Image

30 ലക്ഷം കൈപ്പറ്റി ഷെയ്‌ന്‍ വഞ്ചിച്ചു, ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ല: ജോബി ജോര്‍ജ്‌

Published on 17 October, 2019
30 ലക്ഷം കൈപ്പറ്റി ഷെയ്‌ന്‍ വഞ്ചിച്ചു, ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ല: ജോബി ജോര്‍ജ്‌


ഭീഷണിപ്പെടുത്തിയെന്ന നടന്‍ ഷെയ്‌ന്‍ നിഗത്തിന്റെ പരാതിയില്‍ വിശദീകരണവുമായി നിര്‍മാതാവ്‌ ജോബി ജോര്‍ജ്‌. ഷെയ്‌നിനിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷെയിന്‍ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ജോബി എറണാകുളത്ത്‌ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി

30 ലക്ഷം രൂപയാണ്‌ ചിത്രത്തിനായി ഷെയ്‌ന്‍ ചോദിച്ച പ്രതിഫലമെന്നും പിന്നീട്‌ ചിത്രീകരണം തുടങ്ങിയപ്പോള്‍ അത്‌ 40 ലക്ഷമാക്കിയെന്നും ജോബി പറയുന്നു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായിരുന്നത്‌. 

സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന്‌ പറഞ്ഞിരുന്നതായും ജോബി ജോര്‍ജ്‌ മാധ്യമങ്ങളെ അറിയിച്ചു.

'വെയിലിനായി വായ്‌പയെടുത്താണ്‌ പൈസ മുടക്കിയത്‌. 4 കോടി 82 ലക്ഷം ഇതിനകം മുടക്കി. ചിത്രീകരണം ഇനിയും നീണ്ടുപോയാല്‍ സാമ്‌ബത്തികമായി ബാധിക്കും. അതിനാലാണ്‌ നായകനോട്‌ കൂടുതല്‍ സമയം ഈ പടവുമായി സഹകരിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌. 30 ലക്ഷം കൈപ്പറ്റിയിട്ടും പടം മുഴുവനാക്കാന്‍ നിന്നു തന്നിട്ടില്ല.

വെയിലിന്റെ ഷൂട്ട്‌ തീരുന്നതു വരെ താടിയും മുടിയും വടിക്കരുതെന്ന നിബന്ധന ഉണ്ടായിരുന്നു. അതില്‍ ഒപ്പുവച്ച ഷെയ്‌ന്‍ നിബന്ധന ലംഘിച്ചു, ഇതിന്റെ എഗ്രിമെന്റ്‌ തന്റെ കൈവശമുണ്ട്‌.

ഉറക്കത്തില്‍ മുടി വെട്ടിയത്‌ അറിഞ്ഞില്ലെന്നാണ്‌ ഷെയ്‌ന്‍ പറയുന്നത്‌. 'സ്വന്തം മുടി വെട്ടുന്നതു പോലും അറിയാത്ത വിധം ഷെയിനെ എന്താണ്‌ സ്വാധീനിക്കുന്നത്‌?

സിനിമ പൂര്‍ത്തിയാക്കാതെ ഷെയ്‌ന്‍ പോയതിനെതിരേ നേരത്തെ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‌ പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകേണ്ട സാഹചര്യമാണ്‌ എന്നാല്‍ ഷെയ്‌നോട്‌ വ്യക്തിപരമായ വിരോധമൊന്നും ഇല്ല.

ചിത്രത്തിന്‍റെ റിലീസ്‌ ഒക്ടോബര്‍ 16ന്‌ നിശ്ചയിച്ചിരുന്നതാണ്‌. എന്നാല്‍ ഷൂട്ടിംഗ്‌ വൈകുന്നതിനാല്‍ നവംബര്‍ 16-ലേക്ക്‌ മാറ്റി. ഇങ്ങനെ മുന്നോട്ടുപോയാല്‍ വലിയ സാമ്‌ബത്തിക ബാധ്യതയിലേക്ക്‌ താന്‍ വീണുപോകും. 

ഷെയ്‌ന്‍ വന്നാല്‍ 10 ദിവസത്തെ ഷൂട്ടിംഗ്‌ കൊണ്ട്‌ ചിത്രം പൂര്‍ത്തിയാക്കാനാകും. എല്ലാവരും സഹകരിച്ച്‌ സിനിമ തീര്‍ത്തുതരണമെന്നാണ്‌ അപേക്ഷ' ജോബി വ്യക്തമാക്കി

സിനിമ നിര്‍മാതാവ്‌ ജോബി ജോര്‍ജ്‌ വധഭീഷണി മുഴക്കിയതായും ആക്ഷേപിച്ചതായും ആരോപിച്ച്‌ നടന്‍ ഷെയ്‌ന്‍ നിഗം കഴിഞ്ഞ ദിവസമാണ്‌ രംഗത്തെത്തിയത്‌. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌ നിര്‍മിക്കുന്ന 'വെയില്‍' എന്ന ചിത്രത്തിലെ നായകനാണ്‌ ഷെയ്‌ന്‍ നിഗം. 

ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ 'കുര്‍ബാനി'ക്കുവേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടര്‍ന്ന്‌ വെയിലിന്റെ ഷൂട്ടിങ്‌ മുടക്കാനാണ്‌ ഇത്‌ ചെയ്‌തതെന്ന്‌ ആരോപിച്ചാണ്‌ നിര്‍മാതാവ്‌ വധഭീഷണി മുഴക്കിയതെന്നാണ്‌ ഷെയ്‌ന്‍ നിഗത്തിന്റെ ആരോപണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക