Image

നേര്‍ക്കാഴ്ച (കവിത: ബാബു പാറയ്ക്കല്‍)

Published on 14 November, 2019
നേര്‍ക്കാഴ്ച (കവിത: ബാബു പാറയ്ക്കല്‍)
തെളിയുന്നു മഹിമയില്‍ അത്തപ്പൂക്കളംപോലെ,
കൊഴിയുന്നു ജീവിതനിമിഷങ്ങള്‍ ത്വരിതമായ്;
മറയുന്നു നിറഭേദം മോഹഭംഗങ്ങളാല്‍ മര്‍ത്യന്,
പൊലിയുന്നു വര്‍ണ്ണിമ നിയതിതന്‍ താളങ്ങളില്‍.

എവിടന്നു വന്നുവോ എവിടേക്കു പോകുവോ?
ആരറിയുന്നു, നീര്‍ക്കുമിളപോല്‍ ജീവിതം:
സ്വപ്നങ്ങള്‍ക്കപ്പുറം സൗധങ്ങള്‍ പണിയുന്നു,
സ്വന്തമായ് സ്വത്തുക്കള്‍ കൂട്ടിവച്ചീടുന്നു.

ആഡംബരത്തിന്റെ മാറ്റുകൂട്ടീടുവാന്‍
ഓടുന്നു വിശ്രമമേതുമില്ലാതെയായ്;
വീട്ടില്‍ തുണിത്തരം വയ്ക്കാനിടംപോരാ:
നാട്ടില്‍ ദരിദ്രരോ നഗ്നരായ് നടക്കുന്നു

ദേവാലയങ്ങള്‍ക്ക് പ്രൗഢികൂട്ടീടുവാന്‍
പൊന്നിന്‍ കൊടിമരം പൊക്കിപ്പണിയുന്നു:
ദീനരാം കുട്ടികള്‍ കേഴുന്നൊരുനേരം
അന്നം ലഭിക്കുവാന്‍, വിശപ്പടക്കീടുവാന്‍.

തമ്മില്‍ സ്‌നേഹിക്കയെന്നരുളിയോരീശ്വരന്‍
നാണിച്ചു നമ്രശിരസ്ക്കനായ് മാറിയോ!
""എന്തിനീ സൗധങ്ങളെന്നെ പുലര്‍ത്തുവാന്‍?
ഏഴതന്‍ ചെറ്റçടിലിലിരിപ്പു ഞാന്‍!''

മാനവജന്മത്തിനുദ്ദേശമെന്തഹോ?
ഹൃസ്വമാം ജീവിതകാലത്തിലോര്‍ക്കുമോ—
 ഓര്‍ത്തുവച്ചീടുവാന്‍ കര്‍മ്മങ്ങള്‍ മാത്രമേ!
പോകുന്ന മാത്രയില്‍ ഭാണ്ഡത്തിലേറ്റുവാന്‍!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക