Image

കെസിവൈഎല്‍ ജൂബിലി വര്‍ഷത്തില്‍ മുന്‍ പ്രസിഡന്റ് ജിമ്മി കണിയാലിയോടൊപ്പം

Published on 13 October, 2019
കെസിവൈഎല്‍ ജൂബിലി വര്‍ഷത്തില്‍ മുന്‍ പ്രസിഡന്റ് ജിമ്മി കണിയാലിയോടൊപ്പം
(കേരളത്തിലെ പ്രഥമ കത്തോലിക്കാ യുവജന പ്രസ്ഥാനമായ ക്‌നാനായ കാത്തലിക് യൂത്ത്‌ലീഗ് അമ്പതു വര്‍ഷം പൂര്‍ത്തിയാക്കുമ്പം മൂന്നു പേര്‍ മാത്രമാണ് ഈ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം രണ്ടു പ്രാവശ്യം വഹിച്ചിട്ടുള്ളത്. ബാബു ചാഴിക്കാടന്‍, ജിമ്മി കണിയാലി, ജേക്കബ് വാണിയം പുരയിടത്തില്‍. ഇതില്‍ ബാബു ചാഴിക്കാടന്‍ പ്രസിഡന്റായ സമയത്താണ് ഭരണഘടന ഭേദഗതി ചെയ്തു ഓരോ ഭരണ സമിതിയുടെയും കാലാവധി രണ്ടു വര്‍ഷം ആക്കിയത്. അങ്ങനെ ബാബു ചാഴിക്കാടന്‍ മൂന്നു വര്‍ഷം ഈ സംഘടനയെ നയിച്ചപ്പോള്‍, ജിമ്മി കണിയാലിയും ജേക്കബ് വാണിയംപുരയിടത്തിലും നാല് വര്‍ഷം വീതം പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. ഇതില്‍ 1990-1992 കാലത്തില്‍ പ്രസിഡന്റായിരുന്ന ജിമ്മി കണിയാലിയെയും സെക്രട്ടറി ഫിലിപ്പ് പെരുമ്പളത്തുശേരിയെയും ഏകകണ്ഠമായി ആണ് വീണ്ടും ഒരു രണ്ടു വര്‍ഷം കൂടി തിരഞ്ഞെടുത്തത്. ഇത് സംഘടനയെ സംബന്ധിച്ച് ഒരു ചരിത്ര സംഭവം ആയിരുന്നു. രണ്ടു വര്‍ഷക്കാലം അവരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വത്തിനും ക്‌നാനായ യുവജനത നല്‍കിയ ഒരു അംഗീകാരവും ആദരവുമായിരുന്നു. കെ സി വൈ എല്‍ ജൂബിലി വര്‍ഷത്തില്‍ ഏതാണ്ട് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സംഘടനയെ നയിച്ച ജിമ്മി കണിയാലി തന്റെ അനുഭവങ്ങള്‍ പങ്ക് വെക്കുന്നു)

കേരളത്തിലെ പ്രഥമ കത്തോലിക്കാ യുവജന പ്രസ്ഥാനമായ ക്‌നാനായ കാത്തോലിക് യൂത്ത് ലീഗ് ജൂബിലി വര്‍ഷത്തിലൂടെ കടന്നു പോകുന്നു. സമൂഹത്തിനും സഭക്കും സമുദായത്തിനും പ്രയോജനപ്പെടുന്ന വളരെയധികം വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുവാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ജൂബിലിയുടെ ഭാഗമായി ബോംബെയില്‍ നിന്നും കൊച്ചിയിലേയ്ക്ക് കപ്പല്‍ യാത്ര, നവംബര്‍ മാസത്തില്‍ മുന്‍കാല അംഗങ്ങളുടെ സംഗമം കോട്ടയത്ത്, ചിക്കാഗോയില്‍ തലമുറകളുടെ സംഗമം തുടങ്ങി വിവിധ പരിപാടികള്‍ നടത്തുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കുകയും ഇപ്പോഴത്തെ നേതൃത്വത്തിന് ആവശ്യമായ പിന്തുണ നല്‍കുകയും വേണം.

എന്റെ സംഘടന അനുഭവങ്ങള്‍ പറയുകയാണെങ്കില്‍ ഫിലിപ്പ് സ്കറിയ പെരുമ്പളത്തുശേരി സെക്രട്ടറി, രാജു ആലപ്പാട്ട് ട്രഷറര്‍, ഉഴവൂര്‍ ബേബി വൈസ് പ്രസിഡന്റ്, സീമ സൈമണ്‍ ജോയിന്റ് സെക്രട്ടറി എന്നിവരായിരുന്നു ആദ്യ രണ്ടു വര്‍ഷം ബാബു പൂഴിക്കുന്നേല്‍ ഡയറക്ടര്‍, ഫാ. തോമസ് കോട്ടൂര്‍ ചാപ്ലയിന്‍, സിസ്റ്റര്‍ വിനീത, ഫാ ബെന്നി കന്നുവെട്ടിയേല്‍, ഫാ സ്റ്റീഫന്‍ ചീക്കപ്പാറ ജോയിന്റ് ചാപ്ലയിന്‍ എന്നിവര്‍ കൂടി അടങ്ങുന്നതായിരുന്നു ആദ്യ എക്‌സിക്യൂട്ടീവ്. രണ്ടാം ഘട്ടത്തില്‍ ഉഴവൂര്‍ ബേബി മാറി സൈമണ്‍ ആറുപറ ട്രഷറര്‍ ആയും രാജു ആലപ്പാട്ട് വൈസ് പ്രസിഡന്റായും വന്നു. ബാക്കി എല്ലാവരും അവരുടെ സ്ഥാനങ്ങളില്‍ തുടര്‍ന്നു. പിന്നെ തോമസ് കോട്ടൂര്‍ അച്ഛന്‍ മാറി, ഏബ്രഹാം മുത്തോലച്ചന്‍ ചാപ്ലയിന്‍ ആയി വന്നു.

എല്ലാ പരിപാടികളുടെ ശേഷവും വളരെ ക്രിയാത്മകമായ അവലോകനങ്ങള്‍ നടത്തുമായിരുന്നു. എവിടെയെങ്കിലും എന്തെങ്കിലും കുറവ് വന്നിട്ടുണ്ട് എങ്കില്‍ അത് മനസിലാക്കി അടുത്ത പരിപാടി കൂടുതല്‍ നന്നായി നടത്തുന്ന ശൈലി ആയിരുന്നു ആദ്യം മുതല്‍ സ്വീകരിച്ചിരുന്നത്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കുകയും കൂടുതല്‍ വിമര്‍ശിക്കുന്നവരെ അടുത്ത പരിപാടി നടത്തുവാനുള്ള കമ്മിറ്റികളില്‍ നല്ല ഒരു സ്ഥാനം കൊടുക്കുയും വഴി പ്രായോഗിക ബുദ്ധിമുട്ടുകള്‍ അവര്‍ക്കും മനസിലാക്കാന്‍ അവസരം കൊടുത്തുകൊണ്ടിരുന്നതിനാല്‍ എല്ലാവരുടെയും പൂര്‍ണമായ സഹകരണം ആദ്യ വര്‍ഷം തന്നെ ഉറപ്പാക്കാന്‍ സാധിച്ചിരുന്നു. ചിലപ്പോള്‍ അതായിരിക്കും ഞങ്ങളെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുക്കുവാന്‍ അന്നത്തെ യുവജനങ്ങളെ പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു. ആര് വന്നാലും വന്നില്ലെങ്കിലും പരിപാടികള്‍ പറഞ്ഞ സമയത്തു തന്നെ തുടങ്ങിയിരുന്നു. ഒരു മുപ്പതോളം വര്‍ഷങ്ങള്‍ക്കു മുമ്പ് അത് നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ എന്തെ ഇന്നത്തെ പല മലയാളി സംഘടനകളും അതിനു ശ്രമിക്കാത്തത് എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.

വടക്കേ ഇന്ത്യയില്‍ കന്യാ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ അതിനെതിരെ പ്രതികരിക്കുവാന്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുവാന്‍ ""മഹത്വമാര്‍ന്ന സ്ത്രീ സങ്കല്‍പ്പം'' എന്ന വിഷയത്തില്‍ സെമിനാറുകള്‍ നടത്തുകയും കോട്ടയം ബി.സി.എം കോളേജില്‍ നിന്നും തിരുനക്കര മൈതാനത്തേയ്ക്ക് രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും അയ്യായിരത്തോളം വരുന്ന ക്‌നാനായ യുവജനങ്ങളുടെ ഒരു റാലി നടത്തുകയും തിരുനക്കര മൈതാനത്തു ഒരു വന്‍ പൊതുസമ്മേളനം നടത്തുകയും ഉണ്ടായി. ചെറുകിട രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ പത്തോ ഇരുപതോ പേരുള്ള റാലി പോലും ഗതാഗതം തടസപ്പെടുത്തി നടത്തിക്കൊണ്ടിരുന്ന ആ സമയത്തു ഗതാഗതത്തിന് തടസം വരാതെ റോഡിന്റെ ഒരു വശത്തു കൂടെ വാഹനങ്ങളെ പോകുവാന്‍ അനുവദിച്ചുകൊണ്ട് ചിട്ടയായി അച്ചടക്കത്തോടെ അത്രയധികം യുവാക്കളെ പങ്കെടുപ്പിച്ചു നടത്തിയ ആ റാലി വളരെയധികം മാധ്യമശ്രദ്ധ പിടിച്ചു പറ്റുകയും മനോരമ പത്രം ഉള്‍പ്പെടെ എല്ലാ പത്രങ്ങളിലും ഇത് മറ്റു സംഘടനകള്‍ക്ക് ഒരു മാതൃകയാകട്ടെ എന്ന് വളരെ പ്രാധാന്യത്തോടെ ആ വാര്‍ത്തപ്രസിദ്ധീകരിക്കുകയും ചെയ്തത് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു. അതിനു ശേഷം കെ.സി.വൈ എല്‍ ന്റെ ഏതു പരിപാടികള്‍ക്കും പല പത്രങ്ങളും തങ്ങളുടെ തന്നെ ഫോട്ടോഗ്രാഫര്‍മാരെ വിട്ടു പരിപാടികള്‍ കവര്‍ ചെയ്യുമായിരുന്നു.

അന്നത്തെ കാലത്തു ഇന്നുള്ളത് പോലെ സോഷ്യല്‍ മീഡിയയും വാര്‍ത്ത വിനിമയ സൗകര്യങ്ങളും കുറവായിരുന്നു. രൂപതാതല പ്രവര്‍ത്തനങ്ങളുടെ നോട്ടീസുകള്‍ ഇടവകകളില്‍ എത്തിക്കുവാന്‍ ഞങ്ങള്‍ രണ്ടു ഗ്രൂപ്പ് ആയാണ് പോയിരുന്നത്. കുറെ പള്ളികള്‍ സെക്രട്ടറി ഫിലിപ്പ് പെരുമ്പളത്തുശേരി എത്തിക്കുമ്പം മറ്റു സ്ഥലങ്ങളില്‍ ഞാനും രാജു ആലപ്പാട്ടും കൂടിയാണ് വിതരണം നടത്തിയിരുന്നത്. ശനിയാഴ്ച രാവിലെ ഞാനും രാജുവും ബൈക്കിന്റെ പുറകില്‍ ഒരു വല്യ കെട്ട് നോട്ടീസുമായി യാത്ര തിരിക്കും. വിവിധ പള്ളികളില്‍ ചെന്ന് അച്ചന്മാരെ ഏല്‍പ്പിക്കും. ഫോണ്‍ ഉള്ള പള്ളി ആണെങ്കില്‍ അവിടെ നിന്നും അടുത്ത പള്ളിയിലെ അച്ഛനെ വിളിച്ചു പറയും. മിക്ക പള്ളികളിലും ഞങ്ങള്‍ ചെല്ലുമ്പോഴേയ്ക്കും അച്ഛന്‍ ആളെ വിട്ടു അവിടുത്തെ കെ സി വൈ എല്‍ ഭാരവാഹികളെ കൂടി പള്ളിയില്‍ വിളിച്ചു വരുത്തും. അല്ലാത്ത പള്ളികളില്‍ ഞങ്ങള്‍ കൂടെ അച്ഛന്റെ കൂടെ കൂടി ഞായറാഴ്ച കുര്‍ബാനയ്ക്ക് ആളുകള്‍ വരുമ്പം കാണത്തക്ക രീതിയില്‍ നോട്ടീസ് ഒട്ടിക്കും. തിരികെ രാത്രി വൈകി ഞങ്ങളുടെ വീടുകളില്‍ എത്തുമ്പോള്‍ ശരീരം ക്ഷീണിക്കുമായിരുന്നു എങ്കിലും അടുത്ത ആഴ്ചത്തെ ട്രിപ്പിന്റെ റൂട്ട് പ്ലാന്‍ ചെയ്തിട്ടായിരിക്കും ഞങ്ങള്‍ പിരിയുക. അന്നൊക്കെ അത് എല്ലാവര്‍ക്കും ഒരു ആവേശം ആയിരുന്നു.

യുവജനങ്ങള്‍ക്ക് പ്രയോജനകരമായ പല പരിപാടികളും സംഘടിപ്പിച്ചിരുന്നു. കരിയര്‍ ഗൈഡന്‍സ് ക്യാമ്പുകള്‍ ഒരു ജോലി കിട്ടുവാന്‍ എല്ലാ അര്‍ത്ഥത്തിലും സഹായിക്കുന്ന രീതിയിലായിരുന്നു. എങ്ങനെ തങ്ങളുടെ റെസ്യൂമെ ഉണ്ടാക്കണം എന്ന് തുടങ്ങി അപേക്ഷ അയയ്ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം. ഒരു ഇന്റര്‍വ്യൂവില്‍ എങ്ങനെ പോകണം തുടങ്ങി മോക് ഇന്റര്‍വ്യൂ വരെ അത്തരം കരിയര്‍ ഗൈഡന്‍സ് സെമിനാറുകളുടെ ഭാഗം ആയിരുന്നു.

നേതൃത്വ പരിശീലന ക്യാമ്പുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വ്യക്തിത്വം വാര്‍ത്തെടുക്കുവാന്‍ സഹായിച്ചിരുന്നു. കുന്നശ്ശേരി പിതാവൊക്കെ അത്തരം ക്യാമ്പുകളിലെത്തി യുവജനങ്ങളുമായി സംവദിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുകയും ചെയ്തിരുന്നു. പ്രതികരിക്കുവാന്‍ കഴിവുള്ള ഒരു തലമുറ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. കേരളത്തിലെ ആദ്യ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ അഭിമാനപൂര്‍വം എല്ലാ പരിപാടികളിലും യുവാക്കള്‍ തന്നെ സജീവമായി നേതൃത്വം കൊടുത്തു വന്നിരുന്നു. വിവിധ പരിപാടികളില്‍ രൂപത ഭാരവാഹികളും വിശിഷ്ട അതിഥികളും മാത്രമായിരുന്നു വേദികളില്‍ ഉണ്ടായിരുന്നത്.

കമ്മ്യൂണിസത്തിന്റെ പരാജയം സിദ്ധാന്തത്തിലോ പ്രയോഗത്തിലോ എന്ന വിഷയത്തില്‍ വളരെ വിപുലമായ സിമ്പോസിയം കോട്ടയം ബിസിഎം കോളേജ് ഓഡിറ്റോറിയത്തില്‍ നിറഞ്ഞു കവിഞ്ഞ സദസ്സുകളുടെ സാന്നിദ്ധ്യത്തില്‍ സംഘടിപ്പിച്ചത് ആ സമയത്തു വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. അന്ന് മന്ത്രിയായിരുന്ന ശ്രീ. എം.വി. രാഘവന്‍ ആയിരുന്നു ആ പരിപാടി ഉദ്ഘാടനം ചെയ്തത്. ആ വിഷയം അന്ന് കേരളത്തില്‍ വളരെ കാലിക പ്രാധാന്യമുള്ളതായിരുന്നതിനാല്‍ ധാരാളം ആളുകള്‍ പുറമെ നിന്നും അതില്‍ പങ്കെടുക്കുവാന്‍ വന്നിരുന്നു. ഇത്തരം ഒരു വിഷയം അന്ന് കെ സി വൈ എല്‍ പഠനവിഷയമായി എടുക്കുവാന്‍ ധൈര്യം കാണിച്ചതില്‍ പലരും നെറ്റി ചുളിച്ചിരുന്നുവെങ്കിലും ധൈര്യമായി മുമ്പോട്ട് പോകുവാന്‍ ഞങ്ങള്‍ക്ക് എല്ലാ വിധ പുന്തുണയും നല്‍കിയത് കുന്നശ്ശേരി പിതാവായിരുന്നു.

ഇന്ന് പുതിയ നേതാക്കള്‍ പറയുന്നു ഈ സംഘടന ഒരു വികാരം ആണെന്ന്. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഒന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ ഞങ്ങളെ സംബന്ധിച്ച് കെ സി വൈ എല്‍ ഒരു വികാരം അല്ലായിരുന്നു. ഞങ്ങളുടെ ജീവന്‍ തന്നെ ആയിരുന്നു. മുണ്ടു മുറുക്കി ഉടുത്ത് കൊച്ചു കൊച്ചു സമ്പാദ്യങ്ങള്‍ സൂക്ഷിച്ചു സൂക്ഷിച്ചു ചെലവഴിച്ചാണ് ഓരോ പരിപാടിതളും ആസുത്രണം ചെയ്തിരുന്നത്. അന്നത്തെ പല  പരിപാടികളുടെയും പോസ്റ്ററുകള്‍ രാത്രി കാലത്ത് കോട്ടയം ടൗണില്‍ ഒക്കെ ഒട്ടിക്കുവാന്‍ ഞങ്ങള്‍ രൂപത ഭാരവാഹികളോടൊപ്പം അടുത്തുള്ള യൂണിറ്റ് അംഗങ്ങള്‍ മാത്രമല്ല, ഇന്ന് കോട്ടയം രൂപതയിലെ പല ഫൊറോന പള്ളികളിലും വികാരിമാരായിരുന്ന അന്ന് വൈദിക വിദ്യാര്‍ത്ഥികള്‍ ആയിരുന്ന പലരും സഹകരിച്ചിരുന്നത് ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.

എന്നും സമൂഹത്തില്‍ തിരുത്തല്‍ ശക്തിയാകാന്‍ യുവജനങ്ങള്‍ക്കേ കഴിയൂ. കെ സി വൈ എല്‍ എന്ന യുവജന പ്രസ്ഥാനം ഒരു ഭക്ത സംഘടനാ അല്ലായെന്നും ക്‌നാനായ യുവജനങ്ങളുടെ ആവേശമായ ഒരു യുവജന പ്രസ്ഥാനം ആണെന്നുമുള്ള ഒരു അവബോധം എക്കാലത്തും ഈ സംഘടനയെ നയിച്ചവര്‍ക്ക് ഉണ്ടായിരുന്നു. ആ ഒരു അവബോധം നഷ്ടപ്പെടാതെ മുന്‍പോട്ടു പോകുവാന്‍ സംഘടനയ്ക്ക് കഴിയട്ടെ എന്നും ഈ ജൂബിലി വര്‍ഷത്തില്‍ സമൂഹത്തിനും സമുദായത്തിനും നന്മ വരുത്തുവാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ട് കൂടുതല്‍ ശക്തമായി കെ സി വൈ എല്‍ മുന്നോട്ടു പോകത്തെ എന്നും ആശംസിക്കുന്നു.

കെസിവൈഎല്‍ ജൂബിലി വര്‍ഷത്തില്‍ മുന്‍ പ്രസിഡന്റ് ജിമ്മി കണിയാലിയോടൊപ്പംകെസിവൈഎല്‍ ജൂബിലി വര്‍ഷത്തില്‍ മുന്‍ പ്രസിഡന്റ് ജിമ്മി കണിയാലിയോടൊപ്പംകെസിവൈഎല്‍ ജൂബിലി വര്‍ഷത്തില്‍ മുന്‍ പ്രസിഡന്റ് ജിമ്മി കണിയാലിയോടൊപ്പംകെസിവൈഎല്‍ ജൂബിലി വര്‍ഷത്തില്‍ മുന്‍ പ്രസിഡന്റ് ജിമ്മി കണിയാലിയോടൊപ്പംകെസിവൈഎല്‍ ജൂബിലി വര്‍ഷത്തില്‍ മുന്‍ പ്രസിഡന്റ് ജിമ്മി കണിയാലിയോടൊപ്പംകെസിവൈഎല്‍ ജൂബിലി വര്‍ഷത്തില്‍ മുന്‍ പ്രസിഡന്റ് ജിമ്മി കണിയാലിയോടൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക