Image

ആന്ധ്രപ്രദേശ്‌ മുന്‍ സ്‌പീക്കര്‍ മരിച്ച നിലയില്‍

Published on 16 September, 2019
ആന്ധ്രപ്രദേശ്‌ മുന്‍ സ്‌പീക്കര്‍ മരിച്ച നിലയില്‍
ഹൈദരബാദ്‌ : ആന്ധ്രപ്രദേശ്‌ മുന്‍ സ്‌പീക്കും തെലുഗുദേശം പാര്‍ട്ടി നേതാവുമായ കൊടേല ശിവപ്രസാദ്‌ റാവു ആത്മഹത്യ ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ സ്വവസതിയിലാണ്‌ അദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

72 കാരനായ ശിവപ്രസാദ്‌ റാവു ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ പീഡനങ്ങളെ തുടര്‍ന്നാണ്‌ ജീവനൊടുക്കിയതെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. ആറുതവണ എംഎല്‍എയായ ശിവപ്രസാദ റാവു 2014-2019 കാലത്തെ ആന്ധ്രനിയമസഭയില്‍ സ്‌പീക്കറായിരുന്നു.

ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ശിവപ്രസാദ്‌ റാവുവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസുകള്‍ എടുത്തിരുന്നു. കേസില്‍്‌ കുടുംബാംഗങ്ങള്‍ക്ക്‌ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം വളരെ വിഷമത്തിലായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറയുന്നു. 

പ്രഭാത ഭക്ഷണത്തിനു ശേഷം മുറിയില്‍ കയറി വാതിലടച്ച റാവു പുറത്തു വരാത്തതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ വാതില്‍ പൊളിച്ച്‌ അകത്തുകയറിയപ്പോഴാണ്‌ ഇദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കാണുന്നത്‌. ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.

ശിവപ്രസാദ്‌ റാവുവിനെതിരെ നിരന്തരമായി വന്ന അഴിമതിക്കേസുകളാണ്‌ ആത്മഹത്യക്ക്‌ പിന്നിലെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്‌ബ്‌ മകനും മകള്‍ക്കുമെതിരെ അഴിമതി കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നു. 

അധികാരമൊഴിഞ്ഞപ്പോള്‍ നിയമസഭയിലെ ഫര്‍ണിച്ചര്‍ വീട്ടിലേക്ക്‌ കൊണ്ടുപോയെന്നും കൊടേല ശിവപ്രസാദിനെതിരെ ആരോപണമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം അറിയിച്ചു. 

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ബിജെപി നേതാവ്‌ കൃഷ്‌ണസാഗര്‍ റാവു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ആന്ധ്രപ്രദേശിലെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ്‌ ശിവപ്രസാദെന്ന്‌ നേതാക്കള്‍ ആരോപിച്ചു.

നരസരാപേട്ട്‌ ,സെത്തനപല്ലെ മണ്ഡലങ്ങളില്‍ നിന്ന്‌ പലവട്ടം നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ശിവപ്രസാദ്‌ ആന്ധ്ര ആഭ്യന്തര മന്ത്രിയായും പഞ്ചായത്തി രാജിന്റെ ചുമതലയുള്ള മന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. 

എന്‍.ടി രാമറാവു തെലുഗുദേശം പാര്‍ട്ടി സ്ഥാപിച്ചതു മുതല്‍ പാര്‍ട്ടിയുടെ നേതാവായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക