Image

കേരളത്തിലെ അഞ്ച്‌ മണ്ഡലങ്ങളില്‍ ഒക്‌ടോബര്‍ 21ന്‌ ഉപതിരഞ്ഞെടുപ്പ്‌ : മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പും ഇതേദിവസങ്ങളില്‍

Published on 21 September, 2019
കേരളത്തിലെ അഞ്ച്‌ മണ്ഡലങ്ങളില്‍ ഒക്‌ടോബര്‍ 21ന്‌ ഉപതിരഞ്ഞെടുപ്പ്‌ : മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പും ഇതേദിവസങ്ങളില്‍
ന്യൂഡല്‍ഹി:ബി.ജെ.പി ഭരണം നിലനില്‍ക്കുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്‌ ഒക്‌ടോബര്‍ 21ന്‌ നടത്താന്‍ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തീരുമാനം. 

ഇരുസംസ്ഥാനങ്ങളിലും സെപ്‌തംബര്‍ 27ന്‌ തിരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ നാലിനാണ്‌. 

ഒക്‌ടോബര്‍ 24ന്‌ ഇരുസംസ്ഥാനങ്ങളിലും ഫലം പ്രഖ്യാപിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 കേരളത്തിലെ അഞ്ച്‌ മണ്ഡലങ്ങള്‍ അടക്കം രാജ്യത്തെ 64 നിയമസഭാ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ്‌ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകള്‍ക്കൊപ്പമാകും ഉപതിരഞ്ഞെടുപ്പ്‌ നടക്കുക.

മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ ബി.ജെ.പി തിരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചിരുന്നു. 

എന്നാല്‍ ഘടകകക്ഷിയായ ശിവസേനയുമായി സീറ്റു വിഭജനം സംബന്ധിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്‌. 

90 അംഗ ഹരിയാന നിയമസഭയില്‍ 48 സീറ്റുകള്‍ നേടിയാണ്‌ 2014-ല്‍ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയത്‌. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തില്‍ തന്നെയാണ്‌ ഇത്തവണയും ബി.ജെ.പി തിരഞ്ഞെടുപ്പ്‌ ഗോദയിലേക്ക്‌ ഇറങ്ങുന്നത്‌.

കേരളത്തിലെ അഞ്ച്‌ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലും ഒക്‌ടോബര്‍ 21ന്‌ ഉപതിരഞ്ഞെടുപ്പ്‌ നടക്കുമെന്നും സുനില്‍ അറോറ അറിയിച്ചു. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ്‌ മണ്ഡലങ്ങളിലാണ്‌ ഉപതിരഞ്ഞെടുപ്പ്‌. 

മഞ്ചേശ്വരത്ത്‌ എം.എല്‍.എയായിരുന്ന പി.ബി.അബ്‌ദുല്‍ റസാഖ്‌ മരിച്ചതും എറണാകുളത്ത്‌ ഹൈബി ഈഡന്‍,കോന്നിയില്‍ അടൂര്‍ പ്രകാശ്‌, അരൂരില്‍ എം.എ.ആരിഫ്‌, വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ എന്നിവര്‍ പാര്‍ലമെന്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതുമാണ്‌ ഉപതിരഞ്ഞെടുപ്പിന്‌ കളമൊരുങ്ങിയത്‌.

മറ്റ്‌ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്‌ കണക്ക്‌ ഇങ്ങനെ

അരുണാചല്‍ പ്രദേശ്‌ - 1

അസാം -4

ബിഹാര്‍ -5

ചത്തീസ്‌ഗഡ്‌ -1

ഗുജറാത്ത്‌ -4

ഹിമാചല്‍ പ്രദേശ്‌ -2

കര്‍ണാടക- 15

മേഘാലയ - 1

ഒഡിഷ - 1

പുതുച്ചേരി -1

രാജസ്ഥാന്‍ -4

സിക്കിം - 3

തമിഴ്‌നാട്‌- 2

തെലങ്കാന -1

ഉത്തര്‍പ്രദേശ്‌ -11

പഞ്ചാബ്‌ -2

നിയമസഭാ തിരഞ്ഞെടുപ്പ്‌ 2014

മഹാരാഷ്ട്ര

ബി.ജെ.പി - 122

ഐ.എന്‍.സി - 42

എന്‍.സി.പി - 41

ശിവസേന - 63

എം.എന്‍.എസ്‌ - 1

മറ്റുള്ളവര്‍ -19

?ഹരിയാന

ബി.ജെ.പി - 47

ഐ.എന്‍.എല്‍.പി -19

ഐ.എന്‍.സി - 15

ബി.എസ്‌.പി - 1

എച്‌.ജെ.സി- 2

മറ്റുള്ളവര്‍ - 16



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക