Image

നാപ്കിന്‍ (കഥ: ഖദീജ ഉണ്ണിയമ്പത്ത്)

Published on 08 October, 2019
നാപ്കിന്‍ (കഥ: ഖദീജ ഉണ്ണിയമ്പത്ത്)
അയാളുടെ മദ്യപാനവും പുകവലിയും ചീട്ടുകളിയുമൊക്കൊ കൊണ്ട് പൊറുതിമുട്ടിയിരുന്നെങ്കിലും അയാളുടെ തടിച്ചവളും സുന്ദരിയുമായ ഭാര്യ മൂന്നു മക്കളെ പ്രസവിച്ചു. പട്ടിണി കിടന്നവള്‍ മെലിയുന്നതു കണ്ട് ഒരുത്തനവളോടു ചോദിച്ചു.
     " ഇങ്ങനെ പട്ടിണി കിടന്നു മെലിയുന്നതെന്തിന്? എന്റെ കൂടെ വരൂ..... "
    മക്കളെ പിന്നെയും പിന്നെയും തിരിഞ്ഞു നോക്കി കൊണ്ട് അവള്‍ അവന്റെ കൂടെ പോയതിന്റെ മൂന്നാം നാള്‍ അയാള്‍ പെണ്‍ച്ചന്തയ്ക്കു പോയി.!
     പെണ്ണിനാണോ പഞ്ഞം.?

 നിരത്തിയിട്ട പെണ്‍ ഉരുക്കളില്‍ നിന്നു കാണാന്‍ മോശമില്ലാത്ത ഒന്നിനെ അയാള്‍ കെട്ടി കൊണ്ടു പോന്നു.
            കുഞ്ഞുങ്ങളെ അയാള്‍ക്കു പെരുത്തിഷ്ടമാണെന്നും അതുകൊണ്ടു തനിക്കു വേണ്ടി കുറെ പ്രസവിക്കണമെന്നും അയാള്‍ അന്നു തന്നെ ഭാര്യയോടു പറഞ്ഞു. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പ്രിയ പത്‌നി മുംതാസ് മഹല്‍ തന്റെ പ്രിയതമനു പതിനാലു മക്കളെ സമ്മാനിച്ചിരുന്നുവെന്ന കാര്യം ഉദാഹരണമായും പറഞ്ഞു.
  അവള്‍ക്കും സന്തോഷമായി. കൂടുതല്‍ പ്രസവിക്കുന്ന പെണ്ണിനു സ്വര്‍ഗ്ഗത്തിലും ഇടമുണ്ടല്ലോ? പോരാത്തതനു ഭര്‍ത്താവിന്റെ മഹിഷിയാവുന്നതില്‍ പരം ഒരു പെണ്ണിന് മറ്റെന്തു വേണം.?
    അവള്‍ പെറ്റു
 കുറെ ആണ്‍ കുട്ടികളേയും!
 കുറെ പെണ്‍കുട്ടികളേയും !
  അപ്പോഴാണു കളപ്പുല്ലു പോലെ വെള്ളിയിഴകള്‍ തെളിയാന്‍ തുടങ്ങിയ അയാളുടെ തലയില്‍ ആത്മീയ വെളിച്ചം തട്ടിയത്.
    അയാള്‍ കുടി നിര്‍ത്തി.!
    താടി നീണ്ടു.!
മുണ്ടിന്റെ ഇറക്കം കുറഞ്ഞു.
ജുബ്ബയുടെ ഇറക്കം കൂടി.
മദ്യത്തിന്റെയും സിഗരിറ്റിന്റെയും ഉളുമ്പുമണം മാറി ഊദിന്റെയും അത്തറിന്റെയും തലവേദനിപ്പിക്കുന്ന ഒരു ഗന്ധം അയാളെ പൊതിഞ്ഞു.ആകെ കൂടി അയാള്‍ ഒരു പരിശുദ്ധിയുടെ വെള്ളയണിഞ്ഞു.
     വിശക്കുന്നു എന്നു പറഞ്ഞ ആണ്‍കുട്ടികളോട് തലയില്‍ തൊപ്പിയിട്ട് ആത്മീമീയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പറഞ്ഞു.
   പെണ്‍കുട്ടികള്‍ വിശപ്പു കൊണ്ടു വയര്‍ അമര്‍ത്തി പിടിച്ചപ്പോള്‍ തലയിലിട്ട കറുത്ത തട്ടം മുഖത്തേക്ക് ഇറക്കിയിടാന്‍ കല്പിച്ചു.
 വയറു വിശന്നു പൊരിഞ്ഞെങ്കിലും പെണ്‍മക്കളുടെ ഗര്‍ഭപാത്രം മുറതെറ്റാതെ പൊട്ടി ഒഴുകിയപ്പോള്‍ ഒരു ദിവസം സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ കടയില്‍ പോയ അയാളുടെ ഭാര്യ കടക്കാരനതിന്റെ വില പറഞ്ഞതു കേട്ട് മോഹാലസ്യപ്പെട്ടു വീണു.
     ഇപ്പോള്‍ വെളിച്ചം കേറിയിട്ടില്ലാത്ത ആ  വസ്ത്രങ്ങള്‍ക്കുള്ളിലെ എല്ലാ തരം ഒഴുക്കുകള്‍ക്കും തടയിടാനുള്ള 'നാപ്കിന്‍'തുന്നുകയാണ് ആ ഭാര്യയും മക്കളും
  അയാളുടെ ചുണ്ടുകളാവട്ടേ പിന്നെയും പിന്നെയും മന്ത്രങ്ങള്‍ ഉരുവിട്ടു കൊണ്ടേയിരുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക