Image

കഷണ്ടി സംഗമം കസറി, ഇനി അസൂയയ്ക്കുള്ള മരുന്നുവേണം (ശ്രീനി)

ശ്രീനി Published on 28 October, 2019
കഷണ്ടി സംഗമം കസറി, ഇനി അസൂയയ്ക്കുള്ള മരുന്നുവേണം (ശ്രീനി)
മലപ്പുറത്തുനിന്നൊരു കൗതുക വാര്‍ത്ത. അവിടെ ഒരു 'കഷണ്ടി സംഗമം' നടന്നു. മലപ്പുറം ജില്ലയിലെ ഇരുന്നൂറോളം സുന്ദര കഷണ്ടിക്കാര്‍ പങ്കെടുത്ത സംഗമം, വെയിലേറ്റ് റിഫ്‌ളക്ട് ചെയ്യുന്ന കഷണ്ടിക്കാര്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. ''കഷണ്ടി ഒരു വൈകല്യമല്ല. പോരായ്മയുമല്ല. ലോകത്തെ പല പ്രമുഖരും കഷണ്ടികളായിരുന്നു. പിന്നെന്തിന് നമ്മളത് മറച്ചുവയ്ക്കണം...'' തലമൂത്ത ഒരു കഷണ്ടിക്കാരന്റെ അഭിപ്രായമിങ്ങനെ.  തങ്ങളാരും ഒറ്റയ്ക്കല്ലെന്നും പിന്തിരിഞ്ഞുനോക്കുമ്പോള്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തന്നെ തങ്ങള്‍ക്കൊപ്പമുണ്ടെന്നും അവര്‍ അഭിമാനത്തോടെ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ചലചിത്ര നടന്‍മാരായ രജനീകാന്ത്, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ കഷണ്ടിയും സംഗമത്തില്‍ ചര്‍ച്ചയായി. ചിലര്‍ കഷണ്ടിയുടെ വിഷമങ്ങളും പങ്കുവച്ചു. 

മലപ്പുറം ജില്ലയിലെ രണ്ടാമത്തെ സംഗമമാണ് ഒക്‌ടോബര്‍ 27 ഞായറാഴ്ച നടന്നത്. കഷണ്ടികളുടെ സംസ്ഥാന സമിതി രൂപവല്‍ക്കരിച്ച് വിപുലമായ സംഗമം പിന്നീട് നടത്തും. ആയിരം പേരെ ഉള്‍പ്പെടുക്കി കൊച്ചിയില്‍ കൂട്ടയോട്ടവും സംഘടിപ്പിക്കാന്‍ സംഗമം തീരുമാനിച്ചു. സംഗമം എം.ആര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.വി മുസ്തഫ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ മുനീര്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ബഷീര്‍ പൂക്കോട്ടൂര്‍, മനോജ് വള്ളിക്കാപ്പറ്റ, എന്‍.പി റഷീദ്, ഷക്കീര്‍ വേങ്ങര, ഷബീര്‍ ബാബു, ടി.ആര്‍ രവി തുടങ്ങിയവര്‍ സംസാരിച്ചു.

അല്‍പ്പം കഷണ്ടി വിശേഷം...പുരുഷന്‍മാരില്‍ പലരിലും മുപ്പത് വയസാകുന്നതോടെ കഷണ്ടിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.  ആണുങ്ങളില്‍ കാണുന്ന കഷണ്ടിയെ 'ആന്‍ഡ്രോജനിറ്റിക് അലോപേഷ്യ' എന്നാണ് പറയുന്നത്. നെറ്റിയുടെ വശങ്ങളിലൂടെ മുകളിലേക്ക്  ഇംഗ്ലീഷ് അക്ഷരമാലയിലെ 'എം' ആകൃതിയില്‍ കയറുന്ന കഷണ്ടിയാണ് പുരുഷന്‍മാരില്‍ സാധാരണമായി കാണാറുള്ളത്. ഉച്ചിയില്‍ വൃത്താകൃതിയിലും മുടി കൊഴിഞ്ഞ് കഷണ്ടിയാകാറുണ്ട്.

കഷണ്ടി ആണുങ്ങള്‍ക്ക് ചേര്‍ന്നതാണെന്ന് ആരും ഊറ്റം കൊള്ളേണ്ടതില്ല. ജനിതക പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ നിലയിലെ വ്യത്യാസങ്ങള്‍, അമിതമായ ഉത്കണ്ഠ എന്നിങ്ങനെ പല ഘടകങ്ങള്‍ മൂലം സ്ത്രീകളിലും കഷണ്ടി കാണാറുണ്ട്. ഒരു പ്രത്യേകഭാഗത്തല്ല, മൊത്തത്തിലാണ് സ്ത്രീകള്‍ക്ക് മുടികൊഴിയാറുള്ളത്. അതുകൊണ്ടുതന്നെ അത് പുറമേക്ക് പ്രകടമാകാറില്ല. സാധാരണരീതിയില്‍ സ്ത്രീകളില്‍ പ്രസവശേഷം 34 മാസത്തിനിടയില്‍ മുടികൊഴിച്ചില്‍ കണ്ടുവരാറുണ്ട്. പോഷകാഹാരങ്ങള്‍ കഴിക്കുന്നതിലൂടെ അത് പരിഹരിക്കപ്പെടാറാണ് പതിവ്. 

എന്താണ് കഷണ്ടി..? സാധാരണ രോമം വളരാറുള്ള ശരീരഭാഗത്തോ ഭാഗങ്ങളിലോ, പ്രത്യേകിച്ച് തലയില്‍, രോമം ഇല്ലാതിരിക്കുന്ന അവസ്ഥയാണ് കഷണ്ടി. ഇതില്‍ ഏറ്റവും സാധാരണമാത്, തലയില്‍ ക്രമേണ മുടി നഷ്ടപ്പെടുന്ന ആണ്‍ മാതൃക കഷണ്ടി ആണ്. മനുഷ്യരില്‍, പ്രായപൂര്‍ത്തിയായ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. വ്യാപ്തിയിലും രൂപത്തിലും വ്യത്യസ്തമായ ഇനം കഷണ്ടികളുണ്ട്; തലയുടെ കുറേ ഭാഗത്തെ മാത്രം മുടി നഷ്ടപ്പെടുന്ന ആണ്‍, പെണ്‍ മാതൃക കഷണ്ടികള്‍, മുഴുവന്‍ ശിരസിനേയും ബാധിക്കുന്ന സമ്പൂര്‍ണ്ണ ശിരോ കഷണ്ടി, ശരീരത്തിലെ മുഴുവന്‍ രോമവും നഷ്ടപ്പെടുന്ന സര്‍വാംഗ കഷണ്ടി എന്നിവ കഷണ്ടിയുടെ അവസ്ഥാഭേദങ്ങളാണ്.

വട്ടത്തിലുള്ള രൂപത്തില്‍ മുടികൊഴിച്ചില്‍, താരന്‍, ചര്‍മം പൊളിഞ്ഞുവരല്‍, സ്‌കാറിംഗ് എന്നിവയാണ് കഷണ്ടിയുടെ ലക്ഷണങ്ങള്‍. 'അലോപേഷ്യ ആരിയേറ്റ' എന്ന മുടികൊഴിച്ചില്‍ അസാധാരണമായ സ്ഥലങ്ങളില്‍ മുടികൊഴിച്ചിലിനു കാരണമാകും, ഉദാഹരണത്തിനു ആണ്‍ മാതൃക കഷണ്ടിയില്‍ കാണപ്പെടാത്ത പുരികത്തിന്റെ കൊഴിച്ചില്‍, തലയുടെ പിന്‍ഭാഗം, ചെവികള്‍ക്കു മുകളിലുള്ള ഭാഗം. സാധാരണയായി ഒരാളുടെ തലയില്‍ ഒരുലക്ഷം മുതല്‍ ഒന്നരലക്ഷം വരെ മുടികളാണ് ഉള്ളത്. സാധാരണയായി ഒരു ദിവസം ശരാശരി 100 മുടി ഇഴകള്‍ കൊഴിയും. അത്രതന്നെ പുതിയ മുടി ഇഴകള്‍ കിളിര്‍ക്കുകയും ചെയ്യണം.

പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും മുടികൊഴിച്ചിലിനു അനവധി കാരണങ്ങള്‍ ഉണ്ട്. പുരുഷന്മാരിലെ 95 ശതമാനം കഷണ്ടിയും ആണ്‍ മാതൃക കഷണ്ടിയാണ്. തലയുടെ മുന്‍ഭാഗത്തും വെര്‍ട്ടക്‌സ് ഭാഗം എന്നിവിടങ്ങളില്‍ കഷണ്ടി വരുന്നു. പാരമ്പര്യത്തിനനുസരിച്ച് കഷണ്ടിയുടെ രൂപം മാറാം. ഇത്തരം കഷണ്ടികളെ പാരിസ്ഥിക അവസ്ഥകള്‍ ബാധിക്കാറില്ല. കഷണ്ടിയുടെ പാരമ്പര്യ തുടര്‍ച്ചയുടെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. ഒന്നിലധികം ജീനുകള്‍ ഇവയുടെ കാരണമാകാം, അമ്മയില്‍നിന്നും ലഭിക്കുന്ന എക്‌സ് ക്രോമസോമിലെ അണ്ട്രോജന്‍ റിസപ്റ്റര്‍ ജീനുകള്‍ എം.പി.ബിയുടെ (മെയില്‍ പാറ്റേണ്‍ ബാള്‍ഡ്‌നെസ്) കാരണമായി കണ്ടെത്തിയിട്ടുണ്ട്.

ഫംഗസ് ബാധ, അപകടം, റേഡിയോ തെറാപ്പി, കീമോ തെറാപ്പി, ശരീരത്തില്‍ പോഷകങ്ങളുടെ കുറവ്, ഓട്ടോഇമ്മ്യൂണ്‍ എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍, പ്രമേഹം, ഹൃദ്രോഗങ്ങള്‍, കൊളസ്‌ട്രോള്‍ എന്നിവയുടെ ഭാഗമായി ഉപയോഗിക്കുന്ന മരുന്നുകള്‍ കാരണം താല്‍കാലികമായതോ സ്ഥിരമായതോ ആയ കഷണ്ടി ഉണ്ടാകാം. ശരീരത്തിന്റെ ഹോര്‍മോണ്‍ സന്തുലനത്തിനെ ബാധിക്കുന്ന എന്തിനും വലിയ തരത്തിലുള്ള പ്രഭാവം ഉണ്ടാകാം. മൈക്കോട്ടിക് ബാധയുടെ ചില ചികിത്സകള്‍ വലിയതോതിലുള്ള മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. 

എന്നാലിനി കഷണ്ടിയെ ഓര്‍ത്ത് പേടിക്കേണ്ട. 'അസൂസയ്ക്കും കഷണ്ടിക്കും മരുന്നില്ല...' എന്ന ചൊല്ല് പാതി പഴങ്കഥയാകുകയാണ്. കഷണ്ടിക്കു മരുകണ്ടുപിടിച്ചിരിക്കുന്നുവെന്നാണ് വാര്‍ത്ത. കഷണ്ടിത്തലയന്‍മാര്‍ക്കുള്ള സന്തോഷവാര്‍ത്ത യു കെയില്‍ നിന്നാണ്. മാഞ്ചസ്റ്റര്‍ സര്‍വകലാശാല ഗവേഷകരാണ് അസ്ഥിരോഗമായ ഒസ്റ്റിയോപൊറോസിസിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്ന് കഷണ്ടി തടയാന്‍ ഫലപ്രദമാണെന്നു കണ്ടെത്തിയത്.  ആന്‍ഡ്രോജനറ്റിക് അലോപേഷ്യ എന്ന കഷണ്ടിക്ക് രണ്ടു മരുന്നുകള്‍ മാത്രമേ നിലവിലുള്ളു. രണ്ടു മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നു മാത്രമല്ല കുറച്ചു മൂടി മാത്രമേ വളരുകയുള്ളു താനും. 

ശസ്ത്രക്രിയയിലൂടെ മുടി വച്ചു പിടിപ്പിക്കുക മാത്രമാണ് പരിഹാരം. മനുഷ്യരിലെ മുടി വളര്‍ച്ചയ്‌സഹായിക്കുന്ന പുതുമാര്‍ഗങ്ങളിലേക്കുള്ള അന്വേഷണമാണ് പുതിയ കണ്ടെത്തലില്‍ അവസാനിച്ചത്. വര്‍ഷങ്ങളായി വളരെ സാധാരണമായി ഉപയോഗിക്കുന്ന ഇമ്മ്യൂണോ സപ്രസീവ് ഡ്രഗ് ആയ 'സൈക്ലോസ്‌പോറിന്‍ എ' അഥവാ സി.എസ്.എ എന്ന മരുന്നിന്റെ തന്‍മാത്രാ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുക എന്നതായിരുന്നു ഗവേഷണത്തിന്റെ ആദ്യപടി. ഈ മരുന്നിന് ഒരു പാര്‍ശ്വഫലമുണ്ട്. രസകരമെന്നു പറയട്ടെ അനാവശ്യ രോമവളര്‍ച്ച വര്‍ധിപ്പിക്കുന്നു എന്നതാണ് സി.എസ്.എയുടെ പാര്‍ശ്വഫലം. സി.എസ്.എ ഉപയോഗിക്കുന്ന മനുഷ്യനിലെ രോമകൂപങ്ങളുടെ ജീന്‍എക്‌സ്പ്രഷന്‍ ഗവേഷകര്‍ വിശകലനം ചെയ്തു.  

സെക്രീറ്റഡ് ഫ്രിസില്‍ഡ് റിലേറ്റഡ് പ്രോട്ടീന്‍-1 (എസ്.എഫ്.ആര്‍.പി-1) എന്ന പ്രോട്ടീന്റെ പ്രവര്‍ത്തനങ്ങളെ സി.എസ്.എ കുറയ്ക്കുന്നതായി കണ്ടു. രോമകൂപങ്ങള്‍ ഉള്‍പ്പടെ നിരവധി കലകളുടെ വളര്‍ച്ച തടയുന്ന പ്രോട്ടീന്‍ ആണിത്. അതായത് മുടിയുടെ വളര്‍ച്ചയ്ക്കു തടസ്സം നില്‍ക്കുന്ന പ്രോട്ടീനെ സി.എസ്.എ തടയുന്നുവെന്നു ചുരുക്കം. ഇതേ പ്രവര്‍ത്തനമാണ് ഒസ്റ്റിയോപൊറോസിസ് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന സംയുക്തമായ ണഅഥ 316606 നടത്തുന്നത്. സി.എസ്.എയെപ്പോലെതന്നെ മനുഷ്യരിലെ മുടിവളര്‍ച്ചയ്ക്ക് ണഅഥ 316606 ഫലപ്രദമാണെന്നു കണ്ടു. അസ്ഥികള്‍ പൊടിയുന്ന രോഗമായ ഒസ്റ്റിയോപൊറോസിസ് ഭേദമാക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണിത്. പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ സി.എസ്.എയെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ മുടിവളര്‍ച്ചയ്ക്ക് പ്രസ്തുത മരുന്ന് സഹായിക്കുന്നതായും പഠനത്തില്‍ തെളിഞ്ഞു. 

അങ്ങനെ കഷണ്ടിക്ക് മരുന്നായി. ഇനി അസൂയയ്ക്കും കൂടി ഒന്ന് കണ്ടുപിടിച്ചിരുന്നെങ്കില്‍. അത് നടക്കുമെന്ന് തോന്നുന്നുണ്ടോ..?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക