Image

അവള്‍ (കവിത: ജയശ്രീ രാജേഷ്)

Published on 07 November, 2019
അവള്‍ (കവിത: ജയശ്രീ രാജേഷ്)
അവള്‍ക്കിന്ന് 
മഴവില്ലിന്‍ നിറമില്ല
ഉള്ളത്
ഒരു നിറം മാത്രം
പെണ്ണിന്റെ നിറം

അവള്‍ക്കിന്ന് രൂപമില്ല
ഉള്ളത് ചൂഴും
കഴുകന്‍ കണ്ണുകളിലെ
നിമ്‌നോന്നതങ്ങള്‍ മാത്രം

അവള്‍ക്കിന്ന്
സ്വപ്‌നങ്ങള്‍ ഇല്ല
ഉള്ളത്
രക്ഷതന്‍ കരങ്ങളാല്‍
അരിഞ്ഞെടുത്ത 
ചിറകുകള്‍ മാത്രം

അവള്‍ക്കിന്ന്
സുരക്ഷയുടെ
കൈവലയങ്ങളില്ല  
ഉള്ളത്
ഭയത്തിന്‍
കരിമേഘകൂട്ടങ്ങള്‍ മാത്രം

അവള്‍ക്കിന്ന്
പുഞ്ചിരി 
പാടില്ല – എന്നും
അടിച്ചമര്‍ത്തപ്പെടലിന്റെ
നിശ്ശബ്ദ രോദനം മാത്രം

അവള്‍ക്കിന്ന്
ലക്ഷ്യങ്ങള്‍ പാടില്ല
ഉള്ളത്
പരിഹാസത്തിന്‍
കൂരമ്പുകള്‍ മാത്രം

അവള്‍ക്കിന്ന്
അവകാശങ്ങള്‍ പാടില്ല
ഉള്ളത്
സമൂഹം നീട്ടും
ഔദാര്യങ്ങള്‍ മാത്രം

അവള്‍ക്കിന്ന്
സൗഹൃദങ്ങള്‍ നിഷിദ്ധം
വിലക്കുകള്‍ തന്‍
ചങ്ങലയില്‍
തളക്കപെടേണ്ടവള്‍ മാത്രം

അവള്‍ക്കിന്ന്
സ്വാതന്ത്ര്യം വേണ്ടേ വേണ്ട
ചില്ലിന്‍കൂട്ടില്‍
അടക്കപ്പെടേണ്ടവള്‍
മാത്രം

അവള്‍ക്കിന്ന്  
മാനാഭിമാനങ്ങളില്ല
ഉള്ളത്
പിച്ചിച്ചീന്തിയെറിയാന്‍ 
വിധിക്കപ്പെട്ട
മനസ്സും ശരീരവും മാത്രം

ഇന്നവള്‍ക്കു
ബാല്യമില്ല
കൗമാരവുമില്ല 
തച്ചുടക്കപ്പെടും
സ്ഫടിക പാത്രം
മാത്രമാണിന്നവള്‍......
.
                 

Join WhatsApp News
Rajan Kinattinkara 2019-11-10 08:40:40
കാലിക പ്രസക്തിയുള്ള കവിത .അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക