Image

അമിത് ഷായുടെ 'ഭാഷാ അജണ്ട'യും മോദി ഹിന്ദി പഠിച്ച 'ചായ'വഴിയും (ശ്രീനി)

Published on 15 September, 2019
അമിത് ഷായുടെ 'ഭാഷാ അജണ്ട'യും മോദി ഹിന്ദി പഠിച്ച 'ചായ'വഴിയും (ശ്രീനി)
''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍!
മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍...'' 

'എന്റെ ഭാഷ' എന്ന കവിതയില്‍ മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ കുറിച്ച ഈ ഈരടികള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. മനുഷ്യനെ സംബന്ധിച്ചിടത്തോളം മാതൃഭാഷയാണ് പെറ്റമ്മ. മറ്റുള്ള ഭാഷകള്‍ പോറ്റമ്മമാരുമെന്നാണ് കവി വിവക്ഷിക്കുന്നത്. ഇവിടെ അമ്മ കഴിഞ്ഞേ മറ്റെന്തുമുള്ളൂ. അതിനര്‍ത്ഥം പോറ്റമ്മ മോശമാണെന്നല്ല. ഇതര ഭാഷകളും മഹത്തരം തന്നെ. ഭാഷ വിവാദത്തിന് വീണ്ടും തിരി കൊളുത്തിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയാണ് ഇപ്പോള്‍ ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് വിഷയീഭവിച്ചിരിക്കുന്നത്.

'ഒരു രാജ്യം, ഒരു ഭാഷ' എന്ന അജണ്ട മുന്‍നിര്‍ത്തി ഹിന്ദിക്ക് മാത്രമേ രാജ്യത്തെ ഒരുമിപ്പിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് അമിത് ഷായുടെ വാദം. വിവിധ ഭാഷകളുടെ നാടാണ് ഇന്ത്യയെന്നും ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും എന്നാല്‍, രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്നതിന് ഏകീകൃതമായൊരു ഭാഷ വേണമെന്നും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണ് അതിന് നല്ലതെന്നും അമിത് ഷാ പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി തെളിയിക്കപ്പെടേണ്ടതുണ്ട്. അതില്‍ രാഷ്ട്രീയമില്ലേയെന്ന് ചോദിച്ചാല്‍ തള്ളിക്കളയാനാവില്ല. ''ഭാഷാ വൈവിധ്യവും ഗ്രാമ്യ ഭാഷയും നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്. പക്ഷേ നമ്മുടെ രാജ്യത്തിന് ഒരു ഭാഷ ഉണ്ടായിരിക്കേണ്ട ആവശ്യമുണ്ട്. അങ്ങനെയായാല്‍ വിദേശ ഭാഷകള്‍ക്ക് ഇടം കണ്ടെത്താനാവില്ല. അത് കൊണ്ടാണ് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ ഹിന്ദിയെ രാജ ഭാഷ ആയി വിഭാവനം ചെയ്തത്...'' അമിത് ഷാ വ്യക്തമാക്കുന്നു.

ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷയാണ്. അത് ദേശാഭിമാനമുള്ള ഓരോ ഇന്ത്യാക്കാരന്റെയും ഹൃദയത്തിലെഴുതപ്പെട്ടതുമാണ്. ഹിന്ദിയെ നാം ആദരിക്കുകയും ചെയ്യുന്നു. ഇന്ത്യക്കാര്‍ മാത്രമല്ല വിദേശിയരും അപ്രകാരം ചെയ്യുന്നു. യു.എസിലെ മോണ്ടാന സര്‍വകലാശാലയില്‍ ഹിന്ദി കോഴ്‌സ് ഉണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഗൗരവ് മിശ്ര എന്ന അധ്യാപകനാണ് അവിടെ ഹിന്ദി പഠിപ്പിക്കുന്നത്. മറ്റ് നാല് സര്‍വകലാശാലകളില്‍ ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ റഗുലര്‍ വിഷയമായി ഹിന്ദി ഭാഷ പഠിപ്പിക്കുന്ന കാര്യവും സര്‍വകലാശാല പരിഗണിക്കുന്നുണ്ട്.

കേരളത്തില്‍ കുടിയേറിപാര്‍ക്കുന്ന തൊഴിലാളികള്‍ക്ക് വേണ്ടി ക്രിസ്ത്യന്‍ പള്ളികളില്‍ ഹിന്ദിയില്‍ കുര്‍ബാനയുണ്ട്. കൊച്ചിയിലെ സെന്റ് ആന്റണീസ് പള്ളിയിലാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ ഞായറാഴ്ചയും വൈകീട്ട് മൂന്ന് മണിക്കാണ് കുര്‍ബാന. അതേസമയം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ഹിന്ദിയെന്ന് തന്നയാണ്. ലോകത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനീസ് ഭാഷയായ മന്‍ഡേറിയനെ മറിക്കടനാണ് ഹിന്ദി മുന്നിലെത്തിയത്. 121 കോടി ജനങ്ങള്‍ക്ക് ഇന്ന് ഹിന്ദി സംസാരിക്കാന്‍ അറിയാം. അതായത് ലോക ജനസംഖ്യയില്‍ ആറില്‍ ഒരാള്‍ക്ക് വീതം ഹിന്ദി അറിയാമെന്നര്‍ത്ഥം.

എന്നാല്‍ ലോകത്തും ഇന്ത്യയിലും ഹിന്ദി വിരുദ്ധ സമീപനങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. അടുത്തയിടെ ന്യൂസിലന്‍ഡിലെ വെല്ലിങ്ടണില്‍ ട്രെയിനിലിരുന്ന് ഫോണില്‍ ഹിന്ദിയില്‍ സംസാരിച്ച യുവാവിനോട് അപമര്യാദയായി പെരുമാറിയ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ടി.ടി.ഇ ഇറക്കിവിട്ടത് വാര്‍ത്തയായിരുന്നു. സഹയാത്രികന്‍ മൊബൈല്‍ ഫോണില്‍ ഹിന്ദി സംസാരിച്ചതോടെയാണ് പതിനാറുകാരിയായ പെണ്‍കുട്ടി പൊട്ടിത്തെറിച്ചത്. ''ഇവിടെ നിങ്ങളുടെ ഭാഷ സംസാരിക്കാനാണെങ്കില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണം...'' എന്നാവശ്യപ്പെട്ട് പെണ്‍കുട്ടി യുവാവിനോട് തട്ടിക്കയറുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ടിക്കറ്റ് എക്‌സാമിനര്‍ പെണ്‍കുട്ടിയോട് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സഹയാത്രികരോട് മാന്യമായി പെരുമാറാന്‍ സാധിക്കുന്നില്ലെങ്കില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞ ടി.ടി.ഇയോടും പെണ്‍കുട്ടി തട്ടിക്കയറി. ഇതോടെ ട്രെയിനില്‍ നിന്ന് ഇറങ്ങണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു ജെ.ജെ ഫിലിപ്‌സ് എന്ന ടി.ടി.ഇ.

തമിഴ്‌നാട്ടില്‍ ഹിന്ദി നിര്‍ബന്ധമാക്കാന്‍ പോകുന്നുവെന്ന പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ശക്തമായ പ്രതിഷേധങ്ങല്‍ നടന്നുവരികയാണ്. കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ 1965ന് സമാനമായ പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ മക്കള്‍ക്ക് തമിഴില്‍ പേരിടാന്‍ ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. ആസാമില്‍ ബസിനുള്ളില്‍ ഹിന്ദി സംസാരിച്ചതിന് അഞ്ച് യുവാക്കളെ തീവ്രവാദികള്‍ വെടിവച്ച് കൊന്നത് കഴിഞ്ഞ വര്‍ഷമാണ്. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ബോഡോലാന്‍ഡ് (എന്‍.ഡി.എഫ്.ബി) തീവ്രവാദികളാണ് യുവാക്കളെ കൊന്നത്.

ഇത്തരം സഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് 'ഒരു രാജ്യം ഒരു ഭാഷ' എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന അമിത്ഷായുടെ ആഹ്വാനം സമ്മിശ്ര പ്രതികരണങ്ങള്‍ ഉളവാക്കിയിരിക്കുന്നത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഉറപ്പിക്കുന്നതാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് ആരോപണമുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയില്‍ ഹിന്ദി നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശയുണ്ടായിരുന്നു. തമിഴ്‌നാട്ടിലെയും മറ്റു സംസ്ഥാനങ്ങളിലെയും കനത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇത് പിന്‍വലിച്ചത്. ഇതിനു ശേഷവും ഭാഷ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. ജൂണില്‍ ദക്ഷിണ റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് കൊടുത്ത സര്‍ക്കുലറില്‍ ഡിവിഷന്‍ കണ്‍ട്രോള്‍ ഓഫീസുമായി ബന്ധപ്പെടാന്‍ ഇംഗ്ലീഷോ ഹിന്ദിയോ മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു നിര്‍ദേശം. ജൂലൈയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റ് റിക്രൂട്‌മെന്റിലും പരീക്ഷ ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മാത്രമായി ഒതുക്കിയിരുന്നു. വലിയ പ്രതിഷേധത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി പഴയ ഭാഷ പരിഗണന ഉള്‍പ്പെടുത്തി മറ്റൊരു തീയതിയിലേക്ക് മാറ്റി.

ഇന്ത്യയില്‍ പത്തില്‍ ആറു പേരുടെയും മാതൃഭാഷാ ഹിന്ദിയല്ല എന്ന വസ്തുത നിലനില്‍ക്കെയാണ് ഹിന്ദി ദേശീയ ഭാഷ ആക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നാണ് എതിര്‍വാദം. 2011 സെന്‍സസ് പ്രകാരം 121 കോടി ജനങ്ങളില്‍ 43.63 ശതമാനം പേര്‍ മാത്രമേ ഹിന്ദി സംസാരിക്കുന്നുള്ളു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയ്ക്ക് 22 ഔദ്യോഗിക ഭാഷകളുണ്ട്. ഇതില്‍ ഒന്ന് മാത്രമാണ് ഹിന്ദി. കേന്ദ്ര സര്‍ക്കാറിന്റെയും ഉത്തരമദ്ധ്യ ഭാരതത്തിലെ പല സംസ്ഥാന സര്‍ക്കാറുകളുടെയും ഔദ്യോഗിക ഭാഷയാണ് ഹിന്ദിയെങ്കിലും ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. ഇന്ത്യന്‍ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയഭാഷ പദവി കല്പിച്ചിട്ടില്ല. ഇന്ത്യയുടെ വൈവിധ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ നടപടികള്‍ എന്ന ആക്ഷേപം ശക്തമാണ്. കശ്മീരിലും അസ്മിലും അസ്ഥിരത നിലനില്‍ക്കുന്നതിനിടയിലാണ് ഭാഷയുടെ പേരില്‍ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യുന്ന നടപടികളിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നീങ്ങാന്‍ ശ്രമിക്കുന്നത്.

'നാനാത്വത്തില്‍ ഏകത്വ'മെന്ന ആശയത്തെ കാറ്റില്‍പ്പറത്തി വൈവിധ്യങ്ങള്‍ ഇല്ലാതാകുന്ന കാഴ്ചയാണ് ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് വിമര്‍ശനമുയരുന്നുണ്ട്. ഇതിനെ അര്‍ത്ഥവത്താക്കുന്നതാണ് അമിത് ഷായുടെ ഹിന്ദി ദിവസിലെ പ്രസ്താവന. അമിത് ഷായുടെ ആഹ്വാനം ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14 ദേശീയ ഹിന്ദി ദിവസ് ആയി ആചരിക്കുന്നു. ഹിന്ദി രാഷ്ട്രഭാഷയായി സ്വീകരിച്ച ദിവസമാണ് സെപ്റ്റംബര്‍ 14. രാഷ്ടഭാഷാ ദിവസ്, സമ്പര്‍ക്ക ഭാഷാ ദിവസ്, രാജ്യഭാഷാ ദിവസ് എന്നീ പേരുകളിലും ഈ ദിനം അറിയപ്പെടുന്നു.

''പ്രതിഷേധം ഉയര്‍ന്നിട്ടും ഹിന്ദി അജണ്ടയില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരില്‍ സംഘ പരിവാര്‍ പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്...'' മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമിങ്ങനെ. അമിത് ഷായുടെ പ്രസ്താവനയെ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമടക്കമുള്ള രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. ''ഇന്ത്യയുടെ ഏകീകൃത ഭാഷയാണ് ഹിന്ദി എന്ന പ്രസ്താവന അമിത് ഷാ പിന്‍വലിക്കണം. ഇത് ഇന്ത്യയാണ്. ഹിന്ദ്യയല്ല. പ്രധാനമന്ത്രി മോദിയും ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കണം. ഇല്ലെങ്കില്‍, തമിഴ്‌നാട്ടില്‍ മാത്രമല്ല, ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് മൂലം അവകാശം നഷ്ടപ്പെടുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പ്രതിഷേധം കാണേണ്ടി വരും...'' സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കുന്നു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി മോദിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ട്വീറ്റ് ചെയ്തത്. ''സര്‍ക്കാര്‍ രാജ്യമെമ്പാടും ഹിന്ദി ദിവസ് ആഘോഷിക്കുകയാണ്. ഹിന്ദിക്കൊപ്പം കന്നഡയും ഔദ്യോഗിക ഭാഷകളിലൊന്നായി ഭരണഘടനാപരമായി അംഗീകരിച്ചിട്ടുണ്ട്. എപ്പോഴാണ് നിങ്ങള്‍ രാജ്യത്ത് കന്നഡ ദിവസ് ആഘോഷിക്കാന്‍ പോകുന്നത് മിസ്റ്റര്‍ നരേന്ദ്ര മോദി..? കന്നഡിഗരും ഈ രാജ്യത്തിന്റെ ഭാഗമാണെന്ന് ഓര്‍മ്മിക്കുക...'' കുമാരസ്വാമി രേഷംകൊണ്ടു. വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും രാജ്യത്തെ ഫെഡറല്‍ തത്വങ്ങളെ അട്ടിമറിക്കുന്നെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അല്‍പംകൂടി ഹിന്ദി വിശേഷം...

'ഹിന്ദ്' എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ഹിന്ദി എന്ന് പേര് വന്നത്. സിന്ധു നദിയുടെ പ്രദേശം എന്നാണ് ഇതിനര്‍ത്ഥം. ബീഹാര്‍, ദില്ലി, ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ജാര്‍ഗണ്ഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും സംസാര ഭാഷയായി ഉപയോഗിക്കുന്നത്. മദ്ധ്യകാല ഇന്തോ ആര്യന്‍ ഭാഷയായ അപഭ്രംശയില്‍ നിന്നും ഏഴാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനും ഇടക്കാണ് ഹിന്ദി ഉരുത്തിരിഞ്ഞത്. 11-ാം നൂറ്റാണ്ടിലുണ്ടായിരുന്ന ദേവഗിരി ലിപിയില്‍ നിന്നാണ് ഹിന്ദി ലിപിയുടെ ഉത്ഭവം. രചന 1805ല്‍ ലല്ലൂ ലാല്‍ പ്രസിദ്ധീകരിച്ച പ്രേം സാഗര്‍ എന്ന കൃഷ്ണ കൃതിയാണ് ആദ്യ പുസ്തകം. ഗുരു, ജഗിള്‍, കര്‍മ്മ, യോഗ, ബംഗ്ലാവ്, ലൂട്ടിംങ്, അവതാര്‍ എന്നീ ഇംഗ്ലീഷ് വാക്കുകള്‍ ഹിന്ദിയില്‍ നിന്നും വന്നതാണ്.

ഇനി മോദി വിചാരം...

''കുട്ടിക്കാലത്ത് ചായവില്‍ക്കാന്‍ പോയതുമൂലമാണ് ഞാന്‍ ഹിന്ദി പഠിച്ചത്. ഗുജറാത്തി മാത്രം സംസാരിക്കുന്ന കുടുംബത്തിലായിരുന്നു ജനനം. അന്നു മുതലെ ഉള്ള ആഗ്രഹമാണ് ഹിന്ദി പഠിക്കണമെന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും വരുന്ന പോത്ത് കച്ചവടക്കാര്‍ക്ക് ചായവില്‍ക്കാന്‍ പോയാണ് അവരില്‍ നിന്നും ഹിന്ദി പഠിച്ചത്. ഞങ്ങളുടെ ഗ്രാമത്തിലേക്കാണ് അവര്‍ പോത്ത് കച്ചവടത്തിന് എത്തുന്നത്. ഗുജറാത്തി അറിയാത്ത അവരും ഹിന്ദി അറിയാത്ത ഞാനും തമ്മിലുണ്ടായ സമ്പര്‍ക്കം എന്നെ ഹിന്ദി പഠിപ്പിച്ചു. ഓരോ ഭാഷക്കും അതിന്റേതായ ശക്തിയുണ്ട്. എനിക്കു സംഭവിച്ച എല്ലാ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ക്കു പിറകില്‍ ഹിന്ദിക്ക് വലിയ പ്രാധാന്യമുണ്ട്...'' 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക