Image

പ്രളയ ദുരിതാശ്വാസത്തിനായി വിവാഹ സത്കാരം ഒഴിവാക്കി കുവൈറ്റ് മലയാളി

Published on 14 August, 2019
പ്രളയ ദുരിതാശ്വാസത്തിനായി വിവാഹ സത്കാരം ഒഴിവാക്കി കുവൈറ്റ് മലയാളി


നിലമ്പൂര്‍ : കേരളത്തിലുണ്ടായ പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹ സല്‍ക്കാരം ഒഴിവാക്കി മാതൃക കാട്ടിയിരിക്കുകയാണ് കുവൈറ്റ് മലയാളി. കുവൈത്തിലെ ആം ആദ്മി പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മയായ വണ്‍ ഇന്ത്യ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിന്റേതാണ് തീരുമാനം. 

മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് അമ്പാടിയില്‍ രാമചന്ദ്രന്‍ നായരുടെയും ശാന്തമ്മയുടെയും മകന്‍ സന്തോഷ് കുമാറിന്റേയും ഗൂഡല്ലൂര്‍ തുറപള്ളി പുത്തന്‍വീട്ടില്‍ ദേവേന്ദ്രന്റേയും സത്യഭാമയുടെയും മകള്‍ അമോദിനിയും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് 17ന് ആണ് നടക്കുക. എന്നാല്‍ വിവാഹ ചടങ്ങ് നടത്തി സല്‍ക്കാരം ഒഴിവാക്കി പൂര്‍ണമായും ആ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കുവാനാണ് സന്തോഷും കുടുംബാംഗങ്ങളും തീരുമാനിച്ചിരിക്കുന്നത്.

തന്റെ നാട്ടുകാര്‍ പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ടപ്പോള്‍ സല്‍ക്കാരം ഒഴിവാക്കി ആ തുക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് സന്തോഷ് കുമാര്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ചുവടെ:

പ്രിയ സുഹൃത്തുക്കളെ, നിലമ്പൂരിലും മറ്റു പല പ്രദേശങ്ങളിലും ഈയിടെ ഉണ്ടായ പ്രകൃതി ദുരന്തത്തിന്റേയും ഇപ്പോഴും തുടരുന്ന രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലത്തില്‍, എന്റെ വിവാഹത്തോട് അനുബന്ധിച്ചു 170819നു നടത്താന്‍ നിശ്ചയിച്ചിരുന്ന സല്‍ക്കാര ചടങ്ങ് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

ഇതിനകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു. 

വിവാഹ ചടങ്ങ് മുന്‍നിശ്ചയിച്ച പ്രകാരം 170819നു തന്നെ നടക്കും. 

സല്‍ക്കാരത്തിനായ് കരുതി വച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന ആയി നല്‍കാന്‍ കുടുംബം തീരുമാനിച്ച വിവരവും അറിയിക്കുന്നു.'

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക