Image

ഗാഡ്ഗിലിനെ ചവറ്റുകുട്ടയിലാക്കി, പിന്നെ പ്രകൃതി കലിതുള്ളുകയായി (ശ്രീനി)

Published on 12 August, 2019
ഗാഡ്ഗിലിനെ ചവറ്റുകുട്ടയിലാക്കി, പിന്നെ പ്രകൃതി കലിതുള്ളുകയായി (ശ്രീനി)
പ്രകൃതി സംരക്ഷണത്തിന്റെ അംബാസിഡറാണ് പ്രൊഫ. മാധവ് ഗാഡ്ഗില്‍. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇദ്ദേഹം, പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സംഘം മേധാവിയെന്ന നിലയില്‍ സമര്‍പ്പിച്ച "ഗാഡ്ഗില്‍ റിപ്പോര്‍ട്ട്' ചവറ്റുകുട്ടയില്‍ പോലും ഇപ്പോള്‍ കാണില്ല. നിരന്തരമായ പരിസ്ഥിതി ധ്വംസനത്തിന്റെ അനിവാര്യമായ പരിണിതഫലമാണ് കേരളം അനുഭവിക്കുന്നതെന്ന് അദ്ദേഹം നൂറ്റൊന്ന് ആവര്‍ത്തിച്ചിട്ടും ബന്ധപ്പെട്ടവര്‍ അത് കേട്ടില്ലെന്ന് നടിച്ചു. പക്ഷേ, ""ക്വാറികളുണ്ടായിട്ടും മഴപെയ്യുന്നുണ്ടല്ലോ...'' എന്ന് നമ്മുടെ ജനപ്രതിനിധികള്‍ അദ്ദേഹത്തോട് ചോദിച്ചു. ഈ വിവരക്കേടിനുള്ള ശിക്ഷയായി കേരളം വീണ്ടുമൊരു പ്രകൃതി ദുരന്തത്തിന് ഇരയായിരിക്കുന്നു. ഇപ്പോഴെങ്കിലും നമുക്ക് പ്രൊഫ. മാധവ് ഗാഡ്ഗിലിനെ ഒന്നോര്‍ക്കാം.

പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച വീഴ്ചയാണ് സംസ്ഥാനത്ത് വീണ്ടും പ്രളയത്തിന് കാരണമെന്ന മാധവ് ഗാഡ്ഗിലിന്റെ അഭിപ്രായം ഇനി ആരുടെ കണ്ണ് തുറപ്പിക്കുമെന്നറിയില്ല. ""വലിയ ക്വാറികള്‍ക്ക് സര്‍ക്കാര്‍ കേരളത്തില്‍ നിര്‍ബാധം അനുമതി നല്‍കുകയാണ്. കഴിഞ്ഞ വര്‍ഷം സംഭവിച്ച കാര്യങ്ങളാണ് ഇപ്പോഴും ആവര്‍ത്തിച്ചത്. ഇതില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. പരിസ്ഥിതി സംരക്ഷണത്തിന് നിയമങ്ങള്‍ ഇല്ലാത്തതല്ല, മറിച്ച് നിയമങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറാകാത്തതാണ് കാരണം. ഇതിന് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. ചെറിയ വിഭാഗത്തിന്റെ താല്‍പര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുതല്‍ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത്. പൊതുജനങ്ങളുടെ താല്‍പര്യം സര്‍ക്കാര്‍ മറന്നു...'' ഗാഡ്ഗില്‍ കുറ്റപ്പെടുത്തുന്നു.

കേറളത്തിന്റെ സംരക്ഷണ ഭിത്തിയായാണ് പശ്ചിമഘട്ട മലനിരകളെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ സംരക്ഷണത്തിനായുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിന് യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ തലവനായിരുന്നു മാധവ് ഗാഡ്ഗില്‍. വ്യത്യസ്ത സോണുകളായി തിരിച്ച് പശ്ചിമ ഘട്ട സംരക്ഷണത്തിന് സ്വീകരിക്കേണ്ട നടപടികളായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതിനെതിരെ കേരളത്തില്‍ വലിയ പ്രക്ഷോഭമാണ് നടന്നത്. െ്രെകസ്തവ സഭകളും സി.പി.എമ്മും റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്നു. തുടര്‍ന്ന് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കസ്തൂരി രംഗനെ കമ്മീഷനായി നിയമിച്ചു. ഗാഡ്ഗിലിന്റെ ശുപാര്‍ശകള്‍ പലതും എടുത്തുകളഞ്ഞെങ്കിലും ഈ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് പോലും കേരളത്തിലെ സഭകളും സി.പി.എം ഉള്‍പ്പെട്ട പാര്‍ട്ടികളും തടസ്സം നിന്നു. ഇപ്പോഴത്തെ രീതി തുടര്‍ന്നാല്‍ കേരളത്തിലെ പശ്ചിമഘട്ട മേഖലകളില്‍ വലിയ ദുരന്തം ഉണ്ടാകുമെന്ന് മാധവ് ഗാഡ്ഗില്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നോര്‍ക്കുക. ഗാഡ്ഗില്‍ കമ്മിറ്റി കണ്ടത്തിയ പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ഇത്തവണ വലിയ തോതില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്.

വനഭൂമി കൈയേറിയവരെ ഇടത്, വലത് വിഭാഗങ്ങള്‍ സംരക്ഷിച്ചപ്പോഴാണ് ഗാഡ്ഗില്‍ ഔട്ടായത്. പിന്നാലെ വന്ന കസ്തൂരിരംഗനും പരിസ്തിതി ലോല പ്രദേശങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹവും വെറുക്കപ്പെട്ടവനായി. പിന്നെ ഉമ്മന്‍ വി ഉമ്മന്റെ രംഗപ്രവേശമായിരുന്നു. അദ്ദേഹം പകൃതിയെ പാടേ മറന്ന് എല്ലാവര്‍ക്കും വേണ്ടിയുള്ള റിപ്പോര്‍ട്ടുണ്ടാക്കി. അതോടെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കേരളത്തില്‍ ഇല്ലെന്ന തരത്തിലായിരുന്നു ക്വാറികളുടെ പ്രവര്‍ത്തനം. പാറപൊട്ടിക്കാനുള്ള ഓരോ സ്‌ഫോടനത്തിലും അതാതു പ്രദേശങ്ങള്‍ പ്രകമ്പനം കൊണ്ടു. മണ്ണ് മാഫിയ മലയിടിച്ച് മണ്ണ് യഥേഷ്ടം വിറ്റു. വനമാഫിയ വന്‍മരങ്ങല്‍ വെട്ടി കച്ചവടമാക്കി. റിസോര്‍ട്ട് മാഫിയ തലങ്ങും വിലങ്ങും വന്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തി. അങ്ങനെ ഗാഡ്ഗില്‍ കാണിച്ചുതന്ന പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ നൂറുകണക്കിന് ടോറസുകളും ടിപ്പറുകളും പാഞ്ഞു. ജെ.സി.ബികള്‍ മണ്ണുമാന്തല്‍ പ്രക്രിയ നിര്‍ബാധം തുടര്‍ന്നു. രുടര്‍ന്ന് എല്ലാം പെട്ടെന്നായിരുന്നു...

കലി ബാധിച്ച ഭൂമി ഉരുള്‍പൊട്ടലിലൂടെയും മണ്ണിടിച്ചിലിലൂടെയും തദ്ദേശ വാസികളെ കണക്കിന് ശിക്ഷിച്ചു. കൊട്ടാരങ്ങളില്‍ ജീവിക്കുന്ന മാറിയകളുടെ ദേഹത്തൊരു പോറലുമേറ്റില്ല. ഇപ്പോള്‍ നാം ഗാഡ്ഗിലിനെ കുറ്റബോധത്തോടെ ഒര്‍ക്കുകയാണ്. പക്ഷേ, സമയം കഴിഞ്ഞു പോയോ..? മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് പ്രധാന കാരണം എന്ന് അറിയാത്തവരുണ്ടോ..? ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ഇതേക്കുറിച്ച് പലരും ചിന്തിക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള അശാസ്ത്രീയ വികസനമായിരുന്നു വയനാട്ടിലെ വലിയ ദുരന്തത്തിന് കാരണം. കോട്ടയം ജില്ല ഭൂപ്രകൃതി അനുസരിച്ച് കിഴക്ക് മലയും പടിഞ്ഞാറ് കായലുമുള്ള പ്രദേശമാണ്. മലയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കായലിലൂടെ കടലില്‍ എത്തുന്നതിനാല്‍ കോട്ടയത്ത് പണ്ട് പ്രളയമോ വലിയ ഉരുള്‍ പൊട്ടലോ ഉണ്ടായിരുന്നില്ല. ഇന്ന് സ്ഥിതിയാകെ മാറി. വെള്ളം പരന്നൊഴുകാനുള്ള ഇടമില്ലാതായി. പാലാ നഗരം വരെ പെട്ടെന്ന് വെള്ളത്തില്‍ മുങ്ങുന്നു. കോട്ടയം നഗരത്തിന്റെ സമീപ പ്രദേശങ്ങളില്‍ വരെ ദിവസങ്ങളോളം വെള്ളമിറങ്ങാതെ നില്‍ക്കുന്നു. മറ്റിടങ്ങളിലും ഇതൊക്കെത്തന്നെയാണ് അവസ്ഥ.

പലപ്പോഴും കേരളത്തിലെ പ്രളയക്കെടുതികളുടെ വ്യാപ്തി കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമെടുക്കും.  പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത് എങ്ങിനെയാണെന്ന് അക്കമിട്ട് വിവരിക്കുന്ന റിപ്പോര്‍ട്ടാണ് മാധവ് ഗാഡ്ഗിലിന്റേത്. ആ റിപ്പോര്‍ട്ട് എന്തെന്ന് നാമറിയണം. 1,29,037 ചതുരശ്ര കിലോമീറ്റര്‍ പരന്നു കിടക്കുന്നതാണ് പശ്ചിമട്ടം. വടക്ക് നിന്ന് തെക്കോട്ട് 1490 കിലോമീറ്റര്‍ നീളത്തിലും തമിഴ്‌നാട്ടില്‍ 210 കിലോമീറ്റര്‍ വീതിയിലും മഹാരാഷ്ട്രയില്‍ 48 കിലോമീറ്റര്‍ വീതിയിലും പരന്നു കിടക്കുന്ന പ്രദേശത്തെ ഗാഡ്ഗില്‍ പരിസ്ഥിതി ലോലപ്രദേശമായി പരിഗണിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങളെ തന്നെ അവയുടെ ആവാസ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ 1,2,3 സോണുകളായി തിരിച്ചു. 1,2 സോണുകളിലുള്ള പ്രദേശത്തെ ഒന്‍പത് കിലോമീറ്റര്‍ വീതിയും ഒന്‍പത് കിലോമീറ്റര്‍ വീതിയും ഉള്ള 2,200 ഗ്രിഡുകളാക്കി തിരിച്ച് പഠനം നടത്തി. ഈ പ്രദേശങ്ങളാണ് നിലവില്‍ പരിസ്ഥിതി പാര്‍ക്കുകളായെല്ലാം സംരക്ഷിച്ച് പോരുന്നത്.

ഗാഡ്കില്‍ കമ്മറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്: *ജനിതക മാറ്റം വരുത്തിയ കൃഷിരീതി പ്രദേശത്ത് നിരോധിക്കുക *പ്ലാസ്റ്റിക് ബാഗുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുക *പുതിയ പ്രത്യേക സാമ്പത്തിക മേഖലകളോ ഹില്‍ സ്‌റ്റേഷനുകളോ അനുവദിക്കരുത് *പൊതു സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നതിലും 1,2 പരിസ്ഥിതി ലോല മേഖലകളിലെ വനമേഖല കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലും നിരോധനം *1,2 മേഖലകളിലെ ഖനനത്തിന് നിരോധനം *പുതിയ ഡാമുകള്‍ അനുവദിക്കില്ല *1 പ്രദേശത്ത് താപവൈദ്യുത പ്ലാന്റുകള്‍ക്കും വന്‍കിട കാറ്റാടിപ്പാടങ്ങള്‍ക്കും പുതുതായി അനുമതി ഉണ്ടാകില്ല *പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന പുതിയ വ്യവസായങ്ങള്‍ ഒന്നും അനുവദിക്കില്ല *1,2 സോണുകളില്‍ പുതിയ റെയില്‍വേ പാളങ്ങളും ഉണ്ടാകില്ല *ടൂറിസത്തിന്റെ നിയന്ത്രണം *രാസ കീടനാശിനി പ്രയോഗങ്ങള്‍ അടുത്ത അഞ്ച് മുതല്‍ എട്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കുക. ഈ നിര്‍ദ്ദേശങ്ങളെല്ലാം പ്രായോഗികമാക്കാന്‍ പശ്ചിമ ഘട്ട കമ്മറ്റി വേണമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ബാധിക്കുന്ന നിര്‍ദ്ദേശങ്ങളായിരുന്നു ഇവയെല്ലാം. എന്നാല്‍ അവരാരും തന്നെ നിര്‍ദ്ദേശങ്ങള്‍ വകവെച്ചില്ല. 2011 ഓഗസ്റ്റിലാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. നിരവധി പ്രതികരണങ്ങള്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ ഉണ്ടായി. 2012 ഓഗസ്റ്റില്‍ പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും പ്രതികരണങ്ങളും ഉള്‍പ്പെടുത്തി വിഷയം വീണ്ടും പഠിക്കാന്‍ കസ്തൂരി രംഗനെ ഏല്‍പ്പിച്ചു. പുതിയ കമ്മറ്റിയും 2013 ഏപ്രിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1750 പ്രതികരണങ്ങള്‍ പരിശോധിച്ച കസ്തൂരി രംഗന്‍ അതില്‍ 81 ശതമാനവും ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണെന്ന് കണ്ടെത്തി. ക്വാറി നിര്‍മ്മാണം, ഖനനാനുമതി നിഷേധം, പുതിയ ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള നിരോധനം, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളുടെ നിരോധനം തുടങ്ങി വികസനത്തിന് എതിരായ എല്ലാ നിര്‍ദ്ദേശങ്ങളും കേരളം അതി ശക്തമായി എതിര്‍ത്തു.

പശ്ചിമഘട്ടത്തിന്റെ വലുപ്പം കസ്തൂരി രംഗന്‍ 1,64,280 കിലോമീറ്ററായാണ് പരിഗണിച്ചത്. ഇതിനെ സാംസ്കാരിക പ്രകൃതി, പ്രകൃതിദത്ത ഭൂപ്രകൃതി എന്നിങ്ങനെ തരംതിരിച്ചു. പശ്ചിമഘട്ടത്തിന്റെ 60 ശതമാനവും സാംസ്കാരിക ഭൂപ്രകൃതിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മനുഷ്യവാസമുള്ള, കൃഷിഭൂമിയുള്ള പ്രദേശമാണിത്. ബാക്കി 37 ശതമാനമാണ് ജീവസമ്പത്തുള്ള പ്രദേശം. ഇത് 60,000 കിലോമീറ്റര്‍ വരും. ഈ പ്രദേശത്തെ മാത്രമാണ് പരിസ്ഥിതി ലോല പ്രദേശമായി കസ്തൂരിരംഗന്‍ കണക്കാക്കുന്നത്.

കസ്തൂരിരംഗന്‍ കമ്മറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ: *ഖനനവും ക്വാറികളും നിര്‍ത്തലാക്കുക *പുതിയ താപ വൈദ്യുത പദ്ധതികളും ജലവൈദ്യുത പദ്ധതികളും ഉപാധികളോടെ അനുവദിക്കാം *മലിനീകരണ സാധ്യതയുള്ള വ്യവസായങ്ങള്‍ക്ക് നിരോധനം *20,000 ചതുരശ്ര മീറ്റര്‍ വരുന്ന കെട്ടിട പദ്ധതികള്‍ അനുവദിക്കാം, എന്നാല്‍ ടൗണ്‍ഷിപ്പുകള്‍ നിരോധിക്കണം *വനമേഖല മറ്റ് കാര്യങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുവദിക്കാം. ഈ റിപ്പോര്‍ട്ട് വന്ന് ഒരു വര്‍ഷത്തിന് ശേഷം പരിസ്ഥിതി മന്ത്രാലയം 56,285 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചു. എന്നാല്‍ കസ്തൂരിരംഗന്‍ കമ്മറ്റി നിര്‍ദ്ദേശിച്ചത് 59,940 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു. കേരളത്തില്‍ കസ്തൂരിരംഗന്‍ കമ്മറ്റി നിര്‍ദ്ദേശിച്ചത് 13,108 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതിലോല പ്രദേശമാക്കണമെന്നാണ്. എന്നാല്‍ കേരള സര്‍ക്കാരിന്റെ ഇടപെടലില്‍ ഇത് 9,993.7 ചതുരശ്ര കിലോമീറ്ററാക്കി കുറയ്ക്കുകയാണുണ്ടായത്. ഇനിയും ഈ റിപ്പോര്‍ട്ടുകളോട് മുഖം തിരിച്ചാല്‍ കേരളം തന്നെ ഒലിച്ച് പോയേക്കാം. അതുകൊണ്ട് ആ പരിസ്ഥിതി റിപ്പോര്‍ട്ടുകളെ തിരിച്ചുപിടിച്ച് അതിലെ നന്മകള്‍ തിരിച്ചറിഞ്ഞ് നടപ്പാക്കിയാല്‍ മാത്രമേ ഇനിയങ്ങോട്ടുള്ള കാലം കനത്ത പ്രഹരശേഷിയുള്ള പ്രകൃതി ദുരന്തങ്ങളെ മറികടക്കാന്‍ കേരളത്തിന് സാധിക്കുകയുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക