Image

ഓണമാണ് (കവിത: രാജേശ്വരി തുളസി)

Published on 09 September, 2019
ഓണമാണ് (കവിത: രാജേശ്വരി തുളസി)
ഓണമല്ലേ
ഒരുപിടി തുമ്പപ്പൂ
തിരഞ്ഞിറങ്ങിയ
തൊടിയില്‍
പൂക്കാന്മറന്ന
പേരറിയാത്ത
കാട്ടുചെടികളുടെ
പൊട്ടിച്ചിരികളാണ് കേട്ടത്,

ഒറ്റയായതില്‍
മനംനൊന്തപോല്‍
കാക്കപ്പൂക്കള്‍
ഒളിഞ്ഞു നോക്കുന്നുണ്ട് ,

വിശുദ്ധിയുടെ
ഓണപ്പടവുകള്‍
കയറിവന്ന
ചിങ്ങമാസത്തിന്റെ
മുഖത്ത് പലവിധ ചായങ്ങള്‍
പുരട്ടുന്ന തിരക്കിലാണ് നാം...

പൂവിളികള്‍
ചലിക്കുന്നചിത്രങ്ങള്‍
മാത്രമായപ്പോള്‍,
ഓണം ചേക്കേറിയത്
ടെലിവിഷനിലേക്കാണ്,

മണ്ണറിയാത്തവര്‍
പരദേശിയുടെ
വിഷക്കനികള്‍
നൂറു കറികളാക്കും,
നാക്കിലയില്‍
അരുചികള്‍
രുചികളായി മാറും,

വിശപ്പില്ലാതെ
മധുരം വിളമ്പുന്ന ഊണ്
നിത്യമായപ്പോള്‍
ഓണം ഏമ്പക്കം വിട്ട്
പടിയിറങ്ങിയതാണ് ,

മലകള്‍
കടലിലേക്കൊഴുക്കിവിട്ട
മലനാട്ടില്‍
വിരുന്നെത്താന്‍
മാവേലിക്കും പേടിയാണ്...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക