Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍ 43: ജയന്‍ വര്‍ഗീസ്)

Published on 16 October, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍  43: ജയന്‍ വര്‍ഗീസ്)
എക്‌സികുട്ടീവ് എന്‍ജിനീയറുടെ നിര്‍ദ്ദേശാനുസരണം അദ്ദേഹം പറഞ്ഞ സാധനങ്ങളെല്ലാം ഞങ്ങള്‍ ശേഖരിച്ചു വച്ചു. പോക്കറ്റില്‍ ഒന്നും അവശേഷിച്ചിട്ടില്ലാത്ത  ഞാനും, എന്റെ കൂട്ടൂകാരും വളരെ വിഷമിച്ചിട്ടാണ് ഈ സാധനങ്ങളൊക്കെ വീണ്ടും വാങ്ങിച്ചത്. എന്നാലും അദ്ദേഹം വന്നു പോയാല്‍ ഈ കടങ്ങളെല്ലാം പുഷ്പം പോലെ വീട്ടാമല്ലോ എന്ന ശുഭ പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍.

' പാപി ചെല്ലുന്നേടം പാതാളം ' എന്നോര്‍മ്മിപ്പിച്ചു കൊണ്ട്  അപ്പോഴാണ് ആ വാര്‍ത്ത വന്നത്. കണ്ണൂര് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഒരു തീവണ്ടി കൊല്ലത്തിനടുത്തുള്ള പെരുമണ്‍ പാലത്തില്‍ നിന്ന് തെന്നി മാറി താഴെ കായലില്‍ വീണുവെന്നും, കുറേപ്പേര്‍ മരിച്ചുവെന്നും, കായലില്‍ വീണ ഒരു ബോഗിയില്‍ ഞങ്ങളെ സഹായിക്കാന്‍ തയ്യാറായിരുന്ന എക്‌സികുട്ടീവ് എന്‍ജിനീയര്‍ ഉണ്ടായിരുന്നുവെന്നും, നാട്ടുകാരുടെ സാഹസിക രക്ഷാപ്രവര്‍ത്തങ്ങള്‍ മൂലം അദ്ദേഹം മരിച്ചിട്ടില്ലെന്നും, ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രി വിടാന്‍ ഒന്നര മാസമെങ്കിലും പിടിക്കും എന്നുമുള്ള വേദനയുളവാക്കുന്ന വാര്‍ത്തയായിരുന്നു അത്. ( സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചട്ട പ്രകാരം കാറിക്കൂവി സ്ഥലത്തെത്തുന്നതിനു മുന്‍പ് തന്നെ സ്വജീവന്‍ പണയപ്പെടുത്തി  വെള്ളത്തില്‍ ചാടിയ നാട്ടുകാരായ മനുഷ്യ സ്‌നേഹികളുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഇദ്ദേഹത്തിന്റേത് ഉള്‍പ്പടെയുള്ള അനേകം ജീവനുകള്‍ രക്ഷിച്ചെടുക്കാന്‍ സാധിച്ചത് എന്ന നഗ്‌ന സത്യം ഒരിക്കല്‍ കൂടി ഇവിടെ അനുസ്മരിച്ചു കൊള്ളുന്നു.! )

പാവം എന്‍ജിനീയര്‍. തിരുവന്തപുരത്തുള്ള സ്വന്തം വീട്ടിലേക്ക് വാരാന്ത്യ സംഗമത്തിനായി പോവുകയായിരുന്നു അദ്ദേഹം. എത്രയോ ജീവിതങ്ങളും, സ്വപ്നങ്ങളുമാണ് അപ്രതീക്ഷിതങ്ങളായ ഇത്തരം അപകടങ്ങളില്‍ പൊലിഞ്ഞു വീഴുന്നത് എന്നോര്‍ത്തപ്പോള്‍ ' മനുഷ്യന്‍ എത്ര നിസ്സഹായനാണ് ' എന്ന പ്രപഞ്ച സത്യം എന്റെ മനസ്സില്‍ ചുരന്നു നിന്നു. ഒരു പക്ഷെ, നിരാവലംബരും, നിര്‍ഭാഗ്യവാന്മാരുമായ ഞങ്ങളെ സഹായിക്കാന്‍ മനസ്സ് വച്ചിട്ടാകുമോ അദ്ദേഹത്തിന് ഈ ദുരന്തം സംഭവിച്ചത് എന്ന് പോലും ഞാന്‍ ചിന്തിച്ചു പോയി.

അദ്ധ്യാപകര്‍ക്കും, എതിരാളികള്‍ക്കും വീണു കിട്ടിയ ഒരവസരമസയിരുന്നു ഇത്. ചില  കുട്ടികള്‍ എന്റെ കടയില്‍ വന്ന്  " ഞങ്ങള്‍ കളിച്ചു കൊണ്ടിരുന്ന സ്ഥലം താന്‍ എന്തിന്  ചളിക്കുളമാക്കി? " എന്ന് ഭീഷണിയുടെ സ്വരത്തില്‍ എന്നോട് ചോദിച്ചു തുടങ്ങി.

മഴവെള്ളം വീഴുന്ന പുതുമണ്ണില്‍ ചവിട്ടുന്‌പോള്‍ ചളിയാണ് ഉണ്ടാവുന്നതെന്നും, ഒരു വേനല്‍ക്കാലം കഴിഞ്ഞാല്‍ അതുറയ്ക്കും എന്നുമൊക്കെ ഞാന്‍ പറഞ്ഞു നോക്കിയെങ്കിലും, അതൊന്നും കുട്ടികള്‍ ചെവിക്കൊള്ളുന്നേയില്ല. എന്റെ പ്രായത്തെപ്പോലും മാനിക്കാതെ താന്‍, താന്‍ എന്നാണു കൊച്ചു കുട്ടികള്‍ എന്നെ സംബോധന ചെയ്‌യുന്നത്. ഞങ്ങളുടെ നാട്ടില്‍ തന്നെക്കാള്‍ മൂത്തവരെ ' എടോ ' ' താന്‍ ' എന്നൊക്കെ വിളിക്കുന്ന ഒരു രീതി അന്ന് നിലവില്‍ ഉണ്ടായിരുന്നില്ല എന്നതിനാല്‍ കുട്ടികളുടെ ഈ വിളി എന്നെ വളരെ വേദനിപ്പിച്ചു. മാത്രമല്ലാ, സ്കൂളില്‍ വച്ചുണ്ടാകുന്ന പിടിവലികളില്‍ പെട്ട് കീറിപ്പോയ വസ്ത്രങ്ങളുടെ റിപ്പയറിങ്ങിനായി ഈ കുട്ടികള്‍ ഞങ്ങളുടെ കടയിലാണ് പതിവായി എത്തിയിരുന്നത്. ഇത്തരം റിപ്പയറിങ്ങുകള്‍ക്കായി ഞാനോ മേരിക്കുട്ടിയോ ഒരു പൈസ പോലും ഒരു കുട്ടിയില്‍ നിന്നും വാങ്ങിയിരുന്നുമില്ല. വളരെക്കാലമായി ഞങ്ങള്‍ ചുമക്കുകയായിരുന്ന ഈ കൂലിയില്ലാ ചുമടിന്‍റെ ഗുണ ഭോക്താക്കളായ കുട്ടികള്‍ തന്നെയാണ് ഭീഷണിയുമായി എത്തിയിരുന്നത് എന്നതാണ് എന്നെ ഏറെ ദുഃഖിപ്പിച്ചത്.

സാധാരണ ഗതിയിലായിരുന്നെങ്കില്‍ മുന്‍പിന്‍ നോക്കാതെ അവന്റെ കഴുത്തിനു പിടിച്ചു ഞെക്കി പുറത്തെറിയുമായിരുന്ന ഞാന്‍, എന്റെ കണ്മുന്നിലുരുന്ന് എന്നെ തെറിവിളിച്ച എന്‍. ടി. കുഞ്ഞനോട് പ്രതികരിക്കാതിരുന്നത് പോലെ ഇവിടെയും അടങ്ങി. പി. ടി. എ. പ്രസിഡണ്ടിന്റെ ' മഹത്തായ ' പ്ലാവിലത്തൊപ്പി എന്റെ തലയില്‍ ചാര്‍ത്തപ്പെട്ടത് കൊണ്ട് ആര്‍ക്കും കൊട്ടാവുന്ന ഒരു ചെണ്ടയായി ഞാന്‍ മാറിപ്പോയല്ലോ എന്ന്  സ്വയം സഹതപിച്ചു പോയി ഞാന്‍. സ്വന്തം  വ്യക്തി ജീവിതത്തില്‍ തന്നെ ധാരാളം കേസുകള്‍ നടത്തി പരിചയമുള്ള അവര്‍കള്‍ സാറിന് ' പി. ടി. എ. പ്രസിഡണ്ട് കുട്ടികളെ ആക്രമിച്ചു ' എന്നൊരു പുത്തന്‍ കേസ് ഉണ്ടാക്കാനുള്ള ഉപകരണങ്ങള്‍ ആക്കുകയായിരുന്നു കുട്ടികളെ എന്ന് പിന്നീട്  മനസിലായി.

തികഞ്ഞ മനുഷ്യ സ്‌നേഹിയായിരുന്ന ഹെഡ്മാസ്റ്റര്‍ തുളസീധരന്‍ സാറിന്റെ മുന്നില്‍ ഞാന്‍ പരാതിപ്പെട്ടു. സ്ക്കൂളിന്റെ കാര്യവുമായി ബന്ധപ്പെട്ട യാതൊന്നിനും എന്റെ കടയില്‍ കയറിപ്പോകരുതെന്ന് അദ്ദേഹം കുട്ടികളെ താക്കീത് ചെയ്തു. ( വ്യക്തി പരമായ ഏതോ സ്വകാര്യ കാരണങ്ങളാല്‍ തുളസീധരന്‍ സാര്‍ മാസത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ അക്കാലത്ത് സ്കൂളില്‍ വന്നിരുന്നുള്ളു. അദ്ദേഹം ഇല്ലാത്തപ്പോള്‍ സീനിയര്‍ അധ്യാപകനായ അവര്‍കള്‍ സാര്‍ ആണ് ഹെഡ്മാസ്റ്ററുടെ ചുമതലകള്‍  വഹിച്ചിരുന്നത്. )

തികഞ്ഞ നീതി ബോധത്തോടെ കാര്യങ്ങളെ സമീപിച്ചിരുന്ന ഹെഡ്മാസ്റ്റര്‍ തുളസീധരന്‍ സാര്‍ പൂര്‍ണ്ണമായും ഞങ്ങളുടെ നിലപാടുകളോട് യോജിച്ചിരുന്നു. ഇത് മറു ഭാഗത്തിന്റെ റിങ് മാസ്റ്ററായി പ്രവര്‍ത്തിച്ചിരുന്ന അവര്‍കള്‍ സാറിന് തീരെ പിടിച്ചിരുന്നില്ല. മേലുദ്യോഗസ്ഥനോട് നേരിട്ടേറ്റുമുട്ടുവാന്‍ തയാറാകാതെ 
' ഹെഡ്മാസ്റ്റര്‍ ഒരു കഴിവ് കെട്ടവനാണ് ' എന്ന് വരുത്തിത്തീര്‍ക്കുവാന്‍ കുട്ടികളെയാണ് അയാള്‍ ഉപയോഗപ്പെടുത്തിയത്. ഒളിഞ്ഞും, തെളിഞ്ഞും ചില കുട്ടികള്‍ അദ്ദേഹത്തെ ഐ. ആര്‍. ഡി. പി. എന്നാണ് വിളിച്ചിരുന്നത്. ഹെഡ്മാസ്റ്ററെക്കുറിച്ചു പറയുന്‌പോള്‍  ' ആ, ഐ.ആര്‍.ഡി. പി. ' എന്നാണ് ചില കുട്ടികളും, അദ്ധ്യാപകരും പരസ്പരം  ഉപയോഗിച്ചിരുന്ന പദം. ഹരിജന്‍ വിഭാഗത്തില്‍ പെട്ട ഹെഡ് മാസ്റ്റര്‍ ഇത് മനസിലാക്കിയിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. ഒരു പി. ടി. എ. യോഗത്തില്‍ അദ്ദേഹം ഇതിനെക്കുറിച്ച് : " നിങ്ങളുടെ സൗന്ദര്യ ബോധത്തെ തുപ്തിപ്പെടുത്താനുള്ള ശരീര സൗന്ദര്യം എനിക്കില്ലായിരിക്കാം, പക്ഷെ എനിക്കും എന്റേതായ സൗന്ദര്യമുണ്ടെന്ന് നിങ്ങള്‍ മനസിലാക്കണം. " എന്ന് പ്രതികരിച്ചിരുന്നു. ( ഹരിജന്‍ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ചുരുക്കപ്പേരായിരുന്നു ഐ. ആര്‍. ഡി. പി. എന്നത്.)

പുറത്തുള്ള ഞങ്ങളുടെ എതിര്‍ ഗ്രുപ്പുമായി അദ്ധ്യാപക വിഭാഗം നിരന്തരം ബന്ധപ്പെട്ടിരുന്നു. അതിന്റെ അനന്തര ഫലമായിട്ട് ആയിരിക്കണം, കുട്ടികള്‍ പി. ടി. എ. ക്കെതിരെ സമരം പ്രഖ്യാപിച്ചു. തങ്ങളുടെ കളിസ്ഥലവും, വാട്ടര്‍ സപ്ലെയും ഉടന്‍ ശരിയാക്കിത്തരണം എന്നായിരുന്നു ഡിമാന്‍ഡ്. വലതു പക്ഷക്കാരായ രക്ഷകര്‍ത്താക്കളുടെ കുട്ടികളാണ് സമരത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത് എന്നത്  ആരൊക്കെയാണ് ഇതിന്റെ പിന്നില്‍ കളിക്കുന്നത് എന്ന് വ്യക്തമാക്കിയിരുന്നു.  സമര പ്രഖ്യാപനം ശരിക്കും എന്നെ തളര്‍ത്തി. സമരത്തിന്റെ മുന്നില്‍ നില്‍ക്കുന്ന മുതിര്‍ന്ന കുട്ടികളെയും, അവരുടെ പേരന്‍സിനെയും അവരുടെ വീട്ടില്‍പ്പോയി കാണുവാന്‍ ഞാന്‍ തീരുമാനിച്ചു. എങ്ങിനെയെങ്കിലും ഈ സമരം ഒഴിവാക്കാന്‍ ആകുമോ എന്നായിരുന്നു എന്റെ ശ്രമം.

സമരം തുടങ്ങുന്നതിന്റെ തലേദിവസം അതി രാവിലെ മുതല്‍ സന്ധ്യ വരെ ഞാന്‍ കുട്ടികളുടെ വീടുകളില്‍ പോയി സംസാരിച്ചു. ഒന്നുരണ്ടു മാസത്തിനകം എല്ലാം ശരിയാകും എന്ന് കാര്യ കാരണ സഹിതം ഞാന്‍ വിശദീകരിച്ചു. ആരും ഇങ്ങോട്ട് ഒന്നും പറയുന്നില്ല. എന്റെ വളരെ അടുത്ത സ്‌നേഹിതരും, കൂട്ടുകാരുമായിരുന്ന പലരും എന്നെക്കണ്ടു മുഖം തിരിച്ചു കളഞ്ഞു. ഒന്നും സംസാരിക്കാന്‍ പോലും അവര്‍ തയാറാകുന്നില്ല. ' സാറന്മാര്‍ പറഞ്ഞാല്‍ കുട്ടികളെന്തു ചെയ്യും.? ' എന്ന് ചിലര്‍ അവ്യക്തമായി പറഞ്ഞു. രാഷ്ട്രീയമായ ചേരി തിരിവുകള്‍  ഒരു ജനസമൂഹത്തിലെ മനുഷ്യ ബന്ധങ്ങളില്‍ എപ്രകാരം വിള്ളലുകള്‍ വീഴ്ത്തുന്നുവെന്ന് അനുഭവത്തിലൂടെ ഞാന്‍ തിരിച്ചറിയുകയായിരുന്നു.

അന്ന് രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ഞാന്‍ തേങ്ങിക്കരഞ്ഞു പോയി. ഭാര്യയും, കുട്ടികളും അറിയരുതല്ലോ എന്ന് കരുതി എത്ര ശ്രമിച്ചിട്ടും എനിക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇരുട്ടിലേക്ക് തുറിച്ചു നോക്കിക്കിടന്ന് പുതപ്പു കൊണ്ട് വായിലും, മുഖത്തും അമര്‍ത്തിപ്പിടിച്ച് ഞാന്‍ മതിയാവോളം കരഞ്ഞു.

എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്തിട്ടുള്ള ഓരോ ചെയ്തികളും കണ്ണുനീരിലൂടെ ഞാന്‍ ചികഞ്ഞെടുത്ത് നോക്കി. ഞാന്‍ മൂലം ഏതെങ്കിലും ഒരു മനുഷ്യന്റെ  കണ്ണില്‍ നിന്ന് കണ്ണുനീര്‍ വീഴുന്നുണ്ടോ എന്നായിരുന്നു എന്റെ അന്വേഷണം. എന്റെ ചിന്തകള്‍ എന്നെ ന്യായീകരിക്കുന്നത് കൊണ്ടാവുമോ എന്നറിയില്ല, ആരെയും എനിക്ക് കണ്ടെത്താനായില്ല. എന്നും പീഠനങ്ങളുടെ ബലിയാടായി ഞാന്‍ നില്‍ക്കുന്നതാണ് കണ്ടത്.

( ഇവിടെ അമേരിക്കയിലും ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഈ പീഠനം ഞാന്‍ സഹിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ എഴുത്തുകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട് എന്ന് എന്നെ വിളിച്ച് അഭിനന്ദിക്കുന്നവരും, എന്റെ സുഹൃത്തുക്കളാണ് എന്ന് ഭാവിക്കുന്നവരുമായ ചിലരെങ്കിലും കള്ളപ്പേരുകള്‍ വച്ച് എഴുതുന്ന കമന്റുകളില്‍ ഞാന്‍ മതത്തിന്റെ തീട്ടക്കുഴിയില്‍ ( ഷിറ്റ് ഹോള്‍ ) കിടക്കുന്ന ഒരു പന്നിയാണ് എന്ന നിലയിലാണ് എഴുതുന്നത്.  പ്രപഞ്ച വിസ്മയത്തിന്റെ സജീവ  ബോധമായ ദൈവ സാന്നിധ്യം ശാസ്ത്ര നിഗമനങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് ഞാന്‍ വിശദീകരിക്കുന്‌പോളാണ് അതിനെതിരേ പ്രസക്തമായ പ്രതിരോധം തീര്‍ക്കുന്നതില്‍ പരാജയപ്പെടുന്ന ഭൗതിക വാദികളായ ഇക്കൂട്ടര്‍ എനിക്കെതിരേ വാളോങ്ങുന്നത് എന്നാണു എന്റെ വിലയിരുത്തല്‍.

" ജയന്‍ വര്‍ഗീസ് ഒരു കഴിവുറ്റ എഴുത്തുകാരന്‍ ആയിരുന്നു, ഇപ്പോള്‍ അയാള്‍ മതത്തിന്റെ ആളായി നിന്നതു കൊണ്ട് ആ താലന്തുകള്‍ തകര്‍ന്നടിഞ്ഞു " എന്ന നിലയിലാണ് ഒരു സുഹൃത്തിന്റെ എഴുത്ത്. ' മതം ഒരു സോഷ്യല്‍ ക്ലബ് മാത്രമാണ് ' എന്നും, അതിനു പകരം വയ്ക്കാന്‍ പറ്റിയ കലയോ, സാഹിത്യമോ, സംസ്കാരമോ, ഇസമോ ഒന്നും ഇതുവരെയും ആര്‍ക്കും ആവിഷ്ക്കരിക്കാന്‍ സാധിച്ചിട്ടില്ലാ  എന്നതിനാലുമാണ് തങ്ങളുടെ ജീവിത വേദനകളുടെ കടും ചുമട് അല്‍പ്പമെങ്കിലും ഇറക്കി വയ്ക്കാനുള്ള അത്താണിയായി മനുഷ്യന്‍ മതങ്ങളെ കാണുന്നത്  എന്നാണ് എന്റെ വിലയിരുത്തല്‍.  ഒരിക്കല്‍ ലോകത്താകമാനം വേര് പിടിച്ചു വളര്‍ന്ന മാര്‍ക്‌സിസം പോലും ക്രമേണ തളര്‍ന്നു ശോഷിക്കുന്നതാണ് ലോകം കണ്ടത്. അവശേഷിക്കുന്ന ഇടങ്ങളിലാവട്ടെ, അത് അപകടകരമായി മുതലാളിത്തവുമായി പരിണയിക്കുന്നു.'  വെളിച്ചവുമായി എത്തിച്ചേരുന്ന ഒരു പുതിയ രക്ഷകന്‍ ' എന്നതാണ് ധാര്‍മ്മിക അപജയത്തില്‍ തകര്‍ന്നടിഞ്ഞു കഴിഞ്ഞ  മനുഷ്യ വര്‍ഗ്ഗത്തിന്റെ സ്വപ്നം.  സ്വന്തം കരള്‍ കഴുകന് സമ്മാനിച്ചു കൊണ്ടും മനുഷ്യന് വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ തയാറാവുന്ന ഒരു പ്രോമിത്യുസ് ! െ്രെകസ്തവ  മാര്‍ക്‌സിയന്‍ ദര്‍ശനങ്ങള്‍ സമന്വയിച്ചുണ്ടാവുന്ന പുതിയ രക്ഷകനായ ' ഗോദോ. '  അയാളെ  കാത്തിരിക്കുകയാണ് ഞാനും ?

" അഞ്ജനായ മനുഷ്യന്റെ മുന്നില്‍ വിഗ്രഹം ഒരു മാധ്യമമായതിനാല്‍ അത് തകര്‍ക്കരുത് ! ( എന്നെങ്കിലും )  വിജ്ഞനാകുന്‌പോള്‍ അവന്‍ തന്നെ അത് തകര്‍ത്ത് കൊള്ളും " എന്ന ആദി ശങ്കര ദര്‍ശനങ്ങളുടെ ആഴങ്ങളില്‍ വരെ വേരൂന്നി നില്‍ക്കുന്ന എന്റെ മതബോധം എന്താണെന്ന് എന്നെ വായിക്കുന്ന എല്ലാവരെയും പോലെ ഈ സുഹൃത്തിനും അറിയാമെങ്കിലും, എന്നെ താറടിച്ചു താഴ്ത്തിക്കെട്ടുവാനാണ് ഇദ്ദേഹത്തിന്റെ ശ്രമം. എന്നില്‍ ആരോപിക്കുന്ന എല്ലാ അയോഗ്യതകളും മുന്‍കൂറായി ഞാന്‍ ഏറ്റെടുക്കുന്നു എന്നതിനാലും, ഇതിനേക്കാള്‍ വലിയ വലിയ വിഷ സര്‍പ്പങ്ങളെ നേരിട്ടിട്ടാണ് ഞാന്‍ വന്നിട്ടുള്ളത് എന്നതിനാലും കുറേക്കൂടി തരം താഴ്ന്ന പ്രയോഗങ്ങള്‍ കണ്ടെത്തുവാന്‍ ഈ സുഹൃത്തിന് സാധിക്കട്ടെ എന്ന്  ആശംസിക്കുന്നു. മണലില്‍ തല പൂഴ്ത്തി നില്‍ക്കുന്‌പോളും ഇയാളുടെ ശരീരം മുഴുവന്‍ വെളിയിലാണ് എന്ന സത്യം എന്നാണാവോ ഇയാള്‍ തിരിച്ചറിയുക ?

ആചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും പേരില്‍ മനുഷ്യനെ ചൂഷണം ചെയ്‌യുന്ന മത ചൂഷകരെ തുറന്നെതിര്‍ക്കുന്‌പോള്‍ തന്നെ, ആഗോള മനുഷ്യ വര്‍ഗ്ഗത്തിന്റ പൊതുവായ സാന്ത്വനത്തിനുള്ള സംഭാവനകള്‍ ഓരോ മതങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നതിനുള്ള തിരുത്തല്‍ സാഹചര്യങ്ങള്‍ പുനര്‍ജ്ജനിക്കപ്പെടണം എന്നതാണ് എന്റെ എളിയ സ്വപ്നം.  ലോകത്തിലെ ഏറ്റവും വലിയ മനുഷ്യത്താവളങ്ങളായ മതങ്ങളില്‍ നിന്ന് മാത്രമേ ഇത് സാദ്ധ്യമാവൂ എന്നും എനിക്ക് അഭിപ്രായമുണ്ട്. തല്ലല്‍ കൊണ്ടല്ലാ, തലോടല്‍ കൊണ്ടാണ് ഇത് സാധ്യമാക്കേണ്ടത് എന്നതാണ് പ്രായോഗിക തലത്തിലുള്ള എന്റെ കര്‍മ്മ മാര്‍ഗ്ഗം. " അതിരുകളില്ലാത്ത ലോകവും, ലേബലുകളില്ലാത്ത മനുഷ്യനും " എന്നതായിരിക്കും  ഇതില്‍ നിന്നുരുത്തിരിയുന്ന  വന്‍ പ്രാക്ടിക്കല്‍ റവന്യൂ. ഒരു  ടീനേജര്‍ ആയിരിക്കുന്‌പോള്‍ മുതല്‍ ഈ വഴിയിലൂടെ ഞാന്‍ നടക്കുകയാണ്.  ആ യാത്രയിലുള്ള ഏറ്റവും ചെറിയ എളിയ പിച്ച വയ്പുകള്‍  എന്ന നിലയിലാണ് എന്റെ എഴുത്തുകള്‍. )

കുട്ടികള്‍ സമരം ആരഭിക്കുക തന്നെ ചെയ്തു. അന്നുഞാന്‍ കടയില്‍ പോകാതെ വീട്ടിലിരുന്നു. ഭാര്യയെ ആണ് കടയിലയച്ചത്. റോഡിലൂടെ നടന്നു പോയ അവളുടെ അടുത്തേക്ക് കുട്ടികള്‍ ഓടി വന്നു പൊതിഞ്ഞു. എന്നിട്ട് അവളുടെ നേരെ മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങള്‍ വിളിക്കുവാനാരംഭിച്ചു. " പെണ്ണിന് സ്‌കേര്‍ട്ട്, ചെക്കന് ഷര്‍ട്ട്. വൈഫിനു രണ്ടു സാരികളും,  പിരിച്ച കാശ് കട്ടുതിന്ന പി. ടി. എ. പ്രസിഡണ്ട് രാജി വക്കുക. "  എന്നും,
" വാട്ടര്‍ടാങ്ക് കോഴിക്കൂട്, ഫുട്‌ബോള്‍  കോര്‍ട്ട് പുഞ്ചക്കണ്ടം, പിരിച്ച കാശ് കട്ട് തിന്ന പി. ടി. എ. പ്രസിഡണ്ട് രാജി വക്കുക.  " എന്നും അവര്‍ എന്റെ ഭാര്യക്ക് നേരെ അലറി വിളിച്ചു കൊണ്ടിരുന്നു. പൊതുവേ അടങ്ങിയൊതുങ്ങി കഴിയുന്ന എന്റെ ഭാര്യക്ക് ഇതൊന്നും സഹിക്കാനുള്ള കഴിവുള്ളവളല്ല. അവള്‍ കടയില്‍ പോയിരുന്നു കരഞ്ഞു എന്നാണു പിന്നീട് പറഞ്ഞത്.

സമരത്തിന്റെ രണ്ടാം ദിവസം ഞാന്‍ കടയില്‍ പോകാം എന്ന് പറഞ്ഞിട്ട് അവള്‍ സമ്മതിച്ചില്ല. മുന്‍കോപിയായ ഞാന്‍ കുട്ടികളോട് ഏറ്റുമുട്ടും എന്നായിരുന്നു അവളുടെ പേടി. പി. ടി. എ. പ്രസിഡണ്ടിന്റെ പ്ലാവിലത്തൊപ്പി തലയില്‍ കയറിയ ശേഷവും, ക്ഷമാ ശീലനായ കുഞ്ഞുമാത്തൂചേട്ടനുമായുള്ള ഇടപഴകലിന് ശേഷവും എന്റെ മുന്‍കോപമൊക്കെ മടക്കിക്കെട്ടി ഞാന്‍ തന്നെ തോട്ടിലെറിഞ്ഞു എന്നും, ഇപ്പോള്‍ പല്ലു കൊഴിഞ്ഞ സിംഹത്തെപ്പോലെ കഴിവ് കെട്ടവനായി തീര്‍ന്നിരിക്കുകയാണ് എന്നുമുള്ള കാര്യങ്ങളൊന്നും  അവളറിഞ്ഞില്ലല്ലോ? തലേ ദിവസത്തെ പോലെ തന്നെ കുട്ടികള്‍ അവളുടെ നേരെ മുദ്രാവാക്യം വിളിക്കുകയും, കൂവുകയും ചെയ്തു എന്നാണറിഞ്ഞത്.

നമ്മുടെ ചിന്തകള്‍ക്ക് അതീതമായി ക്രിയേറ്റ് ചെയ്യപ്പെടുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നതും, യുക്തിവാദികള്‍ക്ക് ' യാദൃശ്ചികം ' എന്ന് പറഞ്ഞു തള്ളാവുന്നതുമായ ഒരു സംഭവം അന്നുണ്ടായി. മുതിര്‍ന്ന കുട്ടികള്‍ മുദ്രാവാക്യം വിളിച്ചു സമരം ചെയ്യുന്‌പോള്‍ അവര്‍കള്‍ സാറും അദ്ദേഹത്തിന്‍റെ സഹയാത്രികരും വരാന്തയില്‍ നിന്ന് സമരം ആസ്വദിക്കുകയായിരുന്നു. രണ്ടാം ക്ലാസിലെ ക്ലാസ് ടീച്ചറും, അവര്‍കള്‍ സാറിന്റെ വലം കൈയുമായിരുന്ന ഒരു ടീച്ചറും ( ഈ ടീച്ചറിന് ഞാന്‍ റോസി എന്ന പേര് നല്‍കുന്നു. ) അവര്‍കള്‍ സാറിനോടൊപ്പം വരാന്തയില്‍ ആയിരുന്നു. ക്ലാസില്‍ ടീച്ചര്‍ ഇല്ലാത്തതു കൊണ്ടാവാം, കുട്ടികള്‍ ഓരോ കുസൃതികള്‍ ഒപ്പിച്ചു കൊണ്ടിരുന്നു. നിരപ്പേല്‍ ഞ്ഞൂഞ്ഞാപ്പന്റെ മകന്‍ ബൈജു എന്ന കുട്ടി സ്കൂളിലേക്ക് ഉച്ചക്കഞ്ഞി വയ്ക്കാനുള്ള വിറക് കെട്ടിക്കൊണ്ടു വന്ന ഒരു കാട്ടുവള്ളിയെടുത്ത് സഹപാഠിയായ മറ്റൊരു കുട്ടിയെ ബഞ്ചിനോട് ചേര്‍ത്തു കെട്ടിയിട്ടു. ക്ലാസില്‍ തിരിച്ചെത്തിയ റോസിടീച്ചര്‍ ഇതുകണ്ട് ദേഷ്യപ്പെട്ടു. ഒരാളെ കെട്ടിയിട്ടാലുള്ള വേദന എന്താണെന്ന് ബൈജു അനുഭവിക്കണം എന്ന് പറഞ്ഞു കൊണ്ട്, മറ്റേ കുട്ടിയെ അഴിച്ചു വിട്ടിട്ട്, അതേ വള്ളി കൊണ്ട് തന്നെ ടീച്ചര്‍ ബൈജുവിന്റെ കാലും, ബെഞ്ചിന്റെ കാലുമായി ചേര്‍ത്തു കെട്ടിയിട്ടു.

സമരാസ്വാദനത്തിന്റെ തിരക്കിലും, അന്ന് സ്ക്കൂള്‍ രണ്ടുമണിക്ക് വിട്ടതിനാലും, ബൈജുവിനെ അഴിച്ചു വിടുവാന്‍ റോസിടീച്ചര്‍ മറന്നു പോയി. കരഞ്ഞു കണ്ണീരൊഴുക്കി നിന്ന ബൈജുവിനെ സ്ക്കൂള്‍ വിട്ടതിനും വളരെ നേരം കഴിഞ്ഞാണ് ആരോ കണ്ടെത്തി മോചിപ്പിച്ചത്. വാര്‍ത്ത കാട്ടുതീ പോലെ പരന്നു. നിരപ്പേല്‍ ഞ്ഞൂഞ്ഞാപ്പന്‍ ടീച്ചറിനെക്കണ്ടു നാല് വര്‍ത്തമാനം പറയാനായി വന്നപ്പോളേക്കും ടീച്ചേര്‍സ് പോയിക്കഴിഞ്ഞിരുന്നു.

പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു തീപ്പൊരി വീണു കത്തി. യാതൊരു ലാഭേശ്ചയുമില്ലാതെ പൊതു പ്രവര്‍ത്തനത്തിനിറങ്ങി നാണം കെട്ട് കുഴപ്പത്തിലായ ഞങ്ങള്‍ക്കെതിരേ കൂട്ടത്തില്‍ നിന്ന് കുതികാല്‍ വെട്ടുന്ന ഈ ടീച്ചേഴ്‌സിന് ഒരു പണി കൊടുക്കുവാന്‍ ദൈവം ഇട്ടു തന്ന ഒരു പിടിവള്ളിയാണിതെന്ന് ഞാന്‍ വിശ്വസിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. കേരളാ കോണ്‍ഗ്രസ്സിന്റെ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഭാരവാഹിയായിരുന്ന ലക്കി മലയില്‍ ( ഇദ്ദേഹം സിബി മലയിലിന്റെ ബന്ധുവാണ്. ) എന്ന സുഹൃത്തിനോട് വിവരം പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും കൂടി ഞ്ഞൂഞ്ഞാപ്പനെ വീട്ടില്‍ പോയിക്കണ്ടു. തന്റെ കുട്ടിയെ സ്കൂളില്‍ കെട്ടിയിട്ട ടീച്ചറിനെതിരെ ഒരു പരാതി എഴുതി വാങ്ങി. " എന്നെ റോസിടീച്ചര്‍ ബഞ്ചില്‍ കെട്ടിയിട്ടതില്‍ എനിക്ക് സങ്കടമുണ്ട് " എന്ന് അക്ഷരത്തെറ്റുകള്‍ ഉള്ള അക്ഷരത്തില്‍ ബൈജുവിനെക്കൊണ്ടും ഒരു പരാതി എഴുതി വാങ്ങി. ഈ വസ്തുതകളെ ക്രോഡീകരിച്ചു കൊണ്ടുള്ള ഒരു പത്ര വാര്‍ത്തയും ഞാന്‍ തയാറാക്കി. എല്ലാറ്റിന്റെയും ഒരു ഡസനിലധികം കോപ്പികള്‍ എടുത്തു വച്ചപ്പോളേക്കും രാവേറെ ചെന്നിരുന്നു.

വെളുപ്പിന് അഞ്ചരക്കുള്ള ആദ്യ ബസില്‍ക്കയറി ഞാനും, ലക്കിയും കോതമംഗലത്തിറങ്ങി. മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബഹുമാന്യനായ ശ്രീ ടി. എം. ജേക്കബ്ബ് സാര്‍ "എം. എല്‍. എ. എന്ന നിലയില്‍ അന്ന് കോതമംഗലത്ത് താമസിക്കുകയാണ്. ഞങ്ങള്‍ ചെല്ലുന്‌പോള്‍ ഭാഗ്യത്തിന് അദ്ദേഹം കസാലയിലിരുന്നു പത്രം നോക്കുകയാണ്. സ്ഥലം എം. എല്‍. എ. ക്ക് അഡ്ഡ്രസ് ചെയ്ത ഒരു പരാതി ഞങ്ങള്‍ അദ്ദേഹത്തിന് നല്‍കുകയും, ലക്കിയുടെ രാഷ്ട്രീയ കെട്ടുപാടുകളുടെ ബലത്തില്‍ കാര്യങ്ങള്‍  വിശദമായി ധരിപ്പിക്കുകയും ചെയ്തു. പി. ടി. എ. പ്രസിഡണ്ട് എന്ന നിലയില്‍ ഞാന്‍ എറണാകുളത്ത് ഡി. ഡി. യെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഡി. ഡി. ക്കുള്ള ഒരു കത്തെഴുതി അദ്ദേഹം കവറിലിട്ടു തന്നു.

ലക്കിയെ കോതമംഗലത്തു നിര്‍ത്തി ഞാന്‍ എറണാകുളത്തേക്ക് പാഞ്ഞു. തൃക്കാക്കരയിലെ സിവില്‍ സ്‌റേഷനിലുള്ള ഡി. ഡി. യുടെ ഓഫിസിലെത്തി. ഒരു മദ്ധ്യവയസ്കയായ സ്ത്രീയായിരുന്നു അന്ന് ഡി. ഡി. അവര്‍ക്ക് കത്തും, പരാതിയും കൊടുക്കുകയും, കാര്യങ്ങള്‍ നേരിട്ട് ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കലൂരിലുള്ള മാതൃഭൂമി ഓഫിസിലെത്തി വാര്‍ത്ത കൊടുത്തുവെങ്കിലും, ആ പത്രത്തില്‍ വാര്‍ത്ത വന്നില്ല. ഞങ്ങളുടെ നീക്കങ്ങള്‍ എങ്ങിനെയോ മണത്തറിഞ്ഞ അവര്‍കള്‍ സാര്‍ ഞങ്ങള്‍ക്ക് മുന്‍പേ മാതൃഭൂമിയില്‍ എത്തി വേണ്ടത് ചെയ്തിരുന്നു എന്നാണു പിന്നീട് പറഞ്ഞു കേട്ടത്.

ആദ്യം കണ്ട ഫാസ്റ്റ് പാസ്സഞ്ചറില്‍ കയറി ഞാന്‍ കോട്ടയത്ത് ഇറങ്ങുന്‌പോള്‍ സമയം ഉച്ചപോലും ആയിട്ടില്ല.  മനോരമയുടെ ഏജന്റ് എന്ന നിലയില്‍ അവിടെ ആദ്യം വാര്‍ത്ത കൊടുത്തെങ്കിലും അവര്‍ക്ക് വിശ്വാസം വരുന്നില്ല. ഏജന്റ് എന്ന നിലയില്‍ എനിക്ക് ഉറപ്പു വേണമെന്ന് ഞാന്‍ പറഞ്ഞു. അതുകൊണ്ട് മൂവാറ്റുപുഴയിലെ പ്രതിനിധിയെ കാറില്‍ സ്ഥലത്ത് പോയി അനേഷിക്കാന്‍ ഏര്‍പ്പാടാക്കി. ഒരു മണിക്കൂറിനുള്ളില്‍ തീരുമാനം പറയാമെന്ന് അവര്‍ പറഞ്ഞു.

ഈ സമയത്തിനുള്ളില്‍ ഞാന്‍ ദീപിക, മംഗളം, കേരള ഭൂഷണം മുതലായ പത്രങ്ങളിലും, മറ്റു ചില ചെറു പത്രങ്ങളിലും വാര്‍ത്ത കൊടുക്കുകയും, ഞാനാണ് പി. ടി. എ. യുടെ പ്രസിഡണ്ട് എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. പരാതിയുടെ ഒരു കോപ്പി സൂക്ഷിച്ചു കൊണ്ട് വാര്‍ത്ത കൊടുക്കാം എന്നവര്‍ ഉറപ്പു തന്നു. ഇതിനെല്ലാം ഒരു ഓട്ടോറിക്ഷ എന്നെയും കൊണ്ട് ഓടുകയായിരുന്നു. തിരിച്ചു മനോരമയിലെത്തിയപ്പോള്‍ സംഗതി ക്‌ളീന്‍. മനോരമയുടെ പ്രതിനിധി സ്കൂള്‍ പരിസരത്തെത്തി ആദ്യം കണ്ട ആളോട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു ബോധ്യപ്പെട്ടു. ആ ആള്‍ ബൈജുക്കുട്ടന്റെ അപ്പച്ചനായ നിരപ്പേല്‍ നൂഞ്ഞാപ്പന്‍ തന്നെ ആയിരുന്നുവത്രേ!

( കഠിനമായ ജീവിത വ്യഥകളില്‍ അകപ്പെട്ട് ജീവിച്ചിട്ടും ഇതുവരെയും ഒരു മനുഷ്യനെയും മനഃപൂര്‍വം ദ്രോഹിക്കാതെ ജീവിച്ച ഞാന്‍ റോസി ടീച്ചറിന്റെ കാര്യത്തില്‍ അനുവര്‍ത്തിച്ച നയം അല്‍പ്പം ക്രൂരമായിപ്പോയി എന്ന കുറ്റബോധം ഇപ്പോഴും ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ഒരു കടുവയെപ്പോലെ എന്നെ കടിച്ചു കുടയുകയായിരുന്ന അവര്‍കള്‍ സാറിന്റെ വായില്‍ നിന്ന് രക്ഷപെടാന്‍ ഞാന്‍ നടത്തിയ പിടച്ചിലില്‍ ഏതൊക്കെ പൂവുകള്‍ ചതഞ്ഞരഞ്ഞു എന്ന് ശ്രദ്ധിക്കാന്‍ അപ്പോള്‍ എനിക്ക് കഴിയുമായിരുന്നില്ല. ഒരു തമാശയായി ടീച്ചര്‍ ചെയ്ത  പ്രവര്‍ത്തി മറ്റൊരവസരത്തില്‍ ആയിരുന്നെങ്കില്‍ ഒരു തമാശയായിത്തന്നെ എനിക്ക് തള്ളിക്കളയാമായിരുന്നു. പക്ഷെ, ഇവിടെ എനിക്ക് മറ്റു ചോയിസ് ഉണ്ടായിരുന്നില്ല. പ്രാണ രക്ഷാര്‍ത്ഥമുള്ള ഒരു പിടച്ചിലായിരുന്നു അത്. ഇതിനകം കാല യവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞ ടീച്ചറുടെ ആത്മാവ് എന്നോട് ക്ഷമിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക