Image

നേര്‍വഴികാട്ടിയവര്‍ (ലേഖനം: രാജന്‍ കിണറ്റിങ്കര)

Published on 05 November, 2019
നേര്‍വഴികാട്ടിയവര്‍ (ലേഖനം: രാജന്‍ കിണറ്റിങ്കര)
പണ്ട് ഏഴാം ക്ലാസില്‍ മധ്യവേനല്‍ അവധിക്ക് സ്കൂള്‍ അടയ്ക്കുമ്പോള്‍ ഹെഡ്മാസ്റ്റര്‍ ഞങ്ങളെ എല്ലാവരെയും അടുത്ത വിളിച്ച് പറഞ്ഞു.  അടുത്ത വര്‍ഷം നിങ്ങള്‍ എല്ലാവരും ഹൈസ്കൂളില്‍ ആയിരിക്കും.  അവിടെ പോയാലും ഞങ്ങളുടെ ഒക്കെ പേരു നന്നാക്കണം കേട്ടോ.   എന്നിട്ട് ഒരു കഥയും പറഞ്ഞു,  ഒരിക്കല്‍ ഒരു കടവത്ത് ഒരു തോണിക്കാരന്‍ ഉണ്ടായിരുന്നു,  അയാള്‍ക്ക് വയസ്സായി മരണശയ്യയില്‍ കിടക്കുമ്പോള്‍ തുഴ  മകനെ ഏല്‍പ്പിച്ച് പറഞ്ഞു, ഇനി മുതല്‍ നീ വേണം തോണി തുഴയാന്‍, അച്ഛന്റെ പേര് നീ നന്നാക്കണം. മകന്‍ സമ്മതം മൂളി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തോണിക്കാരന്‍ മരിച്ചു, മകന്‍ കടവത്ത് തോണി തുഴയാന്‍ തുടങ്ങി.   മകന്‍ തോണിയില്‍ കടവ് കടക്കാന്‍ എത്തുന്ന ആള്‍ക്കാരെ അരയ്‌ക്കൊപ്പം  വെള്ളത്തില്‍ ഇറക്കി വിടും, ഒരിക്കലും തോണി കരയ്ക്ക് അടുപ്പിക്കില്ല.  അങ്ങിനെ മുണ്ടും സാരിയും  ഒക്കെ നനയാതിരിക്കാന്‍  പൊക്കി പിടിച്ച് പാടുപെട്ട് ആളുകള്‍ കരയില്‍ എത്തിപ്പെടും.  ആളുകള്‍ മകനെ ശപിക്കും, എന്നിട്ട് പറയും, പാവം ആ അച്ഛന്‍ എത്ര നല്ല മനുഷ്യന്‍ ആയിരുന്നു.  മണല്‍ത്തിട്ട വരെ വള്ളം അടുപ്പിക്കുമായിരുന്നു.   എന്നിട്ട് മാഷ് ഞങ്ങളോട് ചോദിക്കും, ഇപ്പോള്‍ അച്ഛന്റെ പേര് നന്നായില്ലേ?  ഇത് പോലെയല്ല പേര് നന്നാക്കാന്‍ പറഞ്ഞത്.  എല്ലാവരെക്കൊണ്ടും നല്ലത് പറയിക്കണം, അല്ലാതെ തോണിക്കാരന്റെ മകനെപ്പോലെ ആകരുത്.  പണ്ട് ഇത് പോലുള്ള  ഗുണപാഠങ്ങള്‍ ഇഷ്ടം പോലെ അധ്യാപകരില്‍ നിന്നും കിട്ടുമായിരുന്നു.  പാഠ്യ  വിഷയങ്ങളേക്കാള്‍ കുട്ടികളില്‍ വ്യക്തിത്വ വികസനത്തിനും സല്‍ ചിന്തകള്‍ക്കും ഇത്തരം ഉപദേശങ്ങള്‍ ഉപകരിക്കുമായിരുന്നു.

അന്യന്റെ പല്ലിനേക്കാള്‍ നല്ലത് അവനവന്റെ മോണയാണെന്നുള്ള സത്യവും മനസ്സിലാക്കി തന്നത് ഏഴാം കഌസില്‍ വച്ച് യശോദ ടീച്ചര്‍ ആയിരുന്നു.  ഒരിക്കല്‍ ടീച്ചര്‍ ഹോം വര്‍ക്ക് തന്ന അതെ കണക്ക് കഌസില്‍ വച്ച് ചെയ്യാന്‍ പറഞ്ഞപ്പോള്‍ എനിക്ക് ഉത്തരം തെറ്റിപ്പോയി.  പക്ഷെ ഹോംവര്‍ക്കില്‍ എന്റെ ഉത്തരം വളരെ ശരിയായിരുന്നു.  ടീച്ചര്‍ക്ക് മനസ്സിലായി, ഞാനിത് വീട്ടില്‍ ചെന്ന് ചേട്ടന്മാരെക്കൊണ്ട് ചെയ്യിച്ചതാണെന്ന്.  അന്ന് ടീച്ചര്‍ പറഞ്ഞു, പരീക്ഷാ ഹാളില്‍ ചേട്ടന് വരാന്‍ പറ്റില്ല.  ആരാന്റെ പല്ലിനേക്കാള്‍ നല്ലത് അവനവന്റെ മോണയാണെന്ന്എപ്പോഴും ഓര്‍മ്മ വേണം.   അതും ജീവിതത്തിലെ ഒരു വലിയ പാഠം  ആയിരുന്നു.

ഒരിക്കല്‍ ക്ലാസില്‍ വച്ച് എല്ലാവരോടും രണ്ട് പേജ് ഡിക്‌റ്റേഷന്‍ എഴുതാന്‍ പറഞ്ഞ് സരോജിനി ടീച്ചര്‍ പുറത്ത് പോയി. ടീച്ചര്‍ വന്നപ്പോള്‍ എല്ലാവരും നോട്ടു പുസ്തകം കാണിച്ചു, സൈതലവി മാത്രം രണ്ട് വരി മാത്രമേ എഴുതിയിരുന്നുള്ളൂ.  ടീച്ചര്‍ സെയ്തലവിയോട് ചോദിച്ചു, ഞാന്‍ രണ്ട് പേജ് എഴുതാനല്ലേ പറഞ്ഞത്, ഇതെന്താ രണ്ട് വരി മാത്രം എഴുതിയിരിക്കുന്നത്.  അടുത്ത കുട്ടി എണീറ്റ് നിന്ന് പറഞ്ഞു, ടീച്ചര്‍, ഞാന്‍ പറഞ്ഞതാ എഴുതാന്‍, അവന്‍ അപ്പോള്‍ പറയാ, " ഓ, അത്രയൊക്കെ മതി " എന്ന്.  ടീച്ചര്‍ ഒന്നും പറഞ്ഞില്ല.  ഓണ പരീക്ഷക്ക് കഌസില്‍ എല്ലാവരും നല്ല മാര്‍ക്ക് വാങ്ങിയപ്പോള്‍ സെയ്തലവിക്ക് മാത്രം 15  മാര്‍ക്ക്.  സെയ്തലവിക്ക് ഭയങ്കര വിഷമവും നാണക്കേടും, ക്ലാസിലെ ഏറ്റവും കുറവ് മാര്‍ക്ക് വാങ്ങിയ കുട്ടി ആയി പോയതില്‍.  അപ്പോള്‍ ടീച്ചര്‍ പറഞ്ഞു, ഇപ്പോള്‍ തോന്നുന്നുണ്ടോ,  "അത്രയൊക്കെ മതി എന്ന്"  .  ടീച്ചര്‍ സെയ്തലവിയോടാണ് ചോദിച്ചതെങ്കിലും അതൊക്കെ ചെന്ന്തറച്ചത് ഞങ്ങളുടെ മനസ്സില്‍ ആയിരുന്നു.  ഒരു കാര്യവും ഒരു വഴിപാട് പോലെ ചെയ്ത്  അവസാനിപ്പിക്കരുത് എന്ന പാഠവും അറിഞ്ഞത് അവിടെ വച്ചാണ്.

വ്യക്തിത്വ വികസനത്തിന്റെ ശരിയായ കാലയളവുകള്‍ ആണ് അഞ്ചു മുതല്‍ 12  വയസ്സ് വരെ എന്ന് തോന്നുന്നു.  ആ കാലയളവില്‍ നമുക്ക് കിട്ടിയ ശിക്ഷണവും ഉപദേശവും ഒരിക്കലും മറക്കില്ല എന്നതിന് തെളിവല്ലേ നാല്‍പതു വര്‍ഷത്തിന് ശേഷവും ഇതൊക്കെ ഓര്‍ത്തെഴുതാന്‍ എനിക്ക് കഴിയുന്നത്.

കര്‍ക്കിടകത്തില്‍ കോരി ചൊരിയുന്ന  മഴയായിരിക്കും, പ്രത്യേകിച്ചും മഴ എത്തുന്നത് നാല് മണിക്ക് സ്കൂള്‍ വിടുമ്പോഴായിരിക്കും.   മഴക്ക് അങ്ങിനെയൊരു  സ്വഭാവമുണ്ട്.  പത്ത് മണിക്ക് സ്കൂള്‍ ബെല്‍ അടിക്കുമോഴും നാല് മണിക്ക് സ്കൂള്‍ വിടുമ്പോഴും അത് തകര്‍ത്ത് പെയ്യും.  കൂടെ കാറ്റും ഇടിയും മിന്നലും.  പുറത്തിറങ്ങാന്‍ തന്നെ പേടിയാകും. പല കുട്ടികളുടെ കയ്യിലും കുട ഉണ്ടായിരിക്കില്ല.  അന്ന് ടീച്ചര്‍മാര്‍ ഒരേ വഴിയിലൂടെ പോകുന്ന മൂന്നും നാലും കുട്ടികളെ കുട കയ്യിലുള്ള ഏതെങ്കിലും ഒരു  കുട്ടിയുടെ കൂടെ നിര്‍ത്തി വീട്ടില്‍ പറഞ്ഞയക്കുമായിരുന്നു.   ആരും  കുടയ്ക്ക് പുറത്ത് പോകാതിരിക്കാനും നനയാതിരിക്കാനും  പരസ്പരം കൈകൊണ്ട്  കെട്ടിപ്പിടിച്ച് വീടെത്തിയ ഒരു കാലവും ഉണ്ടായിരുന്നു.  അന്ന് പകര്‍ന്നു കിട്ടിയത് സൗഹൃദത്തിന്റെ നിസ്വാര്‍ത്ഥ  പാഠങ്ങളായിരുന്നു.

ക്ലാസിലെ മുതിര്‍ന്ന കുട്ടിയായ രാധാകൃഷ്ണന്‍ ഉച്ചയൊഴിവിനു സ്കൂള്‍ മതിലിന്റെ പുറകില്‍ നിന്ന് ബീഡി വലിക്കുന്നത് കണ്ടു പിടിച്ചത്  ഹിന്ദി ടീച്ചര്‍ ആയിരുന്നു.  അതൊരു സംഭവമാക്കാതെയും  ആരെയും അറിയിക്കാതെയും  അവനെ ഒറ്റക്ക്  സ്റ്റാഫ് റൂമിലേക്ക് വിളിച്ച് ഉപദേശിച്ചതും സ്കൂളിലെ ഏറ്റവും വികൃതിയായ അവന്‍ പിന്നീട്  ടീച്ചറിന്റെ പ്രിയ ശിഷ്യന്‍ ആയതും എങ്ങിനെയെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.   ചില കാര്യങ്ങള്‍ പരസ്യമാകുമ്പോഴും ഇല്ലാത്ത പ്രാധാന്യം നല്‍കുമ്പോഴും ആണ് കൂടുതല്‍ വഷളാകുന്നത് എന്ന പരമ സത്യം പഠിച്ചതും  രാധാകൃഷ്ണനെ മാറ്റിയെടുത്ത ഹിന്ദി ടീച്ചറുടെ ശിക്ഷണ പാടവത്തില്‍ നിന്നാണ്.

ക്ലാസിലെ നിര്‍ധനരായ ചില കുട്ടികള്‍ ഉച്ച  ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് കണ്ട് അവരെ സ്കൂളിന്റെ മതില്‍ക്കെട്ടിനപ്പുറത്തുള്ള  തന്റെ വാടക   വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി ഒരു ആതിഥേയനെപ്പോലെ തനിക്കൊപ്പം ഇരുത്തി ഭക്ഷണം കഴിപ്പിച്ചതും ലോനപ്പന്‍ മാഷ് പകര്‍ന്നു നല്‍കിയ സ്‌നേഹമായിരുന്നു.  പക്ഷെ മതില്‍ കടന്ന് ഇപ്പുറം സ്കൂളില്‍ എത്തിയാല്‍ ആതിഥേയന്റെ മേലങ്കി വലിച്ചെറിഞ്ഞ്  കണിശക്കാരനായ ഇംഗ്‌ളീഷ് മാഷായി മാറുന്നതും ജീവിതത്തിന്റെ വേഷപ്പകര്‍ച്ചകളുടെ ബാല പഠമായിരുന്നു.

ഒരിക്കല്‍ ദൂരെയുള്ള കുമരനെല്ലൂര്‍ സ്കൂളില്‍ ജില്ലാ തല സ്‌പോര്‍ട്‌സിനു പോയപ്പോള്‍ ഞങ്ങളുടെ സ്കൂളിലെ  കുട്ടികള്‍ അവിടുത്തെ മതില്‍ ചാടി എന്ന് പറഞ്ഞു ആ സ്കൂളിലെ അധ്യാപകര്‍ പരാതിയുമായി സരോജിനി ടീച്ചറിന്റെ അടുത്ത് വരുകയും ഗേറ്റ് അടച്ചിരുന്നതിനാല്‍ അവര്‍ മതില്‍ ചാടിയത് താന്‍ പറഞ്ഞിട്ടാണ് എന്ന് പറഞ്ഞ്  ടീച്ചര്‍ ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും പിന്നീട് കഌസില്‍ വച്ച് ഞങ്ങളെ മതില്‍ ചാടിയതിനു  ഗുണ ദോഷിക്കുകയും ചെയ്തത് ചിലപ്പോള്‍ ചില ഉത്തരവാദിത്വങ്ങള്‍ സ്വയം ഏറ്റെടുക്കുമ്പോഴും അത് തെറ്റ് ചെയ്യുവാനുള്ള ലൈസന്‍സ് അല്ല എന്ന വലിയ പാഠം  പറയാതെ പഠിപ്പിച്ചു തന്നതും സരോജിനി ടീച്ചര്‍ ആയിരുന്നു.

പീഡനങ്ങളും കള്ളത്തരങ്ങളും പ്രതികാരങ്ങളും സ്വാര്‍ത്ഥതയും പെരുകുമ്പോള്‍ ഞാന്‍ അറിയാതെ സ്മരിച്ചു  പോകുന്നു, നേര്‍ വഴി കാട്ടി തന്ന കൃഷ്ണനുണ്ണി മാഷിനെയും വാരിയര്‍ മാഷെയും, സരോജിനി ടീച്ചറെയും, യശോദ ടീച്ചറെയും ലോനപ്പന്‍ മാഷിനെയും അതുപോലെ പ്രൈമറി ക്‌ളാസ്സിലെ ഇവിടെ പറയാത്ത പല അധ്യാപകരെയും.  ഇന്നത്തെ തലമുറയ്ക്ക് വഴി കാട്ടാന്‍ ഇത് പോലുള്ള ഒരു അധ്യാപകനും  ഇല്ല,  അവര്‍ ഹോം വര്‍ക്ക് നല്‍കി സ്വന്തം ലോകത്ത് മുഴുകുന്നു, കുട്ടികള്‍ അവരുടെ ലോകത്തും.   വഴിപിഴച്ച കാലത്തിന്റെ മുളകള്‍ പൊട്ടുന്നതും ക്ലാസ് മുറികളില്‍ വച്ച് തന്നെ.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക