Image

ബിഡികെയും കലികയും സംയുക്ത രക്തദാനക്യാന്പ് സംഘടിപ്പിച്ചു

Published on 15 October, 2019
ബിഡികെയും കലികയും സംയുക്ത രക്തദാനക്യാന്പ് സംഘടിപ്പിച്ചു


കുവൈത്ത്: ബിഡികെ കുവൈത്ത് ചാപ്റ്റര്‍, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മയുടെ പങ്കാളിത്തത്തോടെ ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. ഒക്ടോബര്‍ 11 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ വൈകുന്നേരം ആറു വരെ സംഘടിപ്പിച്ച ക്യാന്പില്‍ കലികയുടെ പ്രവര്‍ത്തകരും, സുഹൃത്തുക്കളുമായ അന്‍പതിലധികം പേര്‍ രക്തദാനം ചെയ്തു.

കുവൈത്തിലെ പ്രവാസി സമൂഹത്തില്‍ തികച്ചും വ്യത്യസ്തചിന്താഗതിക്കാരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് കലിക. ആനുകാലിക പ്രസക്തിയുള്ള വ്യത്യസ്ത വിഷയങ്ങളേക്കുറിച്ച് ചര്‍ച്ചാക്ലാസുകളും, സംവാദങ്ങളും സംഘടിപ്പിക്കുകയും, ആധുനികലോകത്ത് ശാസ്ത്രത്തിന്റെ പ്രസക്തിയും, പ്രാധാന്യവും പ്രചരിപ്പിക്കുകയുമാണ് കലികയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ക്യാന്പില്‍ പങ്കെടുത്തവര്‍ക്ക് നിമിഷ് കാവാലം, രാജന്‍ തോട്ടത്തില്‍, മനോജ് മാവേലിക്കര, മുരളി എസ്. പണിക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുനീര്‍ പിസി സ്വാഗതവും, ബഷീര്‍ ചെറുവാടി നന്ദിയും പറഞ്ഞു. രഞ്ജിത് മാസ്റ്റര്‍, വിനോദ്, രജീഷ് ലാല്‍, അരുണ്‍ കുമാര്‍, രാജേഷ് ആര്‍. ജെ, മന്‍സൂര്‍ അലി, ഷാഫി, ശ്രീശങ്കര്‍, ബാസിത്, ഷഫീഖ്, സതീഷ് ഗോവിന്ദ്, അരുണ്‍ വിജയന്‍, ആഷിഷ് ടി. ജോണ്‍, രമേശന്‍ ടി.എം, രാഗി, ധന്യ ജയകൃഷ്ണന്‍, അനിതാ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അടിയന്തര സാഹചര്യങ്ങളില്‍ ബ്ലഡ് ബാങ്കുകളില്‍ ആവശ്യത്തിനുള്ള രക്തമുണ്ടെന്ന് ഉറപ്പു വരുത്തുക എന്നതും, സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ പ്രചരിപ്പിക്കുക എന്നതുമാണ് ബിഡികെ കുവൈത്ത് ഈ ക്യാന്പുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ സംഘടിപ്പിച്ച 16 ക്യാന്പുകളില്‍ നിന്നായി 1172 യൂണിറ്റ് രക്തം സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന് നല്‍കാനായി. കൂടാതെ അടിയന്തിര സാഹചര്യങ്ങളിലും മറ്റുമായി നിരവധി രോഗികള്‍ക്ക് ആവശ്യമുള്ള രക്തം ക്രമീകരിച്ചു നല്‍കാനും ബിഡികെ കുവൈത്തിന് കഴിഞ്ഞിട്ടുണ്ട്.

ബിഡികെ കുവൈത്തിന്റെ പ്രതിമാസ രക്തദാനപരിപാടികളുടെ ഭാഗമായുള്ള അടുത്ത ക്യാന്പുകള്‍ യഥാക്രമം, നവംബര്‍ 1, ഡിസംബര്‍ 6 തീയതികളില്‍ ഉച്ചക്ക് ശേഷം 2 മുതല്‍ വൈകുന്നേരം 6 വരെ ജാബ്രിയ ബ്ലഡ്ബാങ്കില്‍ വച്ച് നടക്കും.

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധരക്തദാതാക്കളുടെ നവമാധ്യമ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള, രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാമൂഹ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രചാരണപരിപാടികള്‍ കുവൈറ്റ് ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ സജീവമായി സംഘടിപ്പിക്കുന്നു.

സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ബിഡികെ കുവൈത്തിന്റെ രക്തദാനപ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ക്കും, അടിയന്തിര ഘട്ടത്തില്‍ രക്താതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവര്‍ക്കും ബിഡികെ കുവൈത്തിന്റെ ഹെല്‍പ്പ് ലൈന്‍ നന്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക