Image

ആദര്‍ശ മാനവികതയുടെ പ്രവാചകന്‍ (അശോകന്‍ വേങ്ങശേരി)

Published on 20 September, 2019
ആദര്‍ശ മാനവികതയുടെ പ്രവാചകന്‍ (അശോകന്‍ വേങ്ങശേരി)
ശ്രീനാരായണഗുരു സമാധി പ്രാപിച്ചിട്ട് 91 സംവത്സരങ്ങള്‍ പിന്നിടുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഗുരു നടത്തിയ അഗാധമായ നവീകരണത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും ഇന്നും മലയാളികള്‍ വേണ്ടവണ്ണം ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നു നിശ്ചയമില്ല. ഏഴു പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആ വലിയ ജീവിതം ഭൗതീകമായി വിടവാങ്ങിയത് 1928 സെപ്റ്റംബര്‍ 20-നായിരുന്നു.

കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട, പഠനത്തിനു വിധേയമായ മറ്റൊരു ചരിത്ര പുരുഷന്‍ ഉണ്ടായിട്ടില്ല. ഗുരുവിന്റെ മാതൃകാലോകത്തിന്റെ സഫലീകരണമാണ് തന്റെ ഗവണ്‍മെന്റിന്റെ നയമെന്നു നമ്മുടെ രാഷ്ട്രപതി തന്നെ ഈയിടെ പ്രസ്താവിച്ചതും നമ്മുടെ സ്മരണയിലുണ്ട്. കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക് മുന്‍പൊരിക്കല്‍ തന്റെ ബജറ്റ് അവതരിപ്പിച്ചതു തന്നെ ഗുരുവിന്റെ മാനവികത സ്ഫുരിക്കുന്ന വരികള്‍ ഉരുവിട്ടുകൊണ്ടായിരുന്നു. എത്രയോ പഠന ഗ്രന്ഥങ്ങള്‍, ജീവചരിത്രങ്ങള്‍, ഗുരുവന്റെ രചനകളെ സംബന്ധിച്ച വ്യാഖ്യാനങ്ങള്‍ ഒക്കെ നിരന്തരം പ്രസിദ്ധീകരിക്കപ്പെടുന്നു. മിക്ക മാധ്യമങ്ങളിലും കേരളത്തിലെ ബുദ്ധിജീവികളും, എഴുത്തുകാരും ഗുരുവിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വിലയിരുത്തലുകളും എഴുതിക്കൊണ്ടേരിക്കുന്നു.

ശ്രീനാരായണ പണ്ഡിതനും ചിന്തകനുമായിരുന്ന പ്രൊഫ. കെ.പി. അപ്പന്‍ തന്റെ ഒരു ലേഖനത്തില്‍ ഗുരുവിനെ വിശേഷിപ്പിച്ചത് ആദര്‍ശമാനവികതയുടെ തത്വചിന്തകനായിട്ടാണ്. ആരെയും നോവിക്കാതെ, ഒരു വിഭാഗത്തേയും ശത്രുപക്ഷത്ത് കാണാതെ ചരിത്രപരമായ ജീര്‍ണ്ണതകള്‍ക്കെതിരേ ഗുരു പോരാടി. അപമാനിക്കപ്പെട്ട മനുഷ്യര്‍ ചരിത്രത്തില്‍ അവശേഷിപ്പിച്ച വേദനകളും നൈരാശ്യങ്ങളും ഗുരുവിന്റെ സാമൂഹിക പരിഷ്കരണങ്ങളുടെ കാരണങ്ങളായിരുന്നു. കേരളത്തിന്റെ ചിന്താമണ്ഡലത്തില്‍ മൂല്യങ്ങളുടെ ഒട്ടേറെ പ്രതിഷ്ഠകളും പുന:പ്രതിഷ്ഠകളും നടത്തിയ ഗുരുവിന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു നന്നായിത്തീരേണ്ട  മനുഷ്യനായിരുന്നു. അതായിരുന്നു ഗുരുവിന്റെ സ്വപ്നവും. ഇതര സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രങ്ങളുമായി ഗുരുദര്‍ശനത്തിനുണ്ടായിരുന്ന അടിസ്ഥാന വ്യത്യാസവും മനുഷ്യനെ ഒന്നായി കാണാനും നന്നായിക്കാണാനും ഗുരു പുലര്‍ത്തിയ വ്യഗ്രതയായിരുന്നു.

മതത്തിനതീതമായ ഒരു മാനവികതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഗുരുവിന്റെ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. എന്നാല്‍ മതത്തിനെതിരേയോ ദൈവത്തിനെതിരേയോ മറ്റു പല നവചിന്തകന്മാരെപ്പോലെ ഗുരു കലഹിച്ചിട്ടില്ല. ദൈവകേന്ദ്രീകൃതമായ ഒരു മാനവീകതയുടെ ആഴത്തിലുള്ള ഉദ്‌ബോധനങ്ങളാണ് ഗുരുവിന്റെ കൃതികളിലൊക്കെയും നിഴലിക്കുന്നത്. എന്നാല്‍ പാരമ്പര്യ വിശ്വാസികളില്‍ നിന്നും മതബോധനങ്ങളില്‍ നിന്നും ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും വ്യത്യസ്തമായി വ്യക്തിതിയുടെ ദൈവാനുഭവത്തിന്റെ നിറവ് മനുഷ്യത്വമാണെന്നു ഗുരു പ്രഖ്യാപിച്ചു.

എല്ലാത്തരത്തിലുമുള്ള അസമത്വങ്ങളെയായിരുന്നു ദൈവനിന്ദയായി ഗുരു കണ്ടത്. മാനുഷികമൂല്യങ്ങള്‍ പ്രചരിപ്പിക്കുകയാണ് മതങ്ങള്‍ ചെയ്യേണ്ടതെന്നും ഗുരു ബോധിപ്പിച്ചു. ഭേദചിന്തകളാണ് പാപമെന്നു ഗുരു ദര്‍ശനം വിഭാവന ചെയ്തു.  മനുഷ്യന്‍ ഒരു ജാതിയാണെന്നും മാനവികതയാണ് അവന്റെ മതമെന്നും ഉദ്‌ബോധിപ്പിച്ച ഗുരു മനുഷ്യന്റെ ആത്മീയമായ അസ്വാസ്ഥ്യങ്ങള്‍ക്കു പരിഹാരമായി ദൈവത്തെ കണ്ടു.

നിര്‍ഭാഗ്യവശാല്‍, ഗുരുവിന്റെ മഹാബോധനങ്ങളുടെ നിലവറകള്‍ ഇന്നും മലയാളിയെ സംബന്ധിച്ചടത്തോളം ഏറെയും തുറക്കപ്പെടാതെയും മറക്കപ്പെട്ടും കഴിയുന്നു എന്നതു വേദനാജനകം തന്നെ. എങ്കിലും ലോകത്തിന്റെ ഇതര ദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രബുദ്ധമായ ഒരു ജനതയായി മലയാളി മാറിയിരിക്കുന്നു എന്നതില്‍ സംശയമില്ല. സാര്‍വ്വലൗകിക സ്‌നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും, സമഭാവനയുടേയും പുത്തന്‍ നീരുറവകള്‍ സാന്ത്വനത്തിന്റെ മഹാപ്രളയമായി ആ മണ്ണില്‍ നിന്നും പ്രവഹിക്കട്ടെ എന്നാഗ്രഹിക്കുന്നു.

("ശ്രീനാരയണ ഗുരു: ദി പെര്‍ഫെക്ട് യൂണിയന്‍ ഓഫ് ബുദ്ധ ആന്‍ഡ് ശങ്കര' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ലേഖകന്‍).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക