Image

ആവര്‍ത്തനം (കഥ: വിനോദ് കുറൂര്‍)

Published on 09 September, 2019
ആവര്‍ത്തനം (കഥ: വിനോദ് കുറൂര്‍)
ആവര്‍ത്തനങ്ങള്‍ ജീവിതത്തെ നിര്‍വ്വചിച്ചു തുടങ്ങുമ്പോള്‍; ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ അതിന് പങ്കാളികളാവുന്നു. അവ തുടര്‍ച്ചയായി നമ്മളില്‍ക്കൂടി ഇ സി ജി യുടെ ഗ്രാഫുപോലെ കയറിയിറങ്ങുമ്പോള്‍ അത്  നമ്മുടെ ജീവിതം തന്നെയായി മാറുന്നു.

ഒരേ സ്ഥലത്തു വച്ച് ഒരേ ആള്‍ക്കാരെ വീണ്ടും വീണ്ടും നമ്മള്‍ കാണുന്നു. തമ്മില്‍ സംസാരിക്കുകയോ കണ്ട ഭാവം നടിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ പോലും. നോക്കുകയും,അവര്‍ അറിയാതെ എല്ലാം കാണുകയും ചെയ്യുന്നുണ്ട്. പക്ഷേ പലതും മനസ്സിലാകുന്നില്ല. ചോദിക്കണമെന്നുണ്ട് പക്ഷേ ചോദിക്കാന്‍ പറ്റുന്നില്ല. ഇരിക്കുന്ന സ്ഥലം ,തമ്മിലുള്ള സാമീപ്യം ,അതിന്റെ ആവര്‍ത്തനം ഒന്നും ചോദ്യത്തിലേക്കോ അവിടെ നിന്നും ഒരു ഉത്തരത്തിലേക്കോ എത്തുന്നില്ല.

അയാള്‍ ഇന്നും അവിടെയിരിക്കുന്നുണ്ട്. പ്ലേറ്റില്‍ രണ്ട് ഇഡ്ഡലിയുണ്ട്. മൂന്നിഡ്ഡലിയുടെ സെറ്റ് മേടിക്കാന്‍ ഉള്ള മുപ്പത് രൂപാ ഇല്ലാഞ്ഞിട്ടായിരിക്കണം അയാള്‍ സ്ഥിരമായി രണ്ടൈണ്ണം മാത്രമായി നിര്‍ത്തുന്നത്. പതിവുപോലെ ഒരു തുണിക്കടയുടെ പ്ലാസ്റ്റിക് കൂട് ഇടതു വശത്ത് ഭിത്തിയോട് ചേര്‍ന്നു പിടിച്ചിട്ടുണ്ട്. അതിലേക്ക് ഒരു ഇഡ്ഡലി ഇടുന്നു. സാമ്പാറിന്റെ കഷ്ണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വകഞ്ഞു മാറ്റിയെടുത്ത് ആരും കാണാതെ കൂടിലേക്ക് ഇടുന്നു. കൂടെ കട്ടച്ചമ്മന്തിയും. വീണ്ടും സാമ്പാര്‍ ചോദിക്കുന്നു. മുന്‍പറഞ്ഞവ ആവര്‍ത്തിക്കുന്നു. വിളമ്പുകാരന്‍ ക്ഷമയോടെ  അയാളെ സേവിക്കുന്നുണ്ട്.

ട്രെയിനിന്റെ സമയത്തെപ്പറ്റി ബോധവാനായതിനാല്‍ അയാളെപ്പറ്റിയുള്ള ചിന്തകള്‍ ഹോട്ടലില്‍ത്തന്നെ കളഞ്ഞിട്ട് ഞാന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഓടി. മൂന്നിഡ്ഡലിയും ഒരു വടയും തിന്നിട്ടും വിശപ്പു മാറാത്ത ഞാന്‍ വാതില്‍ക്കലുള്ള കടല വില്‍പ്പനക്കാരനെ സമീപിച്ച് 5 രൂപാ കൊടുത്ത് ഒരു കൂട് ചൂട് കടലയും കൂടെ മേടിച്ച് തൊലി കളഞ്ഞ് തിന്നുകൊണ്ട് ട്രെയിന്‍ കിടക്കുന്ന പ്ലാറ്റ്‌ഫോമിലേക്ക് നടന്നു.

ഒരു വശം ഒഴിഞ്ഞ പ്ലാറ്റ്‌ഫോമിന്റെ അരിക് ചേര്‍ന്ന് ഒരു ചെറുപ്പക്കാരി മലര്‍ന്നു കിടക്കുന്നു. അവളുടെ വിടര്‍ന്ന മുടി ഒരു വിരിപ്പ് പോലെ തോന്നിച്ചു.  തുറന്ന ബ്ലൗസില്‍ നിന്നും തെറിച്ചു നില്‍ക്കുന്ന മുലയോട് പറ്റിച്ചേര്‍ന്ന് ഒരു കുഞ്ഞ് തല ചായ്ച്ചുചുറങ്ങന്നുണ്ട്. തൊട്ടടുത്ത്  കുട്ടിയുടെ അപ്പി ഈച്ചയാര്‍ത്ത് കിടക്കുന്നു. അമ്മയും കുഞ്ഞും ഇതൊന്നുമറിയാതെ ഗാഢനിദ്രയില്‍ തുടരുന്നു. രാത്രി എട്ടുമണി സമയത്ത് നേരിയ വെളിച്ചം മാത്രമുള്ള ആളൊഴിഞ്ഞ പ്ലാറ്റ്‌ഫോമില്‍ നഗ്‌നതയും കാണിച്ചുചുറങ്ങുന്ന ആ സ്ത്രീയുടെ ധൈര്യത്തെ അംഗീകരിക്കാതെ വയ്യ. ഏതോ അന്യ നാട്ടില്‍നിന്നുള്ള സ്ത്രീയായിരിക്കണം. ദേഹം മുഴുവനും മറച്ചിട്ടും തുളച്ചുകയറുന്ന നോട്ടങ്ങളില്‍ പുളയുന്ന നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് നഗ്‌നതയും കാട്ടി ഇങ്ങനെ എല്ലാം മറന്നുറങ്ങാന്‍ ധൈര്യമുണ്ടാവില്ല.

ചിന്തകള്‍ പലവഴിക്ക് പോയി. ചാഞ്ഞും ചെരിഞ്ഞും നിവര്‍ന്നിരുന്നും ട്രെയിനിനൊത്ത് സ്വപ്നങ്ങളും കൂടി സഞ്ചരിക്കാന്‍ തുടങ്ങി. അസമയത്ത് വഴിയിലൂടെ ഓടുന്ന ഒരമ്മ. എളിയില്‍ അമ്മിഞ്ഞമണം മാറാത്ത ഒരു കുഞ്ഞ്. തുറന്നുകിടക്കുന്ന ബ്ലൗസില്‍ നിന്നും പാല്‍ ചുരത്താന്‍ വെമ്പിനില്‍ക്കുന്ന മുലകള്‍. അവളെ പിന്തുടരുന്ന ചുവന്നു തുടുത്ത കണ്ണുകള്‍. കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചില്‍. ഇടക്കെന്തോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോള്‍ ആള്‍ക്കാര്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് പുറത്തേക്കോടുന്നു. ട്രെയിനിലേക്ക് ചാടിക്കയറുന്ന വഴി പിടിവിട്ട് പാളത്തിലേക്ക് വീണ ഒരു സ്ത്രീ ചക്രത്തിനിടയില്‍ കുരുങ്ങി നില്‍ക്കുന്നു. കണ്മുന്നില്‍ ഇതുപോലെ എത്രയെത്ര കാഴ്ചകള്‍. ഒഴിവാക്കും തോറും മണ്ണെണ്ണ വിളക്കിലെ തിരി പോലെ ഉള്ളിലേക്ക് പടര്‍ന്നു കയറുന്ന ഓര്‍മ്മയുടെ നാളങ്ങള്‍. ചിലതിന് വിളക്കുകെടുത്താന്‍ വരുന്ന ഈയലുകളുടെ ആയുസ്സു മാത്രം.  ചിലതിന് മോര്‍ച്ചറിയുടെ തണുപ്പാണ്. ഉള്ളില്‍ നിന്ന് പുറത്തേക്ക് അരിച്ചരിച്ചിറങ്ങുന്ന മരണത്തിന്റെയും പുറത്തു നിന്ന് അകത്തേക്ക് നൂഴ്ന്നു കയറുന്ന എ സി യുടേയും തണുപ്പുകള്‍ കൂടിച്ചേരുന്നയിടം.

ജീവിത യാത്രകള്‍ ആവര്‍ത്തിക്കുന്നു. നിത്യേന മൊട്ടിടുകയും പൂക്കുകയും പൂവ്  കൊഴിക്കുകയും  ചെയ്യുന്ന ചിലതരം ചെടികള്‍ പോലെ. കുറ്റിയറ്റു പോകും വരെ എന്തിനെന്നറിയാത്ത ആവര്‍ത്തനങ്ങള്‍.

അന്നും അയാള്‍ അതെ മേശക്കരികില്‍ അതേ കൂടുമായി ഇരിക്കുന്നുണ്ടായിരുന്നു. ഇഡ്ഡലിയും സാമ്പാറും കൂടിനകത്തേക്ക് തള്ളി, സ്വന്തം പ്ലേറ്റില്‍ അവശേഷിച്ച ഒറ്റയിഡ്ഡലിയും മേടിച്ച കറികളും നക്കിത്തുടച്ച് ഒരുനുള്ളുപോലും മിച്ചം വയ്ക്കാതെ  തീര്‍ത്ത് ഗ്ലാസിലെ വെള്ളം കുടിച്ചു ചുണ്ടുതുടച്ചു. . പണി ചെയ്ത് കിട്ടുന്ന കാശ് ഷാപ്പില്‍ തീര്‍ത്തിട്ട് രണ്ടിഡ്ഡഡലികൊണ്ട് ഒരു കുടുംബം പോറ്റുന്നവനാണോ ഇയാള്‍? മുഷിഞ്ഞ വേഷവും അലസമായ മുടിയും അങ്ങിങ്ങു നര കയറിയ ഒതുക്കാറില്ലാത്ത താടിയും ഒക്കെ സംശയത്തിനെ സാധൂകരിക്കുന്ന തെളിവുകളായി തോന്നി എനിക്ക്.
 
ഒരു കുറ്റവും ചെയ്യാത്ത ഒരാളിനെ കുറ്റവാളിയായി വിധിക്കാനുള്ള എന്റെ മനസ്സിന്റെ കളിയില്‍ എനിക്കു തന്നെ നീരസം തോന്നി. വിധിയും ചെയ്ത കുറ്റവും തമ്മില്‍ കാര്യകാരണബന്ധം പോലും ആരോപിക്കാന്‍ പറ്റാത്തത്ര മന്ദനാണല്ലോ ഞാന്‍? എന്തായാലും ഇതിന്റെ സത്യം കണ്ടെത്തണം. ഇയാള്‍ ആര്? എന്തിനിയാള്‍ ഇങ്ങനെ ചെയ്യുന്നു?

ഹോട്ടലില്‍ നിന്ന് നടന്നു തുടങ്ങിയ അയാളെ പതിയെ പിന്തുടര്‍ന്നു ഞാന്‍. ചില യാത്രകളെ പിന്തുടരുന്നത് ഒരു ഹരമാണ്. യഥാര്‍ത്ഥ യാത്രികനേക്കാള്‍ പിന്തുടരുന്ന യാത്രികന് ആസ്വദിക്കാവുന്ന യാത്രകള്‍. വലിയ റോഡില്‍നിന്നും ഇടവഴിയിലേക്കും അവിടെനിന്ന് തേനീച്ചക്കൂടിന്റെ ഉള്ളറകളിലേക്കുള്ള വഴികള്‍ പോലെ നേരെയും വളഞ്ഞും തിരിഞ്ഞും പോകുന്നവ. ഇടക്കയാള്‍  തിരിഞ്ഞു നോക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയിരുന്നു. ഇനി നോക്കിയാലും കാണേണ്ട എന്ന് വിചാരിച്ച് സ്ട്രീറ്റ് ലൈറ്റിന്റെ നിഴലില്‍കൂടിത്തന്നെ ഞാന്‍  നടന്നു. റെയില്‍ ട്രാക്കില്‍കൂടി വീഴാതെ നടന്നു പോകുന്ന കുട്ടിയെപ്പോലെ ഓരോ അടിയും സൂക്ഷിച്ച്. അകലെ ചൂളം വിളി കേള്‍ക്കുന്നു. വേറേതോ ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്നുണ്ടാവും. തന്റെ ട്രെയിനിന് ഇനിയും സമയമുണ്ടല്ലോയെന്ന് വാച്ചു നോക്കി ഉറപ്പു വരുത്തി. അയാളുടെ നടത്തത്തിന് വേഗത കൂടിയതായി തോന്നി. ദീര്‍ഘയാത്ര കഴിഞ്ഞ് വീടെത്താറാകുമ്പോള്‍ എല്ലാര്‍ക്കും ഉണ്ടാകുന്ന ഒരു പരിഭ്രമം പോലെ. ഇപ്പോള്‍ ഞങ്ങളുടെ നടത്തം റെയില്‍ ട്രാക്കിന്റെ സൈഡിലുള്ള റോഡില്‍ക്കൂടിയായി. രണ്ടടിയോളം ഉയര്‍ന്ന് രണ്ടുവരിയിലായി നീളന്‍ പാത. പാളങ്ങള്‍ കൂട്ടിപ്പിടിപ്പിച്ച് ഒരു ചെറിയ ബന്തവസ്സ്. വാഹനങ്ങളെ തടുക്കുവാനാകണം. പക്ഷേ വിധിയെ തടുക്കുവാന്‍ അതിന് പറ്റില്ലല്ലോ.

ഏതോ ഒരിടവഴിയിലെ ഇരുട്ടില്‍ നിന്നും ഒരു അമ്മയുടെയും കുഞ്ഞിന്റേയും ഉറക്കെയുള്ള നിലവിളി.
കരച്ചില്‍ ശബ്ദം ഓരോ കാലടികളിലും അടുത്തടുത്ത് എത്തുന്നതായി തോന്നി. മുന്നിലെയാള്‍ എങ്ങോട്ടു പോയി? ഇരുട്ടില്‍ കാഴ്ച്ച ഉറയ്ക്കാഞ്ഞിട്ടാണോ? ഞാന്‍ കണ്ണ് തിരുമ്മി നോക്കി. കരച്ചില്‍ കേട്ട ഭാഗത്തു നിന്ന് ഒരു സ്ത്രീ കൈക്കുഞ്ഞുമായി ഓടുന്നു. ആരോ അവരെ പിന്തുടരുന്നുണ്ട്. അവരുടെ തന്നെ നിഴലുകളാണോ? നില്‍ക്കണോ മുന്‍പോട്ടു പോകണോ തിരിഞ്ഞോടണോ? ഭീരുത്വം ആണോ ഔചിത്യം ആണോ ശൂരത്വം ആണോ നല്ലതെന്നുള്ള ഒരു തര്‍ക്കം തലച്ചോറില്‍ നടക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ആ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കാം എന്ന തീരുമാനത്തിലേക്കു തന്നെ ഞാനെത്തി.

ട്രെയിനിന്റെ തുടര്‍ച്ചയായുള്ള ചൂളംവിളിയില്‍  നിലവിളി ഒതുങ്ങിപ്പോയോ? എന്തിനാണ് ലോക്കോ പൈലറ്റ് പതിവില്ലാത്ത രീതിയില്‍ ഇങ്ങനെ ഹോണ്‍ മുഴക്കുന്നത്?  മറ്റെന്തൊക്കെയോ കടകട ശബ്ദങ്ങള്‍. മുഴക്കങ്ങള്‍. ഉരുക്കിന്റെ ഘര്‍ഷണശബ്ദങ്ങള്‍. അലര്‍ച്ചകള്‍.

ട്രെയിന്‍ കടന്നു പോയി. അകന്നു പോകുന്ന ചൂളം വിളി ഒരു ആംബുലന്‍സിന്റെ സൈറണ്‍ പോലെ തോന്നിച്ചു. പതിയെ ഒച്ചകളെല്ലാം നിലച്ചു. ഇപ്പോള്‍ പരിപൂര്‍ണ നിശബ്ദത മാത്രം. ഒരു ദീര്‍ഘനിശ്വാസത്തില്‍ ആശ്വാസത്തിനായി തിരഞ്ഞ ഞാന്‍ ട്രാക്കിലേക്ക് നോക്കി. ഇരുട്ടകറ്റാന്‍ മൊബൈല്‍ ചുരത്തിയ പാല്‍ വെളിച്ചത്തില്‍ ചോര ചുരത്തുന്ന രണ്ടു മുലകള്‍ മാത്രം തെറിച്ചു നില്‍ക്കുന്നു.

സാധാരണ ഞെട്ടിയുണരുന്ന എനിക്ക് അന്ന് ഉറക്കമുണരാനേ തോന്നിയില്ല. ആവര്‍ത്തനം മുടങ്ങുമ്പോഴാണല്ലോ അവ ജീവിതത്തിന്റെ ഭാഗമാണെന്നറിയുന്നത്.

ഇ സി ജി യുടെ ഗ്രാഫ് പോലെ....

Join WhatsApp News
Santhosh Thannikat 2019-09-10 11:45:16
കൊള്ളാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക