Image

ജ്യുഡീഷ്യല്‍ മര്‍ഡര്‍ (മീട്ടു റഹ്മത്ത് കലാം)

Published on 15 August, 2019
ജ്യുഡീഷ്യല്‍ മര്‍ഡര്‍ (മീട്ടു റഹ്മത്ത് കലാം)
ബോട്ട് വരാന്‍ ഇനിയും വൈകും. കായല്‍പ്പരപ്പില്‍ പോളകള്‍ നിറഞ്ഞു കിടക്കുന്നതുകൊണ്ടാണ് വേഗത കുറയുന്നത് എന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞെങ്കിലും ഉണ്ണിക്ക് തൃപ്തിയായില്ല. അവന്റെ  കണ്ണുകള്‍ ആരെയോ പ്രതീക്ഷിക്കുന്നുണ്ട്.
   തനിക്കൊരു ജോലി കിട്ടി കാണാന്‍ അമ്മയും മുത്തശ്ശിയും മീരയും എത്രയോ വഴിപാടുകള്‍ കഴിച്ചു.   കാര്‍ഗില്‍ യുദ്ധത്തില്‍ അച്ഛന്‍ വീരമൃത്യു വരിച്ചപ്പോള്‍, പട്ടാളത്തില്‍ ചേരണമെന്ന് തന്നെയാണ് അന്ന്  സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഉണ്ണി സ്വപ്നം കണ്ടത്.  സ്വന്തം ജീവനും ജീവിതവും ഒരാള്‍ക്കെങ്കിലും ഉപകാരപ്പെടണമെന്ന്  അച്ഛന്‍ പഠിപ്പിച്ചത് എന്നും ഉറങ്ങുന്നതിന് തൊട്ടുമുന്‍പ്  ഓര്‍ക്കാറുണ്ട്. ഓരോ കര്‍ക്കിടകവാവിനും ബലിക്കാക്കകളെത്തി അങ്ങനൊരു ചിന്ത ഊട്ടി ഉറപ്പിക്കുകയും ചെയ്തു.  അമ്മയും മുത്തശ്ശിയും ചേര്‍ന്ന് ഇന്‍റര്‍വ്യൂ കാര്‍ഡ് മാറ്റിയിരുന്നില്ലെങ്കില്‍ ഉണ്ണി സൈന്യത്തില്‍ ചേരുമായിരുന്നു. പട്ടാളക്കാരന്റെ  ഭാര്യ യാകാന്‍ മീരയ്ക്ക് ഭയമായിരുന്നു . ഏക മകളെ അങ്ങനൊരാള്‍ക്ക് സ്വന്തം അനന്തിരവന്‍ ആയാല്‍ പോലും, കൈപിടിച്ച് ഏല്‍പ്പിക്കാന്‍ ശ്രീധരനും ഒരുക്കമായിരുന്നില്ല.

ചിന്തകള്‍ അങ്ങനെ കാടുകയറുന്നതിനിടയില്‍ ബോട്ടടുത്തു . ബോട്ടിലി രുന്നുതന്നെ തല പുറത്തിട്ടും  കൈവീശിയും 'ഉണ്ണി' എന്നുറക്കെ വിളിച്ചുമെല്ലാം കുട്ടന്‍ തന്‍റെ വരവറിയിച്ചു.    തമ്മില്‍ ചര്‍ച്ച ചെയ്ത എന്തോ ഒന്നിനെ സംബന്ധിച്ച് പൂര്‍ണവിവരം കൈമാറാനാണ് ആ വരവ് എന്ന അയാളുടെ  ചേഷ്ടകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ധൃതിയില്‍ ബോട്ടില്‍ നിന്നിറങ്ങിയ കുട്ടന്‍  ഉണ്ണിയുടെ അരികില്‍  ഓടിയെത്തി.
 'സൂപ്രണ്ടിനെ  നേരില്‍ ചെന്ന് ഒന്ന് കാണണം . കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് .'

വെള്ളിത്തകിടുപോലെ വെയിലില്‍ വെട്ടിത്തിളങ്ങുന്ന     കായല്‍പ്പരപ്പിലേക്ക്‌നോക്കി ഉണ്ണി നില്‍ക്കുന്നത്  കുട്ടന്‍ ശ്രദ്ധിച്ചു.

'വീട്ടില്‍ എന്തു പറയും എന്നല്ലേ ആലോചിക്കുന്നത് ? വാര്‍ഡന്‍ ആയിട്ടാണ് നിയമനം എന്ന് പറഞ്ഞേക്ക്...'
അതുതന്നെയായിരുന്നു ഉണ്ണിയുടെയും തീരുമാനം.
ജോലി കിട്ടിയതറിഞ്ഞ  അമ്മയ്ക്കും മുത്തശ്ശിക്കും  മീരയ്ക്കും എന്നല്ല , ചായക്കട നടത്തുന്ന ബാപ്പുട്ടിക്കും സന്തോഷമായി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉണ്ണിയുടെ മുഖത്തുനോക്കി അമ്മാവന്‍ ഒന്ന് പുഞ്ചിരിച്ചതുപോലും.
    
പിറ്റേന്നു തന്നെ തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പുറപ്പെട്ടു. ജയില്‍ സൂപ്രണ്ടിനെ കണ്ട് നിയമന ഉത്തരവില്‍ ഒപ്പിട്ട് കൊടുക്കുമ്പോള്‍ നെഞ്ച് വല്ലാതെ  മിടിച്ചു.    തന്‍റെ  പ്രാര്‍ത്ഥനയുടെ ഫലമായാണ് ഉണ്ണിയേട്ടന് ഈ  ജോലി കിട്ടിയത് എന്ന് നിറഞ്ഞ മനസ്സോടെ പറഞ്ഞ മീരയുടെ മുഖം അയാളോര്‍ത്തു. കാവില്‍ ഭഗവതിയുടെ മുന്‍പില്‍ നേര്‍ന്ന നേര്‍ച്ചകള്‍ അത്രയും വീട്ടി, എത്ര പ്രതീക്ഷയോടെയാണ്  അവളുടെ കാത്തിരിപ്പ്...

 കുടുംബംപോലും മറന്ന് നാട്ടുകാര്‍ക്ക് വേണ്ടി ഓരോന്ന് ചെയ്യാന്‍ നടക്കുന്നവന്‍ എന്ന് അമ്മയും മുത്തശ്ശിയും ദേഷ്യത്തില്‍ പറയാറുണ്ടെങ്കിലും ഉള്ളില്‍ അവര്‍ക്ക് അഭിമാനമാണ്. പിറന്നാള്‍ ഉള്‍പ്പെടെ വിശേഷാവസരങ്ങളില്‍ മറ്റു കാമുകന്മാരെ പോലെ സ്‌നേഹ സമ്മാനങ്ങളുമായി ഓടി എത്താത്തതില്‍   പരിഭവം കാണിക്കുമ്പോഴും , മീര സ്‌നേഹിച്ചതും ഉണ്ണിയിലെ സേവന തല്‍പരതയാണ്. അങ്ങനെ ഒരാള്‍ ജയില്‍ വാര്‍ഡന്‍ ആയി ജോലി കിട്ടി എന്ന് കള്ളം പറയുകയും യഥാര്‍ത്ഥത്തില്‍ ആരാച്ചാരായി നിയമിതനാവുകയും ചെയ്താല്‍!
ഇല്ല , ഇപ്പോള്‍ സ്‌നേഹിക്കുന്നവരൊക്കെയും തന്നെ വെറുക്കും.

 ശിക്ഷ നടപ്പാക്കാന്‍ രണ്ടുമാസത്തെ സാവകാശം ഉണ്ട്. ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച കഴിഞ്ഞ് നാട്ടില്‍ വന്നപ്പോഴും  കാര്യങ്ങള്‍   മീരയെ മാത്രം ധരിപ്പിച്ചാല്‍ എന്തെന്ന് ആലോചിച്ചതാണ് . പറയുമ്പോള്‍ എല്ലാം പറയേണ്ടിവരും. അര്‍ദ്ധ സത്യങ്ങള്‍ എപ്പോഴും നാശമേ വരുത്തു  എന്ന ബോധ്യമുള്ളതുകൊണ്ട് ഉണ്ണി ആര്‍ക്കു മുന്‍പിലും മനസ്സ് തുറന്നില്ല.

9 ദിവസങ്ങള്‍ കൂടി പ്രതീക്ഷിച്ചതു പോലെ തന്നെ കാര്യങ്ങള്‍ നീങ്ങി . പെട്ടെന്നാണ് ഒരു ഇടിത്തീ പോലെ കള്ളന്‍ വാസു ജയിലില്‍വച്ച് ഉണ്ണിയെ മുഖാമുഖം കാണുന്നത് . ഗ്രാമത്തിലെ അമ്പലത്തില്‍ നടന്ന വിഗ്രഹ മോഷണക്കേസില്‍ പ്രതിയായിരുന്നു വാസു. അവനെ പൊലീസില്‍ പിടിച്ചു കൊടുത്ത ചെറുപ്പക്കാരില്‍ ഏറ്റവും മുന്‍പില്‍ ഉണ്ടായിരുന്ന ഉണ്ണിയോട് തീര്‍ത്താല്‍ തീരാത്ത പകയാണ് വാസുവിന്. പരോളിലിറങ്ങിഅവനാദ്യം ചെയ്തത് ഉണ്ണി പ്രവേശിച്ചിരിക്കുന്നത് വാര്‍ഡന്റെ ജോലിയിലല്ല ഒരുജീവന്‍ എടുക്കാന്‍ മടിയില്ലാത്ത ആരാച്ചാരായിട്ടാണ് എന്ന വാര്‍ത്ത പരത്തലാണ് . തുടക്കത്തില്‍ ആരുമത് വിശ്വസിച്ചില്ല. ആയിരം തേന്‍തുള്ളിക്ക് ഒരു മീന്‍തുള്ളി എന്ന കണക്കിന് ഗ്രാമവാസികള്‍ ഉണ്ണിയുടെ നന്മകള്‍ മറക്കാന്‍ അധികംനേരം വേണ്ടി വന്നില്ല.

വിശദീകരണം നല്‍കി ആരുടേയും മനസ്സില്‍ പ്രതിഷ്ഠിക്കപ്പെടേണ്ടതില്ല എന്ന വാശിയോടെ ഉണ്ണിയും നിലകൊണ്ടു. അമ്മയുടെ ഉപദേശങ്ങള്‍ക്കോ മീരയുടെ പിന്‍വിളികള്‍ക്കോ അവന്‍ ചെവികൊടുത്തില്ല.
'ഇനി എനിക്ക് ഇങ്ങനെ ഒരു മകന്‍ ഇല്ല'  എന്ന   ശാപവാക്കോടെ ഉണ്ണിക്ക് മുന്നില്‍ ശങ്കരമംഗലം തറവാടിന്റെ വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടു.
    
തൂക്കുമേട ഒരുങ്ങി. കണ്ണുനീരിന്റെ    നനവുള്ള പ്രഭാതത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. മജിസ്‌ട്രേറ്റ് വിധി വാചകം വായിച്ചു. ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീ തൂക്കിലേറ്റ പെടുന്നു എന്നതിന്റെ   പേരില്‍ രാജ്യാന്തര മാധ്യമങ്ങള്‍ പോലും തലേരാത്രി മുതല്‍ ചുറ്റുവട്ടത്ത് തമ്പടിച്ചിരിക്കുകയാണ്. 17 പേരുടെ ജീവന്‍ പൊലിയാന്‍ കാരണമായ സ്‌ഫോടനക്കേസിന്റെ   സൂത്രധാര എന്ന് സംശയാതീതമായി കോടതിക്കു മുന്‍പില്‍ തെളിയിക്കപ്പെട്ട ശ്രീദേവിയുടെ കണ്ണുകളില്‍ ഉണ്ണി തറപ്പിച്ചു നോക്കി. നിര്‍വികാരത തളംകെട്ടി കിടക്കുന്ന  തടാകത്തില്‍ പ്രതീക്ഷയുടെ  നാമ്പ് പോലുമില്ല.

ഉണ്ണി കയ്യില്‍ കരുതിയ കറുത്ത തുണികൊണ്ട് അവരുടെ മുഖം മറച്ചു. ശ്രീദേവിയുടെ തൂക്കത്തിന് സമാനമായി 60 കിലോയുടെ മണല്‍ ചാക്ക് വെച്ച് പരീക്ഷണാര്‍ത്ഥം ലിവര്‍ വലിച്ചു നോക്കിയപ്പോള്‍ കൃത്യമായി തന്നെ അത് നിലംപതിച്ചിരുന്നത്  ഉണ്ണി ഓര്‍ത്തു.
  
സത്യം ജയിക്കട്ടെ എന്ന് മനസ്സില്‍ മന്ത്രിച്ചു ഉണ്ണി ശ്രീദേവിയുടെ കഴുത്തില്‍ കുരുക്കിട്ടു.  ലിവര്‍ വലിക്കുന്നതിന് ഒരു മിനിറ്റ് മുന്‍പ് അയാള്‍ ബോധരഹിതനായി വീണു. "ആരാച്ചാര്‍ ബോധരഹിതനായി വീണു ശ്രീദേവിയുടെ വധശിക്ഷ മാറ്റിവച്ചു "ഇതായിരുന്നു ടിവിയിലെ ഫ്‌ലാഷ് ന്യൂസ്.
      
നിശ്ചയിക്കപ്പെട്ട സമയത്തു ശിക്ഷ  നടപ്പാക്കിയില്ലെങ്കില്‍, മറ്റൊരു തീയതി തീരുമാനിക്കും വരെ അത് നീട്ടിവയ്ക്കണം എന്നാണ് ചട്ടം. ഇതെല്ലാം മുന്‍കൂട്ടി അറിയാമായിരുന്ന ഉണ്ണിയും ജയില്‍ സൂപ്രണ്ടും  ജയില്‍ ഡോക്ടറും കൂടി നടത്തിയ നാടകമായിരുന്നു അവിടെ അരങ്ങേറിയത് . നിരപരാധിയായ ശ്രീദേവിയെ  രക്ഷപ്പെടുത്താനും കേസ് പുനര്‍വിചാരണ നടത്താനുമുള്ള  സാവകാശം ആയിരുന്നു അവരുടെ ആവശ്യം.

ഇന്ത്യന്‍ നിയമവ്യവസ്ഥ അനുസരിച്ച് കുറ്റവാളിയെന്ന് കണ്ടെത്തുന്ന ആളുടെ ജീവനെടുക്കാന്‍ കോടതിക്ക് അധികാരമുണ്ട് . എന്നാല്‍ ശിക്ഷ നടപ്പാക്കിയ ശേഷം അയാള്‍ നിരപരാധി ആയിരുന്നു എന്ന് പിന്നീട് ഒരു കാലത്ത് തെളിഞ്ഞാല്‍ അത് നീതിപീഠം ചെയ്യുന്ന ഒരു കൊലപാതകം ആകും  ജ്യുഡീഷ്യല്‍ മര്‍ഡര്‍.

ശ്രീദേവിയുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള അടുത്ത തീയതി പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ സുപ്രീം കോടതിയില്‍ നിന്ന് പുനര്‍വിചാരണ ള്ള അനുവാദം ലഭിച്ചു. തൂക്കുമേടയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ശ്രീദേവിയുടെ കേസ് സെന്‍സേഷണല്‍  ആയതോടെ ഒരു രൂപ പ്രതിഫലം പറ്റാതെ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ.കോവൂര്‍  വാദിച്ചു. പൊലീസുകാരും വാദിഭാഗവും പ്രതിഭാഗവും ഒത്തുകളിച്ചാല്‍ ഏത് നിരപരാധിയെയും തൂക്കിലേറ്റാവുന്ന തരത്തില്‍   നമ്മുടെ നിയമസംഹിത മാറരുതെന്ന്  അടിവരയിട്ടുകൊണ്ട്   അഡ്വ.കോവൂര്‍ നിരത്തിയ തെളിവുകള്‍ കോടതി ശരിവച്ചു. 'ജ്യുഡീഷ്യല്‍ മര്‍ഡര്‍' എന്ന മായ്ക്കാനാവാത്ത കളങ്കത്തില്‍ നിന്ന് കോടതിയെ രക്ഷപ്പെടുത്താന്‍ ഉണ്ണി കാണിച്ച സാഹസത്തെ നീതിപീഠം അഭിനന്ദിച്ചു. താരത്തിളക്കത്തോടെയാണ് ഉണ്ണി പിന്നീട് ഗ്രാമത്തില്‍ വന്നിറങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക