Image

നൈസ് പീപ്പള്‍ (കഥ: സാം നിലമ്പള്ളില്‍)

Published on 24 August, 2019
നൈസ് പീപ്പള്‍ (കഥ: സാം നിലമ്പള്ളില്‍)
കുന്നേല്‍ അവറാച്ചന്‍ ഈയിടെയായി വലിയ ആവേശത്തിലാണ്. അദ്ദേഹം മാത്രമല്ല ഭാര്യ മറിയാമ്മയും; വീട്ടിലുള്ള എല്ലാവരും; വേലക്കാരി ശാന്തവരെ ആവേശത്തിന്റെ കാര്യത്തില്‍ പരസ്പരം മല്‍സരിക്കുകയാണോ എന്ന് തോന്നിപ്പോകും.

അല്‍പ്പം പരുക്കനും, ആരോടും എന്തും വെട്ടിത്തുറന്ന് പറയാന്‍ മടിയില്ലാത്തവനുമായ അവറാച്ചന്‍ ആവേശം കൊള്ളണമെങ്കില്‍ തക്കതായ എന്തെങ്കിലും കാരണം ഉണ്ടായിരിക്കണമല്ലോ. നാട്ടില്‍ പാട്ടാകേണ്ട എന്നുകരുതിയാണ് ഭാര്യയോടു പോലും പറയാതിരുന്നത്. വീട് പെയിന്റ് ചെയ്യാന്‍ ആളെ ഇടപാടുചെയ്യുന്നതും, പുതിയ ഫര്‍ണിച്ചര്‍ വാങ്ങുന്നതും ഒക്കെ കണ്ടിട്ടും പാവം മറിയാമ്മക്ക് കാര്യം പിടികിട്ടിയില്ല. റബറിന്റെ വില പെട്ടന്ന് കൂടിയതുകൊണ്ട് കയ്യില്‍ കുറെ കാശ് വന്നുചേര്‍ന്നതിന്റെ ആഢംമ്പരം കാണിക്കുകയാണെന്നാണ് അവര്‍ ഊഹിച്ചത്. ഒരു മുട്ടനാടിനെ വാങ്ങിക്കൊണ്ടുവന്ന് എരുത്തിലില്‍ കെട്ടിയപ്പോളാണ് എന്തോ പന്തികേടുണ്ട് എന്ന് മറിയാമ്മക്ക് തോന്നിയത്.

“ഇതെന്തിന്റെ കേടാ നിങ്ങള്‍ക്ക്? മുട്ടനാടിനെക്കൊണ്ട് തടുപ്പിച്ച് കാശൊണ്ടാക്കാനുള്ള പരിപാടിയാണോ?”

അങ്ങനെയൊന്നും ചിരിക്കാത്ത അവറാച്ചന്‍ അതുകേട്ട് ചിരിച്ചു. എന്നിട്ട് വെടി പൊട്ടിച്ചു.

 “നമ്മടെ മോളും ഭര്‍ത്താവും വരുന്നെടി. അല്ലാതെ എനിക്ക് വട്ടൊണ്ടായിട്ടാണോ ഞാനിതൊക്കെ ചെയ്യുന്നത്? ആടിനെ മേടിച്ചത് ഫ്രൈ ചെയ്യാനാടീ.”

“എന്നാപ്പിന്നെ നിങ്ങക്കീകാര്യം നേരത്തെ പറയരുതാരുന്നോ? ഞനാകെ പരിഭ്രമിച്ചു പോയല്ലോ. എന്നാ വരുന്നതെന്നു വല്ലതും പറഞ്ഞോ?”

“അടുത്തമാസം പത്താം തീയതി. അതിന് നീയെന്തിനാ പരിഭ്രമിക്കുന്നത്?”

അവറാച്ചന്‍ ആവേശഭരിതനാകുന്നതിന്റെ കാരണം ഇപ്പോള്‍ മനസിലായല്ലോ? ഇനിയിപ്പം മറിയാമ്മക്കും ആവേശം കൊള്ളാം. ഭാര്യ അറിഞ്ഞസ്ഥിതിക്ക് ഇനി നാട്ടുകാരും വീട്ടുകാരും അറിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. അതുകൊണ്ടായിരിക്കും വൈകിട്ട് ജങ്ങ്ഷനില്‍ ചെന്നപ്പോള്‍ കുശുമ്പന്‍ കുര്യന്‍ ചോദിച്ചത്, “എന്താ അവറാച്ചാ വലിയ സന്തോഷത്തിലാണല്ലോ?
അമേരിക്കേന്ന് മോളും ഭര്‍ത്താവും വരുന്നെന്ന് കേട്ടല്ലോ?”

അവറാച്ചന്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചില്ല. കുര്യന്റെ ചോദ്യത്തില്‍ അല്‍പ്പം കുശുമ്പ് അടങ്ങിയിട്ടുണ്ടെന്ന് അവറാച്ചനുമാത്രമല്ല കേട്ടുനിന്നവര്‍ക്കും അറിയാം.

‘നീ കേട്ടത് ശരിയാ’ എന്ന് മറുപടി പറഞ്ഞു.

“മരുമോന്‍ സായിപ്പാണല്ലേ?” അവറാച്ചനെ ഒന്ന് ഇരുത്തണം എന്നുകരുതി അല്‍പം ശബ്ദം ഉയര്‍ത്തിയാണ് കുര്യന്‍ ചോദിച്ചത്.

“അതേടാ അവന്‍ സായിപ്പാ, വലിയ ഡോക്ട്ടറാ. അല്ലാതെ നിന്റെ മരുമോനെപ്പോലെ വായിനോക്കിയല്ല.” അവറാച്ചന്‍ തിരിച്ചടിച്ചതുകേട്ട് ചുറ്റും നിന്നവരെല്ലാം ചിരിച്ചു. കുര്യന്‍ ചമ്മലുമറയ്ക്കാന്‍വേണ്ടി ഇത്രയുംകൂടി പറഞ്ഞു, “സായിപ്പാണെന്നുകേട്ടു. അതുകൊണ്ട് ചോദിച്ചതാ, അല്ലാതെ…..

“ഇപ്പം നിന്റെ സംശയം തീര്‍ന്നല്ലോ . ഇനി നീ മനസമാധാനത്തോടെ വീട്ടില്‍ പോയിക്കിടന്ന് ഒറങ്ങ്.”

അവറാച്ചനോട് കളിക്കുന്നത് നല്ലതിനല്ലെന്ന് മുന്‍ അനുഭവമുള്ള കുര്യന്‍ പിന്നൊന്നും പറഞ്ഞില്ല.

“അതെ ഡെയ്‌സിമോടെ ഭര്‍ത്താവ് സായിപ്പാ.” കൂടിനിന്നവരോടായിട്ട് അവറാച്ചന്‍ പറഞ്ഞു. “ഡോക്ട്ടറാ; ഈ ഓപ്പറേഷനൊക്കെ ചെയ്യുന്ന ചെയ്യുന്ന ഡോക്ട്ടര്‍മാരുണ്ടല്ലോ, സര്‍ജന്റെന്നോ മറ്റോ…. അതാണയാള്‍.”

“സര്‍ജന്റല്ല; സര്‍ജന്‍,” കൂട്ടത്തില്‍ അല്‍പം വിദ്യാഭ്യാസമുള്ള മുളക്കലെ തോമാച്ചന്‍ തിരുത്തി.

“ശരിയാ സര്‍ജന്‍: അങ്ങനെയാ മോള് പറഞ്ഞത്. പിന്നെ, സായിപ്പന്‍മാരല്ലേ ശരിക്കൊള്ള ക്രിസ്ത്യാനികള്. ഇവിടൊള്ളതൊക്കെ മാര്‍ക്ഷം കൂടിയതല്ലേ?”

“അവറാച്ചായന്‍ അങ്ങനെ താഴ്ത്തിപ്പറയരുത്.” കേട്ടുകൊണ്ടുനിന്ന പുത്തന്‍പുരക്കലെ ജോണിക്കുട്ടി ഏറ്റുപിടിച്ചു. “ഞങ്ങടെ കുടുംബം തോമാസ്‌ളീഹ മാമോദീസമുക്കിയ ബ്രാഹ്മണരാ.”

“എന്ന് നീ പറഞ്ഞാമതിയോ ജോണിക്കുട്ടി. നിന്നെ കണ്ടാല്‍ ബ്രാഹ്മണനാണെന്ന് പറയത്തില്ലല്ലോ?”

എല്ലാവരും ചിരച്ചപ്പോള്‍ അങ്ങനെ അവകാശപ്പെടേണ്ടതില്ലായിരുന്നു എന്ന് ജോണിക്കുട്ടിക്ക് തോന്നി. ഡെയ്‌സിയും ഭര്‍ത്താവും അമേരിക്കയില്‍നിന്ന് വരുന്നെന്നുള്ള വാര്‍ത്ത അറിയാന്‍ ഇനിയാരും നാട്ടില്‍ ഉണ്ടവുമെന്ന് തോന്നുന്നില്ല. മിക്കവാറും എല്ലാ വീടുകളിലും സംസാരവിഷയം അതുതന്നെയായിരുന്നു. ഡെയ്‌സിയുടെ കാര്യത്തിലല്ല അവളുടെകൂടെ സായിപ്പും വരുന്നു എന്നുള്ളതിലാണ് വാര്‍ത്തയുടെ സവിശേഷത. സായിപ്പിനേയും മദാമ്മയേയും കാണാത്തവരായി ആ നാട്ടില്‍ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. സംഗതി അതല്ലല്ലോ? നമ്മുടെ നാട്ടില്‍നിന്നും അമേരിക്കയില്‍ നര്‍ഴ്‌സായിപ്പോയ ഡെയ്‌സി ഒരു സായിപ്പിനെ കല്ല്യാണംകഴിച്ചുകൊണ്ടുവരുന്നു എന്നുള്ളത് ഒരു പ്രത്യേകതയല്ലേ? അവള്‍ തിരഞ്ഞെടുത്ത പുരുഷന്‍ എങ്ങനെയുള്ളവനായിരിക്കും എന്ന് അറിയാനുള്ള ഒരു ആകാംഷ. അത്രേയുള്ളു.

കല്ല്യാണം അമേരിക്കയില്‍ വെച്ചായിരുന്നതുകൊണ്ട് അവറാച്ചനും മറിയാമ്മയും മരുമകന്റെ ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളു. ‘മൈക്ക് എന്നാണത്രേ പേര്.’

“അയ്യേ, ഇതെന്തൊരു പേരാ? ഉച്ചഭാഷിണിക്കല്ലേ മൈക്കെന്നു പറയുന്നത്? മനുഷ്യര്‍ക്ക് ഇങ്ങനത്തെ പേരുണ്ടോ?” മറിയാമ്മക്ക് മരുമകന്റെ പേര് തീരെ ഇഷ്ട്ടപ്പെട്ടില്ല.

“എടി മണ്ടി, മൈക്ക് എന്നുള്ളത് മൈക്കള്‍ എന്നുള്ളതിന്റെ ചുരുക്കപ്പേരാ. ഇപ്പോ ഇവിടെത്തന്നെ ഇപ്പോഴത്തെ പിള്ളാരുടെ പേര് കേട്ടിട്ടില്ലേ . ബിജു, കിജു എന്നൊക്കെ. അല്ല, നിന്റെ പേരിനെന്താ അര്‍ത്ഥം. മറിയാമ്മ എന്നു വെച്ചാല്‍ എന്താ?”


“അത് കര്‍ത്താവിന്റെ അമ്മേടെ പേരല്ലേ, മറിയ, മേരി എന്നൊക്കെ? അല്ല നിങ്ങടെ പേരിന്റെ അര്‍ത്ഥമെന്താ? അതു പോട്ടെ; അവനിവിടെ വരുമ്പോള്‍ മൈക്കിള്‍ എന്നുവിളിച്ചാല്‍ മതി. മൈക്കെന്നുവിളിച്ചാല്‍ ആളുകള് കളിയാക്കും.”

“ആളുകളോട് പോകാന്‍ പറ,” അവറാച്ചന്‍ ദൈവത്തെ ഭയമുള്ളവനാണെങ്കിലും മനുഷ്യരെ അശ്ശേഷം ശങ്കയിലല്ലാത്തവനാണ്.

“നമ്മളെങ്ങനെയാ മൈക്കളിനോട് സംസാരിക്കുന്നത്? നമുക്ക് രണ്ടുപേര്‍ക്കും ഇംഗ്‌ളീഷ് അറിയില്ലല്ലോ?” മറിയാമ്മ പ്രാക്ട്ടിക്കലായി ചിന്തിക്കാന്‍ തുടങ്ങി.

“നമ്മള്‍ മോളോട് പറയുന്നു. അവളത് അവനോട് ഇംഗ്‌ളീഷില്‍ പറയും, അത്രതന്നെ.”

“എന്നാലും നേരിട്ട് സംസാരിക്കുന്നതു പോലെ ഒക്കത്തില്ലല്ലോ?”

“എന്താ, നിനക്കിനി ഇംഗ്‌ളീഷ് പഠിക്കണമെന്നുണ്ടോ?”

“അഞ്ചാറ് ഇംഗ്‌ളീഷ് വാക്കുകള്‍ അറിയാമായിരുന്നെങ്കില്‍  കൊള്ളാമായിരുന്നു.”

‘ാര്യ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് അവറാച്ചനും തോന്നി. ഇനിയിപ്പം സ്കൂളില്‍ ചേര്‍ന്ന് പഠിക്കാനൊന്നും പറ്റത്തില്ലല്ലോ? ആരെയെങ്കിലും ഇംഗ്‌ളീഷ് അറിയാവുന്നവരെ സമീപിച്ചാലോ? മുളക്കലെ തോമാച്ചന് ഇംഗ്‌ളീഷ് അറിയാം. അയാളോടൊന്ന് ചോദിച്ചാലോ? പിന്നെ ആലോചിച്ചപ്പോള്‍ അത് വേണ്ടെന്ന് തോന്നി. ആരെങ്കിലും അറിഞ്ഞാല്‍ നാണക്കേടാ.

“നമ്മടെ അനുമോളോട് പറയാം. അവളാണെങ്കില്‍ പ്‌ളസ്സ്ടൂ തോറ്റു നില്‍ക്കുകല്ലേ?”

മറിയാമ്മയുടെ നിര്‍ദ്ദേശം കേട്ടപാടെ അവറാച്ചന്‍ പുഛിച്ച് തള്ളി. “അവള്‍ക്ക് ഇംഗ്‌ളീഷ്
അറിയാമായിരുന്നെങ്കില്‍ പ്‌ളസ്സ്ടൂവിന് തോക്കത്തില്ലായിരുന്നല്ലോ?”

അവറാച്ചന്റെ പെങ്ങടെ മോടെ കാര്യമാ പറഞ്ഞത്. എന്നിട്ടും ഭര്‍ത്താവറിയാതെ മറിയാമ്മ അനുവിനോട് ചോദിച്ച് അല്‍പം ഇംഗ്‌ളീഷ് പഠിച്ചു.

‘വാട്ടീസ് യുവര്‍ നെയിം? മൈ നെയിം ഈസ് മറിയാമ്മ. ഹൗ ഓള്‍ഡ് ആര്‍ യു? വെല്‍ക്കം.’ ഇത്രയും ഇംഗ്‌ളീഷാണ് അനു പഠിപ്പിച്ചത്. അവള്‍ക്ക് ഇതില്‍ കൂടുതലൊന്നും അറിയില്ലല്ലോ?

“ഇതൊക്കെ അറിയാമായിട്ടാണോ നീ തോറ്റത്?” മറിയാമ്മ ചോദിച്ചു.

“ഞാന്‍ തോറ്റത് ഇംഗ്‌ളീഷിനല്ല, അമ്മച്ചി. കണക്കിനാ.” തന്റെ വീക്ക്‌നെസ്സ് ഇംഗ്‌ളീഷിനല്ല എന്ന് അവള്‍ സമര്‍ത്ഥിച്ചു.

അനുവില്‍ നിന്ന് പഠിച്ചകാര്യങ്ങള്‍ ഊണിയും ഉറക്കത്തിലും മറിയാമ്മ ഉരുവിട്ടുകൊണ്ടിരുന്നു.

“നീയെന്താ കെടന്ന് പിറുപിറുക്കുന്നത?” ഭാര്യ എന്തോ പറയുന്നത് കേട്ട് അവറാച്ചന്‍ പാതിഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. “നിനക്കെന്താ സുഖമില്ലേ?”

“ഒന്നുമില്ല, നിങ്ങള് കിടന്നുറങ്ങ്.” മറിയാമ്മ തിരിഞ്ഞുകിടന്നു.

എന്നാല്‍ ഭാര്യ അറിയാതെ അയാളും ഇംഗ്‌ളീഷ് പഠിക്കാന്‍ തുടങ്ങിയിരുന്നു. ഒരു ദിവസം വൈകുന്നേരം കുട്ടികളൊക്കെ പോയസമയം നോക്കി അയാള്‍ വിസ്ഡം ട്യൂട്ടോറിയലിലേക്ക് കയറിച്ചെന്നു. പ്രിന്‍സിപ്പാള്‍ ജോര്‍ജ്ജ് വര്‍ഗീസ് മാത്രമേ അന്നേരം അവിടെ ഉണ്ടായിരുന്നുള്ളു.


“അവറാച്ചായന്‍ എന്താ പതിവില്ലാതെ ഈ വഴിക്ക്?” പട്ടിക്കെന്താ ചന്തേല്‍ കാര്യം എന്നതുപോലെ അവറാച്ചനെന്താ ട്യൂട്ടോറിയലില്‍ കാര്യം എന്നാണ് പ്രന്‍സിപ്പാള്‍ ചിന്തിച്ചത്.

“ജോര്‍ജ്ജ് എനിക്കൊരു ഉപകാരം ചെയ്യണം.”

പണം വല്ലതും കടംചോദിക്കാന്‍ വന്നതാണോ എന്ന് ജോര്‍ജ്ജ് വര്‍ഗീസ് ഭയപ്പെട്ടു. അങ്ങനെയെങ്കില്‍ പറയേണ്ട ഒഴികഴിവുകളും മനസില്‍ കരുതിവെച്ചു. സ്റ്റുഡന്‍സൊന്നും സമയത്തിന് ഫീസ് തരത്തില്ലെന്നും, അദ്ധ്യാപകര്‍ക്ക് കഴിഞ്ഞമാസത്തെ ശമ്പളം ഇതേവരെ കൊടുത്തിട്ടില്ലെന്നും മറ്റും. പക്ഷേ, നാട്ടിലെ ധനികനായ അവറാച്ചന്‍ നക്കാപ്പിച്ചക്കാരനായ തന്നോട് കടം ചോദിക്കേണ്ട കാര്യമില്ലല്ലോ എന്നോര്‍ത്ത് സമാധാനപ്പെടുകയും ചെയ്തു. ഇനി ട്യൂട്ടോറിയലില്‍ ചേര്‍ക്കാനാണെങ്കില്‍ അതിനുതക്ക മക്കളും അവറാച്ചനില്ല. പിന്നെ എന്തായിരിക്കും സംഗതി എന്നാലോചിച്ചു കൊണ്ടിരുന്നപ്പോള്‍ ശങ്കിച്ച് ശങ്കിച്ച് അവറാച്ചന്‍ പറഞ്ഞുതുടങ്ങി.

എല്ലാം പറഞ്ഞുകേട്ടപ്പോള്‍ ജോര്‍ജ്ജ് വര്‍ഗീസ് പൊട്ടിച്ചിരിച്ചു. “ഇത്രേയുള്ളോ കാര്യം, ഞാനങ്ങ് പേടിച്ചുപോയല്ലോ, അച്ചായാ.”

“നീയെന്തിനാ പേടിക്കുന്നത്, ജോര്‍ജ്ജേ?  ഞാന്‍ നിന്നെ കൊല്ലാനൊന്നും വന്നതല്ലല്ലോ?”

“അച്ചായന്‍ സമാധാനത്തോടെപോ, ഞാന്‍ വീട്ടില്‍ വന്ന് വേണമെങ്കില്‍ പഠിപ്പിക്കാം.”

“അതുവേണ്ട, ഞാന്‍ ഇങ്ങോട്ട് വരാം, മറിയാമ്മ അറിയേണ്ട”

അങ്ങനെയാണ് ഭാര്യ അറിയാതെ അയാള്‍ ഇംഗ്‌ളീഷ് പഠിക്കാന്‍ തുടങ്ങിയത്. എന്നും വൈകുന്നേരം കുട്ടികളൊക്കെ പോയിക്കഴിയുമ്പോള്‍ അവറാച്ചന്റെ ക്‌ളാസ്സ് തുടങ്ങും. ആരെങ്കിലും അവിചാരിതമായി കയറിവന്നാല്‍ പഠിപ്പിക്കല്‍ നിറുത്തി നാട്ടുവിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. ആദ്യം ഇംഗ്‌ളീഷ് ഗ്രാമറാണ് തുടങ്ങിയത്. ജോര്‍ജ്ജ് പറയുന്നതൊന്നും അവറാച്ചന് മനസിലായതേയില്ല. ഇപ്പോള്‍ പഠിച്ച കാര്യം അടുത്തനിമിഷം മറന്നുപോകും. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരുകാര്യംമാത്രം, അതിന്റെ പ്രാസംകൊണ്ടോ എന്തോ, ഒരു നാടന്‍പാട്ടുപോലെ മനസില്‍ പതിഞ്ഞു. രണ്ടാഴ്ചകൊണ്ട് അയാള്‍ പഠിച്ചത് അതുമാത്രമായിരുന്നു. അതിന്റെ അര്‍ത്ഥം എന്തെന്നോ എപ്പോളാണ് അത് പ്രയോഗിക്കേണ്ടതെന്നോ അറിയാന്‍ വയ്യായിരുന്നു. എന്നാല്‍ ഏത് പാതിരാത്രിയിലും ഉണര്‍ന്ന് പറയാന്‍ തക്കവണ്ണം ആ പ്രയോഗം
മനഃപാഠമാക്കിവെച്ചു

ഡെയ്‌സിമോളേം ഭര്‍ത്താവിനേയും സ്വീകരിക്കാന്‍ അവറാച്ചനും മറിയാമ്മയും എയര്‍പോര്‍ട്ടില്‍ പോയിരുന്നു. കാറിലിരുന്ന് പിറുപിറക്കുന്ന ഭാര്യയെ നോക്കി ഇവള്‍ക്ക് എന്തുപറ്റി എന്ന് അയാള്‍ അല്‍ഭുതപ്പെട്ടു. തിരുവനന്തപുരത്തിന്  അടുത്താണല്ലോ ഊളന്‍പാറ? തിരിച്ചുപോകുന്നതിനുമുന്‍പ് അവിടെ കൊണ്ടുപോകേണ്ടി വരുമോ? അവസാനം എയര്‍ പോര്‍ട്ടിലെത്തി മകളേയും മരുമകനേയും സ്വീകരിച്ചു. മകളെ ആലിംഗനം ചെയ്തിട്ട് മൈക്കിനോട് മറിയാമ്മ  ഒരു ചോദ്യമങ്ങുചോദിച്ചു, “വാട്ടീസ് മൈ നെയിം?”

ഒരു നിമിഷം പരിഭ്രമിച്ചെങ്കിലും സംയമനം വീണ്ടെടുത്തുകൊണ്ട് മൈക്ക് പറഞ്ഞു, “യു ആര്‍ മരിയാമ ആന്‍ഡ് ദിസ് ഈസ് എവരാചെന്‍.”

എവരാചെന്‍ എന്നു വിളിച്ചതില്‍ അലോഹ്യം തോന്നിയെങ്കിലും പുറത്ത് പ്രകടിപ്പിക്കാതെ മനപാഠമാക്കി വെച്ചിരുന്ന ഇംഗ്‌ളീഷ് എടുത്ത് പ്രയോഗിച്ചു, “നോട്ട് ഒള്ളി എവരാചെന്‍ ബട്ട് ഓള്‍സോ അവറാച്ചന്‍.”

“യേസ്, എവരാചെന്‍,” മൈക്ക് ശരിവെച്ചു.

“ഇവനെവിടുത്തുകാരനെടാ?” അവറാച്ചന്റെ അടക്കിവച്ചിരുന്ന ദേഷ്യം പുറത്ത് ചാടി.

“നിങ്ങള്‍ക്കിത് എന്തു പറ്റി? പിച്ചും പേയും പറയുന്നോ?” ഡെയ്‌സി ശകാരിച്ചു.

“മോളെ നിന്റെ ഭര്‍ത്താവിനോട് അല്‍പം ഇംഗ്‌ളീഷ് പറയാമെന്ന് വിചാരിച്ച് പഠിച്ചതാ.” മറിയാമ്മ സത്യം പറഞ്ഞു. “എന്നാല്‍ നിന്റെ അപ്പച്ചന്‍ ഇതെങ്ങനെ പഠിച്ചെന്ന് എനിക്കറിയത്തില്ല.”

“ദൈവത്തയോര്‍ത്ത് നിങ്ങള്‍ രണ്ടുപേരും ഇംഗ്‌ളീഷ് പറയരുത്. മൈക്കിനോട് എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ എന്നോട് മലയാളത്തില്‍ പറഞ്ഞാല്‍ മതി. ഞാനത് പുള്ളിയെ പറഞ്ഞ് മനസിലാക്കിക്കൊള്ളാം.”

മൈക്കിനോടായി ഡെയ്‌സി ചോദിച്ചു, “വാട്ട് ഡു യു തിങ്ക് ഓഫ് മൈ പേരന്റ്‌സ്?”

“വെരി നൈസ് പീപ്പിള്‍.”

തങ്ങളെപ്പറ്റി അവരെന്തോ പറയുകയാണെന്ന് മനസിലാക്കിയ അവറാച്ചനും മറിയാമ്മയും പരസ്പ്പരം നോക്കി.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com
Join WhatsApp News
ROY 2020-04-27 08:02:07
This story is written so well, the humour is well depicted. You have an excellent gift of carving and weaving emotions in to your narrations. Nice story. Regards Roy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക