Image

ശുഭാത്മിക ചിന്തകളും നമ്മളും (ജി. പുത്തന്‍കുരിശ്)

Published on 14 September, 2019
ശുഭാത്മിക ചിന്തകളും നമ്മളും (ജി. പുത്തന്‍കുരിശ്)
പോസ്റ്റിവ് തിങ്കിങ്ങിനെ കൊണ്ടാടുന്ന സെപ്തംബര്‍  മാസത്തോടനുബന്ധിച്ച്, “നിങ്ങള്‍ നിങ്ങളെ അംഗീകരിക്കുക, സ്വയം സ്‌നേഹിക്കുക, ശുഭ പ്രതീക്ഷയോടെ മുന്നോട്ട് തന്നെ പോവുക,  നിങ്ങള്‍ക്ക് പറക്കണമെങ്കില്‍ നിങ്ങളെ പിടിച്ചു നിറുത്തുന്ന ഭാരത്തെ ഉപേക്ഷിച്ചെ സാദ്ധ്യമാകുകയുള്ളു” എന്ന റോയി ആര്‍ ബെനറ്റിന്റെ വാക്കുകള്‍ നമ്മളിലേക്ക് ശുഭാത്മികമായ ഊര്‍ജ്ജം പകരാന്‍ കഴിയുന്നവയാണ്.  ആരും  നിഷേധാത്മകമായി ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നുള്ളതുകൊണ്ട് പോസിറ്റീവ് തിങ്കിങ് എന്നു കേള്‍ക്കുമ്പോള്‍ ഉപരിപ്ലവമായി വളരെ പ്രയോജനമുള്ളതായി തോന്നിയേക്കാം. എന്നാല്‍ ആധുനിക ഗവേഷണം തെളിയിക്കുന്നത് ശുഭാത്മിക ചിന്തകള്‍ക്ക് സന്തോഷകരമായതും പ്രസാദാത്മകവുംമായ ഒരു അവസ്ഥയെക്കാളും ഉപരി,  നമ്മുളുടെ ജീവിതത്തിന് മൂല്യവും അര്‍ത്ഥവും ഉണ്ടാക്കാവുന്ന കഴിവുകളെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ കഴിയുമെന്നാണ്. നിഷേധാത്മകമല്ലാത്ത ചിന്തകള്‍ക്ക് എത്രമാത്രം ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഗവേഷണം നടത്തിയ ബാറബറാ ഫെഡറിക്‌സണ്‍ന്റെ പഠനങ്ങള്‍, പോസിറ്റിവ് തിങ്കിങ്ങിന്റെ വിവിധ തലങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതും അതുപോലെ നമ്മുളുടെ നിത്യ ജീവിതത്തില്‍ വളരെ പ്രയോജനം നല്‍കുന്നതുമാണ്.
   
ശുഭാത്മിക ചിന്തകള്‍ എങ്ങനെ നമ്മളുടെ മസ്തിഷ്ക്കത്തെ ബാധിക്കുന്നു എന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. നമ്മള്‍ ഒരു വനത്തിലൂടെ നടന്നുപോകുമ്പോള്‍ ഒരു പുലി നമ്മളുടെ മുന്നില്‍ വന്നു എന്നു കരുതുക. ആദ്യമായി നമ്മളുടെ തലച്ചോറില്‍ അത് ഭയം എന്ന വികാരത്തെ രേഖപ്പെടുത്തും. അതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടാനുള്ള പോം വഴിയും നോക്കും. നമ്മള്‍ക്ക് മരത്തില്‍ കയറാനോ, ഒരു കൊമ്പൊടിച്ചോ, അല്ലെങ്കില്‍ കല്ലുകള്‍ വലിച്ചെറിഞ്ഞതിനെ ഓടിക്കാനുള്ള മറ്റു പോംവഴികള്‍ ഉണ്ടായിട്ടും ഓടുക എന്ന ഒറ്റ മാര്‍ക്ഷത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കാന്‍ ഭയം നമ്മളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നാം മറ്റൊരു വ്യക്തിയുമായി വഴക്കുണ്ടാക്കുമ്പോള്‍, നമ്മളുടെ വിദ്വേഷവും വെറുപ്പുംമൂലം നമ്മളുടെ ചിന്താ ശക്തി നഷ്ടപ്പെടുകയും, നമ്മളുടെ വിലപ്പെട്ട ഉര്‍ജ്ജത്തെ നഷ്ടപ്പെടുത്തികൊണ്ട് ഒരു യുദ്ധത്തിന് തയ്യാറെടുക്കുകയും ചെയ്യും. രണ്ടു അവസ്ഥയിലും  ഭയം വെറുപ്പ, വിദ്വേഷം സംഘര്‍ഷംഎന്നീ വികാരങ്ങളാല്‍കീഴടക്കപ്പെട്ട  മസ്തിഷ്ക്കം, നമ്മെ ബാഹ്യലോകത്തില്‍ നിന്ന് വിഛേദിപ്പിച്ച്, അനാരോഗ്യകരമായ അവസ്ഥയിലോ അപകടത്തിലോ കൊണ്ട് ചാടിക്കുന്നു.
   
എന്നാല്‍ പോസിറ്റിവ് ഉര്‍ജ്ജമാകട്ടെ നിഷേധാത്മക ചിന്തകളെ പിന്‍തള്ളി പുതിയ രക്ഷാ മാര്‍ക്ഷങ്ങള്‍ തുറക്കുന്നു. പോസിറ്റിവ് എനര്‍ജി ഒരല്പ നേരത്തെ സന്തോഷത്തെക്കാളേറെ നമ്മളുടെ പല കഴിവുകളെയും വളര്‍ത്തിക്കൊണ്ടു വരുവാന്‍ വേണ്ട ഉര്‍ജ്ജത്തെ എത്തിച്ചു കൊടുക്കുമെന്നുള്ളതാണ്. പുറത്ത് ഓടി ചാടി നടക്കുകയും മറ്റു കുട്ടികളോടൊപ്പം കളിക്കുകയും ചെയ്യുന്ന ഒരു കുട്ടി, വളര്‍ത്തി എടുക്കുന്ന കഴിവ് എന്നത്,  അവന്റെ വരാന്‍ പോകുന്ന ജീവിതത്തിനാവശ്യമായ ശാരീരകമായ ശക്തി, മറ്റുള്ളവരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കഴിവ്, ആശയവിനിമയത്തിനും സമ്പര്‍ക്കം പുലര്‍ത്താനുള്ള കഴിവ്, അന്വേഷണത്തിനും സൂക്ഷമ പരിശോധന നടത്താനുമുള്ള കഴിവ് തൂടങ്ങി പലതിനേയും വികസിപ്പിക്കാനുള്ള അവസരമാണ്. ഇത്തരം കഴിവുകളായിരിക്കും പില്‍ക്കാലത്ത് ഒരു വ്യക്തിയെ  ലോകം അറിയപ്പെടുന്ന കായിക താരമോ, സംഗീത സാമ്രാട്ടോ, പ്രസിഡണ്ടോ അങ്ങനെ പലതും ആക്കി തിര്‍ക്കുന്നത്. എവിടെയോ വച്ച് ആ വ്യക്തിക്ക് കിട്ടിയ പോസിറ്റിവ് എനര്‍ജിയുടെ തീപ്പൊരി ആ വ്യക്തിയെ കൊണ്ടു ചെന്നെത്തിക്കാവുന്ന സാദ്ധ്യതകള്‍ എത്രയെന്ന് നമ്മള്‍ക്ക് ഊഹിക്കാവുന്നതെയുള്ളു.
   
എങ്ങനെ നമ്മള്‍ക്ക് ആവശ്യമായ പോസിറ്റിവ് എനര്‍ജി സൃഷ്ടിച്ചുകൊണ്ട് ഒരോ കാലഘട്ടത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്യാമെന്ന് ചിന്തിക്കേണ്ടതാണ്. നമ്മള്‍ക്ക് സന്തോഷം നല്‍കുന്നതോ, സംതൃപ്തി തോന്നിക്കുന്നതോ, അല്ലെങ്കില്‍ സ്‌നേഹത്തിന്റെ ഒരു അരുവിയെ ജനിപ്പിക്കാന്‍ കഴിയുന്ന, ഉര്‍ജ്ജസ്വലതയുടെ ഒരു സ്ഫുലിംഗത്തിന് ഈ കൃത്യം നിര്‍വഹിക്കാന്‍ കഴിയും. അടുത്ത കാലത്തെ ഗവേഷണങ്ങള്‍ തെളിയിക്കുന്നത്, ഏകാഗ്രതയോടെ ദിവസേന ധ്യാനിക്കുന്നവരില്‍ അങ്ങനെ ചെയ്യാത്തവരെക്കാള്‍ ശുഭാത്മകമായമനോഭാവത്തെ കാണാന്‍ കഴിയുമെന്നുള്ളതാണ്. ദിവസേന ധ്യാനിക്കുന്നവരില്‍, മനസ്സിനെ, ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥംമുണ്ടെന്ന് തോന്നിക്കതിനും, സാമൂഹ്യജീവതത്തിന്റെ പ്രയോജനങ്ങളെ മനസ്സിലാക്കാനും, അതുപോലെ വിഷാദരോഗമുള്‍പ്പെടെ പല രോഗങ്ങളിലും നിന്നു മോചനം ലഭിക്കാന്‍ സഹായിക്കുന്നുവെന്നുമാണ് കാണാന്‍ കഴിയുന്നത്. ബൈബിളില്‍ പറയുന്നതുപോലെ ഭനിങ്ങള്‍ മുറിയില്‍ കയറി വാതിലടച്ച്, മിണ്ടാതെയിരുന്നു,’ നിങ്ങളുടെ ഉച്ഛ്വാസ വായുവിന്റേയും നിശ്വസ വായുവിന്റേയും താള ക്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രികരിച്ച് ഭനിങ്ങളുടെ രഹസ്യത്തിലുള്ള പിതാവിനെ’ അല്പ നേരം ധ്യാനിക്കുമെങ്കില്‍ അത് നിങ്ങളുടെ ശുഭാത്മിക ചിന്തകളെ ഉണുര്‍ത്താന്‍ കഴിവുള്ള ഔഷധമാണ്.
   
വായനയും എഴുത്തും നമ്മളുടെ ശുഭാത്മക ചിന്തകളെ വളര്‍ത്താനും നമ്മളില്‍ വെള്ളവും വെളിച്ചവും കാണതെ കിടന്ന വാസനകളുടെ വിത്തുകളെ കിളിര്‍പ്പിക്കുവാനും കഴിയുന്നവയാണ്.

“വായിപ്പോര്‍ക്കരുളുന്നനേക വിധമാം
    വിജ്ഞാനവും, മേതെങ്കിലും
ചോദിപ്പോര്‍ക്കുചിതോത്തരങ്ങളരുളി
     ത്തീര്‍ക്കുന്നു സന്ദേഹവും
വാദിപ്പോര്‍ക്കുതകുന്ന യുക്തി പലതും
     ചൂണ്ടിക്കൊടുക്കും വൃഥാ
ഖേദിപ്പോര്‍ക്കരുളുന്നു സാന്തനവച
      സ്സുല്‍കൃഷ്ടമാം പുസ്തകം’,

എന്ന ആര്‍ ഈശ്വരപിള്ളയുടെ കവിതാ ശകലത്തില്‍ വായനയുടെ ഗുണങ്ങള്‍ എന്തെല്ലാംമെന്ന് സംഗ്രഹിച്ചിരിക്കുന്നു. ഇത് ഒരു മന്ത്രംപോലെ ഉരുവിട്ടു പഠിക്കുന്നതും ആലപിക്കുന്നതും നമ്മളില്‍ വായിക്കാനും എഴുതാനുമുള്ള വാസനയേയും   ശുഭാപ്തി വിശ്വാസത്തേയും വളര്‍ത്തുവാനും സഹായിക്കും.  വായനപോലെ നമ്മളുടെ ജീവിതത്തില്‍ വളര്‍ത്തികൊണ്ടുവരാവുന്ന ഒന്നാണ് വ്യായാമം. അവരവരുടെ ആരോഗ്യത്തിന് അനുസൃതമായ രീതിയില്‍ കളിക്കാനോ നടക്കാനോ ഉള്ള ഒരു പദ്ധതി ആവിഷ്കരിക്കേണ്ടതാണ്. ഭാര്യഭര്‍ത്താക്കന്മാര്‍ ഒരുമിച്ചും അതല്ലങ്കില്‍ സുഹൃത്തുക്കളുമായുമൊക്കെ പല വിധ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് ശുഭോദര്‍ക്കങ്ങളായ ചിന്തകളെ വളര്‍ത്തുകയും നമ്മളുടെ ശാരീരികവും മാനസ്സികവുമായ ആരോഗ്യത്തെ കാത്തു സുക്ഷിക്കാന്‍  സഹായിക്കുകയും ചെയ്യുമെന്നതിന് തര്‍ക്കമില്ലാത്ത കാര്യമാണ്.

ചിന്താമൃതം:

നിങ്ങളുടെ ഉള്ളില്‍തന്നെ സന്തോഷത്തെ കണ്ടെത്തുക. ആ സന്തോഷം നിങ്ങളുടെ വേദനകളെ ചാമ്പലാക്കി കളയും (ജോസഫ് ക്യാമ്പ്‌ബെല്‍)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക