Image

ഓസ്റ്റോയോപൊറോസിസ്: അറിയുക, നിശബ്ദ കൊലയാളിയെ

Published on 05 November, 2019
ഓസ്റ്റോയോപൊറോസിസ്: അറിയുക, നിശബ്ദ കൊലയാളിയെ
അസ്ഥികള്‍ ദ്രവിക്കുന്ന അവസ്ഥ (ഓസ്റ്റോയോപൊറോസിസ്) നിശബ്ദ കൊലയാളിയാണ്. പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ക്കാണ് ഈ രോഗം കൂടുതല്‍ കണ്ടുവരുന്നത്. ബ്രിട്ടനില്‍ നടത്തിയ കണക്കെടുപ്പില്‍ രണ്ടിലൊന്ന് സ്ത്രീകള്‍ക്ക് ഈ രോഗാവസ്ഥ ഉണ്ടാകുമ്പോള്‍, പുരുഷന്മാരില്‍ അഞ്ചിലൊന്നു പേര്‍ക്ക് മാത്രമേ ഓസ്റ്റിയോപോറോസിസ് കണ്ടുവരുന്നുള്ളൂ. പ്രതിവര്‍ഷം 2,30,000 കേസുകള്‍ ഈ അവസ്ഥകൊണ്ട് അസ്ഥി ഒടിയുന്നവയായി കാണപ്പെട്ടതായും സര്‍വേ സൂചിപ്പിക്കുന്നു.

മറ്റ് ശരീരഭാഗങ്ങളെപ്പോലെ അസ്ഥിയും ജീവനുള്ള കലകള്‍ തന്നെയാണ്. വളരുകയും നശിക്കുകയും ചെയ്യുന്ന കോശങ്ങളാലാണ് ഇത് നിര്‍മിതമായിട്ടുള്ളത്. ജീവിതത്തിന്റെ മൂന്ന് ദശാബ്ദമെത്തുമ്പോഴേക്കും അസ്ഥികള്‍ അതിന്റെ കരുത്തിന്റെ പാരമ്യത്തിലെത്തും. പിന്നെ അസ്ഥികളുടെ സാന്ദ്രത കുറയാന്‍ തുടങ്ങും. യൗവനത്തില്‍ എത്രകണ്ട് ശക്തമായിരിക്കുന്നോ മധ്യവയസ്സിലുണ്ടാകുന്ന ബലക്ഷയം അത്രകണ്ട് കുറയും. ഇക്കാരണത്താലാണ് കൗമാരത്തില്‍ത്തന്നെ കാത്സ്യമടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണമെന്നും അനുയോജ്യമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടണമെന്നും പറയുന്നത്. പാരമ്പര്യവും എല്ലുറപ്പിന് ഒരു കാരണമായി പറയാറുണ്ട്.

പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് അസ്ഥികളുടെ ബലക്ഷയം കൂടുതലായി കണ്ടുവരുന്നത് എന്ന് പറഞ്ഞു കഴിഞ്ഞു. ആര്‍ത്തവ വിരാമത്തിനുശേഷമാണ് സ്ത്രീകളെ ഈ രോഗാവസ്ഥ അലട്ടുന്നത്. ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ അളവില്‍ കുറവുവരുന്നതാണ് കാരണം. ചെറിയ പ്രായത്തില്‍ത്തന്നെ ആര്‍ത്തവവിരാമം സംഭവിക്കുന്നവര്‍ക്ക് രോഗസാധ്യത കൂടുതലായി കണ്ടുവരുന്നു.

കുറഞ്ഞ ശരീരഭാരം, മദ്യപാനവും പുകവലിയും, ഉദാസീനമായ ജീവിതശൈലി, കോര്‍ട്ടികോസ്റ്റിറോയിഡ് അടങ്ങിയ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം എന്നിവയും സ്ത്രീകളില്‍ അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്നതായി കാണുന്നു.

മധ്യവയസ്സിലെത്തുമ്പോള്‍ ഭക്ഷണത്തില്‍ കാത്സ്യത്തിന്റെ അളവ് വര്‍ധിപ്പിക്കുകയാണ് പ്രധാന മുന്‍കരുതല്‍. എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താനുതകുന്ന വ്യായാമം ജീവിതചര്യയാക്കണം. മദ്യവും പുകവലിയും ഉപേക്ഷിക്കുന്നതും പ്രധാനമാണ്. കാത്സ്യം, വിറ്റാമിനുകള്‍ ഇവ നല്‍കിക്കൊണ്ടുള്ള ചികിത്സയും ഹോര്‍മോണ്‍ ചികിത്സയും അസ്ഥികള്‍ ദ്രവിക്കുന്നതിനെ ഒരു പരിധിവരെ ചെറുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക