Image

തുലാമേഘവർഷം (രമ പ്രസന്ന പിഷാരടി)

Published on 25 September, 2019
തുലാമേഘവർഷം (രമ  പ്രസന്ന പിഷാരടി)

ഇലയിൽ നിന്നിറ്റുവീഴും മഴത്തുള്ളി

ജലതരംഗസ്വരങ്ങളായ് മാറവെ


റെയിലിരമ്പുന്ന പാതയിലേകാന്ത

കഥകൾ കേൾക്കാനിരുന്നു അമാവാസി


നിലവിളിച്ചു കൊണ്ടോടുന്ന തീവണ്ടി

മുറികളിൽ രാവുറങ്ങും നിശ്ശബ്ദത


തെരുവ് തോറും ഉറങ്ങാതിരിക്കുന്ന

ഇരുളിനോരോ പകർപ്പുള്ള ശൂന്യത


നിറവെളിച്ചം കുടിച്ചുപെയ്തേറുന്ന

പ്രകൃതി  തൻ തുലാനീലമേഘാരവം


പകുതി ദൂരം നടന്നു പിന്മാറുന്ന

കഥകളായ് തീരമേറും തിരപ്പക്ഷി


ചിറകിൽ കാറ്റാടിമരമുള്ള സ്വപ്നങ്ങൾ

കടലിനൊപ്പം ഉയർന്നു താഴ്ന്നീടവെ


വിരലിലെ തരിമണലിലായ് ശംഖുകൾ

കവിത തേടി വിരുന്നുവന്നീടുന്നു


ഗഗനവാദ്യങ്ങൾ മിന്നലടരുമായ്

പുതിയപാട്ടുകൾ തേടിയെത്തീടുന്നു


യവനികയ്ക്കുള്ളിൽ യാമങ്ങളേറ്റിയ

കഥകളൊന്നുമറിയാതെ കടലിൻ്റെ


കരയിലായ് പൂർവ്വചക്രവാളത്തിലായ്

മിഴി തുറന്ന് പ്രഭാതമെത്തീടവെ


മഴ തുടരുന്നുവെങ്കിലും ഘനനീല

മുകിലിൽ നിന്നകന്നീടുന്നു യാമിനി


പവിഴമല്ലി കൊഴിഞ്ഞ മുറ്റത്തൊരു

നഗര-ഗ്രാമം  തിരക്കിലേയ്ക്കൊഴുകുന്നു


ഇടമുറിയാതെ പെയ്യും തുലാവർഷ-

മഴയിൽ ഭൂമിയും നൃത്തമാടീടുന്നു


പുഴകളോ ജഗന്മോഹനം പാടുന്നു

കടലിലുണ്ട് ജലവരാളിസ്വരം


പൊഴിയുമോരോയിലയ്ക്കുള്ളിലും

മഴക്കവിതയുണ്ടെന്ന് കാലം പറയുന്നു...


Join WhatsApp News
ചറപറ 2019-09-25 20:10:38
ചറപറ വീഴുന്ന മഴത്തുള്ളികൾ പോലെ
തുരുതുരാ  കാമ്പില്ലാവിക്ഷേപണങ്ങളല്ല 
ആരും കണ്ടില്ലയെങ്കിലും നിറശോഭയും ഗന്ധവും
വീശുന്ന വനപുഷ്പങ്ങളവണം നൽകവിതകൾ
Pisharody Rema 2019-09-26 14:27:22

താങ്കളുടെ വിലയേറിയ അഭിപ്രായം മാനിക്കുന്നു.  അഭിപ്രായങ്ങൾ എഴുതുമ്പോൾ സ്വന്തം പേരും ഐഡൻ്റിയും മറച്ചു പിടിക്കുക എന്നത് സർഗ്ഗാത്മകതയുടെ മുഖമുദ്രയല്ല എന്നൊരു സാഹിത്യസ്നേഹി ഒരിക്കൽ പറയുകയുണ്ടായി. . എഴുതുന്ന അഭിപ്രായങ്ങൾ ധീരമായും സ്വതന്ത്രമായും  പറയുന്നവർ സ്വന്തം പേര് സത്യസന്ധമായി രേഖപ്പെടുത്തി ഒരു കുറിപ്പെഴുതിയിടുമ്പോൾ അത് വായിക്കുമ്പോൾ  അവ്യാജമായ  ഒരു  സംവാദമായി അത് രൂപാന്തരപ്പെടും,.  ഇപ്പോഴുള്ള  വീടിനരികിലെ റെയിൽപ്പാതയിലൂടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേയ്ക്കും പോകുന്ന തീവണ്ടിയുടെ ശബ്ദം എപ്പോഴും കേൾക്കാം. അതിനിടയിലാണ് തുള്ളിതുള്ളിപ്പെയ്യും മഴയും ഇരുട്ടും, വൈദ്യുതി നിന്നുപോകലും,  മഴയിൽ കാലം പ്രകൃതിയിലൂടെ പല അടയാളങ്ങളും രേഖപ്പെടുത്തുന്നു എന്ന് പറയാനാഗ്രഹിച്ച അസന്തുലിതചിന്തകളുടെ സങ്കീർണ്ണാവസ്ഥയിൽ രൂപപ്പെടുന്ന എഴുത്തുകൾ കാലികമായിരിക്കും

താങ്കളുടെ അഭിപ്രായത്തിന് ഒരിക്കൽ കൂടി നന്ദി...  

നന്ദി..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക