Image

സംയുക്ത വികസനത്തിന് യുഎഇ – റഷ്യ

Published on 16 October, 2019
സംയുക്ത വികസനത്തിന് യുഎഇ – റഷ്യ
അബുദാബി : വ്യാപാരം, നിക്ഷേപം, ഊര്‍ജം, നിര്‍മിത ബുദ്ധി, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ സംയുക്ത പദ്ധതി ആവിഷ്കരിക്കാന്‍ യുഎഇ -റഷ്യ ധാരണ. മേഖലയുടെ സുരക്ഷയ്ക്കും ആഗോള സമാധാനത്തിനും കൈകോര്‍ക്കാനും തീരുമാനമായി. റഷ്യന്‍ പ്രസിഡന്‍റ് വ്‌ലാഡിമിര്‍ പുടിന്‍റെയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെയും സാന്നിധ്യത്തിലാണ് ഇതുസംബന്ധിച്ച വിവിധ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. യുഎഇക്കു വേണ്ടി ഊര്‍ജ വ്യവസായ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്‌റൂഇയും റഷ്യയ്ക്കുവേണ്ടി ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാകും കരാറുകളില്‍ ഒപ്പുവച്ചു.

എമിറേറ്റ്‌സ് ന്യൂക്ലിയര്‍ കോര്‍പറേഷന്‍ സിഇഒ മുഹമ്മദ് ഇബ്രാഹിം അല്‍ ഹമ്മാദിയും റൊസ്തം സ്റ്റേജ് ആറ്റമിക് എനര്‍ജി കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ അലക്‌സി ലിക്കാഷേവും മറ്റൊരു ധാരണാപത്രത്തിലും ഒപ്പിട്ടു. ഊര്‍ജരംഗത്തെ സഹകരണത്തിന് അഡ്‌നോകുമായും നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടുമായും നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട് മുബാദലയുമായും കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. ബഹിരാകാശ രംഗത്ത് റഷ്യ നല്‍കിയ പിന്തുണയെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു. ഈ സഹകരണമാണ് യുഎഇയുടെ പ്രഥമ ബഹിരാകാശ സഞ്ചാരിക്ക് രാജ്യാന്തര ബഹിരാകാശ ദൗത്യംപൂര്‍ത്തിയാക്കി തിരിച്ചെത്താന്‍ സഹായിച്ചതെന്നും പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മേഖലയിലെയും രാജ്യാന്തര തലത്തിലുമുള്ള സംഭവങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഭീകരവാദത്തിനെതിരെയും ലോക സമാധാനത്തിനും വേണ്ടിയും പോരാടാന്‍ സംയുക്ത പദ്ധതി ആവിഷ്കരിക്കണമെന്നും ഷെയ്ഖ് മുഹമ്മദ് ആവശ്യപ്പെട്ടു. പ്രഥമ ബഹിരാകാശ യാത്രയില്‍ ലക്ഷ്യം കൈവരിച്ച യുഎഇയെ വ്‌ലാഡിമിര്‍ പുടിന്‍ അഭിനന്ദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക