Image

മണ്‍മറഞ്ഞ ശേഷനും ശബരിമല യുവതീ പ്രവേശന നിലപാടുകളും (ശ്രീനി)

Published on 11 November, 2019
മണ്‍മറഞ്ഞ ശേഷനും ശബരിമല യുവതീ പ്രവേശന നിലപാടുകളും (ശ്രീനി)
"ശേഷാധിപത്യ'ത്തിന് അവസാനമായി. ഒരുകാലത്ത് അടിമുടി മലീമസമെന്നു പേരുകേട്ട ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്തെ  ശുദ്ധീകരിക്കുകയും കാലോചിതമായി പരിഷ്കരിക്കുകയും ചെയ്ത മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തിരുനെല്ലായി  നാരായണ അയ്യര്‍ ശേഷന്‍ എന്ന ടി.എന്‍ ശേഷന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ബഹുമുഖ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു പാലക്കാടിന്റെ തിലകമായി മാറിയ ശേഷന്‍. സമകാലിക ഇന്ത്യയിലെ ബ്യൂറോക്രാറ്റുകളുടെ ഉറച്ച നിലപാടുകളെ സൂചിപ്പിക്കാന്‍ "ശേഷനിസം' എന്നൊരു പദം തന്നെ ഉണ്ടായിരുന്നു എന്നു പറയുമ്പോള്‍ ആരെയും കൂസാത്ത ശേഷന്റെ വ്യക്തിപ്രഭാവം മനസ്സിലാക്കാവുന്നതേയുള്ളു.

ശേഷന്റെ ശുദ്ധീകരണ പ്രക്രിയകളെ ഇപ്രകാരം സംഗ്രഹിക്കാം *തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രസ്ഥാപനമാക്കി * ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൊണ്ടുവന്നു *തിരഞ്ഞെടുപ്പ് ചെലവിന് പരിധി നിശ്ചയിച്ചു * സ്ഥാനാര്‍ത്ഥികളുടെ വരുമാനക്കണക്കുകള്‍ നല്‍കുന്നത് കര്‍ശനമാക്കി *മാതൃകാപെരുമാറ്റച്ചട്ടം നടപ്പാക്കി *പോളിംഗ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്താന്‍ ഉത്തരവിട്ടു *നാമനിര്‍ദേശപത്രികകളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അയോഗ്യത കല്പിച്ചു *ഔദ്യോഗിക പദവികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കി *ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി *ജാതിയും മതവും പറഞ്ഞ് വോട്ടുപിടിക്കുന്നത് നിരോധിച്ചു *ആരാധനാലയങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണം കൊണ്ടുവന്നു.

ചെന്നൈ അല്‍വാര്‍പേട്ട സെന്റ്‌മേരീസ് റോഡിലെ 112-ാം നമ്പര്‍ ബംഗ്ലാവില്‍ താമസിച്ചിരുന്ന ശേഷന്‍ അയോദ്ധ്യാ കേസ് സംബന്ധിച്ച സുപ്രീം കോടതിയുടെ ചരിത്ര വിധി കേട്ടിട്ടുണ്ടാവണം. അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ പ്രതിഷ്ഠയായ രാംലല്ലയുടെ അവകാശം സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് അംഗീകരിക്കുകയായിരുന്നല്ലോ. ഇതോടെ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച അന്തിമവിധിയെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ഉടന്‍തന്നെ വരാനിരിക്കുന്ന ശബരിമലക്കേസിലെ വിധിയെ അയോദ്ധ്യാ വിധി സ്വാധീനിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അയോദ്ധ്യയിലെ രാമന്റെ അവകാശം അംഗീകരിച്ച പരമോന്നത നീതിപീഠം അയ്യപ്പനെ അനുകൂലിക്കുമോ എന്ന കാര്യത്തില്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ് ഭക്തകോടികള്‍.

എന്നാല്‍ മണ്‍മറഞ്ഞ ടി.എന്‍ ശേഷന് ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് വ്യക്തിപരമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടായിരുന്നു. ഡല്‍ഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ്  കമ്മീഷന്‍ കെട്ടിടത്തിന് നിര്‍വാചാസദന്‍ എന്നാണ് പേര്. അവിടുത്തെ "അല്‍സേഷ്യന്‍' ആയിരുന്നു ടി.എന്‍ ശേഷന്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നൊരു പ്രസ്ഥാനം ഉണ്ടെന്നും, അതിന് ഇത്രയൊക്കെ ഭരണഘടനാപരമായ അധികാരങ്ങളും ഉണ്ടെന്ന് ഇന്ത്യക്കാര്‍ക്ക് മനസ്സിലായത് ടി.എന്‍ ശേഷന്‍ എന്ന വ്യക്തിത്വം അതിന്റെ നേതൃത്വത്തില്‍ എത്തിയപ്പോഴാണ്. രാഷ്ട്രീയ നേതാക്കള്‍ വിറപ്പിച്ചിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതോടെ തിരികെ നേതാക്കളെ വിറപ്പിക്കുന്ന കമ്മീഷനായി മാറി. എല്ലാവിഷയങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്ന അദ്ദേഹത്തിന് ശബരിമല വിഷയത്തിലും തന്റേതായ കാഴ്ചപ്പാടുണ്ടായിരുന്നു.

ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന സുപ്രീംകോടതി വിധിയെ സ്ത്രീപുരുഷ സമത്വത്തിന്റെ പേരില്‍ കാണാന്‍ കഴിയില്ലെന്നായിരുന്നു ടി.എന്‍ ശേഷന്റെ അഭിപ്രായം. പുരുഷനെയും, സ്ത്രീയെയും നിര്‍മ്മിച്ച സൃഷ്ടാവ് വ്യത്യസ്തമായാണ് അവരെ നിര്‍മ്മിച്ചത്. ഭരണഘടനാ സമത്വത്തിന്റെ പേരില്‍ മാത്രം ഈ ലിംഗസമത്വം സാധ്യവുമല്ല എന്ന നിലപാടായിരുന്നു ശേഷന്റേത്. ഹൈന്ദവ വിശ്വാസങ്ങള്‍ പ്രകാരം ക്ഷേത്രത്തില്‍ പോകണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ശബരിമലയില്‍ പുരുഷന് ഏത് സമയത്തും അനുബന്ധമായ ചില കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പോകാമെങ്കിലും, സ്ത്രീകള്‍ക്ക് വ്യത്യസ്തമായ സമയമാണ് ആചാരം കല്‍പ്പിക്കുന്നത്. ഇത് തിരുത്താനുള്ള സുപ്രീംകോടതി വിധി വിശ്വാസികള്‍ ഏത് തരത്തില്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കുന്ന രീതിയെ ലംഘിക്കുന്നതാണ്.

""ശബരിമലയില്‍ കയറാന്‍ ചില വിഭാഗങ്ങള്‍ വാദിക്കുന്നത് പോലെ ഇത് ഹോട്ടലോ, ടൂറിസം കേന്ദ്രമോ അല്ല. വിശ്വാസം കൊണ്ടാണ് അവിടെ ആചാരങ്ങള്‍ അനുഷ്ഠിക്കേണ്ടത്. വിശ്വാസം ഇല്ലാതെ വരുന്നത് ഇത് നിര്‍വ്വഹിക്കാനും സാധിക്കില്ല. പാര്‍ലമെന്റില്‍ സ്ത്രീപുരുഷ അനുപാതത്തിനായി വാദിക്കാം, പക്ഷെ പരിശുദ്ധ ഇടങ്ങളില്‍ ഇത് വ്യത്യസ്തമായ കാര്യമാണ്...'' വിവാദ വിധി വന്നപ്പോള്‍ ശേഷന്‍ ചൂണ്ടിക്കാട്ടിയതിങ്ങനെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക