Image

കാന്‍സാസില്‍ രണ്ടു വയസുള്ള കുട്ടി കാറില്‍ ചൂടേറ്റു മരിച്ചു; ഏപ്രില്‍ മാസം മുതല്‍ മരിച്ച കുട്ടികളുടെ എണ്ണം 32 ആയി

പി പി ചെറിയാന്‍ Published on 13 August, 2019
കാന്‍സാസില്‍ രണ്ടു വയസുള്ള കുട്ടി കാറില്‍ ചൂടേറ്റു മരിച്ചു; ഏപ്രില്‍ മാസം മുതല്‍ മരിച്ച കുട്ടികളുടെ എണ്ണം 32 ആയി
ലോറന്‍സ് (കന്‍സാസ്): ഓഗസ്റ്റ് 11 ഞായറാഴ്ച വൈകിട്ട് കന്‍സാസ് ലോറന്‍സ് സിറ്റിയില്‍ രണ്ടു വയസ്സുള്ള കുട്ടി കാറിനകത്ത് ചൂടേറ്റു മരിച്ചതോടെ അമേരിക്കയില്‍ ഈ വര്‍ഷം ഏപ്രില്‍ മാസം മുതല്‍ ഇത്തരത്തില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം മുപ്പത്തിരണ്ടായി.

ഞായറാഴ്ച വൈകിട്ട് 5.30ന് അയോവ സ്ട്രീറ്റിലുള്ള വീടിനു സമീപം പാര്‍ക്ക് ചെയ്തു കിടന്നിരുന്ന കാറില്‍ ഒരു കുട്ടി കുടുങ്ങി കിടക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഓഫീസര്‍മാര്‍ സ്ഥലത്തെത്തിയത്. കാറു തുറന്നു പരിശോധിച്ചപ്പോള്‍ കുട്ടി മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

നാഷണല്‍ വെതര്‍ സര്‍വീസിന്റെ റിപ്പോര്‍ട്ടനുസരിച്ച് പ്രദേശത്തെ താപനില 90 ഡിഗ്രിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുട്ടി എത്രനേരം കാറിനകത്ത് ഉണ്ടായിരുന്നുവെന്നും എങ്ങനെയാണു കാറിനകത്ത് പ്രവേശിച്ചതെന്നും അന്വേഷിക്കുന്നതായി ലോറന്‍സ് പൊലീസ് അറിയിച്ചു. കഠിന ചൂടായിരിക്കാം മരണകാരണമെന്ന് പൊലീസ് ചീഫ് ഗ്രിഗറി ബേണ്‍സ് പറഞ്ഞു. ഓട്ടോപ്‌സിക്കു ശേഷമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കന്‍സാസില്‍ മാത്രം നടക്കുന്ന രണ്ടാമത്തെ മരണമാണിത്. മാതാപിതാക്കളോ രക്ഷിതാക്കളോ കുട്ടികളെ അശ്രദ്ധയമായി പുറത്തു വിടുന്നതായിരിക്കാം അവര്‍ കാറില്‍ കയറി കൂടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. ഇത്തരം മരണം ഒഴിവാക്കുന്നതിനു ബന്ധപ്പെട്ടവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.
കാന്‍സാസില്‍ രണ്ടു വയസുള്ള കുട്ടി കാറില്‍ ചൂടേറ്റു മരിച്ചു; ഏപ്രില്‍ മാസം മുതല്‍ മരിച്ച കുട്ടികളുടെ എണ്ണം 32 ആയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക