സുചരിതയായ എന്നെ രാമന്‍ ദുഷ്ടയെന്ന് കരുതുന്നുവെങ്കില്‍ പാവകന്‍ എന്നെ പരിപാലിക്കട്ടെ, എന്നില്‍ കളങ്കമില്ലന്ന് സ്ഥാപിക്കട്ടെ.' , എന്ന് അഗ്‌നിയോട് പ്രാര്‍ത്ഥിച്ചു.

അഗ്‌നിയില്‍ പതിക്കുന്ന അവളെക്കണ്ട് ഏവരും മുറവിളി കൂട്ടി. ഈ സമയം രാമനു മുന്നില്‍ ബ്രഹ്മമഹാദേവന്മാരും മറ്റ് ദേവതകളും എത്തിച്ചേര്‍ന്നു. അവര്‍ ചോദിച്ചു, 'ജ്ഞാനിയായ അങ്ങ് എന്തുകൊണ്ട് അഗ്‌നിയില്‍ വീണ സീതയെ ഉപേക്ഷിക്കുന്നു? അങ്ങ് വസുക്കളില്‍ ഋതധാമാവെന്നും രുദ്രന്മാരില്‍ മഹാദേവനെന്നും അറിയില്ലേ? എന്നിട്ടും സീതയെ കൈവിടുന്നതെന്തുകൊണ്ട്? അങ്ങ് ദേവന്‍ നാരായണനാണ്. സത്യവും അക്ഷരവും ബ്രഹ്മവുമാണങ്ങ്, സീത ലക്ഷ്മിയും അങ്ങ് വിഷ്ണുവുമാകുന്നു.'

ഈ സമയം പട്ടടയില്‍ നിന്ന് അഗ്‌നി സീതയേയും എടുത്തു കൊണ്ട് രാമസവിധത്തിലെത്തി. വിശുദ്ധയാണിവള്‍, കൈക്കൊള്ളുക എന്നു പറഞ്ഞു.

അത് കേട്ട് രാമന്‍ പറഞ്ഞു, 'എനിക്ക് സീതയില്‍ തെല്ലുമില്ല ആശങ്ക. എന്നാല്‍ ലോകര്‍ അത് മനസിലാക്കുവാന്‍ വേണ്ടിയാണ് ഞാനിപ്രകാരം പ്രവര്‍ത്തിച്ചത്.'

സീതാസമേതനായ രാമനെക്കാണാന്‍ പരമേശ്വര സഹായത്താല്‍ പിതൃലോകത്തു നിന്നും ദശരഥനുമെത്തി, അനുഗ്രഹിച്ച് മടങ്ങി. ഈ സമയം ഇന്ദ്രന്‍ എന്തു വരമാണ് വേണ്ടത് എന്ന് ചോദിച്ചതിന്, പോരില്‍ മരിച്ച മര്‍ക്കടന്മാരെ പുനര്‍ജ്ജീവിപ്പിക്കണം എന്ന് രാമന്‍ ആവശ്യപ്പെട്ടു.

പിന്നെ സൗമിത്രിയോടു കൂടി സീതാരാമന്മാര്‍, വിഭീഷണനോടും സുഗ്രീവനോടും ഹനുമാനോടും ഒപ്പം പുഷ്പകവിമാനമേറി അയോധ്യയിലേക്ക് പുറപ്പെട്ടു. മാര്‍ഗമധ്യേ ഭരദ്വാജ ആശ്രമത്തിലെത്തി അവിടെ തങ്ങുന്ന സമയം രാമന്‍ ഹനുമാനോട് ഭരതനെ കണ്ട് വിവരങ്ങള്‍ പറയുവാനും ഒപ്പം ഇംഗിതം അറിയുവാനും ആവശ്യപ്പെട്ടു.

ഭരതന്‍ രാമന്റെ വരവു കാത്തിരിക്കുകയാണ് എന്നറിഞ്ഞ് ഏവരും വേഗം അയോധ്യയിലെത്തി. പിന്നെ ഒട്ടും വൈകാതെ ശ്രീരാമന്റെ പട്ടാഭിഷേകവും നടന്നു.


രാമായണം വായിക്കുന്ന ഏത് ഭക്തനേയും ആനന്ദത്തില്‍ ആറാടിക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തമാണ് ശ്രീരാമ പട്ടാഭിഷേകം. ചെറുപ്രായത്തില്‍ തന്നെ അച്ഛന്റെ വാക്ക് പാലിക്കുവാന്‍ സിംഹാസനം ഉപേക്ഷിച്ച് കാട്ടിലേക്ക് പോകുക, പിന്നെ അസംഖ്യം രാക്ഷസരെ കൊന്ന് പൃഥ്വീ ഭാരം കുറയ്ക്കുക, ലോകത്തില്‍ യമനെപ്പോലും വെന്ന രാവണനെ കൊല്ലുക. അതിലും വിക്രമനായ രാവണി, ഇന്ദ്രജിത്തിനെ വധിക്കുക തുടങ്ങി, അസാധ്യം എന്ന് കരുതാവുന്ന കാര്യങ്ങളാണ് രാമനും ലക്ഷ്മണനും ചെയ്തത്. ഇനി സീതയും, രാവണനെപ്പോലൊരു രാക്ഷസന്റെ പല മട്ട് ഭീഷണികള്‍ക്ക് മുന്നില്‍ തെല്ലും കുലുങ്ങിയില്ല. ഒടുവില്‍ കാത്തിരുന്ന് ഭര്‍ത്താവിന് സമീപം എത്തുമ്പോള്‍ കേള്‍ക്കുന്ന പരുഷവാക്കുകള്‍ ഒരു സ്ത്രീയും ഒരു കാലത്തും കേട്ട് സഹിക്കുന്നതുമല്ല. അവിടെ, ആ ഘട്ടത്തില്‍ അഗ്‌നിയിലേക്ക് പ്രവേശിക്കാന്‍ ഒട്ടും അമാന്തിക്കുന്നുമില്ല സീത. രാമന്‍ എന്ന നാമപ്രയോഗം ശ്രീരാമന്‍ എന്ന നിലയിലേക്ക് ആദികവിമാറ്റുന്നതും ഈ ഘട്ടത്തിലാണ്. രാമനെ വിഷ്ണുവിന്റെ അവതാരം എന്ന നിലയില്‍ വെളിപ്പെടുത്തുന്നതും സീതയുടെ അഗ്‌നിപ്രവേശവേളയിലാണ്. അവിടേയും, രാമന്‍ മനുഷ്യനെന്ന നിലയില്‍ താന്‍ ആരാണ്? തന്റെ സ്വത്വം എന്താണ് എന്ന് മറന്നാണ് നില്‍ക്കുന്നത്. അത് വെളിപ്പെടുത്തുന്നത് ബ്രഹ്മാവാണ്. അങ്ങ് സ്വയം നാരായണനാണ് എന്ന് ഉപദേശിക്കുകയാണ് രാമനെ.

സത്യത്തില്‍ രാമായണം ഒരു രാമന്റെയും സീതയുടേയും വെറും കഥയല്ല. പരമാത്മാമാവിനെക്കുറിച്ചുള്ള ഓര്‍മ തെല്ലും അവശേഷിക്കാത്ത ജീവാത്മാവിനെ രാമന്‍ എന്ന മനുഷ്യനിലൂടെ മനസിലാക്കാം. എന്നാല്‍ സീതയെ അഗ്‌നിപ്രവേശത്തിലേക്ക് തള്ളിവിടുന്നത്ര കടുത്ത മാനസിക വിക്ഷോഭത്തിലൂടെ കടന്നുപോകുന്ന സമയത്തിലാണ് സ്വയം പരമാത്മ ചൈതന്യമെന്ന സത്യത്തിലേക്ക് രാമന്‍ ഉയര്‍ന്ന്, ശ്രീയോടു കൂടി ശ്രീരാമനാകുന്നത്.

രാമായണം എന്നത് ഭക്തി ഗ്രന്ഥം എന്നതിലുപരി ഒരുവന്‍ അവനിലെ മറഞ്ഞിരിക്കുന്ന ആ പൊരുള്‍ തിരിച്ചറിയുവാന്‍ ഓരോ മനുഷ്യനേയും സഹായിക്കുന്ന ഉത്തമ ഗ്രന്ഥമാകുന്നതും അതിന്റെ തത്വജ്ഞാനാധിഷ്ഠിതമായ നിലപാട് കൊണ്ട് തന്നെയാണ്.

രാമായണത്തില്‍ രാമന്‍ ഏറ്റവും കൂടുതല്‍ വിചാരണ ചെയ്യപ്പെടുന്നതും ഈ ഭാഗങ്ങളിലാണ്. എന്നാല്‍ ഉത്തരകാണ്ഡത്തില്‍ പലതിനും ആദികവി തന്നെ ഉത്തരം തരുന്നതിനാല്‍ അതിന്റെ വിശദീകരണം നമുക്ക് അവിടെ ലഭിക്കും എന്ന പ്രാര്‍ത്ഥനയോടെ. ഇരുപത്തിയഞ്ചാം ദിനം സമാപ്തം...
വാല്മീകി രാമായണം ഇരുപത്തിയഞ്ചാം ദിനം (ദുര്‍ഗ മനോജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക