Image

പരശുരാമക്ഷേത്രത്തില്‍ വാമനന്‍ മൂന്നടി വച്ചതെങ്ങിനെ? (എഴുതാപ്പുറങ്ങള്‍ 45:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 10 September, 2019
പരശുരാമക്ഷേത്രത്തില്‍ വാമനന്‍ മൂന്നടി വച്ചതെങ്ങിനെ? (എഴുതാപ്പുറങ്ങള്‍ 45:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ചരിത്രം തെളിവുകളും അവശിഷ്ടങ്ങളും വരും തലമുറയ്ക്കായി ഉപേക്ഷിച്ചിട്ട് കടന്നുപോകുന്നു. എന്നാല്‍ കഥകളായും, സംഭവങ്ങളായും പലയിടത്തും പലതരത്തിലും മനുഷ്യരാശിയ്ക്ക് ഉപയോഗപ്രദമാകുംവിധം   എഴുതിവച്ചവയും, വിശ്വാസങ്ങളില്‍ മാത്രം അധിഷ്ഠിതമായവയുമാണ് പുരാണങ്ങള്‍.
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും 
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല
ബാല മരണങ്ങള്‍ കേള്‍ക്കാനില്ല
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറു നാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല"

എത്രയോ മഹത്തായ വരികള്‍. മഹാബലി വാണിരുന്ന കാലഘട്ടം എത്രയോ മനോഹരം. ഒരിയ്ക്കലും തിരിച്ചുവരാത്ത കൊഴിഞ്ഞുപോയ ഭൂതകാലം. ആ കാലഘട്ടത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ സ്മരിയ്ക്കുന്ന ആഘോഷം, ഓണം. ഒണത്തിന്റെ മുഖഛായ കാലാന്തരത്തില്‍ മാറികൊണ്ടിരിയ്ക്കുമ്പോഴും ഭൂതകാല  ഓണസ്മരണകള്‍ (പ്രത്യേകിച്ചും ബാല്യകാല) ഓരോ ഹൃദയത്തിലും നിറഞ്ഞുനില്‍ക്കുന്നു. ഗൃഹാതുരത്വം എന്നും എല്ലാവരിലും തങ്ങിനില്‍ക്കുന്ന വികാരമാണ്. ഭൂതകാല സ്മരണകള്‍ എന്നും മധുരിയ്ക്കുന്നവയാണ്. ആ മധുരം അയവിറക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മനുഷ്യര്‍. ചിങ്ങമാസ പ്രകൃതിയും മനുഷ്യമനസ്സുകള്‍ക്ക് കൂട്ട് നില്‍ക്കുന്നു.

മഞ്ഞില്‍ കുളിച്ച് ഈറനുടുത്ത് നടന്നുവരുന്ന പുലര്‍ക്കാലം. അവളെയൊരല്പം ചൊടിപ്പിയ്ക്കാനെന്നോണം തുള്ളിച്ചാടുന്ന ചാറ്റല്‍ മഴ. അതിനെയൊട്ടും വകവയ്ക്കാതെ, വിടരാന്‍ കൊതിച്ച് നില്‍ക്കുന്ന മുക്കുറ്റി പൂക്കളെയും, തുമ്പ പൂക്കളെയും കെട്ടിപ്പുണര്‍ന്നു നില്‍ക്കുന്ന ഹിമകണങ്ങളെ അടര്‍ത്തിമാറ്റി പൂക്കള്‍ അറുത്തെടുത്ത് തെങ്ങോലകളാല്‍ നിര്‍മ്മിച്ച പൂക്കുതുടകള്‍ വീശി നിറയ്ക്കുന്ന ബാല്യങ്ങളുടെ പ്രഭാതം. അടിച്ചുവൃത്തിയാക്കി ചാണകം മെഴുകിയ മുറ്റത്ത് പൂവുകള്‍ നിരത്തിവച്ച് പലതരത്തിലുള്ള വര്‍ണ്ണ പൂക്കളം തീര്‍ക്കാന്‍ മത്സരിയ്ക്കുമ്പോള്‍ പരസ്പരം വാരിയെറിയുന്ന കൊച്ചുവാര്‍ത്തമാനങ്ങള്‍, തമാശകള്‍ പൊട്ടിച്ചിതറുന്ന ചിരിനുറുങ്ങുകള്‍ വീണുടയുന്ന കളിമുറ്റം. ഉത്രാട നാളില്‍ മണ്ണില്‍ ജീവന്‍ നല്‍കുന്ന മഹാബലികള്‍ സന്ധ്യയോടെ പൂക്കളത്തിലുംപടിയ്ക്കലും തെക്കിണിയിലും ഇടം പിടിയ്ക്കുന്നു. ഇലയില്‍ അമ്മ ഉണ്ടാക്കുന്ന പൂവ്വട, പഴനുറുക്ക് പാല്‍പായസം എന്നിവ ഓര്‍ക്കുമ്പോള്‍ നാവില്‍ വെളളം നിറയും. മാവേലിപ്പൂജ കഴിഞ്ഞതിനുശേഷം ആര്‍പ്പുവിളി ആരവങ്ങള്‍ ഗ്രാമ ഹൃദയത്തില്‍ ഉത്സവലഹരി നിറയ്ക്കുന്നു. രാത്രിയുടെ മടിയില്‍ മയങ്ങുന്ന ഗ്രാമത്തെ വിളിച്ചുണര്‍ത്താനെത്തുന്ന പാണന്റെ തുകിലുണര്‍ത്തു പാട്ട് എന്നിവ ഓര്‍മ്മകളില്‍ ഓടിയെത്തുന്നു. ഇന്ന് ഇതെല്ലാം ഓരോ മനസ്സിലും ഓര്‍മ്മകളില്‍ മാത്രം തങ്ങിനില്‍ക്കുന്ന ഒരു ഗതകാലസുഖസ്മരണകളാണ് .

കള്ളവും, ചതിയും, ഇല്ലാതെ മഹാബലി നാടുവാണിരുന്നതും മഹാവിഷ്ണു വാമനനെന്ന ബ്രാഹ്മണബാലന്റെ രൂപത്തില്‍ വന്നു മൂന്നടി മണ്ണ് ആവശ്യപ്പെട്ട് മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയതും, പ്രജാതല്പരനായ മഹാബലി വര്ഷത്തിലൊരിയ്ക്കല്‍ തന്റെ, പ്രജകളെ കാണാന്‍ വരുന്നതാണ്  ഓണം എന്നതുമായ ഓണത്തെക്കുറിച്ചുള്ള ഐതിഹ്യം എല്ലാവര്ക്കും അറിയാം. യാഥാര്‍ത്ഥത്തില്‍ ഇങ്ങിനെ ഒരു മഹാബലിയും, കള്ളവും, ചതിയും, കള്ളപ്പറയും, ബാലമരണങ്ങളും, അനാരോഗ്യവും ഒന്നും ഇല്ലാത്ത ഒരു സുവര്‍ണ്ണകാലവും ഉണ്ടായിരുന്നുവോ? ഇനി ഇത്തരം ഒരു കാലം ഉണ്ടാകുമോ എന്നീ ചോദ്യങ്ങള്‍ ഓരോരുത്തരുടെയും മനസ്സില്‍ ഉയര്‍ന്നേക്കാം. ഇന്നത്തെ സ്ഥിതിവിശേഷത്തെ കണക്കിലെടുത്താല്‍ ഇത് ഒരിയ്ക്കലും വരാന്‍ സാധ്യതയില്ലാത്ത ഒരു ഭൂതകാലം മാത്രം.

അപ്പോള്‍ ഈ ഓണം എന്നത് ഇത്തരത്തിലുള്ള ഒരു സുവര്‍ണ്ണ കാലത്തെ കുറിച്ചുള്ള മനുഷ്യന്റെ അഭിലാഷമാണോ?   അതോ പുരാണങ്ങളില്‍ ഈ ഒരു സുവര്ണകാലത്തെക്കുറിച്ച് പ്രതിബാധിച്ച് ഇന്നത്തെ മനുഷ്യരെ അത്തരം ഒരു രാജ്യം പുനര്‍നിര്‍മ്മിക്കാന്‍ പ്രലോഭിപ്പിയ്ക്കലാണോ? മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കള്ളവും, ചതിയും, രാഷ്ട്രീയ കൊലപാതകങ്ങളും നിറഞ്ഞ ഈ കാലഘട്ടത്തില്‍, മനുഷ്യരാശിയ്ക്ക് ഒരു സുവര്‍ണ്ണകാല ഭരണം കാഴചവയ്ക്കുന്നവര്‍ക്ക് മഹാബലിയുടെ അവസ്ഥ ഉണ്ടായേക്കാം എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണോഎന്ന ഒരു അതിശോക്തിയും തോന്നാം.
കാരണം ഓണത്തെക്കുറിച്ചുള്ള ഐതിഹ്യത്തില്‍ നമുക്കറിയാന്‍ കഴിയുന്നത് സത്യസന്ധനും നീതിമാനും ധര്‍മ്മിഷ്ഠനും പ്രജാതല്പരനുമായ ബലി രാജാവിനോട്   വാമനന്‍ ചെയ്യുന്ന ചതിപ്രയോഗത്തെക്കുറിച്ചാണ്. എന്നാല്‍ അതിലെ യഥാര്‍ത്ഥ പൊരുള്‍ എന്തെന്ന് അന്ന് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രജകള്‍ക്കോ ഈ കാലഘട്ടത്തിലെ നമുക്കോ അറിയില്ല.  അപ്പോള്‍ ബലി എന്ന രാജാവിനെ എന്തിനാണ് മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ ചതിപ്രയോഗത്തിലൂടെ   പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയത് എന്ന സമസ്യയാണ് അന്നുള്ള പ്രജകളിലും ഇന്നുള്ളവരിലും അവശേഷിയ്ക്കുന്നത്.

ഈ സമസ്യയ്ക്കുള്ള ഉത്തരം പ്രശംസ ഏതൊരുവനെയും അഹങ്കാരിയാക്കി മാറ്റിയേക്കാം എന്നതാണ്. ജനങ്ങള്‍ക്ക് ഇത്രയും നല്ല ഒരു സുവര്‍ണ്ണ കാലം കാഴ്ചവച്ച ബലിയോട് ഉപചാപകവൃന്ദങ്ങള്‍ പറഞ്ഞു അദ്ദേഹം വെറുമൊരു നാടുവാഴിയാകേണ്ടവനല്ല തീര്‍ച്ചയായും ഇന്ദ്രന്‍ എന്ന പദവി അലങ്കരിയ്ക്കാന്‍ അനുയോജ്യനാണെന്ന്. ഈ പ്രശംസ ഉള്‍ക്കൊണ്ട മഹാബലി ഇന്ദ്രപദവിയ്ക്കായി യാഗം ചെയ്ത ദേവലോകവും ദേവകളെയും കീഴ്‌പ്പെടുത്താന്‍ ശ്രമിയ്ക്കുന്നു. ഇവിടെ അഹങ്കാരം മാത്രമല്ല വ്യാമോഹം കൂടിയുണ്ടെന്ന് പറയാം അതായത് ദേവന്മാര്‍ ഒരിയ്ക്കലും മനുഷ്യരുടെ രാജ്യം ഭരിയ്ക്കണമെന്നു ആഗ്രഹിയ്ക്കാറില്ല. ഓരോരുത്തരും അവര്‍ക്ക് അര്‍ഹിയ്ക്കുന്നത് മാത്രമേ ആഗ്രഹിക്കാവൂ.

എന്നാല്‍ ഇവിടെ കേവലമൊരു രാജാവ് ഉപചാപകവൃന്ദങ്ങളുടെ പ്രശംസയില്‍ മതിമറന്നു ദേവലോകാധിപന്‍ ഇന്ദ്രപദവി ആഗ്രഹിച്ചിരിയ്ക്കുന്നു. ഇതില്‍ അസ്വസ്ഥരായ ദേവന്മാരും ഇന്ദ്രദേവന്റെ അമ്മ അതിഥിയും മഹാവിഷ്ണുവിനെ സമീപിയ്ക്കുന്നു. ഏറ്റവും വലിയ വിഷ്ണു ഭക്തനാണ് മഹാബലി എന്നാല്‍ ഇന്ന് അദ്ദേഹത്തിന് അഹങ്കാരം എന്ന ജ്വരം ബാധിച്ചിരിയ്ക്കുന്നു എന്ന് മനസ്സിലാക്കിയ മഹാവിഷ്ണു ദേവന്മാരുടെ അപേക്ഷ കൈകൊണ്ടു. ആ സമയം മഹാബലി ഒരു യാഗം നടത്തുകയായിരുന്നു. അതായത് മധ്യപ്രദേശിനെയും ഗുജറാത്തിനേയും പരിപോഷിപ്പിയ്ക്കുന്ന നദിയായ നര്‍മ്മദയുടെ തീരത്ത് സിദ്ധാശ്രമം എന്ന് പറയുന്ന വിശിഷ്ടമായ തപോഭൂമിയില്‍  അതായത് ഇന്നത്തെ വട്‌സര്‍ എന്ന് പറയുന്ന സ്ഥലത്ത്. അവിടേക്ക്  വാമനാവതാരം സ്വീകരിച്ച് ഒരു ബ്രാഹ്മണ ബാലന്റെ രൂപത്തില്‍  മഹാവിഷ്ണു ബലിയെ സമീപിച്ച് തനിയ്ക്ക് മൂന്നടി മണ്ണ് വേണമെന്ന് ആവശ്യപ്പെടുന്നു. വെറും മൂന്നടി മണ്ണല്ലേ അത് എവിടെ നിന്ന് വേണമെങ്കിലും അളന്നെടുക്കാമെന്നു വളരെ നിസ്സംശയം ബലി വാഗ്ദാനം നല്‍കുന്നു. ഇത്രയും ചെറിയ ഒരു ബാലന്‍ ദാനശീലനനും, ധര്‍മ്മിഷ്ഠനുമായ ബലിയോട് മൂന്നടി മണ്ണ് ചോദിച്ചപ്പോള്‍ ഈ ബാലന്റെ കാല്‍പ്പാദങ്ങള്‍ നോക്കി കൊട്ടാരത്തിലുള്ളവര്‍ ഇത് എത്രയോ നിസ്സാരം എന്ന ലാഘവത്തില്‍ ചിരിച്ചു. എന്നാല്‍ വാമനന്‍ തന്റെ ഭീമാകാരമായ രൂപം സ്വീകരിയ്ക്കുകയും രണ്ടടികൊണ്ടുതന്നെ സകലലോകങ്ങളും അളന്നെടുത്തു. മൂന്നാമത്തെ അടി എവിടെ എന്ന ചോദ്യമുയര്‍ന്നപ്പോഴേയ്ക്കും ബലി ദേവന്മാരുടെ ശക്തിയെ തിരിച്ചറിയുകയും പ്രശംസകളാല്‍ തന്നിലുണ്ടായ അഹങ്കാരത്തെ വെടിയുകയും മഹാവിഷ്ണുവിന്റെ കാല്‍പാദങ്ങളില്‍ വീണു മാപ്പപേക്ഷിയ്ക്കുകയും ചെയ്യുന്നു.

മഹാബലിയുടെ തികഞ്ഞ ഭക്തിയിലും, തിരിച്ചറിവിലും സംതൃപ്തനായ മഹാവിഷ്ണു ബലിയെ അനുഗ്രഹിയ്ക്കുകയും പാതാളത്തിലേക്കു (സുതല എന്ന പാതാളത്തിലേക്കെന്നു ഭാഗവതത്തില്‍ പ്രതിപാദിയ്ക്കുന്നു) കൊണ്ടുപോകുകയും , അടുത്ത ഇന്ദ്രപദവി മഹാബലിയ്ക്ക് എന്ന വാഗ്ദാനം നല്‍കി പാതാളത്തിനു കാവല്‍ നില്‍ക്കുകയും ചെയ്യുന്നു.

ഓണത്തിനനുബന്ധിച്ച കഥയില്‍ വരുന്ന മറ്റൊരു സംശയം, പരശുരാമന്‍ വീണ്ടെടുത്തതാണ് കേരളം എന്ന് പറയപ്പെടുന്നു.  പുരാണങ്ങളില്‍ പറയുന്നത് വാമനന്‍ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരവും, പരശുരാമന്‍ ആറാമത്തെ അവതാരവുമാണ്. അപ്പോള്‍ കേരളം ഭരിച്ചിരുന്ന മഹാബലിയെ അഞ്ചാമത്തെ അവതാരമായ വാമനന്‍ പാതാളത്തിലേക്കു അയയ്ക്കുന്നുവെന്നു പറയുമ്പോള്‍ പരശുരാമന് മുന്‍പ് കേരളത്തെ എങ്ങിനെ പ്രതിപാദിയ്ക്കുന്നു എന്നതാണ്! സംശയവുമായി പോകുമ്പോള്‍ അതിനുകിട്ടുന്ന ഉത്തരം ബലി എന്ന രാജാവ് കേരളം എന്ന പ്രത്യേക പ്രദേശമല്ല  മറിച്ച് മൂന്ന് ലോകവും ഭരിച്ചിരുന്നുവെന്നാണ്.

ബലിയുടെ  കഥയെ ആസ്പദമാക്കി എന്തുകൊണ്ടാണ് കേരളീയര്‍ ഓണം ഒരു ദേശീയ ഉത്സവമായി ആഘോഷിയ്ക്കുന്നതെന്ന് ഇതുവരെയും ഒരു പണ്ഡിതന്മാര്‍ക്കും ആചാര്യന്മാര്‍ക്കും ഉത്തരം കണ്ടെത്താന്‍ കഴിയാത്ത സമസ്യയാണ്. ഒരുപക്ഷെ മഹാബലിയെ പാതാളത്തില്‍ താഴ്ത്തിയപ്പോള്‍ ആ ഭാഗം കടലില്‍ ആണ്ടുപോകുകയും കാലാന്തരത്തില്‍ അത് പരശുരാമന്‍ വീണ്ടെടുത്ത കേരളമായി മാറിയതും ആയേക്കാം. മൂന്ന് ലോകവും അടക്കി വാണ മഹാബലിയെ കേരളീയര്‍ മാത്രം എന്തിനു ഓര്‍മ്മിക്കുന്നു എന്ന ചോദ്യവും ഉയരുന്നു വരാവുന്നതാണ്.

എന്തായാലും പുരാണങ്ങളില്‍ എഴുതപ്പെട്ട ഐതിഹ്യങ്ങളില്‍ വൈവിധ്യമുണ്ടായാലും, കാലവ്യത്യാസങ്ങള്‍ ഉണ്ടായാലും പുരാണങ്ങളില്‍ എഴുതപ്പെട്ടവ വിശ്വസിയ്ക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ്. എന്തായിരുന്നാലും മഹാബലിയും  അദ്ദേഹം ഭരിച്ചിരുന്ന സുവര്‍ണ്ണകാലമെന്നു പറയുന്ന ഒരു കാലഘട്ടവും ഇനി സ്വപ്നം മാത്രമാണ്.

ഓണംഎന്നാല്‍ കള്ളവും ചതിയും ഒന്നും ഇല്ലാത്ത രാജാവ് മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വരുകയാണെന്നുള്ള കഥയേക്കാള്‍ അന്ന് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സുവര്‍ണ്ണകാലത്തെ കുറിച്ച് പുതിയ തലമുറയ്ക്കായ് ഓണത്തിലൂടെ കൂടുതല്‍പ്രാധാന്യം നല്‍കിയാല്‍ അവരില്‍ ചിലരെങ്കിലും അത്തരത്തില്‍ ഒരു കാലം തിരിച്ചുവരണമെന്നാഗ്രഹിയ്ക്കാന്‍ ഇടവന്നേയ്ക്കാം. അത്തരത്തിലുള്ള ഒരു കാലം നമുക്കായി ഇനിയും ജനിയ്ക്കുമെന്ന പ്രതീക്ഷയോടെ, ചാറ്റല്‍ മഴയും, ഓണവെയിലും, ഓണത്തുമ്പിയും, മുക്കുറ്റിയും തുമ്പപ്പൂവും നമ്മിലേയ്ക് കൊണ്ടുവരുന്ന ചിങ്ങപ്പുലരിയില്‍ നമുക്കും ഓണമാഘോഷിയ്ക്കാം.

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

Join WhatsApp News
Das 2019-09-11 07:25:19
Honestly speaking; your review through this blog, on this auspicious day, has great insight ! Moreover, your endeavor to express festivities are indeed appreciable !  May, religious and cultural festival ‘Onam’ fill our home with joy & prosperity while upholding traditional values of our Gods’s own country wherever we live. . .  Happy Onam ! 

P R Girish Nair 2019-09-11 09:03:26
കഥകളിലൂടെയും പാട്ടുകളിലൂടെയും മറ്റും പ്രചരിക്കുന്ന ഐതീഹ്യത്തിനുപരി, ശ്രീമദ് മഹാഭാഗവതത്തില്‍ ഭഗവാന്‍ വിഷ്ണുവിന്റെ വാമനാവതാരത്തെയും മഹാബലി ചക്രവര്‍ത്തിയെയും പ്രതിപാദിക്കുന്ന പുരാണകഥ ന‍ാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. ശ്രീമതി ജ്യോതിലക്ഷ്മി ഭാഗവതത്തിൽനിന്നും മഹാബലിയുടെ കഥയെ ആസ്പദമാക്കി വ്യത്യസ്ത ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. വായനക്കാരെ കൂടുതൽ ആഴത്തിൽ ചിന്തിപ്പിക്കുന്ന ഒരു ലേഖനം. അഭിനന്ദനം.. ലേഖികക്കും ഈമലയാളി വായനക്കാർക്കും/പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ നേരുന്നു.
Observation 2019-09-11 09:09:28
ഇന്നത്തെ  'മഹാകള്ളന്മാർ'  വാഴുന്നടത്തോളം കാലം കേരളം മുടിഞ്ഞു മുത്തറ ഇടുകയല്ലാതെ മറ്റൊന്നും നടക്കുമെന്ന് തോന്നുന്നില്ല .  പിന്നെ ഇങ്ങനെയൊക്കെ എഴുതി സ്വപ്നം  കണ്ടുകൊണ്ടിരിക്കാം .   ഇപ്പോഴുള്ളവന്മാരെ ചവിട്ടി താഴ്ത്തിയിട്ടും പ്രയോചനം ഇല്ല . അവന്മാർ പൊന്തി വന്നുകൊണ്ടിരിക്കും .  ജനങ്ങൾക്ക് രാജ്യത്തോട് കൂറുണ്ടാകുമ്പോൾ മാത്രമേ ആ നാട് നന്നാകയുള്ളൂ.  നല്ല ഭരണാധികാരികളെ സൃഷ്ട്ടിക്കണ്ട ജനത അലസരായാൽ പിന്നെ എന്ത് ചെയ്യാൻ കഴിയും ?.  
Patt 2019-09-11 10:07:11

ഒരു സംശയം :

തിന്മയുടെ പ്രതീകമായ അസുരമ്മാരിൽ നിന്ന് നന്മയുടേ ഒരു  മഹാബലിയോ ?  അതോ  കഥ എഴുതിയ ആൾ ദേവൻമാർക്കു പകരം മഹാബലിയെ അസുരൻ ആക്കി മാറ്റിയതാണോ?  അങ്ങനെ ആണെങ്കിൽ ഇന്നലകളിൽ നടന്നതും ഇപ്പോൾ നടമാടുന്നതും ദേവ ഭരണമാണോ  അതോ അസുര ഭരണമാണോ?

Santhosh Pillai 2019-09-11 20:00:54
ഇന്നത്തെ വട്സർ എന്ന സ്ഥലത്തു വസിച്ചിരുന്ന ജനവിഭാഗം കേരളം ഉണ്ടായതിനു ശേഷം പരശുരാമ നിർദേശത്താൽ കേരളത്തിലേക്ക്  താമസം മാറ്റി . അവർ കൊണ്ടുവന്ന മഹബലിയിൽ അധിഷ്ഠിതമായ ഓണവും, ആഘോഷങ്ങളും കലക്രമേണ കേരളത്തിൽ പ്രചരിക്കുകയും, സംഭവം നടന്ന സ്ഥലത്ത്  ഈ വിശ്വാസം ഇല്ലാതാവുകയും ചെയ്തു. കേരളത്തിലെ വിളവെടുപ്പുസമയവും,  ചിങ്ങമാസത്തിലെ തിരുവോണത്തിനോടടുത്ത് വന്നതുകൊണ്ട്  ഇ ആഘോഷം കാലക്രമേണ എല്ലാ മലയാളികൾക്കും സ്വീകാര്യമായി തീരുകയും ചെയ്തു. മഹാബലി വാണിരുന്നത്  കേരളത്തിൽ അല്ല എന്ന് ചുരുക്കം. ഇതാണ്  പുരാണത്തിന്  വൈരുദ്ധ്യമായി അവതാരങ്ങൾ കാണുന്നു എന്നതിനുള്ള ഒരു വിശദീകരണം.
Sudhir Panikkaveetil 2019-09-13 17:47:19
ശ്രീ മദ് ഭാഗവതം 8 -23 -8 

ഭഗവാൻ പറഞ്ഞു: പ്രഹ്ളാദരെ, ചെറുമകൻ 
ബലിയുമായി നരകത്തിൽ പോയി വസിച്ചാലും.
അവിടെ ഗദാധാരിയായി എന്നെ എപ്പോഴും 
കാണാനാവും. എന്നെ ദിനവും നേരിൽ കണ്ട് 
കൊണ്ടിരിക്കുന്ന ഒരുവനെ അജ്ഞത സമീപിക്കുക 
പോലുമില്ല. 

ശു ക മുനി തുടർന്നു: ഭഗവാനെ വീണ്ടും വീണ്ടും 
നമസ്കരിച്ച് ബലിയും പ്രഹ്ലാദനും സുതലമെന്ന നരകത്തിലേക്ക് പോയി. 
നരകമെന്ന വാക്കിനു ഭൂമിക്ക് കീഴിലുള്ള 
പ്രദേശമെന്ന അർത്ഥത്തിൽ ആയിരിക്കും 
ഉപയോഗിച്ചിരിക്കുന്നത്. പാതാളം എന്നാൽ പാദത്തിനു 
ചുവട്ടിൽ ഉള്ള ഭൂമി. ഏഴ് പാതാളങ്ങളെ പറ്റി 
പറയുന്നത്. അതിൽ സുതല ഏറ്റവും മുകളിൽ 
ഉള്ളതും മയനാൽ നിർമിതവുമാണെന്നു കാണുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക