Image

ഓണം ചില ഓര്‍മ്മകള്‍ (ഗംഗ .എസ്)

Published on 06 September, 2019
 ഓണം ചില ഓര്‍മ്മകള്‍ (ഗംഗ .എസ്)
വര്‍ത്തമാനകാലത്തെ ഓണത്തെക്കുറിച്ച് ഒന്നുമില്ല എഴുതാന്‍.

പക്ഷെ, ഓര്‍മകളില്‍ , നിറങ്ങള്‍ നിറഞ്ഞ പഴയ  ഓണക്കാലങ്ങള്‍ തുളുമ്പി നില്‍ക്കുന്നു..

1970 വരെ വിവിധ വാടക വീടുകളില്‍ ആയിരുന്നു ഓണം.

 കര്‍ക്കിടത്തിലെ തോരാമഴയില്‍ പോച്ച (പുല്ലിന്റെ നാട്ടുഭാഷ  ) കളും  ചെടികളും വളര്‍ന്നു അവധൂതനെപ്പോലെ കിടക്കുന്ന പുരയിടം എത്ര പെട്ടെന്ന് ആണ് ചിങ്ങത്തില്‍ ചൂടില്ലാത്ത  ചിങ്ങവെയിലില്‍ കുളിച്ചു കയറി, കാടും പടലും ഒക്കെ വെട്ടി വൃത്തിയാക്കപ്പെടുന്നത്!

 "യ്യോ ഓണം വന്നുകേറി ഒന്നും ഒരുക്കിയില്ലല്ലോ. "മറ്റേമ്മ ആരോടെന്നില്ലാതെ പറയും.

ഇരുട്ടത്തെ കയറ്റു ഉറിയില്‍ തൂക്കിയിട്ട പനമ്പായ വെയിലില്‍  വീഴും. മുളക്, മല്ലി, അരി, കുളിച്ചു കേറി പായില്‍ ക്കിടന്നു ഉണങ്ങി തിളങ്ങിക്കേറും. പൊടിപ്പുമില്ലിലേയ്ക്ക് പോയി പൊടികളാ യി തിരിച്ചു വരും.

ആദ്യ കാലത്ത് കല്ലുരലില്‍ ആണ് പിടിച്ചിരുന്നത്. ഞങ്ങള്‍ കുട്ടികളും കൂടും.

 മണ്ണിന്റെ  തവിട്ട് തൊലിയില്‍ നിന്ന് ഉയരുന്ന വിവിധ പൂമണങ്ങള്‍.  ഓണത്തുമ്പികള്‍ വിരുന്നു വരുന്നത്..

ഓണത്തിനും സ്കൂള്‍ തുറക്കുമ്പോഴും ആയി കൊല്ലത്തില്‍ രണ്ട് തവണയേ ഓരോ ജോഡി  ഉടുപ്പും പാവാടയും കിട്ടൂ.

 ഓണക്കോടി സ്കൂള്‍ തുറക്കുതിന്റെ പിറ്റേന്ന് ഇടും. ബോംബെ ഡയിങ്ങിന്റെ തുണി എടുത്തു തയ്പ്പിയ്ക്കും. അതാവുമ്പോള്‍ ചീത്ത യാവുകയോ നരയ്ക്കുകയോ കീറുകയോ ഇല്ല.

ബന്ധുക്കള്‍ ആരും ഒന്നും തരാറില്ല പൊതുവെ. മേടിച്ചു ശീലവും ഇല്ല.

 അത്തം ഒന്നിന് മുതല്‍ എന്നും പൂക്കളം ഇടാന്‍ രാവിലെ എഴുന്നേറ്റു പോകണം. ഞങ്ങള്‍ കുട്ടികള്‍ക്കും  മറ്റേമ്മയ്ക്കും ആണ് അതിന്റെ ചുമതല.

കണ്ട ഒഴിഞ്ഞ പറമ്പുകളിലും വഴിയോരങ്ങളിലും തെണ്ടിത്തിരിഞ്ഞു നടക്കും.  പള്ളി അയ്യത്തു വരെ കേറും പൂക്കള്‍ക്കായി.

 കാളപ്പൂവ്,തൂമ്പ,  പെരവലം, തെറ്റി,  ചെമ്പരത്തി, ആറുമാസപ്പൂവ്, ശവംനാറി, ബാല്‍സം, ഡിസംബര്‍ പൂ, ,നീല അശോകം, ചോദ്യചിഹ്നപ്പൂവ്, തൊട്ടാവാടി,  അരളി, വിവിധ ഇലകള്‍ ഒക്കെ ഉപയോഗിയ്ക്കും. പൂക്കളങ്ങള്‍  കാണാന്‍ അടുത്ത വീടുകളില്‍ പോവും.

 പലഹാരങ്ങളുടെ നിര്‍മ്മാണം, വിതരണം, തീറ്റയുടെ മാസം കൂടി ആണ് ചിങ്ങം.

 മറ്റേമ്മയും അമ്മയും ( ചിലപ്പോള്‍ സഹായത്തിനു ആരെങ്കിലും കാണും ) കൂടി ചീപ്പപ്പം, അച്ചപ്പം, ഉണ്ണിയപ്പം, മുന്തിരിക്കൊത്തു,, അവലോസുണ്ട തുടങ്ങി നാടന്‍ പലഹാരങ്ങള്‍  ഉണ്ടാക്കും.

ആ ദിവസങ്ങളില്‍, വെളിച്ചെണ്ണയില്‍ വേവുന്ന പലഹാര മണം ചൂഴ്ന്ന് നില്‍ക്കും  വീടാകെ.ആ മണം മൂക്കിലേക്ക് തറഞ്ഞു കയറുമ്പോള്‍  നല്ല എരിവുള്ള മീന്‍കറി കൂട്ടി ചക്കയോ കപ്പയോ തിന്നാന്‍ തോന്നും.

മിക്കവാറും ഒരു പഴക്കുല ഓണത്തിന് തയ്യാറായി  പുരയിടത്തില്‍  ഉണ്ടാവും.

എന്റെ പ്രധാന ജോലി പലഹാര വിതരണം ആണ്.

 അക്കാലങ്ങളില്‍ പ്ലാസ്റ്റിക് ഇല്ലാത്തതിനാല്‍ പത്രക്കടലാസില്‍ പൊതിഞ്ഞു എടുക്കും. പക്ഷെ എണ്ണയില്‍ കുതിര്‍ന്ന കടലാസ്സ് പൊട്ടി വഴിയില്‍ വീഴാതിരിയ്ക്കാന്‍ കുഞ്ഞു വട്ടിയിലാക്കി തരും.
 അതുമായി പരിസരങ്ങളിലെ മുസ്ലിം ക്രിസ്ത്യന്‍ വീടുകളില്‍ പോകണം.തീരെ ദരിദ്രര്‍ ആയ ഹിന്ദു വീടുകളും മറ്റേമ്മ ഉള്‍പ്പെടുത്തും.

 മരിയമ്മാമ്മ, ഉമൈബാഉമ്മ, ഷെരീഫ ഉമ്മ, ആജറുമ്മ, സൈനബ ഉമ്മ, യശോദ അക്ക , ദാമോദരന്‍ മൂപ്പര് (ലിസ്റ്റ് നീളും ) തുടങ്ങിയവരുടെ  വീടുകളില്‍ കൊണ്ട് കൊടുക്കണം..

 തിരുവോണത്തിന്റെ അന്ന് സദ്യ.അന്ന് മാത്രം ആണ് എല്ലാവരും കൂടി ഒരുമിച്ചിരുന്നു ഉണ്ണുന്നതു. അതും നിലത്ത് പുല്ലു പായ നിവര്‍ത്തി ഇട്ടിട്ട്.

  നേരത്തേ ഇല വെട്ടി വെയ്ക്കുന്ന പണിയും എനിയ്ക്കു തന്നെ.   വെര്‍മസലി പായസം, പരിപ്പ്കറി, ഇഞ്ചി കറി, കരിനാരങ്ങാ, തോരന്‍, അവിയല്‍, മോര്,   കൂട്ടി ഊണ്. ഓണത്തിന് മാത്രേ പപ്പടം വറുക്കൂ.  മീന്‍ നിര്‍ബന്ധം ഉണ്ട് അച്ചാച്ചന്.  ഒരു കഷ്ണം തലേന്ന് വറുത്തത് എടുത്തു മാറ്റി വച്ചിട്ടുള്ളത് കൊടുക്കും. ഞങ്ങള്‍ക്ക് ഇല്ല.

 അന്ന് വൈകിട്ട് പരിസരത്ത് എവിടേലും ഉറിയടി ഉള്‍പ്പെടെ ഉള്ള നാട്ടിന്‍പുറ ഓണാഘോഷം  ഉണ്ടാവും. അന്നാട്ടിലെ കലാവാസന ഉള്ള കുട്ടികളുടെ വക പാട്ടും ഓട്ടവും ചാട്ടവും തുടങ്ങി  വിവിധ കലാകായിക മത്സരങ്ങള്‍ ഉണ്ടാവും.

 അങ്ങനെ ഒരു കഥ മത്സരത്തില്‍ ആണ് എനിയ്ക്കു സമ്മാനം കിട്ടിയത്. ക്വിസ്സ് മത്സരത്തിലും കിട്ടി.  കുട്ടികളെ പ്രോത്സാഹിപ്പിയ്ക്കാനുള്ള അവസരം കൂടി ആണ് ഓണക്കാലം.

 പിറ്റേന്ന്, അവിട്ടത്തിന്  ഉച്ച സദ്യ  പപ്പ യുടെ വീട്ടില്‍. അന്ന് കോഴിക്കറി കൂട്ടി സദ്യ യും, കളികളും...
അഞ്ച് ഓണം വരെ  പലഹാരങ്ങളുടെ ശേഷിപ്പുകള്‍ ഉണ്ടാവും. 

സ്കൂളില്‍ പോകുന്നത് ഓര്‍ക്കുമ്പോള്‍ മടി വരും. എന്നും ഓണം ആയിരുന്നെങ്കില്‍ എന്ന് ഓരോ ഓണവും കഴിയുമ്പോള്‍ ആഗ്രഹിച്ചുകൊണ്ട് ഇരിയ്ക്കുമ്പോള്‍  ഓണക്കാലം തീരും.

Join WhatsApp News
Sudhir Panikkaveetil 2019-09-07 10:19:16
നല്ല ഓർമ്മകൾ. ഓണം തന്നെ  ഒരു 
നല്ല കാലത്തിന്റെ ഓർമ്മയല്ലേ .
എഴുത്തുകാരിക്ക് നന്മകൾ. സന്തോഷകരമായ 
ഓണവും നേരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക