Image

മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല

Published on 16 October, 2019
മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എം ജി സര്‍വകലാശാലാ മാര്‍ക്ക് ദാന വിവാദത്തില്‍ തെളിവുകളെങ്കില്‍ ഗവര്‍ണറെ സമീപിക്കട്ടെ എന്ന മന്ത്രി കെ ടി ജലീലിന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ കണ്ട് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടും. സര്‍വകലാശാല പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടിയാണ് ഇതെന്നും ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആണ് ആവശ്യം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തി പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കാന്‍ തീരുമാനമെടുത്തു എന്നതായിരുന്നു ആരോപണം. മാര്‍ക്ക് കൂട്ടി നല്‍കാന്‍ അദാലത്തില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നും സിന്‍ഡിക്കേറ്റ് ആണ് തീരുമാനം എടുത്തതെന്നുമായിരുന്നു മന്ത്രി കെ ടി ജലീലിന്റെയും സര്‍വകലാശാല വൈസ് ചാന്‍സിലറുടെയും വിശദീകരണം.

മന്ത്രി വിളിച്ചുചേര്‍ത്ത അദാലത്തില്‍ മാര്‍ക്ക് ദാനത്തിന് തീരുമാനം ഉണ്ടായെന്ന് എംജി സര്‍വകലാശാല തന്നെ സമ്മതിക്കുന്ന വിവരാവകാശരേഖ പിന്നീട് പുറത്തുവന്നു. വൈസ് ചാന്‍സിലര്‍ കൂടി പങ്കെടുത്താണ് അദാലത്ത് നടത്തിയതും തീരുമാനങ്ങളെടുത്തതും. അദാലത്തില്‍ അക്കാദമിക വിഷയങ്ങള്‍ പരിഗണിക്കാനാവില്ല. ഇല്ലാത്ത അധികാരം ഉപയോഗിച്ച്‌ മാര്‍ക്ക് കൂട്ടി നല്‍കാനുള്ള അദാലത്ത് തീരുമാനം നിയമവിരുദ്ധമാണ്. അദാലത്തില്‍ മന്ത്രിയുടെ പ്രതിനിധിയായി പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
അദാലത്തിന്റെ തുടക്കത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മന്ത്രി നടത്തിയ പ്രസംഗത്തില്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി തന്റെ പ്രതിനിധിയായി പങ്കെടുക്കും എന്നും വ്യക്തമാക്കുന്നുണ്ട്.

സര്‍വകലാശാല നിയമമനുസരിച്ച്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ച ശേഷം പരീക്ഷ പേപ്പര്‍ പുനര്‍ പരിശോധനയിലൂടെ അല്ലാതെ മറ്റേതെങ്കിലും തരത്തില്‍ മാര്‍ക്ക് കൂട്ടി നല്‍കാനാവില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ഇവിടെ മുമ്ബ് നല്‍കിയ മോഡറേഷന് പുറമേ സ്‌പെഷ്യല്‍ മോഡറേഷന്‍ നല്‍കാനാണ് അദാലത്ത് തീരുമാനിച്ചത്. ഒരു വിഷയത്തിന് മാത്രം തോറ്റ ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഒരു മാര്‍ക്ക് കൂടി നല്‍കി പരീക്ഷ വിജയിപ്പിക്കാനാണ് അദാലത്ത് തീരുമാനിച്ചത്. എന്നാല്‍ ഒരു മാര്‍ക്കിന് പകരം അഞ്ച് മാര്‍ക്ക് വരെ കൂട്ടി നല്‍കാനായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലാണ് ആണ് ഈ നിയമ ലംഘനം നടന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക