Image

ജര്‍മനിയില്‍ അമിത വേഗതയില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയില്‍

Published on 23 August, 2019
ജര്‍മനിയില്‍ അമിത വേഗതയില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയില്‍

  

ബര്‍ലിന്‍: അര്‍ധരാത്രിയില്‍ മാതാപിതാക്കളുടെ അനുമതി ഇല്ലാതെ ജര്‍മനിയിലെ ഹൈവേയിലൂടെ (എ44) 140 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിച്ച എട്ടു വയസുകാരന്‍ ഏറെ ആശങ്ക പടര്‍ത്തിയെങ്കിലും ഒടുവില്‍ പോലീസിന്റെ പിടിയിലായി. വെസ്റ്റ് ഫാളിയ നഗരത്തിലെ സോസ്റ്റ് എന്ന ചെറുപട്ടണത്തില്‍ താമസിക്കുന്ന ബാലനാണ് വോള്‍ക്‌സ് വാഗന്‍ കന്പനിയുടെ ഗോള്‍ഫ് മോഡല്‍ ഓട്ടോമാറ്റിക് കാറുമായി ഹൈവേയിലൂടെ പാഞ്ഞത്.

ഡോര്‍ട്ട്മുണ്ട് നഗരം ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടയില്‍ അല്‍പ്പനേരം വിശ്രമിക്കാന്‍ ഹൈവേയുടെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്തപ്പോഴാണ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. പോലീസ് പിടികൂടി കാര്യം അന്വേഷിച്ചപ്പോള്‍, അല്‍പ്പം െ്രെഡവ് ചെയ്യണമെന്നു മാത്രമേ താന്‍ ആഗ്രഹിച്ചുള്ളൂ എന്നു പറഞ്ഞു കരഞ്ഞ കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ പക്കല്‍ ഏല്‍പ്പിച്ചു. അമിത വേഗം കുട്ടിക്കുതന്നെ അസ്വസ്ഥത തോന്നിയതോടെയാണ് സ്വയം കാര്‍ നിര്‍ത്തിയതെന്നും കുട്ടി പോലീസിനോടു പറഞ്ഞു. കാറിന്റെ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്തിരുന്നു. കാറിന്റെ പിന്നില്‍ വാണിംഗ് ത്രികോണവും ഘടിപ്പിച്ചിരുന്നു.

വീടിന്റെ മുറ്റത്തുനിന്നും ഓടിയകലുന്ന കാറിന്റ ശബ്ദം കേട്ടാണ് അമ്മ വിവരം അറിയുന്നത്. ഉടന്‍തന്നെ അവര്‍ പോലീസിനെ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് കാര്‍ കണ്ടെത്തിയത്. 

ഗോ കാര്‍ട്ടുകളില്‍ ബന്പര്‍ കാറുകള്‍ ഓടിച്ചിട്ടുള്ള കുട്ടി, സ്വകാര്യ സ്ഥലത്ത് വലിയ കാറുകളും സ്ഥിരമായി ഓടിക്കാറുണ്ടെന്നുള്ള കാര്യം മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞു. സംഭവത്തില്‍ ആരുടെയെങ്കിലും സ്വത്തിനോ, ആളുകള്‍ക്കോ പരിക്കോ, ജീവഹാനിയോ സംഭവിച്ചിട്ടില്ലെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. 

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ വന്‍ പിഴയും മാതാപിതാക്കള്‍ക്ക് കടുത്ത ശിക്ഷയും അനുശാസിക്കുന്ന ജര്‍മനിയില്‍ എന്തായാലും കേസില്ലാതെ സംഭവം മാറുകയും ചെയ്തു. നിയമാനുസൃതമായി പതിനേഴു വയസുമുതല്‍ ജര്‍മനിയില്‍ ലൈസന്‍സ് ലഭിക്കുകയും വാഹനം ഓടിക്കുകയും ചെയ്യാം. എന്നാല്‍ രണ്ടുവര്‍ഷം ഓടിച്ചു പരിചയമുള്ള ഒരാള്‍ 17 കാരന്റെ കൂടെ വാഹനത്തിലുണ്ടാവണം എന്നും നിയമം അനുശാസിക്കുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക