Image

കുറുക്കു വഴി ദോഷം ചെയ്യും; സാദിഖയുടെ അനുഭവം പഠിപ്പിക്കുന്നത്

Published on 16 September, 2019
കുറുക്കു വഴി ദോഷം ചെയ്യും; സാദിഖയുടെ അനുഭവം പഠിപ്പിക്കുന്നത്
ദമ്മാം: സ്‌പോണ്‍സര്‍ രണ്ടു വര്‍ഷം മുന്‍പ് ഹുറൂബിലാക്കിയ ഇന്ത്യന്‍ ജോലിക്കാരി നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

'ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ച' എന്ന് തോന്നി ചിന്തിയ്ക്കാതെ ഇറങ്ങിപ്പുറപ്പെട്ട് അബദ്ധത്തില്‍ ചാടിയ, ബാംഗ്ലൂര്‍ സ്വദേശിനി സാദ്ദിഖയുടെ അനുഭവങ്ങള്‍, പ്രവാസികള്‍ക്കൊക്കെ ഒരു ഗുണപാഠമാണ്. രണ്ടര വര്‍ഷം മുന്‍പാണ് സാദ്ദിഖ വീട്ടുജോലിക്കാരിയായി ദമ്മാമിലെ ഒരു സൗദിഭവനത്തില്‍ എത്തുന്നത്. മൂന്നു മാസം ആ വീട്ടില്‍ ജോലി ചെയ്തെങ്കിലും, ശമ്പളമൊന്നും കിട്ടിയില്ല. ഓരോ പ്രാവശ്യവും ചോദിയ്ക്കുമ്പോള്‍, അടുത്ത മാസം തരാം എന്നായിരുന്നു സ്‌പോണ്‍സര്‍ പറഞ്ഞത്.

ഒരു പരിചയക്കാരനോട് ഇതേക്കുറിച്ചു പറഞ്ഞപ്പോള്‍, അയാള്‍ വേറൊരു നല്ല സൗദിഭവനത്തില്‍ ജോലി വാങ്ങിത്തരാം എന്ന് ഉറപ്പ് നല്‍കി, സാദ്ദിഖയെ ആ വീട്ടില്‍ നിന്നും ഓടിപ്പോകാന്‍ പ്രേരിപ്പിച്ചു. അങ്ങനെ ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും ഒളിച്ചോടിയ സാദ്ദിഖയെ, അയാള്‍ മറ്റൊരു സൗദിയുടെ വീട്ടില്‍ ജോലിയ്ക്ക് കൊണ്ട് പോയി ചേര്‍ത്തു.

രണ്ടു വര്‍ഷം സാദ്ദിഖ ആ വീട്ടില്‍ ജോലി ചെയ്തു. എന്നാല്‍ അവിടെയും ശമ്പളമൊന്നും ലഭിച്ചില്ല. നാട്ടില്‍ അമ്മയ്ക്ക് സുഖമില്ല എന്ന് അറിയിപ്പ് വന്നപ്പോള്‍, കുറച്ചു പണം നല്‍കിയതല്ലാതെ, ആ വീട്ടുകാര്‍ ശമ്പളമൊന്നും കൊടുത്തില്ല. ചോദിച്ചാല്‍, ഒടുക്കം നിര്‍ത്തി പോകുമ്പോള്‍ ഒരുമിച്ചു തരാം എന്ന് പറഞ്ഞു അവര്‍ ഒഴിഞ്ഞു മാറി.

രണ്ടു വര്‍ഷം കഴിഞ്ഞിട്ടും, ശമ്പളമോ, നാട്ടിലേയ്ക്ക് തിരികെ പോകാനുള്ള അനുമതിയോ ലഭിയ്ക്കാതെ സാദ്ദിഖ ആകെ കുഴപ്പത്തിലായി. ഗതികെട്ടപ്പോള്‍ അവര്‍ ആരുമറിയാതെ പുറത്തു കടന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി. പോലീസുകാര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിലെത്തിച്ചു.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് സാദ്ദിഖ സ്വന്തം അവസ്ഥ വിവരിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. നവയുഗം ജീവകാരുണ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍, സാദ്ദിഖയെ രണ്ടു വര്ഷം മുന്‍പ് തന്നെ സ്‌പോണ്‍സര്‍ ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) ആക്കിയതായി മനസ്സിലാക്കി. അതിനാല്‍ നിയമപരമായി അയാള്‍ക്ക് എതിരെ ഒരു നടപടിയും എടുക്കാന്‍ കഴിയില്ലായിരുന്നു. സാദ്ദിഖ രണ്ടു വര്‍ഷം ജോലി ചെയ്ത സൗദി വീട്ടുകാരുടെ അഡ്രസ്സോ, ഫോണ്‍ നമ്പരോ അവരുടെ കൈയ്യില്‍ ഇല്ലാതിരുന്നതിനാല്‍ അവരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിനാല്‍ സാദ്ദിഖയ്ക്ക് കുടിശ്ശിക ശമ്പളം കിട്ടാനുള്ള നിയമപരമായ ഒരു സാധ്യതയും ഇല്ലാത്ത അവസ്ഥയായിരുന്നു.

തനിയ്ക്ക് എങ്ങനെയും നാട്ടില്‍ പോയാല്‍ മതി എന്ന് സാദ്ദിഖ അറിയിച്ചതിനെ തുടര്‍ന്ന്, മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് അവര്‍ക്ക് ഔട്ട്പാസ്സ് എടുത്തു നല്‍കി. അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റും അടിച്ചു. മഞ്ജുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്, മണിക്കുട്ടന്റെ സുഹൃത്തും, ജുബൈലിലെ സാമൂഹ്യപ്രവര്‍ത്തകനുമായ യാസീന്‍ സാദ്ദിഖയ്ക്ക് വിമാനടിക്കറ്റ് എടുത്തു കൊടുക്കുകയും, ദമ്മാമിലെ ബിസ്‌നെസ്സുകാരനായ പ്രസാദ് സാദ്ദിഖയ്ക്ക് നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ബാഗും, വസ്ത്രങ്ങളും, സമ്മാനങ്ങളും സൗജന്യമായി നല്‍കുകയും ചെയ്തു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി എല്ലാവരോടും നന്ദി പറഞ്ഞു, സാദ്ദിഖ നാട്ടിലേയ്ക്ക് മടങ്ങി.

ജോലിസ്ഥലങ്ങളില്‍ ശമ്പളം കിട്ടാതിരിയ്ക്കുകയോ, മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകുകയോ ചെയ്താല്‍ ഈ രാജ്യത്തു നിലവിലുള്ള തൊഴില്‍നിയമങ്ങള്‍ ഉപയോഗിച്ച് തന്നെ അവയെ നിയമപരമായി നേരിട്ട് പ്രശ്നപരിഹാരത്തിന് ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍, ഒളിച്ചോടിപ്പോകുക തുടങ്ങിയ നിയമവിരുദ്ധമായ കുറുക്ക് വഴികള്‍ സ്വീകരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്, അന്തിമമായി ദോഷമേ ഉണ്ടാകുകയുള്ളൂ എന്നാണ്, രണ്ടു വര്‍ഷം ജോലി ചെയ്തിട്ടും വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്ന സാദ്ദിഖയുടെ അനുഭവം പഠിപ്പിയ്ക്കുന്നത്. നിയമപരമായ പ്രശ്‌നങ്ങളില്‍ സഹായിയ്ക്കാന്‍ ഇന്ത്യന്‍ എംബസിയും, നവയുഗം അടക്കമുള്ള ഒരുപാട് പ്രവാസി സംഘടനകളും, എംബസ്സി അംഗീകരിച്ച സാമൂഹ്യപ്രവര്‍ത്തകരും സൗദിയില്‍ ഉണ്ട്. നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലേയ്ക്ക് പോയി കുഴപ്പത്തില്‍ പെടാതെ, അവരുടെ സഹായം തേടുകയാണ് വേണ്ടത് എന്നും നവയുഗം ജീവകാരുണ്യവിഭാഗം അറിയിച്ചു.

ഫോട്ടോ: സാദ്ദിഖ (വലത്) മഞ്ജു മണികുട്ടന്റെ ഒപ്പം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക