Image

പ്രണയ നിലാവും പ്രകൃതിയുടെ ആത്മാവും (രഘുനാഥന്‍ പറളി)

Published on 21 September, 2019
പ്രണയ നിലാവും പ്രകൃതിയുടെ ആത്മാവും (രഘുനാഥന്‍ പറളി)
അബ്‌സ്ട്രാക്ടായ അല്ലെങ്കില്‍ അമൂര്‍ത്തമായ കലയിലും, വിശ്വസനീയതയുടെ പ്രലോഭനീയമായ ഒരു ഘടകമുണ്ട്. 'അമൂര്‍ത്ത കല മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റെ സൃഷ്ടിയല്ല, മറിച്ച് അത് യാഥാര്‍ഥ്യത്തിന്റെ സത്യസന്ധമായ ഒരു ദര്‍ശനം തന്നെയാണ് ' എന്ന് ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ചിത്രകാരനായ പിയറ്റ് മോണ്‍ഡ്രെയിന്‍ നിരീക്ഷിക്കുന്നത് ഇപ്പോള്‍ പ്രത്യേകം ഓര്‍ക്കുന്നു. ഷാജി എന്‍ കരുണിന്റെ 'ഓള്‍' എന്ന പുതിയ ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഓര്‍മ. അദ്ദേഹത്തിന്റെ  'പിറവി' മുതല്‍ 'സ്വപാനം' വരെയുളള ചിത്രങ്ങള്‍ക്കു ശേഷമുളള ചിത്രം എന്നതും പ്രമുഖ നോവലിസ്റ്റ് ടി ഡി രാമകൃ!ഷ്ണന്റെ രചന എന്നതും ഈ ചിത്രത്തെ സംബന്ധിച്ചുണ്ടാക്കിയ പ്രതീക്ഷകള്‍ വലുതായിരുന്നെങ്കിലും, അത് ഫലത്തില്‍ ഒരു നിരാശയിലവസാനിക്കുകയാണ് ചെയ്തത്. മികച്ച  പെയിന്റിംഗ് പോലുളള നിരവധി ഫെയിമുകളാല്‍ സമ്പന്നമായ ചിത്രം എന്തുകൊണ്ട് അന്തരിച്ച എം ജെ രാധാകൃഷ്ണന് സിനിമാട്ടോഗ്രഫിക്കുളള ദേശീയ  പുരസ്കാരം നേടിക്കൊടുത്തു എന്നത് ശരിയായി ബോധ്യപ്പെടുത്തുന്നുണ്ട്. (അതേസമയം അമിതമായ ഗ്രാഫിക്‌സും ജലാന്തര്‍ഭാഗത്തെ കാഴ്ചയിലെ സ്ഥിരതയും ഒരു യാത്രികത സൃഷ്ടിക്കുന്നുവെന്നത് നിസ്തര്‍ക്കമാണ്. ) എന്നാല്‍, മിത്തും ഫോക് ലോറും ഇഴചേര്‍ന്ന് രൂപപ്പെടുന്ന ചിത്രത്തിന് ഒരു ആര്‍ട്ടഹൗസ് ചിത്രം എന്ന അര്‍ത്ഥത്തില്‍ പോലുംഅബസ്ട്രാക്ട് ചിത്രം എന്ന അര്‍ഥത്തില്‍ പോലും അനുഭവപരമായ ഒരു  വിശ്വസനീയത അഥവാ 'അയുക്തികതയിലെ യുക്തി' നേടിയെടുക്കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടാകണം..?!! എഴുത്തുകാരന്റെ കുരുത്തുളളതും ഭദ്രതയുളളതുമായ  അടയാളം തിരക്കഥയില്‍ സൃഷ്ടിക്കാന്‍ ടി ഡി രാമകൃഷ്ണന് കഴിയാതെ പോയി എന്നതുകൂടി അതിന്റെ ഉത്തരമാകുന്നുണ്ട്.

സംഘപീഡനത്തിന് ഇരയാകുന്ന ഒരു നാടോടി പെണ്‍കുട്ടിയുടെ നിശ്ചല ശരീരം രാത്രി കുറ്റകൃത്യം ചെയ്തവര്‍ തന്നെ കായലില്‍ കെട്ടിത്താഴ്ത്തുമ്പോള്‍ ആരംഭിക്കുന്ന ചിത്രം, പൊതുവില്‍ ആത്മാക്കളുമായുളള ഒരു അദൃശ്യ വിനിമയത്തിന്റെ തലം ആദ്യന്തം നിലനിര്‍ത്തുന്നുണ്ട്. സിനിമയുടെ ശീര്‍ഷകമായ ഓള് അവള്‍ ഈ പെണ്‍കുട്ടിയാണെന്നു പറയാമെങ്കിലും, നിരന്തര പീഢനത്തിനും സഹനത്തിനും ആക്രമണത്തിനും അധിനിവേശത്തിനും വിധേയമാകേണ്ടി വരുന്ന നിര്‍മ്മലമായ പ്രകൃതിയെ ഏതോ രീതിയില്‍ ഈ ! ഓള് പ്രതിനിധീകരിക്കുന്നുണ്ടെന്നു കൂടി എനിക്കു തോന്നി. നാഗരിക മനുഷ്യര്‍ നാടോടി പെണ്‍കുട്ടിയില്‍ നടത്തുന്ന ബലാത്സംഗം എന്നത്! പാരിസ്ഥിതികമായ കടന്നാക്രമണത്തെക്കൂടി .ഓര്‍മിപ്പിക്കുന്നതാണ്.  കാഞ്ചന എന്ന നടി അത്ഭുതകരമായി പരകാരപ്രവേശം ചെയ്യുന്ന മുത്തശ്ശിയുടെ രൂപഭാവങ്ങള്‍ പ്രശംസനീയമാണ്. അവരുടെ സംവേദനം എന്നത്  ഒരര്‍ത്ഥത്തില്‍ ആത്മാവിനോട് എന്നതുപോലെത്തന്നെ പ്രകൃതിയോടുമാണെന്ന് കാണേണ്ടി വരുന്നു. തങ്ങള്‍ താമസിക്കുന്ന തുരുത്ത് മുങ്ങിത്തുടങ്ങിയിരിക്കുന്നുവെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടെന്നു മാത്രമല്ല, അത് സമ്പൂര്‍ണ്ണമായി കായലില്‍ ആഴുന്നതിനു മുമ്പ് തന്റെ മരണം സംഭവിക്കണേ എന്നുകൂടി അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നതോര്‍ക്കുക.

ആത്മാവ് എന്നത് പ്രകൃതികൂടി ആകുന്ന ഒരു ഘട്ടമാണിത്. പൊളിഞ്ഞ തറവാടിലെ, ഒരു സാധാരണ ചിത്രകാരനായ വാസു (ഷെയ്ന്‍ നിഗം) പൗര്‍ണമി ദിനത്തില്‍,! ജലാന്തര്‍ഭാഗത്ത് തികഞ്ഞ പ്രണയത്തില്‍ തിളങ്ങിനില്‍ക്കുന്ന ആ 'ഓളു'ടെ ആത്മാവുമായി പ്രണയത്തില്‍ ആകുന്നതാണ് സിനിമയുടെ കാതല്‍. അയാളുടെ ചിത്രകാരപ്രതിഭ പുതിയ മാനങ്ങളിലേക്കു ഉയരുന്നഅയാള്‍ വാസു പണിക്കര്‍ എന്ന ലോകശ്രദ്ധ നേടുന്ന ചിത്രകാരനാകുന്ന ഘട്ടം കൂടിയാണത്. പൗര്‍ണ്ണമി ദിനത്തിലെ നിലാവില് മാത്രം, കായലില്‍ തോണിയുമായി വാസു പോകുന്നത് അവള്‍ക്കു കാണാന്‍ വേണ്ടിയാണ്. ! അയാള്‍ക്കു മാത്രം കേള്‍ക്കുന്ന  അവളുടെ ശബ്ദത്തോട് അയാള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയും ഈ പ്രണയം പ്രകൃതിയോടുളള പ്രണയമായിക്കൂടി വായിക്കാനാകുമെന്നത് കൗതുകകരമാണ്. കാരണം, അതിന്റെ നൈര്‍മല്യത്തില്‍നിന്ന് അയാള്‍ മഹാനഗരത്തിലെ കച്ചവട കാലുഷ്യങ്ങളിലേക്കുകൂടി എത്തുമ്പോള്‍, അയാളുടെ വ്യക്തിത്വത്തെക്കൂടി ഗ്രസിക്കുന്ന ഒന്നായി അതു മാറുകയും ജലദേവതപോലെ തെളിയാറുളള   വാസുവിന്റെ പ്രണയാത്മാവ് അയാളുമായി കലഹത്തിലാകുകയും ചെയ്യുന്നു. ഫലത്തില്‍ തന്റെ പ്രതിഭയുടെ ധ്യാനം പോലെ നിന്ന പ്രണയത്തിന്റെ അന്ത്യം എന്നത് അയാളുടെ വരയുടെ കൂടി അവസാനമാകുന്നതു കാണാം. ഷെയ്ന്‍ നിഗം വളരെ സ്വച്ഛമായ രീതിയിലാണ് ഈ ചിത്രകാര സംഘര്‍ഷം ആവിഷ്കരിക്കുന്നതെന്നു പറയട്ടെ. ബുദ്ധിസം, ടിബറ്റന്‍ മൊണാസ്ട്രി, കായലിലെ തേവരുടെ കോവിലും മണിയും എല്ലാം ചേര്‍ന്ന് ചിത്രത്തിനു സൃഷ്ടിക്കുന്ന നിഗൂഢതയുടെയും അതിഭൗതികതയുടെയും തലം, മുത്തശ്ശി നടത്തുന്ന മന്ത്രവാദത്തിന്റെയും  വാസുവിന്റെ സഹോദരി (കനി) അന്തര്‍വഹിക്കുന്ന ഉന്മാദത്തിന്റെയും/ബാധയുടെയും പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമാകുന്നുണ്ടെങ്കിലും അത് ഒരു സൂക്ഷ്മ പരിചരണമായതേ ഇല്ല എന്നിടത്താണ് ഈ ചിത്രം വലിയ തോതില്‍ ദുര്‍ബലമായിപ്പോകുന്നത്. ഒടുവില്‍! പതറിനില്‍ക്കുന്ന ആ ചിത്രകാരനെപ്പോലെ സംവിധാനത്തിന്റെയോ  തിരക്കഥയുടെയോ മികവ് വേണ്ടുംവിധം പുല്‍കാതെ സിനിമയും ഒരു സന്ദഗ്ധതയിലേക്കു പതിക്കുന്നത് അങ്ങനെയാണ്..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക