Image

ഓണം; മലയാളി നെഞ്ചോട് ചേര്‍ക്കുന്ന ആഘോഷം (ഡോ.എസ്. രമ)

Published on 08 September, 2019
ഓണം; മലയാളി നെഞ്ചോട് ചേര്‍ക്കുന്ന ആഘോഷം (ഡോ.എസ്. രമ)
മലയാളി സ്വന്തം എന്ന് പറഞ്ഞ് നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന ആഘോഷം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. ജാതിമതഭേദമന്യേ കേരളീയര്‍ കൊണ്ടാടുന്ന ഓണം. ഏതു വിദേശ രാജ്യത്തിലിരുന്നാലും ചിങ്ങമാസത്തിലെ തിരുവോണ ദിവസം ഓണത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല.

ഏതൊരു വ്യക്തിയുടെയും മനോഹരമായ ഓണ ഓര്‍മ്മകള്‍ ബാല്യത്തോട് ചേര്‍ന്നുള്ളതായിരിക്കും. മധ്യ തിരുവിതാം കൂറിലെ മലകളാല്‍ ചുറ്റപ്പെട്ട വയലുകളും തോടുകളും നിറഞ്ഞ ഒരു കൊച്ചു ഗ്രാമത്തിലെ ഓണമാണ് ഇന്നും എന്റെ ഓര്‍മ്മകളില്‍ സജീവമായി നില്‍ക്കുന്നത്.

ഓണത്തിനെ വിളവെടുപ്പ് ഉത്സവം ആയും കരുതുന്നുണ്ട്. കര്‍ക്കിടകത്തിലെ തോരാ മഴയ്ക്ക് ശേഷം തിളങ്ങുന്ന വെയിലില്‍ പൂക്കള്‍ ചൂടി പ്രകൃതി അണിഞ്ഞൊരുങ്ങി നില്‍ക്കുമ്പോള്‍ നെല്‍പ്പാടങ്ങളില്‍ കതിര്‍ക്കുലകള്‍ വിളവെടുപ്പിന് പാകമായിട്ടുണ്ടാകും. ഓണത്തെ അതിനോടനുബന്ധിച്ചുള്ള ആഘോഷമായും വ്യാഖ്യാനിക്കപ്പെടുന്നു.

കര്‍ക്കിടകത്തിലെ നനഞ്ഞുകുതിര്‍ന്ന മണ്ണിനെ തലോടി ഉണക്കുന്ന ആ ചിങ്ങവെയിലിനു ഒരു പ്രത്യേക ഭംഗി ഉണ്ടാവും. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ വീശുന്ന കാറ്റിന് അപ്പോഴും കറ്റകതിരുകളുടെ ഗന്ധം ഉണ്ടാകും. തുമ്പയും മുക്കുറ്റിയും തെച്ചിയും മന്ദാരവും ഒക്കെ കാറ്റില്‍ തലയാട്ടി ചിരിക്കുന്നുണ്ടാവും.

ഞങ്ങള്‍ കുട്ടികള്‍ നേരത്തെ തൊട്ടേ പ്രാര്‍ത്ഥിക്കുന്നുണ്ടാവും, ഓണപ്പരീക്ഷ നേരത്തെ കഴിയണേ എന്ന്. പരീക്ഷയ്ക്ക് പഠിക്കാന്‍ ഉണ്ടെങ്കില്‍ ആഘോഷത്തിന് സന്തോഷം തെല്ല് കുറയും. കൊയ്ത്തിന്റെ ബാക്കി വന്ന വൈക്കോല്‍ അത്രയും അത്തം ഉദിക്കുന്നതിന് മുന്‍പ് തന്നെ ഉണക്കി മാറ്റിയിട്ടുണ്ടാകും. വീടിന് മുന്നിലെ ചാണകം മെഴുകിയ തറയിലാണ് പൂക്കളം ഇടുന്നത്. ദിവസം കഴിയുംതോറും പൂക്കളത്തിന് വലിപ്പം കൂടിക്കൊണ്ടിരിക്കും. ഏറ്റവും ഭംഗിയുള്ള വലിപ്പമുള്ള പൂക്കളം തീര്‍ക്കുന്നത് തിരുവോണത്തിന്റെ അന്നാണ്. ഇടയ്ക്ക് ഏതെങ്കിലും ഒരു ദിവസം അവിചാരിതമായി മഴ ചെയ്യുമ്പോഴാണ് സങ്കടം വരിക. കാരണം പാടുപെട്ട് ശേഖരിച്ച പൂക്കള്‍ കുറെയെങ്കിലും മഴവെള്ളത്തില്‍ ഒഴുകി പോകും.

വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയിലെ പടര്‍ന്നു പന്തലിച്ച വലിയ മാവിന്റെ പടിഞ്ഞാറെ കൊമ്പ് ഞങ്ങള്‍ കുട്ടികള്‍ക്ക് ഊഞ്ഞാല്‍ ഇടാന്‍ വേണ്ടി മാത്രം ഉള്ളതാണെന്ന് ചിലപ്പോള്‍ വിചാരിച്ചിട്ടുണ്ട്. ഓണപ്പരീക്ഷ കഴിഞ്ഞു അവധി തുടങ്ങുമ്പോഴേക്കും അച്ഛന്‍ കണിശമായും ഊഞ്ഞാല്‍ ഇട്ടിരിക്കും . ഷോപ്പിംഗ് മാളുകള്‍ ഇല്ലാതിരുന്ന ആ കാലത്ത് പരിചയമുള്ള ഒരു സാധാരണ വസ്ത്ര വ്യാപാര ശാലയില്‍ നിന്നുമായിരിക്കും ഓണത്തിനുള്ള വസ്ത്രങ്ങള്‍ വാങ്ങുന്നത്. ഓണത്തിന്റെ സ്‌പെഷ്യല്‍ അച്ചാറുകള്‍ അത്തം തുടങ്ങുമ്പോള്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട് ആവും. ചേമ്പ് ചേന, ഏത്തയ്ക്ക എന്നിങ്ങനെ വിവിധതരം ഉപ്പേരികള്‍, മുറുക്ക്, അരിയുണ്ട എന്നിവയൊക്കെ പല ദിവസങ്ങളിലായി തയ്യാറാക്കിയിട്ടുണ്ടാ വും. പത്തായത്തിനു പുറത്തു വെച്ചിരിക്കുന്ന ഉപ്പേരി പാത്രങ്ങള്‍ ഊഞ്ഞാലാട്ടത്തിന്റെ തീവ്രത അനുസരിച്ച് ഒഴിഞ്ഞു കൊണ്ടിരിക്കും. ഓരോ വീട്ടിലും ഉണ്ടാക്കുന്ന അച്ചാറുകളും ഉപ്പേരികളും പരസ്പരം കൈമാറുക എന്നതും വലിയ പ്രത്യേകത ആയിരുന്നു.

ഓണത്തിന് തലേദിവസം തന്നെ വീടും പരിസരവും വൃത്തിയാക്കിയിട്ടുണ്ടാകും .രാവിലെ മാവേലി വരുമ്പോള്‍ വീട് വൃത്തിയായിരിക്കണം. ഓണ സദ്യക്കുള്ള ശര്‍ക്കരവരട്ടി അന്ന് രാവിലെയാണ് ഉണ്ടാക്കുന്നത്. അത് അച്ഛന്റെ ചുമതലയില്‍ പെടുന്നതാണ്. റേഡിയോയിലൂടെ ഓണപ്പാട്ടുകളും വിവരണങ്ങളും അനുസ്യൂതം പ്രക്ഷേപണം ചെയ്യുന്നുണ്ടാകും. ഓണസദ്യ കാലമായാല്‍ അറയില്‍ നിലവിളക്ക് വെച്ച് അതിനുമുന്നില്‍ ഇലയിട്ട് വിഭവങ്ങളെല്ലാം ചേര്‍ത്ത് ആദ്യം വിളമ്പി വാതില്‍ അടയ്ക്കും. അറയുടെ വാതിലിലെ ഇത്തിരി വിടവിലൂടെ മാവേലി സദ്യ കഴിക്കുന്നുണ്ടോ എന്ന് പലവട്ടം ഒളിച്ചു നോക്കിയിട്ടുണ്ട്. വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം തുമ്പി തുള്ളലും തിരുവാതിര കളിയും ഓലപ്പന്ത് കളിയും പൊടി പൊടിക്കുന്നുണ്ടാകും. കാഴ്ചക്കാരി ആയി കണ്ടുനില്‍ക്കാന്‍ ആയിരുന്നു ഏറെ ഇഷ്ടം. ഉണങ്ങിയ വാഴയില ദേഹമാസകലം ചുറ്റിക്കെട്ടി നടക്കുന്ന പുലി കളിക്കാരെ തെല്ലു പേടിയോടെ നോക്കിയിരുന്നു.

ഉത്രാടത്തിന്റെയും തിരുവോണത്തിന്റെയും നിലാവിനു പോലും ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു. ഏതെങ്കിലും ആര്‍ട്‌സ് ക്ലബ്ബ് കാരുടെ ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പാട്ടുകള്‍ അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്നുണ്ടാകും. അവിട്ടത്തിന്റെ അന്നാണ് ഓണക്കോടികളുമായി അപ്പൂപ്പന്റെ യും അമ്മൂമ്മ യുടെയും അടുത്തേക്കുള്ള യാത്ര.കുട്ടികള്‍ക്ക്
കിട്ടുന്ന ഓണക്കോടികള്‍ എണ്ണി അടുക്കി വച്ചിട്ടുണ്ടാവും .നാലാം ഓണത്തിനു ശേഷം ഉത്രട്ടാതി വള്ളംകളിയും കഴിയുമ്പോഴേക്കും സ്‌കൂള്‍ തുറക്കാന്‍ സമയം ആയിട്ടുണ്ടാകും.

ഒരു ഓണം കൂടി കഴിഞ്ഞുപോയതിന്റെ നഷ്ടബോധം ഉണ്ടെങ്കിലും പുത്തനുടുപ്പുകള്‍ കൂട്ടുകാരെ കാണിക്കാമെന്നുള്ള സന്തോഷത്തില്‍ സ്‌കൂളില്‍ പോകാന്‍ ഉത്സാഹം ഉണ്ടാകും. കാലത്തിന്റെ കണക്കുകളില്‍ ഋതുക്കള്‍ മാറി വരുന്നത് നോക്കി വീണ്ടും അടുത്ത ഓണത്തെ പ്രതീക്ഷിക്കും. വര്‍ഷങ്ങളുടെ പ്രയാണത്തില്‍ പ്രകൃതിക്കും ആഘോഷങ്ങള്‍ക്കും മാറ്റങ്ങള്‍ വന്നു തുടങ്ങിയിരിക്കുന്നു.
ഓണം; മലയാളി നെഞ്ചോട് ചേര്‍ക്കുന്ന ആഘോഷം (ഡോ.എസ്. രമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക