Image

74കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, കുട്ടികളുണ്ടാകുന്ന പ്രായം കൂടിയ ഇന്ത്യക്കാരി

Published on 05 September, 2019
74കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, കുട്ടികളുണ്ടാകുന്ന പ്രായം കൂടിയ ഇന്ത്യക്കാരി
ഹൈദരാബാദ്: ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയില്‍ 74കാരി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. എറാമാട്ടി മങ്കയമ്മയാണ് വിവാഹം കഴിഞ്ഞ് 57ാം വര്‍ഷത്തില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ (െഎ.വി.എഫ്) ഇരട്ടകളെ പ്രസവിച്ചത്. കുട്ടികളുണ്ടാകുന്ന പ്രായം കൂടിയ ഇന്ത്യക്കാരിയാണ് ഇവരെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

80കാരനായ ഇ. രാജാറാവുവാണ് മങ്കയമ്മയുടെ ഭര്‍ത്താവ്. കോതപേട്ടിലെ അഹല്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 10.30ന് ശസ്ത്രക്രിയയിലൂടെയായിരുന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

2016ല്‍ പഞ്ചാബില്‍ ദല്‍ജീന്ദര്‍ കൗര്‍ എന്ന 70കാരി കുഞ്ഞിന് ജന്മം നല്‍കിയതാണ് ഇതിന് മുമ്പുള്ള റെക്കോര്‍ഡെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അമ്മക്കും കുഞ്ഞുങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രസവ സമയത്തുണ്ടായ സമ്മര്‍ദം കുറക്കാനായി മങ്കയമ്മയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1962ലാണ് മങ്കയമ്മയുടെയും രാജാറാവുവിന്‍റെയും വിവാഹം കഴിഞ്ഞത്. കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് നിരവധി ചികിത്സകള്‍ നടത്തിയിരുന്നു. മങ്കയമ്മയുടെ പരിചയത്തിലുള്ള ഒരു സ്ത്രീ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു.

ഇത് അറിഞ്ഞ മങ്കയമ്മ ഐ.വി.എഫിന്‍റെ സാധ്യത തേടി ആശുപത്രിയെ സമീപിക്കുകയായിരുന്നുവെന്ന് അഹല്യ ആശുപത്രി ഡയറക്ടര്‍ ഡോ. സനകയ്യാല പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളൊന്നും മങ്കയമ്മക്ക് ഉണ്ടായിരുന്നില്ല.

അണ്ഡോല്‍പാദനം സാധ്യമല്ലാത്ത സാഹചര്യത്തില്‍ മറ്റൊരു സ്ത്രീയുടെ അണ്ഡവും രാജാറാവുവിന്‍റെ ബീജവും തമ്മില്‍ കൃത്രിമ സംയോജനം നടത്തുകയായിരുന്നു. ഇത് മങ്കയമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്നു. പ്രായം കൂടിയ സാഹചര്യത്തില്‍ സാധാരണ പ്രസവം സാധ്യമല്ലാത്തതിനാലാണ് ശസ്ത്രക്രിയ വേണ്ടിവന്നതെന്നും ഡോക്ടര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക