Image

വിദേശത്തെ മെഡിക്കല്‍ വിദ്യാഭ്യാസം: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി, നീരജ ജാനകി Published on 16 October, 2019
 വിദേശത്തെ മെഡിക്കല്‍ വിദ്യാഭ്യാസം:  മുരളി തുമ്മാരുകുടി എഴുതുന്നു
കുറച്ചുനാള്‍ മുന്‍പ്‌ ഒരു വിദേശ വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കാനായി ഞാന്‍ എറണാകുളത്ത്‌ പോയി. സെമിനാര്‍ ഹാളിലേക്ക്‌ നടക്കുന്ന വഴി കുറെ എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്റുമാരുടെ ബൂത്തുകള്‍ ഉണ്ടായിരുന്നു. ആ വഴിയേ നടന്ന എന്നെ അവര്‍ പിടിച്ചു നിര്‍ത്തി. വിദേശങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസ അവസരങ്ങളെ പ്രമോട്ട്‌ ചെയ്യുന്നവരായിരുന്നു അവരില്‍ ഭൂരിഭാഗവും.

'സാര്‍ മകനാണോ മകള്‍ക്കാണോ അഡ്‌മിഷന്‍ വേണ്ടത്‌ ?'

എന്താണ്‌ അവരുടെ രീതി എന്നറിയാന്‍ ഞാന്‍ ആദ്യത്തെ ആളോട്‌ പറഞ്ഞു

'മകള്‍ക്ക്‌ വേണ്ടിയാണ്‌'

'സാര്‍, എന്നാല്‍ ഫിലിപ്പീന്‍സ്‌ ആണ്‌ ബെസ്റ്റ്‌. പെണ്‍കുട്ടികള്‍ക്ക്‌ നല്ല സ്വാതന്ത്ര്യവും സുരക്ഷയും ഉള്ള സ്ഥലമാണ്‌.'

'പക്ഷെ ഈ വിദേശത്തൊക്കെ പഠിച്ചാല്‍ ഇന്ത്യയില്‍ പ്രാക്ടീസ്‌ ചെയ്യാന്‍ പറ്റുമോ?'

'ഇതെന്ത്‌ ചോദ്യം സാര്‍, മനുഷ്യശരീരം എല്ലായിടത്തും ഒരുപോലെയല്ലേ? അവിടെ പഠിക്കുന്നതും ഇവിടെ പഠിക്കുന്നതും മെഡിസിന്‍ തന്നെയാണ്‌.'

പിന്നെയങ്ങോട്ട്‌ ഫിലിപ്പീന്‍സിനെക്കുറിച്ചുള്ള വര്‍ണ്ണനയായിരുന്നു.

ബ്രോഷര്‍ വാങ്ങി എന്‍റെ ഫോണ്‍ നന്‌പറും കൊടുത്ത്‌ ഞാന്‍ മുന്നോട്ടുനീങ്ങി. അഞ്ചു മീറ്ററിനകം അടുത്ത ആള്‍ എന്നെ പിടുത്തമിട്ടു.

'സാര്‍ മകനാണോ മകള്‍ക്കാണോ അഡ്‌മിഷന്‍ വേണ്ടത്‌?'

'മകന്‌ വേണ്ടി'

'സാര്‍ ജോര്‍ജിയ ആണ്‌ ബെസ്റ്റ്‌, അവിടെ പഠിച്ചാല്‍ നേരെ അമേരിക്കക്ക്‌ പോകാം.'

'ജോര്‍ജിയയില്‍ മെഡിസിന്‍ പഠിച്ചാല്‍ എങ്ങനെയാണ്‌ അമേരിക്കക്ക്‌ പോകാന്‍ പറ്റുന്നത്‌?'

'സാര്‍, ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള കോളേജായതിനാല്‍ ലോകത്തെവിടെ ചെന്നാലും അതിന്‌ അംഗീകാരമുണ്ട്‌.'

പത്തിലധികം കണ്‍സള്‍ട്ടന്‍സികളോട്‌ ഞാന്‍ വിദേശത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തെപ്പറ്റി സംസാരിച്ചു. ഏറ്റവും എളുപ്പത്തില്‍ നമ്മെ അവര്‍ ഉദ്ദേശിക്കുന്ന രാജ്യത്തെത്തിക്കാനുള്ള വിവരങ്ങളാണ്‌ (പലപ്പോഴും അര്‍ത്ഥസത്യങ്ങള്‍) പ്രധാനമായും അവര്‍ തന്നത്‌.

സത്യത്തില്‍ ഓരോ രാജ്യങ്ങളും ആര്‍ക്കെല്ലാം അവിടെ മെഡിക്കല്‍ പ്രാക്ടീസ്‌ ചെയ്യാം എന്ന കാര്യത്തില്‍ കര്‍ശന നിബന്ധനകള്‍ വച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ പഠിച്ച ഒരു ഡോക്ടര്‍ക്ക്‌ നേരിട്ട്‌ ഗള്‍ഫിലോ, ജര്‍മ്മനിയിലോ, അമേരിക്കയിലോ പോയി നേരിട്ട്‌ പ്രാക്ടീസ്‌ ചെയ്യാന്‍ പറ്റില്ല, തിരിച്ചും.

ഓരോ രാജ്യത്തും ഈ വ്യവസ്ഥകള്‍ വ്യത്യസ്‌തമായിരിക്കും. മനുഷ്യ ശരീരം ഒരുപോലെയാണോ, മരുന്നുകള്‍ ഒരു പോലെയാണോ, കോളേജ്‌ ലോകാരോഗ്യ സംഘടനയുടെ ലിസ്റ്റിലുള്ളതാണോ എന്നതൊന്നും പ്രസക്തമല്ല. ഈ അടിസ്ഥാന അറിവില്ലാതെ വിദേശത്ത്‌ മെഡിസിന്‍ പഠിക്കാന്‍ പോകുന്നത്‌ കുട്ടികളുടെ ഭാവി കുഴപ്പത്തിലാക്കും, കുടുംബത്തിന്‌ വലിയ സാന്‌പത്തിക ബാധ്യതയുമുണ്ടാക്കും.

എന്തുകൊണ്ട്‌ മറ്റു രാജ്യങ്ങള്‍?

സാധാരണയായി ആളുകള്‍ വിദേശത്തു പഠിക്കാന്‍ പോകുന്നത്‌ മെച്ചപ്പെട്ട വിദ്യാഭ്യാസം, ഇന്ത്യയ്‌ക്കു പുറത്തു ലഭിക്കാവുന്ന മികച്ച തൊഴിലവസരങ്ങള്‍ എന്നിവയൊക്കെ പ്രതീക്ഷിച്ചാണ്‌. എന്നാല്‍ വിദേശത്തുപോയി മെഡിസിന്‍ പഠിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്‌ പ്രധാനമായും മറ്റു ചില കാരണങ്ങളാണ്‌.

1. നിലവില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം, 539 കോളേജുകളിലായി ഏകദേശം എഴുപതിനായിരത്തിനു മുകളില്‍ എം.ബി.ബി.എസ്‌. സീറ്റുകളാണ്‌ ഇന്ത്യയിലുള്ളത്‌. ഇതില്‍ 270 തോളം ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജുകളും 260 തോളം പ്രൈവറ്റ്‌ മെഡിക്കല്‍ കോളേജുകളും.

എന്നാല്‍ ആകെയുള്ള മെഡിക്കല്‍ സീറ്റുകള്‍ക്ക്‌ ആനുപാതികമല്ലാത്ത വിധത്തില്‍, പതിനഞ്ചു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും പ്രവേശനം നേടാന്‍ ശ്രമിക്കുന്നു. പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും ലഭ്യമായ സീറ്റുകളുടെ എണ്ണവും തമ്മിലുള്ള ഈ അന്തരമാണ്‌ മെഡിസിന്‍ പഠനത്തിനായി വിദേശത്തുപോകാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.

2. മെഡിക്കല്‍ പ്രവേശന പരീക്ഷ പാസാകാന്‍ പറ്റാത്തവരാണ്‌ മറ്റൊരു കൂട്ടര്‍. 2018 ന്‌ മുന്‍പ്‌ വിദേശത്തു മെഡിസിന്‍ പഠിക്കണമെങ്കില്‍ 'നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്‌ എക്‌സാമിനേഷന്‍'  പാസ്സാകേണ്ടതില്ലായിരുന്നു. ഇപ്പോള്‍ പോലും വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം കഴിഞ്ഞ്‌ മറ്റൊരു നാട്ടിലേക്ക്‌ പോകാനുള്ള സാധ്യതയുണ്ടെങ്കില്‍, നമ്മുടെ പ്രവേശന പരീക്ഷ പാസ്സാകണമെന്ന നിബന്ധന വിദേശ രാജ്യങ്ങളിലെ മെഡിക്കല്‍ കൊളേജുകള്‍ക്ക്‌ ഇല്ല.

3. NEETപരീക്ഷ പാസ്സായാലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ്‌ താങ്ങാന്‍ കഴിയാതെ വരികയും, ഈ പ്രൊഫഷനോട്‌ താല്‌പര്യം നിലനില്‍കുകയും ചെയ്യുന്ന സാഹചര്യമാണ്‌. ഇന്ത്യയിലെ ഒരു സ്വകാര്യ മെഡിക്കല്‍കോളേജില്‍ എം.ബി.ബി.എസ്‌ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ ഏകദേശം അറുപതു ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ ചിലവാകാം. ഇതേസമയം മുപ്പത്‌ ലക്ഷം രൂപ ചിലവില്‍ എം ബി ബി എസ്‌ പാസ്സാകാന്‍ കഴിയുന്ന രാജ്യങ്ങളുണ്ട്‌.

ഏതൊക്കെ രാജ്യങ്ങള്‍?

നമ്മുടെ വിദ്യാര്‍ത്ഥികള്‍ കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങള്‍ താഴെ പറയുന്നു.

 ചൈന

 റഷ്യ

 ഉക്രൈന്‍

 ജോര്‍ജിയ

 യു.എ.ഇ

 താജികിസ്‌താന്‍

 ഖസാക്കിസ്ഥാന്‍

 കിര്‍ഗിസ്ഥാന്‍

 ഫിലിപ്പീന്‍സ്‌

 ബംഗ്ലാദേശ്‌

 നേപ്പാള്‍

 കരീബിയന്‍ രാജ്യങ്ങള്‍

 പോളണ്ട്‌

ബലാറുസ്‌

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‌ അന്താരാഷ്ട്ര തലത്തില്‍ ചിലവുകുറഞ്ഞതും ഏറ്റവും ഡിമാന്‍ഡ്‌ ഉള്ളതുമായ രാജ്യങ്ങളിലൊന്നാണ്‌ ചൈന. 

നിലവില്‍ ഇരുപത്തി മൂവായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ചൈനീസ്‌ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നുണ്ട്‌. ഇതില്‍ ഇരുപതിനായിരത്തോളം എം.ബി.ബി.എസ്സ്‌ വിദ്യാര്‍ത്ഥികളാണ്‌.

ഇതിലെ സാധ്യതകള്‍ മുന്നില്‍ക്കണ്ട്‌ ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയം (MOE)  രാജ്യത്തെ നാല്‌പത്തിയഞ്ചു കോളേജുകള്‍ക്ക്‌ എം.ബി.ബി.എസ്‌ കോഴ്‌സുകള്‍ ഇംഗ്ലീഷില്‍ പഠിപ്പിക്കുവാനുള്ള അംഗീകാരം നല്‍കി. 

ഈ യൂണിവേഴ്‌സിറ്റികള്‍ക്കു മാത്രമേ ഇനി മുതല്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക്‌ അഡ്‌മിഷന്‍ നല്‍കാന്‍ കഴിയൂ. റഷ്യ, ഉക്രൈന്‍, തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നുണ്ട്‌.

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌ എക്‌സാമിനേഷന്‍  (FMGE)


നേരത്തെ പറഞ്ഞതുപോലെ മെഡിസിന്‍ ഒരു പോര്‍ട്ടബിള്‍ ഡിഗ്രി അല്ലാത്തതിനാല്‍, ഇന്ത്യയിലേക്ക്‌ മടങ്ങിവന്നാല്‍ ചില നിബന്ധനകളനുസരിച്ചേ പ്രാക്ടീസ്‌ ചെയ്യാനാവൂ.

യു.എസ്‌, കാനഡ, ഓസ്‌ട്രേലിയ, ന്യൂ സീലാന്‍ഡ്‌, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരൊഴികെ മറ്റെല്ലാ രാജ്യത്തു നിന്നുമുള്ള മെഡിക്കല്‍ ബിരുദധാരികള്‍, ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌ എക്‌സാമിനേഷന്‍  (FMGE) പാസ്സാകേണ്ടതുണ്ട്‌.  ഇന്ത്യയില്‍ പ്രാക്ടീസ്‌ ചെയ്യാന്‍ എഫ്‌.എം.ജി.ഇ ജയിച്ചാല്‍ മാത്രം പോരാ. അംഗീകാരമുള്ള ഏതെങ്കിലും ഇന്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പു കൂടി ചെയ്‌താലേ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ.

കൂടുതല്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കേണ്ടതിലേക്കായി ലാഭം മാത്രം ലക്ഷ്യമായുള്ള ചില ഏജന്‍സികള്‍ എഫ്‌.എം.ജി.ഇ പാസ്സാവുക എന്നത്‌ ഒരു നിസ്സാര കാര്യമാണെന്നും പാസായാലുടന്‍ ഇന്ത്യയില്‍ ജോലിചെയ്യാമെന്നും വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചേക്കാം. യാഥാര്‍ഥ്യം ഇതല്ല!

ഇന്ത്യയില്‍ ഒരു വര്‍ഷം ഏകദേശം പന്ത്രണ്ടായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ്‌ എക്‌സാമിനേഷന്‍ അറ്റന്‍ഡ്‌ ചെയ്യുന്നുണ്ട്‌. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എഫ്‌.എം.ജി.ഇ എക്‌സാമിലെ ശരാശരി വിജയശതമാനം 20 ശതമാനത്തില്‍ കൂടിയിട്ടില്ലെന്നതാണ്‌ 

2018 വരെയുള്ള കണക്കുകളില്‍ എഫ്‌.എം.ജി.ഇ എഴുതിയിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ കൂടുതലും ചൈന, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ ബിരുദമെടുത്തവരാണ്‌. ഉക്രൈന്‍, ഖസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ധാരാളം അപേക്ഷകരുണ്ട്‌. പക്ഷെ, ഇവരില്‍ ഏകദേശം 15 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്‌ വിജയിച്ചിട്ടുള്ളത്‌.

അതേ വര്‍ഷങ്ങളില്‍ താരതമ്യേന കൂടുതല്‍ വിജയശതമാനം യു.എ.ഇ (ഏകദേശം 36 ശതമാനം), ബംഗ്ലാദേശ്‌ (ഏകദേശം 27 ശതമാനം) എന്നീ രാജ്യങ്ങളില്‍ പഠിച്ചവര്‍ക്കാണ്‌. പല രാജ്യങ്ങളിലെയും കുറഞ്ഞ വിജയശതമാനം, അവിടങ്ങളിലെ പഠന നിലാവാരത്തിലേക്കാവാം വിരല്‍ ചൂണ്ടുന്നത്‌.

എഫ്‌ എം ജി ഇ പാസ്സായില്ലെങ്കില്‍ എന്താണ്‌ കുഴപ്പം?

മെഡിക്കല്‍ കൗണ്‍സിലിന്റെ പരീക്ഷ എന്നത്‌ ബുദ്ധിമുട്ടാണെങ്കിലും അത്‌ ഇന്ത്യയില്‍ പ്രാക്ടീസ്‌ ചെയ്യാണമെങ്കില്‍ മാത്രമുള്ള പ്രശ്‌നമാണല്ലോ. മറ്റു രാജ്യങ്ങളിലേക്ക്‌ പോകുന്നതിന്‌ എങഏഋ പാസ്സാകുന്നത്‌ നിര്‍ബന്ധമല്ല. അതുകൊണ്ട്‌ തന്നെ വിദേശ വിദ്യാഭ്യാസം വലിയ റിസ്‌ക്‌ അല്ല എന്ന്‌ ചിന്തിക്കുന്നവരുമുണ്ട്‌. പഠനശേഷം ഇന്ത്യയിലേക്ക്‌ മടങ്ങിവരാതെ വിദേശത്തു ജോലിചെയ്യാനാണ്‌ താല്‌പര്യമെങ്കില്‍ ചില വസ്‌തുതകള്‍ കണക്കിലെടുക്കേണ്ടതുണ്ട്‌.

നിങ്ങള്‍ പഠിച്ച രാജ്യത്തു തന്നെ ജോലി ചെയ്യാനുദ്ദേശിക്കുന്നെങ്കില്‍ അവിടത്തെ ജോലി സാധ്യത, രാജ്യത്തിന്റെ സാന്‌പത്തിക സ്ഥിതി എന്നിവ പരിഗണിക്കണം. ഇന്ത്യക്കാര്‍ പ്രധാനമായും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‌ പോകുന്ന രാജ്യങ്ങളില്‍ ജോലികിട്ടാനുള്ള സാധ്യതയും കിട്ടിയാല്‍ ലഭ്യമാകുന്ന വരുമാനവും വളരെ കുറവാണ്‌.

ബംഗ്ലാദേശിലോ ചൈനയിലോ ഉക്രൈനിലോ പഠിക്കുന്‌പോള്‍ അവിടെ പ്രാക്ടീസ്‌ ചെയ്യാന്‍ അനുമതി കിട്ടിയാല്‍ത്തന്നെ കിട്ടുന്ന വരുമാനം കൊണ്ട്‌ നാട്ടിലെ ബാങ്ക്‌ ലോണ്‍ അടച്ചു തീര്‍ക്കാന്‍ പറ്റുമോ എന്ന്‌ അന്വേഷിക്കണം.

ഇന്ത്യയില്‍ എങഏഋ പരീക്ഷ പാസ്സായില്ലെങ്കിലും മറ്റു രാജ്യങ്ങളില്‍ പോയി പ്രാക്ടീസ്‌ ചെയ്യാമല്ലോ എന്ന്‌ ചിന്തിക്കുന്നവരുമുണ്ട്‌. ഇതും പ്രായോഗികമല്ല. ഫിലിപ്പീന്‍സിലെ ബിരുദവുമായി പോയാല്‍ അമേരിക്കയിലും, യുക്രെയ്‌നിലെ ബിരുദവുമായി ചെന്നാല്‍ ജര്‍മ്മനിയിലും നേരിട്ട്‌ പ്രാക്ടീസ്‌ ചെയ്യാന്‍ സാധിക്കില്ല.

അവിടെയും പല വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രവേശന പരീക്ഷകള്‍, തുടര്‍ പഠനങ്ങള്‍, തുടര്‍ പരിശീലനം ഒക്കെ വേണ്ടിവരും. പലയിടത്തും വിഷയത്തിലെ അറിവിനോടൊപ്പം ഭാഷയിലും പ്രാവീണ്യം നേടണം. കുറച്ചു പണം ലാഭം നോക്കി വിദേശത്ത്‌ പോയാല്‍ അനവധി വര്‍ഷവും ധാരാളം പണവും വേണ്ടിവരും മറ്റേതെങ്കിലും രാജ്യത്ത്‌ മെഡിസിന്‍ പ്രാക്‌സ്റ്റീസ്‌ ചെയ്യാന്‍.

വിദേശത്ത്‌ ഡോക്ടറായി പ്രാക്ടീസ്‌ ചെയ്യാന്‍ പറ്റിയില്ലെങ്കിലും ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌, പബ്ലിക്‌ ഹെല്‍ത്ത്‌, മെഡിക്കല്‍ റിസര്‍ച്ച്‌ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യാമല്ലോ എന്ന്‌ ആശ്വസിക്കുന്നവരുണ്ട്‌. ഇത്‌ കുറച്ചൊക്കെ ശരിയാണെങ്കിലും ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌, പബ്ലിക്‌ ഹെല്‍ത്ത്‌, മെഡിക്കല്‍ റിസര്‍ച്ച്‌ തുടങ്ങിയവയാണ്‌ താല്‌പര്യമെങ്കില്‍ അതിന്‌ വിദേശത്ത്‌ പോയി മെഡിക്കല്‍ ഡിഗ്രി എടുക്കേണ്ട കാര്യമില്ല. അതിനുവേണ്ട മാര്‍ഗ്ഗങ്ങള്‍ നാട്ടിലുമുണ്ടല്ലോ.

ചരുക്കിപ്പറഞ്ഞാല്‍ വിദേശത്തെ എം ബി ബി എസ്‌ പഠനം അല്‌പം റിസ്‌ക്കുള്ള പരിപാടിയാണ്‌. കുട്ടികളുടെ കരിയറിനെയും കുടുംബത്തിന്റെ സാന്‌പത്തിക സ്ഥിതിയെയും കുഴപ്പത്തിലാക്കാന്‍ ഈ തീരുമാനം വഴിവെക്കും. അതുകൊണ്ട്‌ നാട്ടില്‍ അഡ്‌മിഷന്‍ കിട്ടാതെ വരുന്‌പോള്‍ ഒരു റിസ്‌കുമില്ലാതെ ഏറെ സാന്‌പത്തികലാഭമുള്ള ഒരു കുറുക്കുവഴിയായി വിദേശ മെഡിക്കല്‍ പഠനത്തെ കാണരുത്‌.

സമൂഹത്തിന്റെ സമ്മര്‍ദ്ദം കൊണ്ടോ, കുട്ടികളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയോ, കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നത്‌ കേട്ടോ നിങ്ങള്‍ വിദേശത്ത്‌ പോകാന്‍ തീരുമാനിക്കുന്നുവെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. വിദേശത്ത്‌ എം.ബി.ബി.സ്‌ പഠനത്തിനു പോകുന്‌പോള്‍ തീര്‍ച്ചയായും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ ((MCI) യുടെ നിര്‍ദ്ദേശങ്ങള്‍ വായിച്ചു മനസിലാക്കുക. വിദേശത്തേയ്‌ക്ക്‌ വിദ്യാര്‍ത്ഥികളെ അയക്കുന്ന ഒരു ഏജന്‍സിക്കും എം.സി.ഐ യാതൊരുവിധ അംഗീകാരവും നല്‍കുന്നില്ല. എന്നാല്‍ എം.സി.ഐ യുടെ അംഗീകാരമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുകൊണ്ട്‌ കുട്ടികളെയും മാതാപിതാക്കളെയും പലരും സമീപിക്കാം. കൂടാതെ, എം.സി.ഐ വെബ്‌ സൈറ്റില്‍ കൊടുത്തിരിക്കുന്ന യൂണിവേഴ്‌സിറ്റികള്‍/കോളേജുകള്‍ ഏതൊക്കെയെന്നു വായിച്ചു മനസിലാക്കുക. https://www.mciindia.org/CMS/information-desk/for-students-to-study-in-abroad


2. എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്റുമാര്‍ പറയുന്ന കാര്യങ്ങള്‍ അപ്പടി വിശ്വസിക്കരുത്‌. അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റില്‍ അന്വേഷിച്ചോ അറിവുള്ളവരോട്‌ ചോദിച്ചോ കൃത്യത വരുത്തുക. ഏതെങ്കിലും രാജ്യത്തേക്ക്‌ ഒരു കണ്‍സള്‍ട്ടന്‍സി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കില്‍ ആ കണ്‍സള്‍ട്ടന്‍സി വഴി ആ രാജ്യത്ത്‌ മുന്‍പ്‌ എത്തി പരിശീലനം നടത്തിയവരുടെ വിവരങ്ങള്‍ ചോദിക്കുക. അവരെ വിളിച്ചു കാര്യങ്ങള്‍ മനസ്സിലാക്കുക.

3. പഠനത്തിന്റെ ചിലവുകള്‍ പറയുന്‌പോള്‍ ഫീസ്‌ കൂടാതെ വരുന്ന ചെലവുകളുടെ കാര്യവും പ്രത്യേകം അന്വേഷിച്ചു മനസ്സിലാക്കണം. യാത്ര, താമസം, ഭക്ഷണം, ഇന്‍ഷുറന്‍സ്‌, മെഡിക്കല്‍ സേവനങ്ങള്‍ ഇതൊക്കെ ഭാരിച്ച ചിലവാകാം.

4. വിദേശ യൂണിവേഴ്‌സിറ്റികള്‍ എല്ലാംതന്നെ മികച്ചവയാണെന്നു കരുതരുത്‌. പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെ അന്താരാഷ്ട്ര റാങ്കിങ്‌ നിലവാരം അറിഞ്ഞിരിക്കണം. ഇതിനായി ഒരു അന്താരാഷ്ട്ര റാങ്കിങ്‌ ഏജന്‍സിയുടെ പഠനങ്ങള്‍ പരിശോധിക്കാവുന്നതാണ്‌. ടൈം ഹയര്‍ എഡ്യൂക്കേഷന്‍ റാങ്കിങ്‌, ഷാങ്‌ഹായ്‌ റാങ്കിങ്‌ എന്നിവ ഉദാഹരണങ്ങളാണ്‌. പാഠ്യവിഷയങ്ങള്‍, പഠനമികവ്‌, അധ്യാപനം, തുടങ്ങി പല കാര്യങ്ങളിലുമുള്ള യൂണിവേഴ്‌സിറ്റിയുടെ പ്രകടനം വേര്‍തിരിച്ചറിയാനാവും. പോകുന്ന കോളേജ്‌ തീരുമാനിക്കുന്നതിന്‌ മുന്‍പ്‌ ആ സ്ഥാപനത്തെ ഗൂഗിള്‍ ചെയ്‌ത്‌ അവിടുത്തെ പ്രത്യേക പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം.

5. ലോകാരോഗ്യ സംഘടന ഇപ്പോള്‍ മെഡിക്കല്‍ കോളേജുകളുടെ ഒരു ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നില്ല.World Federation for Medical Education (WFME) and the Foundation for Advancement of International Medical Education and Research (FAIMER)  എന്നീ സംഘടനകള്‍ സംയുക്തമായി World Directory of Medical Schools പ്രസിദ്ധീകരിക്കുന്നുണ്ട്‌. നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനം ഈ ലിസ്റ്റിലുണ്ടോ എന്ന്‌ തീര്‍ച്ചയായും അന്വേഷിക്കണം. (കൂടുതല്‍ അറിയുവാന്‍ https://www.wdoms.org/  സന്ദര്‍ശിക്കൂ).

6. ഏത്‌ രാജ്യത്താണോ പഠിക്കാന്‍ പോകുന്നത്‌ ആ രാജ്യത്തെ മെഡിക്കല്‍ ഡിഗ്രി മറ്റേതൊക്കെ രാജ്യങ്ങളിലാണ്‌ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌ എന്നന്വേഷിക്കുക. സാന്‌പത്തികമായി ഉന്നതിയും തൊഴില്‍ സാധ്യതയുമുള്ള മറ്റേതെങ്കിലും രാജ്യത്ത്‌ അവിടുത്തെ ബിരുദങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതൊരു നല്ല ഓപ്‌ഷനാണ്‌.

മെഡിക്കല്‍ പരിശീലനത്തിന്റെ കാര്യത്തില്‍ ആളുകള്‍ എത്രമാത്രം കുറുക്കുവഴികള്‍ തേടുന്നു എന്നതിനെ പറ്റി അടുത്ത കാലത്ത്‌ വളരെ അതിശയകരമായ ഒരു കാര്യം വായിച്ചു. അഞ്ചു വര്‍ഷം വിദേശത്ത്‌ പഠിച്ചു എന്ന്‌ പറഞ്ഞ ചില കുട്ടികളുടെ പാസ്സ്‌പോര്‍ട്ടില്‍ അക്കാലത്ത്‌ രാജ്യത്തിന്‌ പുറത്തായിരുന്നതിന്റെ രേഖകള്‍ ഇല്ലായിരുന്നു. അതായത്‌ ചില 'വിദേശ' മെഡിക്കല്‍ കോളേജുകളിലെ പരിശീലനം നടക്കുന്നത്‌ ഇന്ത്യയിലെ ചില കേന്ദ്രങ്ങളില്‍ ആണത്രേ.

ഇത്തരം വ്യാജപ്രസ്ഥാനങ്ങളിലൂടെ മക്കളെ ഡോക്ടറാക്കാന്‍ ശ്രമിക്കുന്നവര്‍ അവരുടെ ഭാവിയെ വലിയ കുഴപ്പത്തിലാക്കുകയാണ്‌ ചെയ്യുന്നത്‌. എന്നെങ്കിലും ഇക്കാര്യം പിടിക്കപ്പെട്ടാല്‍ വ്യാജഡോക്ടര്‍ എന്ന പേരായിരിക്കും അവര്‍ക്ക്‌ ലഭിക്കുന്നത്‌, അതോടെ പണം മാത്രമല്ല മാനവും നഷ്ടപ്പെടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക