Image

ഓര്‍മ്മയില്‍ (കവിത: ലീല പുല്ലാപ്പള്ളി)

Published on 08 September, 2019
ഓര്‍മ്മയില്‍ (കവിത: ലീല പുല്ലാപ്പള്ളി)
ഒട്ടും നിനയ്ക്കാത്ത നേരത്തു നീയെന്നെ
ഒറ്റയ്ക്കു വിട്ടിട്ടു പോയതെന്തേ....

കാഷ്മീരിന്‍ വാര്‍ത്തകള്‍ ഏറെ വിവരിച്ച്
മന്ദം മന്ദം നീ നടന്നുനീങ്ങി
കാലയവനികയ്ക്കപ്പുറത്തേയ്ക്കുള്ള
യാത്രയാണിതെന്നു നീ അറിഞ്ഞില്ല; ഞാനും

ഈ ലോകമെന്തെന്നറിയാത്തെനിയ്ക്ക് നീ
മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വേണ്ടത്ര നല്‍കി
ജാതിമതങ്ങള്‍ക്കതീതമായ് ചിന്തിക്കാന്‍
നീയെനിക്കൂര്‍ജ്ജം പകര്‍ന്നു തന്നു

പൊട്ടക്കിണറ്റില്‍ കിടന്നുറങ്ങാതെ നാം
വന്‍ സാഗരത്തില്‍ നീന്തിത്തുടിയ്ക്കണം
ജ്ഞാനമാര്‍ഗ്ഗത്തില്‍ ചരിച്ചു നീ നിത്യവും
കര്‍മ്മ മാര്‍ഗ്ഗത്തിലൂടെ ഈ ഞാനും

മാര്‍ഗ്ഗം പലതുണ്ടെന്നിരിയ്ക്കിലും ലക്ഷ്യം
പരമാത്മ പ്രാപ്തി അതൊന്നുമാത്രം
ആരംഭമുള്ളതിനെല്ലാമവസാനം
ഉണ്ടെന്ന സത്യം അറിയുന്നു ഞാനും

വേദന യാതന ഒന്നുമേയില്ലാത്ത
നിത്യ സൗഭാഗ്യത്തില്‍ നീ ലയിച്ചു
സത്യത്തെ ആധാരമാക്കി നീ ജീവിച്ചു
സത്യത്തില്‍ ചൊല്ലട്ടെ നീയാണ് ധന്യന്‍
സത്യത്തില്‍ ചൊല്ലട്ടെ നീയാണ് ധന്യന്‍!!

Join WhatsApp News
I miss Joseyettan too 2019-09-08 20:08:06
 Jose Chettan was one of my best friends. He supported & encouraged me. He was a man of long Vision. We all miss you, dear Big Brother.-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക