Image

സിസ്റ്റര്‍ അഭയ കേസ്; മൊഴി മാറ്റം തുടര്‍ക്കഥയാകുന്നു

Published on 16 September, 2019
സിസ്റ്റര്‍ അഭയ കേസ്; മൊഴി മാറ്റം തുടര്‍ക്കഥയാകുന്നു

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടര്‍ കഥയാകുന്നു. രണ്ട് സാക്ഷികളാണ് ഇന്ന് സിബിഐ കോടതിയില്‍ കൂറുമാറിയത്. അമ്ബത്തിമൂന്നാം സാക്ഷി സിസ്റ്റര്‍ ആനി ജോണും നാല്പതാം സാക്ഷി സിസ്റ്റര്‍ സുദീപയുമാണ് ഇന്ന് കൂറുമാറിയത്. സിബിഐ അഭിഭാഷകന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതിരുന്ന ആനി ജോണിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.


അഭയ കൊല്ലപ്പെട്ട ദിവസം കോട്ടയം പയസ് ടെത്ത് കോണ്‍വെന്റിലെ അടുക്കള ഭാഗത്ത് അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നായിരുന്നു ആനി ജോണ്‍ നേരത്തെ സിബിഐക്ക് നല്‍കിയിരുന്ന മൊഴി. എന്നാല്‍, ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയിലെ വിചാരണയില്‍ ശിരോവസ്ത്രം മാത്രമാണ് കണ്ടതെന്ന് തിരുത്തി പറയുകയായിരുന്നു..


കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്നു അഭയയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കാണിച്ച ഒപ്പ് മദര്‍ സുപ്പീരിയറിന്റേത് തന്നെയാണോ എന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിന് ആനി ജോണ്‍ മറുപടി പറഞ്ഞില്ല. ഇതാണ് ജഡ്ജിയെ ചൊടിപ്പിച്ചത്. പൊതുസമൂഹത്തിന് മാതൃകയാകേണ്ട നിങ്ങളെപ്പോലുള്ളവര്‍ ഇങ്ങനെ ധാര്‍ഷ്ട്യം കാണിക്കരുതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.


അഭയ കൊല്ലപ്പെട്ട ദിവസം പയസ് ടെത്ത് കോണ്‍വെന്റിലെ കിണറ്റില്‍ ഒരു വലിയ വസ്തു വീഴുന്ന ശബ്ദം കേട്ടെന്നായിരുന്നു നാല്പതാം സാക്ഷി സിസ്റ്റര്‍ സുദീപ ആദ്യം മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ശബ്ദം കേട്ടില്ലെന്ന് ഇന്ന് തിരുത്തി പറയുകയായിരുന്നു. ഇന്നത്തെ രണ്ട് സാക്ഷികള്‍ ഉള്‍പെടെ കേസില്‍ ഇതുവരെ കുറുമാറിയവരുടെ എണ്ണം ആറായി. അതിനിടെ കൂറുമാറുമെന്ന സൂചനയെ തുടര്‍ന്ന് 41ാം സാക്ഷി സിസ്റ്റര്‍ നവീനയെയും 42ാം സാക്ഷി കൊച്ചുറാണിയെയും സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിബിഐ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക