Image

അമിതവണ്ണം ശ്വാസകോശ രോഗങ്ങള്‍ വര്‍ധിപ്പിക്കുമെന്ന്

Published on 21 October, 2019
അമിതവണ്ണം ശ്വാസകോശ രോഗങ്ങള്‍ വര്‍ധിപ്പിക്കുമെന്ന്
അമിതവണ്ണം ഉള്ളവര്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്ന് ശരീരത്തിലെ പേശികള്‍ക്കുചുറ്റും അനാവശ്യമായി കൊഴുപ്പടിയുന്നതുകൊണ്ടുള്ളതാണ്. ഇത് ഇവരുടെ ചലനങ്ങളെ പരിമിതപ്പെടുത്തിയേക്കാം. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് അമിതവണ്ണം നിയന്ത്രിച്ചില്ലെങ്കില്‍ കൈകാലുകളിലും വയറിനു ചുറ്റും മാത്രമല്ല, ക്രമേണ നിങ്ങളുടെ ശ്വാസകോശത്തിനു ചുറ്റും അമിതമായി കൊഴുപ്പടിഞ്ഞുകൂടി ശ്വസനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്നാണ്. അതായത് കാഴ്ചയിലുള്ള സൗന്ദര്യക്കുറവ് മാത്രമല്ല പ്രാണവായുവിന്റെ കാര്യം പോലും പ്രതിസന്ധിയിലാകുമെന്നു ചുരുക്കം. അമിതവണ്ണം ഉള്ളവരില്‍ ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതിന്റെ കാരണം ഇതാണ്. കുറെനേരം നടക്കുക, സ്റ്റെപ്പുകള്‍ കയറുക, ഓടുക , വേഗത്തില്‍ ജോലികള്‍ ചെയ്യുക തുടങ്ങിയവ ഇവര്‍ക്ക് ശ്വാസം എടുക്കാന്‍ പ്രയാസമുണ്ടാക്കുന്നതു സാധാരണമാണ്. അമിതമായി കിതയ്ക്കുന്നതും കാണാം. ഇത് ശ്വാസകോശത്തിനു ചുറ്റും അടിഞ്ഞുകൂടിയ കൊഴുപ്പ് ശ്വാസകോശത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നതുകൊണ്ടാണ്.

യൂറോപ്യന്‍ റെസ്പിരേറ്ററി ജേണലിലാണ് ഇതുസംബന്ധിച്ച നിരീക്ഷണങ്ങള്‍ പ്രസിദ്ധീകരിച്ചുവന്നത്. ഓസ്‌ട്രേലിയയിലെ സര്‍ ചാള്‍സ് ഗാര്‍ഡിനര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അമിതവണ്ണമുള്ള രോഗികളില്‍ ഗവേഷണം നടത്തിയത്. നൂറോളം പേരെയാണ് ഇവര്‍ പഠനത്തിനു വിധേയരാക്കിയത്. അമിതവണ്ണം ഉള്ളവര്‍ക്ക് ആസ്മ പോലെയുള്ള ശ്വസനസംബന്ധമായ രോഗങ്ങള്‍ വളരെ കൂടുതലായി കണ്ടുവരുന്നെന്ന് പഠനത്തില്‍നിന്ന് വ്യക്തമായി. ബോഡി മാസ് ഇന്‍ഡക്‌സ് കൂടുന്നതിനനുസരിച്ച് ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നതായും തിരിച്ചറിഞ്ഞു. ഇവരുടെ ശ്വാസകോശം സ്കാന്‍ ചെയ്തുനോക്കിയപ്പോള്‍ വായു പ്രവഹിക്കുന്ന കുഴലുകള്‍ക്കുചുറ്റും ഫാറ്റി സെല്ലുകള്‍ അടിഞ്ഞുകൂടിയതായി കണ്ടെത്തി. ഇത് ഇവരുടെ ശ്വസനത്തെ തടസ്സപ്പെടുത്തുന്നതായും പഠനത്തില്‍നിന്നു വ്യക്തമായി. അമിതവണ്ണം ഉള്ളവര്‍ വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശ്വാസകോശത്തിനു കൂടുതല്‍ ആയാസം കൊടുക്കാത്ത വ്യായമങ്ങള്‍ വേണം ശീലമാക്കാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക