Image

ജോളി സംഭവം: വാര്‍ത്ത ആഘോഷിക്കപ്പെടുമ്പോള്‍ (വെള്ളാശേരി ജോസഫ്)

Published on 07 October, 2019
ജോളി സംഭവം: വാര്‍ത്ത ആഘോഷിക്കപ്പെടുമ്പോള്‍  (വെള്ളാശേരി ജോസഫ്)
6 പേരുടെ ദുരൂഹ മരണത്തില്‍ പ്രതിയാക്കപ്പെട്ട ജോളി വേദപാഠം പഠിപ്പിക്കുന്നില്ല; സഭയുടെ ഒരു ഔദ്യോഗിക സ്ഥാനത്തും അവരില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

പക്ഷെ മലയാളികളിലെ അരാജക വാദികള്‍ ഈ സംഭവത്തിന്റ്റെ പേരില്‍ മതങ്ങളെ കുറ്റം പറയും; പൊടിപ്പും തൊങ്ങലും ഒക്കെ കൂട്ടിച്ചേര്‍ത്ത് സഭാ സ്ഥാപനങ്ങളെ പുച്ഛിക്കും. കാണാന്‍ കൊള്ളാവുന്ന ഒരു സ്ത്രീ കൊലക്കേസില്‍ പ്രതിയായതുകൊണ്ട് മാധ്യമങ്ങളും, ടി. വി. ചാനലുകളും ഇപ്പോള്‍ ഈ വാര്‍ത്ത ആഘോഷിക്കുകയാണ്.

അങ്ങനെ കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി എന്ന ഗ്രാമത്തിലെ ഒരു ചെറിയ പ്രദേശമായ കൂടത്തായി വാര്‍ത്തകളില്‍ നിറയുന്നു. പണ്ട് മലയാള മനോരമയിലെ ജോണി ലൂക്കോസ് ഒരു പ്രഭാഷണത്തില്‍ പറഞ്ഞത് സാധാരണക്കാര്‍ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും നാട്ടില്‍ ഉണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിക്കും; പക്ഷെ പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അതൊക്കെ വര്‍ധിക്കുന്നതാണ് അവര്‍ക്ക് ഇഷ്ടം എന്നാണ്! അങ്ങനെ നോക്കുമ്പോള്‍ ഒരു ജോളി ഉള്ളതുകൊണ്ട് കഴിഞ്ഞ മൂന്നു ദിവസമായി മലയാള മാധ്യമങ്ങളെല്ലാം ഫുള്‍ ഫോമിലാണ്!

സത്യത്തില്‍ ക്രിമിനല്‍ വാസന എന്നത് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളിലും വരാം. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി മാത്രമാണ് കാണേണ്ടത്. അവിടെ പലരും 'വാല്യൂ ജഡ്ജ്‌മെന്റ്' നടത്തരുത്. കാണാന്‍ കൊള്ളാവുന്ന സ്ത്രീ, കുടുംബത്തില്‍ പിറന്നവള്‍, അടക്കവും ഒതുക്കവും ഉള്ളവള്‍- എന്നൊക്കെ പറഞ്ഞു സ്ത്രീകള്‍ക്ക് നാം കൊടുക്കുന്ന വിശേഷണങ്ങള്‍ ഏറെയാണ്.

ബന്ധുക്കളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതോ, നാട്ടിലെ പൊതുപരിപാടികളില്‍ തന്റെ സാന്നിധ്യം അറിയിക്കുന്നതോ, വീട്ടിലും നാട്ടിലുമൊക്കെ തികഞ്ഞ സ്വാഭാവികതയോടെ പെരുമാറുന്നതോ ഒന്നും ഒരു കുറ്റവാളിയെ കുറ്റവാളി അല്ലാതാക്കി മാറ്റുന്നില്ല.

ഷെര്‍ലക്ക് ഹോംസ് കഥകളില്‍ പണം, അധികാരം, ലൈംഗികത - ഇവ മൂന്നും ആണ് കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. സമ്പത്തും, അധികാരവും, കീര്‍ത്തിമോഹവും, ലൈംഗിക മോഹങ്ങളുമെല്ലാം പുരുഷനെ പോലെ തന്നെ സ്ത്രീയേയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കാം. ചരിത്രത്തില്‍ ഇതിനൊക്കെ എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍ ഉണ്ട്.

മലയാളികളില്‍ സാമൂഹ്യ വിശകലനം നടത്തുന്ന പലരും സ്ത്രീകളിലെ കുറ്റവാസനക്ക് സാഹചര്യ സമ്മര്‍ദങ്ങളേയും, കുടുംബ പാശ്ചാത്തലത്തേയും പഴിക്കും. പക്ഷെ കുറ്റവാളിയുടേത് പോലെ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും വീറോടെ പൊരുതി ജീവിത വിജയം സ്വന്തമാക്കിയ അനേകം സ്ത്രീകളേയും സാഹചര്യങ്ങളെ പറയുമ്പോള്‍ ഇക്കൂട്ടര്‍ ഓര്‍ക്കണം. വ്യവസ്ഥിതിയും, സമൂഹവും, കുടുംബ പാശ്ചാത്തലങ്ങളും ഘടകങ്ങളായി വര്‍ത്തിക്കുമ്പോള്‍ തന്നെ ഒരു ഉള്‍ചോദന അല്ലെങ്കില്‍ വാസന ഇല്ലാതെ ആരും ഭീകര കുറ്റകൃത്യങ്ങളില്‍ നിരന്തരമായി ഏര്‍പ്പെടാറില്ല. ഗോവിന്ദ ചാമിയും, അമീറുല്‍ ഇസ്ലാമുമൊക്കെ സാമൂഹ്യ സാഹചര്യങ്ങളില്‍ മാത്രം പെട്ട് വെറുതെയങ്ങ് പൊട്ടി മുളക്കുന്നതല്ല.

അമേരിക്കയിലും, പാശ്ചാത്യ നാടുകളിലും സീരിയല്‍ കില്ലര്‍മാരേയും, സീരിയല്‍ റെയ്പ്പിസ്റ്റുമാരേയും മനഃശാസ്ത്ര പഠനങ്ങള്‍ക്ക് വിധേയരാക്കാറുണ്ട്. 'സൈലന്‍സ്ഓഫ് ദ ലാംബ്‌സ്' പോലെയുള്ള അനേകം ഹോളിവുഡ് ചിത്രങ്ങളും ഇക്കാര്യത്തില്‍ വന്നിട്ടുണ്ട്.

പക്ഷെ രാമന്‍ രാഘവനേയും , സയനയിഡ് മല്ലികയേയും, സയനയിഡ് മോഹനേയും, റിപ്പര്‍ ചന്ദ്രനേയും ഒക്കെ ഇന്ത്യയില്‍ അത്തരം മനഃശാസ്ത്ര പഠനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. ശാസ്ത്രീയവും, സമഗ്രവുമായ കുറ്റാന്വേഷണ രീതികള്‍ നമ്മുടെ കുറ്റാന്വേഷണ വിദഗ്ധര്‍ അവലംബിക്കേണ്ടതുണ്ട്. അത്തരം രീതികളെ കുറിച്ച് പൊതുജനത്തിനും പറഞ്ഞു കൊടുക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം നമ്മുടെ മാധ്യമങ്ങള്‍ക്കും പൊതുജനത്തിനും വര്‍ദ്ധിക്കുകയുള്ളൂ. നമ്മുടെ നാട്ടില്‍ കുറ്റകൃത്യങ്ങളുണ്ടാവുമ്പോള്‍ കേവല സെന്‍സേഷണലത്തിനപ്പുറം കാര്യങ്ങളെ വിശകലനം ചെയ്യുന്ന ഒരു മാധ്യമ സംസ്‌കാരമാണ് ഇതിലേക്കുള്ള ആദ്യ പടിയായി ഉണ്ടാവേണ്ടത്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ് ഡയറക്ടറാണ്.ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
ജോളി സംഭവം: വാര്‍ത്ത ആഘോഷിക്കപ്പെടുമ്പോള്‍  (വെള്ളാശേരി ജോസഫ്)
Join WhatsApp News
സൂക്ഷിച്ചാൽ ദുഖിക്കേണ്ട 2019-10-07 09:06:31
ഭൂകമ്പം, കൊള്ളിയാൻ , ഇടി, പ്രളയം ഇവയൊക്കെ നമ്മൾക്ക് നിയന്ത്രിക്കാൻ പറ്റില്ല . പക്ഷെ ബുദ്ധിപൂർവ്വം പെരുമാറിയാൽ ഒരു പരുതിവരെ അപകടം ഒഴിവാക്കാം .  എന്ന് പറഞ്ഞതുപോലെ, മതവും, രാഷ്ട്രീയവും , പത്രവുമൊക്കെ കള്ളക്കഥകൾ പറഞ്ഞു പറത്തിയെന്നിരിക്കും . പക്ഷെ ഇതൊന്നും നമ്മുടെ നിയന്ത്രണത്തിൽ ഉള്ളതല്ല .  നമ്മുടെ നിയന്ത്രണത്തിൽ ഉള്ളത് നമ്മൾ മാത്രം.  ചിരിച്ചുകൊണ്ട് ഒരു സുന്ദരിയായി സ്ത്രീ ആട്ടിൻ സൂപ്പ്വച്ച് നീട്ടിയാൽ, കള്ള് പകർന്നു തന്നാൽ അതൊക്കെ വാങ്ങിക്കുടിക്കണം എന്നില്ല .  മതം പറയുന്നതും , രാഷ്ട്രീയക്കാര് പറയുന്നതും അതേപടി വിഴുങ്ങണം എന്നില്ല. നമ്മളുടെ വിധി നിർണ്ണയിക്കുന്നത് നമ്മൾ തന്നെ 


Tom Abraham 2019-10-08 10:29:48
Not only women, even children, after watching violence in movies, become killers. They dont do it for money, sex, or power. Just movie influence !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക