Image

സലാലയിലെ നാട്ടു ഗ്രാമം (സലാലക്കാഴ്ചകള്‍ അവസാന ഭാഗം: മിനി വിശ്വനാഥന്‍)

Published on 14 October, 2019
സലാലയിലെ നാട്ടു ഗ്രാമം (സലാലക്കാഴ്ചകള്‍ അവസാന ഭാഗം: മിനി വിശ്വനാഥന്‍)
ഒരു നാടിന്റെ ചരിത്രമറിയാന്‍ ഏറ്റവും എളുപ്പവഴി മ്യൂസിയം സന്ദര്‍ശിക്കുക എന്നതാണ്. സലാലയിലെ അടുത്ത ഞങ്ങളുടെ അടുത്ത സന്ദര്‍ശന സ്ഥലം മ്യൂസിയം ഓഫ് ഫ്രാങ്കിന്‍സെന്‍സ് ലാന്‍ഡ് ആയിരുന്നു. വേള്‍ഡ് ഹെറിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അല്‍ ബലീദ് ആര്‍ക്കിയോളജിക്കല്‍ സൈറ്റും ഈ മ്യൂസിയത്തോട് ചേര്‍ന്നു തന്നെയാണ്.

വിശിഷ്ടയിനം കുന്തിരിക്കച്ചെടികളുടെ തോട്ടവും ഈ മ്യൂസിയത്തിനു ചുറ്റുമുണ്ട്. ദോഫാര്‍ പ്രവിശ്യയിലെ പുരാതന സെറ്റില്‍മെന്റ് ആണ് അല്‍ ബലീദ് .എട്ടാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ട് കാലഘട്ടത്തിെലെ ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് കണ്ടു കിട്ടിയിട്ടുണ്ട്.
പുരാതന കാലത്ത് മത്സ്യ ബന്ധനവും മറ്റ് അനുബന്ധ ജോലികളുമായിരുന്നു ഇവരുടെ ജീവിതോപാധി. ആ കാലഘട്ടത്തിന്റെ തനിപ്പകര്‍പ്പുകള്‍ ഈ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി വെച്ചിരുന്നു. നമുക്ക് മുന്നെ ഒരു തലമുറ നടന്നു തീര്‍ത്ത വഴികളും ജീവിതവും വിസ്മയത്തോടെ തന്നെ കണ്ടു നടന്നു. മനോഹരമായ ഒരു പൂന്തോട്ടവും നടപ്പാതകളും കൊണ്ട് മ്യൂസിയ പരിസരം ഭംഗിയാക്കിയിരുന്നു. നീളന്‍ കഴുത്തുള്ള വെള്ളക്കൊക്കുകള്‍ ചിള്ളിപ്പെറുക്കി നടക്കുന്നതിന്റെ പിന്നാലെ സൂര്യ ഓടി നടന്നു... ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്തും ജീവിതം സമൃദ്ധമായി ആഘോഷിച്ച പൂര്‍വ്വികരുടെ ഓര്‍മ്മയില്‍ ഞങ്ങളും നിശബ്ദരായി.

അവിടം ചുറ്റി നടന്നു കൊണ്ടിരിക്കുമ്പോള്‍ ഉണ്ണി  നമുക്കൊന്ന് നാട്ടില്‍ പോയി വന്നാലോ എന്നൊരു ചോദ്യം... ശരിയെന്ന് ഞങ്ങളും സമ്മതിച്ചു. നാടു പോലൊരിടം എന്നാണ് ഉദ്ദേശിച്ചതെങ്കിലും കേട്ടപ്പോള്‍ മനസ്സിലൊരു കുളിര്‍മ്മ തോന്നാതിരുന്നില്ല.

ബഹുനിലക്കെട്ടിടങ്ങളൊന്നുമില്ലാത്ത തെരുവോരങ്ങളായിരുന്നു സലാലയുടേത്. ശാന്തമായ ഒരു നഗരം. ഞങ്ങള്‍ വണ്ടിയോടിച്ച് എത്തിയത് വലിയ ഒരു തെങ്ങിന്‍ തോപ്പിലാണ്. കമ്പിവേലിയില്‍ കാട്ടുവള്ളികള്‍ പടര്‍ന്ന് നാട്ടിലെ അമ്മമ്മയുടെ പറമ്പ് പോലെ ഒന്ന്. കൊത്തിപ്പെറുക്കി നടക്കുന്ന കോഴിയും മക്കളുമാണ് ഞങ്ങളെ വരുന്ന വഴി സ്വീകരിച്ചത്.

ഞങ്ങളുടെ നാട്ടുകാരന്‍ നോക്കി നടത്തുന്ന ഒരു ഫാം ഹൗസ് ആയിരുന്നു അത്. നാല്പതോളം വര്‍ഷങ്ങളായി അയാള്‍ ഇവിടെ എത്തിയിട്ട്. കുട്ടികളെ സംബന്ധിച്ചും ഇത് തന്നെ സ്വന്തം നാട്.. പക്ഷേ അവരൊക്കെ പഠിച്ച് മറ്റ് ജോലികള്‍ക്ക് പോയി. കൃഷി ജീവിതമാര്‍ഗ്ഗമാക്കാന്‍ അവര്‍ക്കാര്‍ക്കും താത്പര്യമില്ലത്രെ.

കോഴിയും താറാവും ആടും പശുവും പച്ചക്കറികളും പൂച്ചെടികളും വളര്‍ത്ത് മത്സ്യങ്ങളും നിറഞ്ഞ സ്വയം സമ്പൂര്‍ണ്ണമായ ഒരു പറമ്പ്.  അവിടെ വേലിയരികില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കറിവേപ്പിന്റെ മണം നാട്ടിലെ വടക്ക് പുറത്തെ കറിവേപ്പ് മരത്തെ ഓര്‍മ്മിപ്പിച്ചു. ടാങ്കില്‍ സംഭരിച്ച വെള്ളം വെട്ടിയുണ്ടാക്കിയ ചെറുചാലുകളിലൂടെ ഒഴുക്കി ആ തെങ്ങിന്‍ തോപ്പ്  നനച്ചു കൊണ്ടിരിക്കുന്നു. കിളികളുടെ ചിലക്കലും, വളര്‍ത്ത് പ്രാവിന്റെ കുറുകലുകളും അസ്തമയ സൂര്യന്റെ ചുവപ്പ് രാശിയും കൂടിച്ചേര്‍ന്നപ്പോള്‍ ശരിക്കും നാട്ടിന്‍ പുറത്തെ ഒരു ഗ്രാമത്തിലെ വീട്ടുമുറ്റത്ത് എത്തിയ പ്രതീതി തോന്നി. അദ്ദേഹം സത്കാരം കൊണ്ട് ഞങ്ങളെ വീര്‍പ്പുമുട്ടിച്ചു. വീടും പരിസരങ്ങളും ചുറ്റിനടന്ന് കാണിച്ചു തന്നു.
വിരുന്നുകാരെ കണ്ട സന്തോഷത്തില്‍ അയാള്‍ കുറെ കറിവേപ്പിലയും, മാതളവും, വാഴപ്പഴവും ,മറ്റ് പച്ചക്കറികളും കാടമുട്ടയും ഒക്കെ സഞ്ചിയില്‍ സമ്മാനമായി നിറച്ചു. ദുബായി വിട്ടു സലാലയില്‍ താമസമാക്കാനും ഞങ്ങളെ  ക്ഷണിച്ചു അദ്ദേഹം. ആ ഫാം ഹൗസ് കണ്ടപ്പോള്‍ ഞങ്ങള്‍ക്കും അവിടെയങ്ങ് കൂടിയാലോ എന്ന് തോന്നാതിരുന്നില്ല.

യാത്ര പറയാനുള്ള സമയമായി ഞങ്ങള്‍ക്ക്  അനിയത്തിയോടും കുടുംബത്തോടുമൊപ്പം ഈ നാടിനോടും. നിഷ്കളങ്കരായ ഒരു നാടും നാട്ടുകാരോടുമുള്ള സ്‌നേഹം ഹൃദയത്തില്‍ സൂക്ഷിച്ചു..

അമ്മ പതിവുപോലെ കണ്ണ് നിറച്ച് തുടങ്ങിയിരുന്നു. ഇന്നുവരെ അമ്മയുടെ നിറഞ്ഞ കണ്ണ് കാണാതെ ഒരു യാത്രയുണ്ടായിട്ടില്ല. എല്ലാ അമ്മമാരുടെയും പൊതു സ്വഭാവമാണല്ലോ അത്. ഇനി നാട്ടില്‍ നിന്ന് കാണാമെന്ന് പറഞ്ഞ് നിറഞ്ഞ കണ്ണുകള്‍ അച്ഛന്‍ സമര്‍ത്ഥമായി മറച്ചു. അച്ചാച്ചന്റെ കണ്ണ് നിറഞ്ഞതുകൊണ്ടാണ് തന്റെ  കണ്ണിലൂടെ വെറുതെ വെള്ളം വരുന്നത് എന്ന് സൂര്യയും.

ഇനിയും വരണം...

എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനും പറഞ്ഞു.
ഖരീഫില്‍ വരണം ...
അപ്പോള്‍ പച്ചപ്പുതപ്പിട്ട ഞങ്ങളുടെ മല നിരകള്‍ കാണാം. തന്റെ നാടിന്റെ സൗന്ദര്യത്തിലുള്ള ആത്മവിശ്വാസം ആയാളുടെ വാക്കുകളിലുണ്ടായിരുന്നു....

വരും, കാണാം എന്നു മാത്രം യാത്രാമൊഴി..
വരാതിരിക്കുന്നതെങ്ങിനെ ഈ നിഷ്കളങ്ക തീരത്തേക്ക് !!

(അവസാനിച്ചു)

സലാലയിലെ നാട്ടു ഗ്രാമം (സലാലക്കാഴ്ചകള്‍ അവസാന ഭാഗം: മിനി വിശ്വനാഥന്‍)സലാലയിലെ നാട്ടു ഗ്രാമം (സലാലക്കാഴ്ചകള്‍ അവസാന ഭാഗം: മിനി വിശ്വനാഥന്‍)സലാലയിലെ നാട്ടു ഗ്രാമം (സലാലക്കാഴ്ചകള്‍ അവസാന ഭാഗം: മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക