Image

ഒരു പിറന്നാള്‍ ഓര്‍മ്മയില്‍- (രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 28 August, 2019
ഒരു പിറന്നാള്‍ ഓര്‍മ്മയില്‍- (രാജന്‍ കിണറ്റിങ്കര)

സ്‌കൂള്‍ കാലം, അന്നൊക്കെ ഓണത്തിനേക്കാള്‍ സന്തോഷമായിരുന്നു പിറന്നാള്‍ ദിനത്തിന്. അണിയാന്‍ പുത്തനൊന്നും ഉണ്ടാവില്ലെങ്കിലും നാല് മണിക്ക് സ്‌കൂള്‍ വിട്ടു വരുമ്പോള്‍ സദ്യയുണ്ടാകും. മച്ചിലും ഇടനാഴികയിലും ഉറികളില്‍ തൂങ്ങിയാടുന്ന പഴുത്ത മത്തനും കുമ്പളങ്ങയും ഞെക്കി നോക്കി അമ്മ പറയും, 'അതവിടെ ഇരിക്കട്ടെ, കുട്ടീടെ പിറന്നാളിന് എടുക്കാം'. അമ്മ രാവിലെ ചെറിയ വായ് വട്ടമുള്ള അലുമിനിയ ചെമ്പ് തോളില്‍ വച്ച് അതിനു മുകളില്‍ ഒരു ചെറിയ വിറകു കെട്ടുമായി അമ്പലത്തില്‍ പോകും, പായസം വഴിപാടു കഴിക്കാന്‍. പിന്നെ പിറന്നാളുകാരന്റെ പേരില്‍ ഒരു പുഷ്പാഞ്ജലിയും . 

പിറന്നാളിന് ഒരാഴ്ച മുന്നേ 'അമ്മ പായസം വയ്ക്കാനുള്ള ഉണക്കലരി ഉരലില്‍ കുത്തിയെടുത്ത് കല്ലുകളഞ്ഞ് വയ്ക്കും . സ്‌കൂളിന് തൊട്ടു പടിഞ്ഞാറുള്ള അയ്യപ്പക്ഷേത്രത്തില്‍ രാവിലെ എട്ടുമണിക്കെത്തുന്ന അമ്മ തിരിച്ചു വരാന്‍ പത്തുമണിയോളം ആകും. അമ്പലത്തിലെ പൂജകള്‍ കഴിഞ്ഞ് അപ്പോഴേ പായസം കിട്ടൂ. പിറന്നാള്‍ ദിനത്തില്‍ സ്‌കൂളിന് താഴെയുള്ള പഞ്ചായത്ത് റോഡിലൂടെ അമ്മ അമ്പലത്തിലേക്ക് പോകുന്നത് ക്ലാസ്റൂമിന്റെ ജനാലക്കമ്പികളില്‍ പിടിച്ച് നോക്കി നില്‍ക്കും. അതുപോലെ അമ്മ പായസചെമ്പുമായി തിരിച്ചു പോകുന്നതും . തവിട്ടു വീതിക്കരയുള്ള വേഷ്ടിചുറ്റി നടന്നുവരുന്ന അമ്മയുടെ കാല്‍പ്പെരുമാറ്റം അങ്ങ് കിഴക്കേ അങ്ങാടിയില്‍ നിന്നെ എനിക്ക് മനസ്സിലാകുമായിരുന്നു.

 മിഥുനത്തിലെ മഴക്കോളുള്ള പകലില്‍ മഴയുടെ ഇരമ്പലിനൊപ്പം അമ്മ വേഗത്തില്‍ അടികള്‍ വച്ച് അമ്പലത്തിലേക്കോടും, അരിയും വിറകും നനയാതിരിക്കാന്‍ എന്നെപോലെ അമ്മയുടെ അമ്പലത്തില്‍ പോക്ക് പ്രതീക്ഷിച്ച് റോഡിന്റെ ഇരുവശത്തുമുള്ള വീടുകളിലെ പലരും നില്‍ക്കുന്നുണ്ടാവും. അമ്മ പായസചെമ്പുമായി തിരിച്ചു വരുമ്പോള്‍ അവരെല്ലാം ഇലകുമ്പിളും ചെറിയ പാത്രങ്ങളുമായി റോഡിലേക്കിറങ്ങി വരും, 'അമ്മ ചെമ്പുകൊണ്ടുതന്നെ ചൂടുള്ള പായസം കുമ്പിളിലും പാത്രങ്ങളിലും ഒഴിച്ചുകൊടുക്കും. അന്നൊന്നും അമ്മയുടെ ഈ ദാനം എനിക്കത്ര ഇഷ്ടപ്പെട്ടിരുന്നില്ല, വഴിയിലെ ഈ സപ്ലൈ ഒക്കെ കഴിഞ്ഞ് ഞാന്‍ നാലുമണിക്ക് സ്‌കൂള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ പാത്രത്തില്‍ വല്ലതും ബാക്കിയുണ്ടാവുമോ എന്നായിരുന്നു പേടി.

അന്നൊക്കെ അമ്മയ്ക്ക് മക്കളുടെ എല്ലാവരുടെയും പിറന്നാള്‍ കൃത്യമായി ഓര്‍മ്മയുണ്ടായിരുന്നു. പിറന്നാളുകാരന് ഉണ്ണാനുള്ള ഇല അമ്മതന്നെ തോട്ടത്തില്‍ പോയി മുറിച്ചുകൊണ്ടുവരും. കീറാത്ത മാറാല പിടിക്കാത്ത നല്ലൊരു നാക്കില തോട്ടം മുഴുവന്‍ അരിച്ചുപെറുക്കി 'അമ്മ മുറിച്ചെടുക്കും. പിറന്നാളുകാരന്‍ ഉണ്ണുമ്പോള്‍ അമ്മയ്ക്ക് ചില ചിട്ടകള്‍ ഒക്കെയുണ്ടായിരുന്നു. കിഴക്കോട്ട് തിരിഞ്ഞിരിക്കണം, ഉണ്ണുന്ന നാക്കിലക്കു കീഴെ നെടുകെയും കുറുകെയും കുറച്ച് ഇലക്കഷണങ്ങള്‍ കീറിയിടും. പിറന്നാളുകാരന് എതിര്‍വശത്ത് നിന്ന് വിളമ്പാന്‍ പാടില്ല, വിളമ്പുമ്പോള്‍ വേണ്ട എന്നോ മതി എന്നോ പറയാന്‍ പാടില്ല. വേണ്ടെങ്കിലും പിറന്നാളുകാരന്റെ ഇലയില്‍ ചോറും വിഭവങ്ങളും രണ്ടാം വട്ടം ഒന്നുകൂടി വിളമ്പണം. ഊണ് തുടങ്ങും മുമ്പ് 'അമ്മ ഇലയില്‍ നിന്നും എല്ലാ വിഭവങ്ങളും നുള്ളിയെടുത്ത് ഇലയെ മൂന്നുതവണ കൈകൊണ്ടു ചുറ്റി ഭഗവാനെ മനസ്സില്‍ വിചാരിച്ച് നാക്കിലയുടെ തലക്കല്‍ വയ്ക്കും. അതിനുശേഷമേ ഉണ്ണാന്‍ പാടൂ . ഊണ് കഴിയും വരെ അമ്മ ഇടനാഴികയുടെ വാതിലില്‍ ചാരി നില്‍ക്കും. ആ കണ്ണുകളില്‍ അപ്പോള്‍ പ്രാര്‍ത്ഥനയാണോ നിര്‍വൃതിയാണോ? അതിന്റെ അര്‍ത്ഥം തിരയാന്‍ ഞാന്‍ നാല്‍പത് വര്‍ഷങ്ങള്‍ എടുത്തിരിക്കുന്നു.

ആയുസ്സിനെ വെട്ടിക്കുറച്ച് ഓരോ പിറന്നാളും കടന്നു പോകുന്നു, അമ്മയ്ക്കിന്ന് ഒന്നും ഓര്‍മ്മയില്ല, പക്ഷെ ഇന്നും ഒരു ചെറിയ പിച്ചാത്തി അമ്മയുടെ കയ്യില്‍ എപ്പോഴുമുണ്ടാകും, ഇടയ്ക്കിടെ പറയും, ഞാന്‍ രണ്ട് ഇല മുറിച്ച് വരാം, കുട്ട്യോള്‍ക്ക് ഉണ്ണാറായില്ലേ? മിഥുനത്തിലെ ഈ മഴക്കോളില്‍ എന്റെ മനസ്സും മലമക്കാവിലെ ഓലമേഞ്ഞ സ്‌കൂള്‍ ഷെഡിന്റെ ചിതല്‍ പിടിച്ച ജനാലക്കിടയിലൂടെ താഴെ റോഡിലൂടെ നടന്നുപോകുന്ന അമ്മയുടെ നിഴലിനെ പരതുന്നു, റോഡുവക്കില്‍ ആരും പായസ ചെമ്പുമായി വരുന്ന അമ്മയെ പ്രതീക്ഷിച്ച് നില്‍പ്പില്ല. പിറന്നാളിന്റെ ഓര്‍മ്മകളിലേക്ക് ഞാന്‍ ഊര്‍ന്നിറങ്ങുമ്പോള്‍ ഇടനാഴികയിലെ വാതില്‍ ചാരി 'അമ്മ ഇപ്പോഴും നില്‍ക്കുന്നുണ്ട്, അമ്മയുടെ ചുണ്ടുകള്‍ അവ്യക്തമായി മന്ത്രിക്കുന്നു, 'എന്താ എന്റെ കുട്ടി ഒന്നും കഴിക്കാത്തെ' . 

കണ്ണുകളില്‍ നനവ് പടര്‍ത്തി ഓര്‍മ്മകള്‍ ചിറകടിച്ചുയരുമ്പോള്‍ നഷ്ടപ്പെടലിന്റെ വിതുമ്പലില്‍ അമ്പലത്തിലെ തിടപ്പള്ളിയില്‍ ഉണക്കലരി ശര്‍ക്കരയില്‍ തിളച്ചു മറയുന്നു, നഷ്ടബാല്യത്തിന്റെ കണ്ണീര്‍പെയ്ത്തില്‍ അമ്മയെക്കാത്ത് ഞാനും ഓര്‍മ്മകളുടെ പെരുവഴിയില്‍ നിശബ്ദനായി, ഒരു നാക്കില കുമ്പിളുമായി.
ഒരു പിറന്നാള്‍ ഓര്‍മ്മയില്‍- (രാജന്‍ കിണറ്റിങ്കര)
Join WhatsApp News
Easow Mathew 2019-08-28 08:51:45
അമ്മയുടെ സ്നേഹവും കരുതലും ശ്രീ രാജന് എത്ര മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു; ഗൃഹാതുരത്വവും ബാല്യകാല സ്മരണകളും ഉണരുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി. അഭിനന്ദനങള്‍! Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക