Image

തെലങ്കാന മുഖ്യമന്ത്രിയുടെ വളര്‍ത്തുനായ ചത്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Published on 16 September, 2019
തെലങ്കാന മുഖ്യമന്ത്രിയുടെ വളര്‍ത്തുനായ ചത്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്‍െറ വളര്‍ത്തുപട്ടി ചത്തതിന് രണ്ട് മൃഗഡോക്ടര്‍മാര്‍ക്കെതിരെ കേസ്. വാര്‍ത്ത പുറത്തുവന്നതോടെ, സര്‍ക്കാറിന്‍െറ നിഷ്ക്രിയത്വംമൂലം നിരവധിപേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിനെതിരെ നടപടിയില്ലെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെ നായ് പരിപാലകന്‍െറ പരാതിയിലാണ് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തത്.   ഡോക്ടര്‍മാരുടെ അലംഭാവമാണ് 11 മാസമായ പട്ടിയുടെ മരണ കാരണമെന്നാണ് ആരോപണം.

ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഡെങ്കിപ്പനി ബാധിച്ച ആറുകുട്ടികള്‍ ഒറ്റദിവസം കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചതിന് നടപടിയെടുക്കാത്ത സര്‍ക്കാറാണിതെന്ന് കോണ്‍ഗ്രസ് വക്താവ് ദസോജു ശ്രാവണ്‍ കുറ്റപ്പെടുത്തി.

അലംഭാവത്തിന്‍െറ പേരില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി ഇറ്റല രാജേന്ദറിനും എതിരെ ക്രിമിനല്‍ കേസെടുത്തതായി ആരുടെയെങ്കിലും ശ്രദ്ധയില്‍പെട്ടിരുന്നോ എന്നദ്ദേഹം പരിഹസിച്ചു.  പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഉടന്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മൃഗഡോക്ടര്‍മാര്‍ക്കെതിരായ നടപടി ക്രൂരമായ തമാശയെന്ന് വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് കൃഷ്ണ സാഗര്‍ റാവുവും രംഗത്തെത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക