Image

പ്രളയത്തില്‍ നിന്നും നാം എന്തു പഠിച്ചു?

സ്വന്തം ലേഖകന്‍ Published on 15 August, 2019
പ്രളയത്തില്‍ നിന്നും നാം എന്തു പഠിച്ചു?
കാത്തിരുന്ന കാലവര്‍ഷം കേരളത്തെ പിന്നെയും തകര്‍ത്തത് നാം കണ്ടുകൊണ്ടിരിക്കുന്നു .ചൂടുവെള്ളത്തില്‍  വീണ പൂച്ച തണുത്ത വെള്ളം കണ്ടാലും പേടിക്കും എന്ന ചൊല്ലുപോലെയായിരുന്നു സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ തുടക്കത്തില്‍ സംഭവിച്ച ചില അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രതയില്‍ തെറ്റില്ല. പക്ഷെ നമുക്ക് വലിയ  വിലകൊടുക്കേണ്ടി വന്നു.വരുന്നു ...

കേരളത്തില്‍   ജൂണ്‍ ഒന്നു  മുതല്‍ ജൂലൈ 22 വരെ  831.6 എം.എം മഴ ലഭിച്ചുവെന്നാണ് വിദഗ്ദ്ധ  ഏജന്‍സികളുടെ കണക്ക്. ഇക്കാലത്ത് കിട്ടിക്കൊണ്ടിരുന്ന ശരാശരി മഴ 1166.5 എം.എം ആണ്. പച്ചപിടിച്ച പ്രകൃതിഭംഗിയുടെ പേരില്‍  ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ് കേരളത്തിന്റെ ഭൂപ്രകൃതി. ഇതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നത് നമ്മുടെ കാലവര്‍ഷമാണ്.

കേരളത്തിന്റെ   ജലസമൃദ്ധിയെ പറ്റി ഇപ്പോഴും  എല്ലാവരും വാചാലരാവും. എന്നാല്‍, വസ്തുതകളിലേക്ക് ചെല്ലുമ്പോള്‍ ഇതൊക്കെ  ചില തെറ്റിദ്ധാരണകളും ഫലമാണെന്ന് തിരിച്ചറിയാനാവും. ജലസമൃദ്ധിയെ പറ്റി പറയുമ്പോള്‍ കടുത്ത  ജലക്ഷാമവും കേരളം അഭിമുഖീകരിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം മറക്കരുത്. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമായിരുന്നു 2018ലെ പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ അവസ്ഥ.  വെള്ളം ഒഴിഞ്ഞുപോയതിന് ശേഷം സംസ്ഥാനം കടുത്ത വരള്‍ച്ചയെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന് പല വിദഗ്ദ്ധ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു.  ഒരു മഹാപ്രളയം അനുഭവിച്ചതിന്റെ ഒരു ചെറിയ ലാഞ്ചന പോലും അവശേഷിപ്പിക്കാതെയാണ്  പ്രളയജലം ഒഴുകിപ്പോയത്.
ഇടവപ്പാതിയില്‍ കാലവര്‍ഷം തുടങ്ങാതെ വന്നപ്പോള്‍ സംസ്ഥാനത്തെ പല പ്രദേശങ്ങളും കടുത്ത കുടിവെള്ളക്ഷാമം അനുഭവിച്ചു. ആള്‍നാശവും കോടിക്കണക്കിനു രൂപയുടെ സ്വത്തു വകകളും നഷ്ടപ്പെട്ട ഒരു പ്രളയം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയും മുമ്പേ അടുത്ത പ്രളയവും വന്നു. പ്രളയത്തില്‍  നിന്നും   നാം  എന്തു പഠിച്ചു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോഴാണ് നമ്മുടെ ഭരണാധികാരികളുടെ ഭാവനാശൂന്യതയും സ്വാര്‍ത്ഥവും വികസന  സങ്കല്പങ്ങളിലെ വരേണ്യപക്ഷപാതിത്വവും മറ്റും കാണുക. കഴിഞ്ഞ കുറേക്കാലമായി ഇടതു വലതു  ഭേദമന്യേ പിന്തുടര്‍ന്ന ഭരണനയങ്ങള്‍ നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും എത്രമാത്രം താളം തെറ്റിച്ചുവെന്നതിന്റെ  ബഹിര്‍സ്പുരണമായിരുന്നു രണ്ടു പ്രളയവും . കൊടും പ്രളയം എന്നതില്‍ വിദഗ്ദ്ധര്‍ക്കൊ ഇതേപ്പറ്റി പഠിച്ചവര്‍ക്കോ സംശയങ്ങള്‍ ഇല്ല; രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് അഭിപ്രായഭേദം കാണുമെങ്കിലും. കാലാകാലങ്ങളായി തുടര്‍ന്ന വികസന നയങ്ങളില്‍ നിന്നുള്ള വഴിമാറ്റം അനിവാര്യമാണെന്ന ചിന്ത ഭരണക്കാര്‍ക്ക് ഇല്ലെന്നതിന്റെ അനുഭവങ്ങളാണ് ഈ  കാലാവര്‍ഷത്തിലും നമ്മള്‍ കാണുന്നത്.

ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്ന് ലഭിച്ച വെള്ളം സംഭരിച്ച് നിര്‍ത്തി അന്നന്ന് ശോഷിച്ചു പോകുന്ന ഉപരിതല ഭൂഗര്‍ഭ ജലശേഷി വര്‍ദ്ധിപ്പിക്കാനും ഉള്ള എന്തെന്ത് നടപടികളാണ് ഇത്തവണ നാം കൈക്കൊണ്ടത്. ജലസമൃദ്ധിയെ പറ്റി  വാചാലരാവുമ്പോഴും അതിന്റെ അളവിലും ഗുണത്തിലും മറ്റിതര പ്രദേശങ്ങളെ അപേക്ഷിച്ച് നാം പിന്നിലാണ്. നമ്മുടെ നദികളുടെ വൃഷ്ടിപ്രദേശം ഇപ്പോഴും വനനശീകരണത്താലും മറ്റും നാശോന്മുഖമാണ്. അതുകൊണ്ടു തന്നെ അവിടങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം ഭൂഗര്‍ഭ ജലമായി മാറാതെ കുത്തിയൊലിച്ച് നദികളിലൂടെ  കടലിലേക്ക് ഒഴുകിപ്പോവുകയാണ്. നദീതീരങ്ങളിലെ കൃഷിയിടങ്ങളിലെ അമിതമായ രാസവളപ്രയോഗം നദീജലത്തെ മലിനമാക്കുന്നുണ്ട്. വ്യവസായശാലകളിലെയും നഗരപ്രദേശങ്ങളിലെ ആശുപത്രികള്‍, താമസസ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തുന്ന മലിനജലവും നദികളിലേക്കാണ് എത്തുന്നത്.  അതുകൊണ്ടു തന്നെ കുടിക്കാനും കുളിക്കാനും കൃഷിയിടങ്ങളിലെ ജലസേചനത്തിനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തില്‍ കൂടിയ നിലയിലുള്ള മാലിന്യം ഉള്ളതായും തെളിഞ്ഞിട്ടുണ്ട്.

തണ്ണീര്‍ത്തട സംരക്ഷണം, തീരദേശ  സംരക്ഷണം, ക്വറി    കളിലെ ഖനനം സംബന്ധിച്ച നിയമം തുടങ്ങിയ പരിസ്ഥിതി സംരക്ഷണ സംബന്ധിയായ  പല നിയമങ്ങളും ദുര്‍ബലപ്പെടുത്തിയതും വര്‍ഷക്കാലത്തെ ജലസംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചുരുക്കത്തില്‍ അനുഭവങ്ങളില്‍ നിന്ന് പാഠം  പഠിക്കാതെ ആത്മസ്തുതിയില്‍ മുഴുകി സ്വയം നശിക്കുകയാണ് നമ്മളും നമ്മുടെ ഭരണാധികാരികളും.  ഇനിയുള്ള കാലത്തെങ്കിലും ദീര്‍ഘവീ ക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചില്ലെങ്കില്‍ നമ്മുടെ മഴവെള്ളം ആര്‍ക്കും പ്രയോജനപ്പെടാതെ  കടലിലേക്ക് ഒഴുകിപ്പോകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക