Image

വാല്മീകി രാമായണം ഇരുപത്തി എട്ടാം ദിനം (ദുര്‍ഗ മനോജ്)

Published on 13 August, 2019
വാല്മീകി രാമായണം ഇരുപത്തി എട്ടാം ദിനം (ദുര്‍ഗ മനോജ്)
ഉത്തരകാണ്ഡം 
നാല്‍പ്പത്തി ഒന്നു മുതല്‍ അറുപത് വരെ സര്‍ഗ്ഗങ്ങള്‍

ശ്രീരാമചന്ദ്രന്‍ സീതാസമേതനായി ഏവര്‍ക്കും ആനന്ദമേകിക്കൊണ്ട് നീതീപൂര്‍വ്വം അയോധ്യയെ പരിപാലിച്ചു വന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ അന്ത:പുരത്തില്‍ വെച്ച് സീത ഗര്‍ഭവതിയാണ് എന്നറിഞ്ഞ ശ്രീരാമന്‍ എന്താഗ്രഹമുണ്ടെങ്കിലും ആവശ്യപ്പെടുവാന്‍ സീതയോടു പറഞ്ഞു. അതിന്‍പ്രകാരം സീത, തനിക്ക് ഗംഗാതീരത്ത് വാല്മീകിമുനിയുടെ ആശ്രമത്തില്‍ ഒരു ദിവസം പാര്‍ക്കുവാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. സീതയോട് ആ ആഗ്രഹം നിവര്‍ത്തിച്ചു തരാം എന്നുപറഞ്ഞ് രാമന്‍ രാജധാനിയിലേക്ക് മടങ്ങി. രാജ്യത്തിന്റെ പല ദിക്കുകളില്‍ നിന്നും കേട്ടറിഞ്ഞ വാര്‍ത്തകളുമായി അവിടെ എത്തിയ ദൂതന്മാരോട് അദ്ദേഹം രാജ്യവൃത്താന്തങ്ങള്‍ ചോദിച്ചു. അവര്‍ പ്രജകള്‍ സന്തുഷ്ടരാണെന്നും, എന്നാല്‍ ഒരു അശുഭ വാര്‍ത്ത ഉണ്ടെന്നും അറിയിച്ചു.

ആ വാര്‍ത്ത ഇതായിരുന്നു...
ചില പ്രജകള്‍, രാവണനാല്‍ അപഹരിക്കപ്പെട്ട് അശോകവനികയില്‍ പാര്‍ത്ത സീതയുടെ പരിശുദ്ധി ചോദ്യം ചെയ്യുകയും, അപ്രകാരമുള്ള സീതയെ സ്വീകരിച്ച രാമന്റെ ദുര്‍ഗതി തങ്ങള്‍ക്കും വരുമെന്നും പരിതപിക്കുകയും ചെയ്യുന്നു.

അത് കേട്ട രാമന്‍ അത്യന്തം ദുഃഖിതനായി. അഗ്‌നിയില്‍ പ്രവേശിച്ച് തന്റെ വിശുദ്ധി തെളിയിച്ച സീതയാണ് തന്നോടൊപ്പം അയോധ്യയില്‍ പാര്‍ക്കുന്നത്. അതിന് വാനരന്‍മാരും, അസുരന്മാരും ദേവതകളും സാക്ഷിയാണ്. എന്നിരുന്നാലും പ്രജകളില്‍ ഒരു ആശങ്ക ഉണ്ടായാല്‍ അത് രാജാവിന്റെ കുറവ് മൂലം സംഭവിക്കുന്നതാണ്. രാജാവ് എപ്രകാരമോ അപ്രകാരമാണ് പ്രജകളും. മാത്രവുമല്ല രാജാവിന്റെ പ്രവര്‍ത്തിയില്‍ വരുന്ന ഓരോ ധര്‍മ്മഭ്രംശവും പ്രജകള്‍ക്ക് ആപത്ത് വരുത്തും. പ്രജകളുടെ വിശ്വാസം പ്രധാനമാണ്. അതിനാല്‍ അത്യധികം വ്യസനത്തോടെ അതിലേറെ അരിശത്തോടെ രാമന്‍ സഹോദരന്മാരെ മൂവരേയും വിളിച്ചു കൂട്ടി. എന്നിട്ട് പ്രജാഹിതം മാനിച്ച് സീതയെ പരിത്യജിക്കുകയാണ് എന്ന് അറിയിച്ചു. എന്നിട്ട് ലക്ഷ്മണനോട് പിറ്റേന്ന് തന്നെ സീതയെ വാല്മീകി മഹര്‍ഷിയുടെ ആശ്രമ പരിസരത്ത് ഉപേക്ഷിച്ച് വരുവാന്‍ ആവശ്യപ്പെട്ടു.

ലക്ഷ്മണന്‍ സീതയുടെ സമീപം എത്തി, രാമാജ്ഞയാല്‍ പിറ്റേന്ന് കാലത്ത് വാല്മീകി ആശ്രമത്തിലേക്ക് യാത്ര പോകുവാന്‍ തയ്യാറാവുക എന്നറിയിച്ചു. ഏറെ സന്തോഷത്തോടെ മുനി പത്‌നിമാര്‍ക്കുള്ള സമ്മാനങ്ങള്‍ ഒരുക്കി അവള്‍ യാത്രക്ക് തയ്യാറായി.

നേരം പുലര്‍ന്നു. അതീവ സങ്കടത്തോടെ ലക്ഷ്മണന്‍ സീതയേയും കൂട്ടി വാല്മീകിയുടെ ആശ്രമത്തില്‍ ഒരു ദിനം പാര്‍ക്കുവാന്‍ എന്ന വ്യാജേന സുമന്ത്രര്‍ തെളിക്കുന്ന തേരില്‍ കാട്ടിലെത്തി. പിന്നെ ഗംഗാനദി കടന്ന് മുനിയുടെ ആശ്രമ പരിസരത്ത് എത്തിയപ്പോള്‍ അവളെ അവിടെ ഉപേക്ഷിച്ച് മടങ്ങുവാനാണ് ആജ്ഞ എന്ന് അറിയിച്ചു. ആ പാവം ഗര്‍ഭവതി കാനനമണ്ണില്‍ ബോധമറ്റു വീണു. പിന്നെ ആര്‍ത്തു കരഞ്ഞു.

അവളുടെ കരച്ചില്‍ കണ്ട് ഉള്ള് പിടഞ്ഞ് സൗമിത്രി മടങ്ങി. മടങ്ങിവരവേ സുമന്ത്രര്‍, പണ്ട് നാരായണന് ഭൃഗുപത്‌നിയെ വധിച്ചതിനാല്‍ ലഭിച്ച ശാപമാണ് രാമന് ഇപ്രകാരം പത്‌നിയെ വേര്‍പെടാന്‍ കാരണം എന്നു പറഞ്ഞ് ലക്ഷ്മണനെ സമാധാനിപ്പിച്ചു.

ആശ്രമപരിസരത്ത് കണ്ട സീതയെ വാല്മീകി മുനിയും പത്‌നിമാരും ചേര്‍ന്ന് ആശ്രമത്തിലേക്ക് ആനയിച്ചു പരിചരിച്ചു. തിരികെ എത്തിയ ലക്ഷ്മണനെ കണ്ട് താന്‍ നാലുനാളായി രാജ്യകാര്യങ്ങള്‍ ശ്രദ്ധിച്ചിട്ട്, ആയതിനാല്‍ കാര്യാര്‍ത്ഥികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ ആവലാതി എന്തെന്ന് അന്വേഷിക്കാന്‍ രാമന്‍ ആജ്ഞാപിച്ചു. അതിന്‍പ്രകാരം കൊട്ടാരവാതില്‍ക്കല്‍ എത്തിയപ്പോള്‍ ലക്ഷ്മണന്‍ കണ്ടത് ഒരു നായയെ ആണ്. ഒരു ബ്രാഹ്മണന്‍ അന്യായമായി തല്ലി എന്നതായിരുന്നു അതിന്റെ പരാതി. ബ്രാഹ്മണനെ വിളിപ്പിച്ചു, അയാള്‍ കുറ്റമേറ്റു. അയാള്‍ക്ക് എന്ത് ശിക്ഷ നല്‍കണം എന്ന് ചോദിച്ചപ്പോള്‍ നായ അയാളെ കാര്യക്കാരനായി നിയമിക്കുവാന്‍ ആവശ്യപ്പെട്ടു, രാമന്‍ അങ്ങനെ ചെയ്തു. അതുകണ്ട് അത്ഭുതപ്പെട്ട മറ്റുള്ളവരോട് രാമന്‍ പറഞ്ഞു; ബ്രഹ്മസ്വം, ദേവസ്വം, സ്ത്രീസ്വത്ത്, ബാലസ്വത്ത്, ദത്തവസ്തു എന്നിവ അപഹരിച്ചാല്‍ ഇഷ്ടരോടൊത്ത് നാശമടയും. മുമ്പ് കാര്യക്കാരനായിരുന്ന ഈ നായയും സ്വത്ത് അപഹരിക്കുകയാല്‍ ഈ ഗതി വന്നതാണ്. അപ്പോള്‍ ആ ബ്രാഹ്മണനും അതേ ഗതി തന്നെ വന്നുചേരും എന്ന് കരുതിയാണ് അയാളെ കാര്യക്കാരനാക്കുവാന്‍ നായ പറഞ്ഞത്.

ഉത്തരകാണ്ഡം, അഥവാ ഭവിഷ്യ കാണ്ഡം രാമന്‍ എന്ന ഭരണാധികാരിയെ ആണ് നമുക്ക് കാട്ടിത്തരുന്നത്. ഇവിടെ ഭരണാധികാരി എന്ന വാക്കിന് കേവലം അധികാര പ്രയോഗം എന്നല്ല മറിച്ച് അക്ഷരാര്‍ത്ഥത്തില്‍ ഒരു നാട്ടിലെ ഒരോ പ്രജകളുടേയും സര്‍വ്വമാന ഉന്നതിയും പ്രധാനം ചെയ്യുന്ന ആള്‍ എന്നാണ് അര്‍ത്ഥം. അവിടെ രാജാവിന്റെ ജീവിതം ഒരു സ്ഫടികച്ചില്ലുപോലെ സുതാര്യമാകണം. രാജാവിനെയാണ് പ്രജ പിന്തുടരുന്നത്. അതിന് മുന്നില്‍ കേവല മനുഷ്യ വികാരങ്ങള്‍ക്ക് സ്ഥാനമില്ല എന്നാണ് തന്റെ പ്രവര്‍ത്തിയിലൂടെ രാമന്‍ സ്ഥാപിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക