Image

ആര്‍ക്കു വേണം സ്മാര്‍ട്ട് ഡിവൈസുകള്‍? (പകല്‍ക്കിനാവ് 174: ജോര്‍ജ് തുമ്പയില്‍)

Published on 13 November, 2019
ആര്‍ക്കു വേണം സ്മാര്‍ട്ട് ഡിവൈസുകള്‍? (പകല്‍ക്കിനാവ് 174: ജോര്‍ജ് തുമ്പയില്‍)
ടച്ച് സ്ക്രീനുകള്‍ വലിയ അത്ഭുതമായിരുന്നു. വിരല്‍ത്തുമ്പില്‍ തൊട്ടെടുക്കാവുന്ന വിധത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കുതിച്ചു കയറിയത് ഈ നൂറ്റാണ്ടിലെ തന്നെ വിസ്മയമായിരുന്നു. എന്നാല്‍, അതിനപ്പുറത്തേക്ക് സാങ്കേതിക വിദ്യ കുതിക്കുന്നതിനും നാം ദൃക്‌സാക്ഷികളായി. വോയിസ് കമാന്‍ഡ് ആയിരുന്നു ഇത്. ലൈറ്റ് ഓഫ് ചെയ്യാനും എസി ഓണ്‍ ചെയ്യാനും പറഞ്ഞാല്‍ മതി, ഉപകരണം അതപ്പാടെ അനുസരിക്കുന്നു. ഗേറ്റ് തുറക്കാനും കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യാനും ഒരു വാക്ക് പറഞ്ഞാല്‍ മതി. ഇതിനെ സ്മാര്‍ട്ട് ഹോം ഗാഡ്ജറ്റുകളെന്നാണ് പൊതുവേ പറഞ്ഞിരുന്നത്. സാങ്കേതിക വിപ്ലവമാണ് ഇവ മുന്നോട്ടു വച്ചത്. ഇനിയുള്ള കാലം അതിന്റെ കുത്തൊഴിക്കായിരിക്കുമെന്നു നാം വിചാരിച്ചപ്പോഴാണ് സുരക്ഷയുടെ കാര്യത്തില്‍ ഇവ ഏറെ മുന്നിലാണെന്ന വാദം കൂടി മുന്നോട്ടുയര്‍ന്നത്. വീടിന്റെ മുന്‍വാതില്‍ പൂട്ടാന്‍ വെറും വാക്കുകള്‍ മതി. നമ്മുടേതല്ലാത്ത മറ്റൊരു ശബ്ദവും ഉപയോഗിച്ച് വീടു തുറക്കാനാവില്ല. ഫിംഗര്‍ പ്രിന്റും ഫേസ് റെക്കഗ്നീഷനുമൊക്കെ വഴിമാറുന്നുവെന്ന തോന്നല്‍ വളരെ പെട്ടന്നുണ്ടായി. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത മറ്റൊന്നാണ്.

ഉപയോക്താക്കളുടെ സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ നിമിഷങ്ങള്‍ക്കകം ഹാക്ക് ചെയ്യാന്‍ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് സാധിക്കുമെന്നു ഗവേഷകരുടെ വെളിപ്പെടുത്തല്‍. തലയില്‍ കൈവച്ചു പോയി ഈ വാര്‍ത്ത വായിച്ചപ്പോള്‍. ലോക്കറുകള്‍ പോലും ഇപ്പോള്‍ വോയിസ് റെക്കഗ്നീഷന്‍ സാങ്കേതിക വിദ്യ കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ലോക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഇതൊന്നും തീരെ സുരക്ഷിതമല്ലെന്നു കണ്ടെത്തിയിരിക്കുന്നത് മിഷിഗണ്‍ സര്‍വകലാശാലയിലെയും ജപ്പാനിലെ ഇലക്ട്രോ കമ്മ്യൂണിക്കേഷന്‍ സര്‍വകലാശാലയിലെയും ഗവേഷകരാണ്. ലേസര്‍ ഉപയോഗിച്ചു കൊണ്ട് സമാനമായ വോയ്‌സ് കമാന്‍ഡ് നല്‍കി പൂട്ടിയതെല്ലാം തുറക്കാമെന്നാണ് തെളിയിച്ചിരിക്കുന്നത്. ലൈറ്റ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ട ഉപകരണങ്ങള്‍ നിഷ്പ്രയാസം ഹാക്ക് ചെയ്‌തോടെ സ്മാര്‍ട്ട്ഫീച്ചറുകളില്‍ അധിഷ്ഠിതമായവരുടെ ലോകം ഏതാണ്ട് ബോംബ് വീണ അവസ്ഥയിലാണ്. പലരും സ്മാര്‍ട്ട് ലോക്ക് ഫീച്ചറുകളിലേക്ക് മാറിയിരുന്നു. വാഹനത്തില്‍ പോലും ഇപ്പോള്‍ വോയിസ് റെക്കഗ്നീഷനാണുള്ളത്. ഇതൊന്നും സുരക്ഷിതമല്ലെങ്കില്‍ പിന്നെയെന്ത്?

പ്രത്യേകമായ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് സെക്യൂരിറ്റി ഫീച്ചറുകള്‍ അണ്‍ലോക്ക് ചെയ്യുകയോ, വോയിസ് കമാന്‍ഡില്‍ മോഡ്യുലേഷന്‍ വ്യതിയാനം വരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നടപ്പിലാക്കാനും കഴിയുമത്രേ. സാധാരണയായി കമാന്‍ഡ് നടപ്പിലാക്കാന്‍ ഒരു വോയ്‌സ് മൊഡ്യൂള്‍ വേണം. സ്മാര്‍ട്ട് ഗാഡ്‌ജെറ്റുകളിലേക്ക് ലേസര്‍ പ്രകാശിപ്പിക്കുന്നതിലൂടെ ഉടമസ്ഥനല്ലാത്ത ആര്‍ക്കും കമാന്‍ഡ് നല്‍കാമെന്നും അതു പ്രവര്‍ത്തിപ്പിക്കാമെന്നുമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ആമസോണിന്റെ അലക്‌സാ, ആപ്പിളിന്റെ സിരി, ഗൂഗിളിന്റെ അസിസ്റ്റന്റ് എന്നിവയടക്കം പലതും ഈ സാങ്കേതികവിദ്യയ്ക്ക് ഇരയാകും. ഗൂഗിള്‍ ഹോം, ഗൂഗിള്‍ നെസ്റ്റ് കാം ഐക്യു, ആമസോണ്‍ എക്കോ, എക്കോ ഡോട്ട്, എക്കോ ഷോ ഉപകരണങ്ങള്‍, ഫേസ്ബുക്കിന്റെ പോര്‍ട്ടല്‍ മിനി, ഐഫോണ്‍ എക്‌സ്ആര്‍, ഐപാഡ് സിക്‌സ്ത് ജെനറേഷന്‍ എന്നിവ ലേസര്‍ സാങ്കേതികത ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാനായത്രേ. സ്മാര്‍ട്ട്‌ലോക്ക് ഉപയോഗിച്ച് പൂട്ടുന്ന വീടിന്റെ മുന്‍വാതില്‍, ഗാരേജ് വാതിലുകള്‍, ഇകൊമേഴ്‌സ് സൈറ്റുകളിലെ ഷോപ്പിങ് തുടങ്ങി, ഏതൊരു ടാര്‍ഗറ്റിന്റെ അക്കൗണ്ടിലേക്ക് കണക്റ്റുചെയ്തിരിക്കുന്ന ലോക്കുകളും ഈ ലേസര്‍ കമാന്‍ഡിങ്ങിലൂടെ അണ്‍ലോക്ക് ചെയ്യാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഇതു മാത്രമല്ല, ടെസ്‌ല, ഫോര്‍ഡ് പോലുള്ള വാഹനങ്ങളിലെ കമാന്‍ഡ് അണ്‍ലോക്ക് ചെയ്യാനും സാധിച്ചു. റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ലേസര്‍ ഉണ്ടെങ്കില്‍ സ്മാര്‍ട്ട് ഹൗസ് എന്ന കണ്‍സെപ്റ്റ് തന്നെ പൊളിച്ചെഴുതാന്‍ കഴിയുമെന്ന് ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്.

പരമ്പരാഗതമായി മുന്നോട്ടു കൊണ്ടുപോയ പൂട്ടുകള്‍ക്ക് എത്ര പെട്ടെന്നാണ് പൂട്ട് വീണതെന്നോര്‍ത്ത് ഞെട്ടിയിരുന്നവര്‍ക്കാണ് ഇപ്പോള്‍ ആശ്വാസം. സാങ്കേതികവിദ്യ എത്രമാത്രം വിപുലപ്പെടുന്നോ അത്ര തന്നെ അതില്‍ നശീകരണഘടങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നു. ആര്‍ക്കും തുറക്കാന്‍ കഴിയില്ലെന്നും സ്വന്തം ശബ്ദം തെറ്റായ വിധത്തില്‍ പുനര്‍നിര്‍മ്മിക്കാനും കഴിയില്ലെന്ന എല്ലാ വാദങ്ങളും ഇപ്പോള്‍ നിലംപരിശായിരിക്കുന്നു. എന്തൊരു ലോകം. എന്തൊരു സാങ്കേതിക പരാജയം!

മൈക്രോഫോണ്‍ ഉപയോഗിച്ചു കമാന്‍ഡ് നല്‍കുന്ന ഉപകരണങ്ങളില്‍ പുതിയ ക്ലാസ് സിഗ്‌നല്‍ ഇഞ്ചക്ഷന്‍ ആക്രമണങ്ങള്‍ സ്വാഭാവികമാണെന്നും ഇവയില്‍ പരിഭ്രമിക്കേണ്ടതില്ലെന്നും ഇതൊക്കെയും ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും മറുവാദം ഉയരുന്നുണ്ടെങ്കിലും ഇതൊന്നും ഇപ്പോള്‍ ആരും മുഖവിലക്കെടുക്കുന്നില്ലെന്നാണ് സൂചനകള്‍. സ്മാര്‍ട്ട് ഗാഡ്ജറ്റിലെ മൈക്രോഫോണ്‍ ഉപയോഗപ്പെടുത്തി പ്രകാശത്തെ ശബ്ദത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ലേസര്‍ സാങ്കേതിക വിദ്യയിലൂടെ സാധ്യമാക്കിയത്. കാലം മാറി, ഇനി കാലത്തിനൊത്ത് ഓടുക മാത്രമാണ് പിടിച്ചു നില്‍ക്കാനുള്ള മാര്‍ഗ്ഗമെന്നു വിളിച്ചു കൂവിയവര്‍ക്കൊക്കെയും ഒരു അടി കിട്ടിയതു പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. എന്തായാലും പഴഞ്ചനെന്നും ആള്‍ക്കാരു വിളിച്ചാലും കുഴപ്പമില്ല, ഇത്തരം കുണ്ടാമണ്ടികളുടെ പിന്നാലെയൊന്നും പോകാന്‍ ഇതുവരെയും ഞാന്‍ തയ്യാറായിട്ടില്ല. ഇതി അഥവാ അതില്ലാത്ത ഒരു അവസ്ഥ വരുമ്പോള്‍, അപ്പോള്‍ നോക്കാം കാര്യങ്ങള്‍. അതുവരെ സ്മാര്‍ട്ട് ഡിവൈസുകളെ നിങ്ങള്‍ക്കു വിട!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക