Image

ബൈഡന്റെ ആദ്യപ്രചരണ വീഡിയോ പുറത്ത് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 August, 2019
ബൈഡന്റെ ആദ്യപ്രചരണ വീഡിയോ പുറത്ത് (ഏബ്രഹാം തോമസ്)
മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയുമായ ജോബൈഡന്‍ തന്റെ ആദ്യ പ്രചരണ വീഡിയോ പുറത്തിറക്കി. ലേബര്‍ഡേ ലോംഗ് വീക്കെന്‍ഡിന് കഷ്ടിച്ച് രണ്ടാഴ്ച മുന്‍പ് പുറത്തു വന്ന അഭിപ്രായ സര്‍വേയില്‍ ബൈഡന് തൊട്ടടുത്ത ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിനെക്കാള്‍ രണ്ടക്ക ലീഡുണ്ട്. ഇത് ബൈഡനും അനുയായികള്‍ക്കും വ്‌ലിയ ഉത്തേജനം നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പുമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാവാമെന്നും ട്രമ്പിനെ തോല്‍പിക്കുവാന്‍ ഏറെ സാധ്യതയുളള സ്ഥാനാര്‍ത്ഥി ബൈഡനാണെന്നും ഇവര്‍ പറയുന്നു. ആദ്യം ഡെമോക്രാറ്റിക് പ്രൈമറികള്‍ നടക്കുന്ന അയോവയില്‍ ഈ വേനല്‍ മുഴുവന്‍ ബൈഡന്‍ ലീഡ് നിലനിര്‍ത്തി. സെനറ്ററായും വൈസ് പ്രസിഡന്റായും കാഴ്ചവച്ച പ്രകടനം സംബന്ധിച്ച വിവാദവും പ്രചരണത്തിലെ ചില തെറ്റായ ചുവടുവയ്പുകളും ജനപ്രീതിയെ ബാധിച്ചിട്ടില്ല.
അയോവയില്‍ പാര്‍ട്ടി ചെയര്‍മാന്മാരും രാഷ്ട്രീയ തന്ത്രജ്ഞരുമായി നടത്തുന്ന സംഭാഷണങ്ങളില്‍ ബൈഡന്റെ പിന്തുണ തെളിഞ്ഞു കാണാം. ബൈഡന്റെ പത്‌നി ജില്‍ പറയുന്നു: നിങ്ങള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കൂടുതല്‍ ഇഷ്ടപ്പെട്ടു എന്നു വരാം. എന്നാല്‍ ആര്‍ക്കാണ് വിജയസാധ്യത എന്ന് മനസ്സിലാക്കുക.

ബൈഡന്റെ ആദ്യ പ്രചരണ ചിത്രത്തില്‍ ട്രമ്പിനെതിരായ ചില പൊതുജനാഭിപ്രായ സര്‍വേ ഫലങ്ങള്‍ക്കാണ് പ്രാധാന്യ നല്‍കിയത്. പ്രത്യക്ഷപ്പെടുന്ന വോട്ടര്‍മാര്‍ സര്‍വേ ഫലങ്ങളിലൂന്നി അവര്‍ എന്തു കൊണ്ട് ബൈഡനെ പിന്തുണയ്ക്കുന്നു എന്നും ട്രമ്പിനെ പരാജയപ്പെടുത്തേണ്ടതാണ് അത്യാവശ്യം എന്ന് ഉദ്‌ബോധിപ്പിക്കുന്നു.
ബൈഡന്റെ സുപരിചിതമായ പേരാണ് ഏറ്റവും വലിയ പ്രയോജനകരമായ ഘടകം എന്ന് വോട്ടര്‍മാര്‍ പറയുന്നു. മാസച്യൂസ്റ്റ്‌സ് സെനറ്റര്‍ എലിസബെത്ത് വാറന്‍ മിനിസോട്ടയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 12,000 പേര്‍ പങ്കെടുത്തു. വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സിന്റെ പരിപാടിയിലും ഏതാണ്ട് അത്രയും ആളുകള്‍ പങ്കെടുത്തു. എങ്കിലും ഇരുവരും ബൈഡന് ബഹുദൂരം പിന്നിലാണ് എന്നാണ് സര്‍വേകള്‍ പറയുന്നത്.
വളരെ ആത്മാര്‍ത്ഥമായി അര്‍പ്പണഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ധാരാളം അനുയായികള്‍ അയോവയിലും രാജ്യത്ത് എല്ലായിടത്തും ബൈഡനുണ്ട്. ട്രമ്പിനെതിരായുള്ള ബൈഡന്റെ ബലമാണ് അവരുടെ പിന്തുണയ്ക്ക് പിന്നില്‍ എന്ന് അനുയായികള്‍ പറയുന്നു. എന്നാല്‍ മറ്റു സ്ഥാനാര്‍ത്ഥികളായ സെനറ്റര്‍മാര്‍ സാന്‍ഡേഴ്‌സിന്റെയും വാറന്റെയും കമലഹാരിസിന്റെയും കരുത്ത് കുറച്ചു കാണാനാവില്ല. ചില നിരീക്ഷകര്‍ ഒരു ബൈഡന്‍-വാറന്‍ ടീമിന് ട്രമ്പ്-പെന്‍സ് ടീമിന് മേല്‍ ഒരു വാക്കോവര്‍ പ്രതീക്ഷിക്കുന്നു. ബൈഡന്റെ മിതത്വവും വാറന്റെ ഇടതുപക്ഷചായ് വും മുതല്‍ക്കൂട്ടാവുമെന്ന് കരുതുന്നവരുണ്ട്. മറുവശത്ത് ബൈഡനൊപ്പം കമലഹാരിസിന്റെ ആക്രമണസ്വഭാവവും ചേര്‍ന്നാല്‍ വിജയം ഉറപ്പാണെന്ന് വാദിക്കുന്നവരുമുണ്ട്. ബട്ടീജീജിനും സെനറ്റര്‍ കോറി ബുക്കര്‍ക്കും പിന്തുണ നല്‍കുന്നവരും ധാരാളം.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഈ ഘട്ടത്തില്‍ തിരിച്ചറിയുന്ന പേര് ഒരു വലിയ ഘടകമാണ്. ബൈഡനൊപ്പം മത്സരിക്കുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പേരുകള്‍ വോട്ടര്‍മാരുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുക അത്ര എളുപ്പമല്ല. ഇവിടെയാണ് ബൈഡന്‍ മുന്നിട്ടുനില്‍ക്കുന്നത്. ഒരു ചെറിയ ഗ്രാമീണ പട്ടണമായ പ്രോളില്‍ ബൈഡന്റെ പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ റിക്ക് സ്‌പെല്ലര്‍ ബെര്‍ഗ് പറഞ്ഞു. ഇ്‌പ്പോള്‍ ഒരു കുതിര മുന്നിലുണ്ടെങ്കില്‍ ഞാന്‍ അതിന് ബൈഡന്‍ എന്ന് പേരിടും. മറ്റ് സ്ഥാനാര്‍ത്ഥികളെക്കുറിച്ചും എനിക്ക് തുറന്ന മനസ്സാണ്. എങ്കിലും ബൈഡനെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇതുവരെ ബൈഡന്‍ തെറ്റായി ഒന്നും ചെയ്യുന്നില്ല. അതുതന്നെ മതി ബൈഡന് ലീഡ് നില നിര്‍ത്താന്‍, സ്‌പെല്ലര്‍ ബെര്‍ഗ് പറഞ്ഞു നിര്‍ത്തി.

ബൈഡന്റെ ആദ്യപ്രചരണ വീഡിയോ പുറത്ത് (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക